Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഞായറാഴ്ച

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിളപ്പിൽ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വച്ച് ജനുവരി 19-ാം തീയതി ഞായറാഴ്ച രാവിലെ 8 മണിക്ക് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിക്കും. അഡ്വ. ഐ.ബി. സതീഷ് എംഎ‍ൽഎ. അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അടൂർ പ്രകാശ് എംപി., ദേശീയ ആരോഗ്യ ദൗത്യം ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത എന്നിവർ പങ്കെടുക്കും. പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ വിജയത്തിന് ഏവരുടേയും സഹകരണവും മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭ്യർത്ഥിച്ചു. 5 വയസിന് താഴെയുള്ള എല്ലാ കുട്ടികൾക്കും പൾസ് പോളിയോ തുള്ളിമരുന്ന് നൽകിയെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

ഞായറാഴ്ച ബൂത്ത്തല ഇമ്മ്യൂണൈസേഷനും തിങ്കളും ചൊവ്വയും പോളിയോ തുള്ളി മരുന്ന് എടുക്കാൻ വിട്ടുപോയ കുട്ടികൾക്ക് വീട് വീടാന്തരം കയറി തുള്ളിമരുന്ന് നൽകുകയും ചെയ്യുകയാണ് പരിപാടി. സംസ്ഥാനത്തെ അഞ്ചു വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് ജനുവരി 19ന് പോളിയോ വാക്സിൻ നൽക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്. പരിശീലനം ലഭിച്ച ആരോഗ്യ സന്നദ്ധ പ്രവർത്തകർ ഈ ദിവസം രാവിലെ 8മണി മുതൽ വൈകിട്ട് 5 മണി വരെ പോളിയോ ബൂത്തുകളിലൂടെ പോളിയോ വാക്സിൻ വിതരണം ചെയ്യും. റെയിൽവേ സേറ്റഷനുകളുൾപ്പെടെ ട്രാൻസിറ്റ് ബൂത്തുകൾ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കും. എല്ലാ ആശുപത്രികളിലും, ആരോഗ്യ കേന്ദ്രങ്ങളിലും, ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി കുട്ടികൾ വന്നു പോകാനിടയുള്ള എല്ലാ സ്ഥലങ്ങളിലും പൾസ് പോളിയോ ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലെ അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കും ഈ ദിവസങ്ങളിൽ പോളിയോ വാക്സിൻ നൽകുന്നതാണ്. മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

രോഗ പ്രതിരോധ ചികിത്സാ പട്ടിക പ്രകാരം പോളിയോ വാക്സിൻ നൽകിയിട്ടുള്ള കുട്ടികൾക്കും പൾസ് പോളിയോ ദിനങ്ങളിൽ പോളിയോ തുള്ളി മരുന്ന് നൽകേണ്ടതാണ്. നവജാത ശിശുക്കൾ ഉൾപ്പെടെയുള്ള എല്ലാ കുട്ടികൾക്കും ഈ ദിവസം പോളിയോ വാക്സിൻ നൽകേണ്ടതാണ്. പൾസ് പോളിയോ ദിനത്തിൽ വാക്സിൻ ലഭിക്കാതെ പോയ കുട്ടികളെ കണ്ടെത്തി അതിനടുത്തുള്ള ദിവസങ്ങളിൽ അവരുടെ വീടുകളിൽ ചെന്ന് വോളണ്ടിയർമാർ പോളിയോ തുള്ളി മരുന്ന് നൽകുന്നതിനുള്ള സജ്ജീകരണം ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് 24,50,477 അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്കാണ് പോളിയോ തുള്ളി മരുന്നു നൽകാൻ ലക്ഷ്യമിടുന്നത്. ഇതിനായി 24,247 വാക്സിനേഷൻ ബൂത്തുകളും (ഒരു ബൂത്തിന് 2 പരിശീലനം ലഭിച്ച വാക്സിനേറ്റർ) കൂടാതെ ട്രാൻസിറ്റ് ബൂത്തുകളും മൊബൈൽ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ഭവന സന്ദർശനത്തിനായി 24,247 ടീമുകളെയും പരിശീലനം നൽകി തിരഞ്ഞെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP