Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മരിക്കും മുമ്പ് തോമസ് ചാണ്ടി ആഗ്രഹിച്ചിരുന്നത് സഹോദരൻ പിൻഗാമിയാകണമെന്ന്; 2016 ൽ മത്സരിച്ചപ്പോൾ ഡമ്മി സ്ഥാനാർത്ഥി ആയതു തോമസ്.കെ.തോമസ്; മത്സരിക്കാൻ താൽപര്യമില്ലെന്ന് ചാണ്ടിയുടെ മക്കൾ വ്യക്തമാക്കിയതോടെ കുടുംബത്തിൽ നിന്ന് നറുക്ക് വീഴുക സഹോദരന് തന്നെ; സീറ്റ് നിലനിർത്താനുള്ള പോരാട്ടത്തിൽ എൻസിപി ജനറൽ സെക്രട്ടറി സലിം.പി.മാത്യുവിന്റെ പേരിനും മുന്തിയ പരിഗണന; പാലായിലേറ്റ മുറിവിന് കുട്ടനാട്ടിൽ പകരം വീട്ടാൻ യുഡിഎഫ് കച്ചകെട്ടുമ്പോൾ എൽഡിഎഫിൽ അവസാന വാക്ക് പറയുക സിപിഎമ്മും

മരിക്കും മുമ്പ് തോമസ് ചാണ്ടി ആഗ്രഹിച്ചിരുന്നത് സഹോദരൻ പിൻഗാമിയാകണമെന്ന്; 2016 ൽ മത്സരിച്ചപ്പോൾ ഡമ്മി സ്ഥാനാർത്ഥി ആയതു തോമസ്.കെ.തോമസ്; മത്സരിക്കാൻ താൽപര്യമില്ലെന്ന് ചാണ്ടിയുടെ മക്കൾ വ്യക്തമാക്കിയതോടെ കുടുംബത്തിൽ നിന്ന് നറുക്ക് വീഴുക സഹോദരന് തന്നെ; സീറ്റ് നിലനിർത്താനുള്ള പോരാട്ടത്തിൽ എൻസിപി ജനറൽ സെക്രട്ടറി സലിം.പി.മാത്യുവിന്റെ പേരിനും മുന്തിയ പരിഗണന; പാലായിലേറ്റ മുറിവിന് കുട്ടനാട്ടിൽ പകരം വീട്ടാൻ യുഡിഎഫ് കച്ചകെട്ടുമ്പോൾ എൽഡിഎഫിൽ അവസാന വാക്ക് പറയുക സിപിഎമ്മും

എം മനോജ് കുമാർ

തിരുവനന്തപുരം: പൗരത്വ പ്രശ്‌നമാണ് കേരളത്തിൽ കത്തുന്നതെങ്കിലും ഇതിന്റെ അടിത്തട്ടിൽ ഇപ്പോൾ തിളയ്ക്കുന്നത് കുട്ടനാടു സീറ്റിലെ രാഷ്ട്രീയവും. തോമസ് ചാണ്ടി അനാഥമാക്കി കടന്നുപോയ സീറ്റ് തിരികെ നിലനിർത്താനുള്ള നീക്കങ്ങൾക്ക് ഇടതുമുന്നണിയിൽ ചുക്കാൻ പിടിക്കുന്നത് സിപിഎം തന്നെയാണ്. സീറ്റ് എൻസിപിയുടേതെങ്കിലും വിജയം നിർബന്ധമാക്കുന്നത് സിപിഎം തന്നെയാണ്. എൻസിപിയെ മുന്നിൽ നിർത്തി സീറ്റ് തിരികെ പിടിക്കാനാണ് സിപിഎം ശ്രമം. പാലായിലേറ്റ തിരിച്ചടിക്ക് കുട്ടനാട് പിടിച്ച് മറുപടി നൽകാനാണ് യുഡിഎഫും കോൺഗ്രസും ശ്രമിക്കുന്നത്. ഒരു ചർച്ചയും കുട്ടനാടുമായി ബന്ധപ്പെട്ടു നടക്കുന്നില്ല എന്ന് മുന്നണികൾ വ്യക്തമാക്കുന്നുണ്ടെങ്കിലും ചൂടുപിടിച്ച ചർച്ചകളും നീക്കങ്ങളുമാണ് നടക്കുന്നത്. നിലവിൽ ഘടകങ്ങൾ ഇടതുമുന്നണിക്ക് അനുകൂലമാണ്. പൗരത്വ പ്രശ്‌നവുമായി ബന്ധപ്പെട്ടു പിണറായി വിജയൻ സ്വീകരിച്ച നിലപാടുകൾ സിപിഎമ്മിന്റെ സമ്മിതി കൂട്ടിയിട്ടുണ്ട്.

കുട്ടനാടിൽ വലിയ അളവിൽ ഇത് പ്രകടമാകില്ലെങ്കിലും രാഷ്ട്രീയ വിജയം വിരൽ ചൂണ്ടുന്നത് ഇടതു മുന്നണിയിലേക്ക് തന്നെയാണ്. തോമസ് ചാണ്ടിയുടെ സ്വന്തം സീറ്റ്. സഹതാപതരംഗം അടിത്തട്ടിലുണ്ടാകും. ഈ സഹതാപതരംഗം മറയാക്കി സീറ്റ് തിരികെ പിടിക്കാം. പക്ഷെ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് ഒരാൾ വന്നില്ലെങ്കിൽ ഈ സഹതാപതരംഗത്തിനു അടിസ്ഥാനമുണ്ടോ എന്നും ചോദ്യമുണ്ട്. രണ്ടു സ്ഥാനാർത്ഥികളുടെ പേരാണ് എൻസിപിയിൽ മുന്നിൽ നിൽക്കുന്നത്. ഒന്ന് എൻസിപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സലിം.പി.മാത്യുവിന്റെ പേര്. രണ്ടാമത് തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ്.കെ.തോമസ്. ഈ രണ്ടുപേരുകളാണ് മുന്നിലുള്ളത്.

തോമസ് ചാണ്ടിയുടെ മകൻ മത്സരിക്കാൻ വിമുഖത പ്രദർശിപ്പിച്ചതായാണ് അറിയുന്നത്. കുടുംബത്തിൽ നിന്നാരും മത്സരിക്കാൻ മുന്നോട്ടു വന്നിട്ടില്ല. പക്ഷെ തോമസ്.കെ.തോമസിന്റെ പേര് മുന്നിലുണ്ട്. തോമസ് കെ.തോമസ് മത്സരിച്ചാൽ സഹതാപതരംഗം വരുമോ എന്ന് എൻസിപി വൃത്തങ്ങളും ഇടത് വൃത്തങ്ങളും സംശയിക്കുന്നുണ്ട്. തോമസ് ചാണ്ടി 2016 ൽ മത്സരിച്ചപ്പോൾ ഡമ്മി സ്ഥാനാർത്ഥിയായി പത്രിക നൽകിയതും തോമസ് കെ.തോമസ് ആയിരുന്നു.

പക്ഷെ സ്ഥാനാർത്ഥികളെ സിപിഎം തന്നെ തീരുമാനിച്ചേക്കും. എൻസിപി സ്ഥാനാർത്ഥി ആരെന്ന കാര്യം ഇപ്പോൾ ചർച്ചയിൽ വന്നിട്ടില്ല- എൻസിപി നേതാവും ഗതാഗതവകുപ്പ് മന്ത്രിയുമായ എ.കെ.ശശീന്ദ്രൻ മറുനാടൻ മലയാളിയോട് പറഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും മുൻപ് സിപിഎമ്മുമായി ആലോചിക്കണം എന്നാണ് ഞങ്ങൾക്ക് എൻസിപി ദേശീയ നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം. അതിനാൽ അവസാന തീരുമാനം സിപിഎമ്മുമായി ആലോചിച്ച് ഇടതുമുന്നണിയിൽ ആലോചിച്ച ശേഷമേ വരികയുള്ളൂ--ശശീന്ദ്രൻ പ്രതികരിക്കുന്നു. ഈ ഘട്ടത്തിൽ സലിം.പി.മാത്യുവിന്റെ പേരിനു തന്നെയാണ് എൻസിപിയിൽ മുൻതൂക്കം ലഭിക്കുന്നത്.

സിപിഎമ്മിന്റെ പിന്തുണ വന്നാൽ സലിം.പി.മാത്യു തന്നെ എൻസിപി സ്ഥാനാർത്ഥിയായേക്കും. തോമസ്.കെ.തോമസ് മത്സരിച്ചാൽ മണ്ഡലത്തിൽ സാന്നിധ്യമുണ്ടാകുമോ എന്നും ചോദ്യം വരുന്നുണ്ട്. തോമസ് ചാണ്ടിയുടെ കുവൈത്തിലെ ബിസിനസുകൾ നോക്കി നടത്തുന്നതിൽ വലിയ പങ്ക് തോമസിനുണ്ട്. അതിനാൽ വിജയിച്ചാലും ഇടക്കിടെ തോമസിന് കുവൈത്തിൽ പോകേണ്ടി വന്നേക്കും. ഈ പ്രശ്‌നവും സിപിഎമ്മിന്റെയും എൻസിപിയുടെയും മുന്നിലുണ്ട്.

മറുവശത്ത് കോൺഗ്രസിന്റെ , യുഡിഎഫിന്റെ നില പരിതാപകരമാണ്. പതിറ്റാണ്ടുകളോളം മാണി സാർ കയ്യടക്കി വെച്ച പാലാ സീറ്റ് ഇക്കുറി യുഡിഎഫിന് നഷ്ടമാകാൻ കാരണം കേരളാ കോൺഗ്രസിന്റെ തമ്മിലടികളാണ്. ജോസ് കെ മാണിയും പി.ജെ.ജോസഫും പാർട്ടിയിൽ അധീശത്വം നിലനിർത്താൻ ചേരി തിരിഞ്ഞു പോരാടിയപ്പോൾ മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയ അവസ്ഥയായി. മാണി സാർ തോൽപ്പിച്ച മാണി.സി.കാപ്പൻ മാണി സാറിന്റെ അഭാവത്തിൽ പാലാ സീറ്റ് സ്വന്തമാക്കി. പതിറ്റാണ്ടുകൾ കയ്യിലെ കൃഷ്ണമണിപോലെ കെ.എം.മാണി കാത്ത പാല സീറ്റ് എന്നെന്നേക്കുമായി കേരളാ കോൺഗ്രസിന് നഷ്ടമാകുന്ന അവസ്ഥയാണ് കേരളാ കോൺഗ്രസിലെ തമ്മിലടി സൃഷ്ടിച്ചത്.

ഇപ്പോൾ പാലായ്ക്ക് ശേഷം തോമസ് ചാണ്ടിയുടെ വേർപാടിന്റെ നിഴലിൽ കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ആസന്നമാകുമ്പോൾ ഇതേ പരാജയഭീതി തന്നെയാണ് യുഡിഎഫിനെ തുറിച്ച് നോക്കുന്നത്. പാലായിലെ അതേ രീതിയിൽ കേരളാ കോൺഗ്രസുകാർ ജോസഫും ജോസ് കെ മാണിയും തമ്മിലടിയാണ്. കേരളാ കോൺഗ്രസിന്റെ ചിഹ്നമായ രണ്ടില പോലും ഇപ്പോൾ പാർട്ടിക്ക് ഒപ്പമില്ല. തർക്കം മൂത്തതിനെ തുടർന്ന് ചിഹ്നം തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചിരിക്കുകയാണ്. മാങ്ങയോ അണ്ടിയോ മൂത്തത് എന്ന രീതിയിൽ തർക്കം പുരോഗമിക്കുമ്പോൾ സീറ്റ് ഇടതുമുന്നണിയുടെ കൈവെള്ളയിലേക്ക് വെച്ച് നീട്ടുന്ന അനുഭവം തന്നെയാണ് പ്രത്യക്ഷമാകുന്നത്. പാലാ സീറ്റിൽ കഴിഞ്ഞ തവണ മത്സരിച്ചത് ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥി ജേക്കബ് എബ്രഹാമാണ്. അദ്ദേഹം നിസാര വോട്ടിനാണ് തോറ്റത് എന്ന് പറഞ്ഞു സീറ്റ് തങ്ങൾക്ക് തന്നെ വേണം എന്ന് പറഞ്ഞു ജോസഫ് ഗ്രൂപ്പ് രംഗത്ത് വന്നു കഴിഞ്ഞു. ഇവിടെ തുടർച്ചയായി വിജയിച്ചിരുന്ന ഡോ കെ സി ജോസഫ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ജനാധിപത്യ കേരള കോൺഗ്രസിലേക്ക് ചേക്കേറിയപ്പോഴാണ്, സീറ്റ് ജോസഫ് വിഭാഗത്തിന് നൽകിയത്. ഈ സീറ്റിലാണ് ജോസഫ് ഗ്രൂപ്പിന്റെ ജേക്കബ് എബ്രഹാം മത്സരിച്ചത്.

പാലായിലും ഇതേ തർക്കം തന്നെയാണ് ആദ്യം വന്നത്. സീറ്റ് തങ്ങൾക്ക് വേണമെന്ന് ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെട്ടെങ്കിലും സ്ഥാനാർത്ഥി വന്നത് ജോസ് കെ മാണി പക്ഷത്തു നിന്ന്. സമർഥമായി കാലുവാരി ജോസഫ് ഗ്രൂപ്പ് തിരിച്ചടിക്കുകയും ചെയ്തു. മാണി സി കാപ്പന്റെ രാഷ്ട്രീയ വിജയം ഇടതു മുന്നണിക്കും പിണറായി വിജയൻ സർക്കാരിനും പുതിയ ആത്മവിശ്വാസമാണ് നൽകിയത്. ശബരിമല പ്രശ്‌നം കത്തിനിൽക്കെതന്നെയാണ് പാലായിലെ രാഷ്ട്രീയ വിജയം സിപിഎം സാധിതമാക്കിയത്. ജയിച്ചത് എൻസിപിയുടെ മാണി സി കാപ്പൻ ആണെങ്കിലും പാലായിൽ എല്ലാ നിയന്ത്രണവും കയ്യാളിയത് സിപിഎമ്മായിരുന്നു. തിരഞ്ഞെടുപ്പിന്റെ സകല നിയന്ത്രണങ്ങളും കയ്യിൽവച്ചാണ് സിപിഎം പാലായിൽ മാണി.സി.കാപ്പനെ വിജയിപ്പിച്ചത്. ഇത് അറിയാവുന്നതുകൊണ്ടാണു കുട്ടനാട്ടിലെ സ്ഥാനാർത്ഥി നിർണ്ണയം സിപിഎമ്മുമായി ആലോചിച്ച് മാത്രമേ തീരുമാനിക്കാവൂ എന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരത്പവാർ തന്നെ നിർദ്ദേശം വെച്ചത്. ഇതെല്ലാം അറിയാവുന്നതുകൊണ്ട് കുട്ടനാട് സീറ്റിൽ വരുന്ന ചർച്ചകൾ എല്ലാം കോൺഗ്രസ് നേതൃത്വം സാകൂതം വീക്ഷിക്കുന്നുണ്ട്.

ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥി നിന്നാൽ പാലായിലെ പരാജയത്തിനു ഒരു തിരിച്ചടി ജോസ് കെ മാണി പക്ഷം നൽകിയാൽ ലഭിക്കുന്നത് യുഡിഎഫ് പരാജയം തന്നെയാകും. അതിനാൽ ഇവരുടെ തർക്കം സാകൂതം വീക്ഷിച്ച് വേണ്ടി വന്നാൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്ന നിലയിലാണ് കോൺഗ്രസിനുള്ളിൽ കാര്യങ്ങൾ നീങ്ങുന്നത്. തങ്ങളുടെ സീറ്റ് ആയതിനാൽ ഇവിടെ ജോസ് കെ മാണി പക്ഷത്തിനു നൽകരുത് എന്ന് ജോസഫ് ഗ്രൂപ്പ് ഉള്ളിൽ കരുതുന്നുണ്ട്. അതിനാൽ തർക്കമുയർത്തി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ ജോസഫ് ഗ്രൂപ്പ് പക്ഷം നീക്കുന്നത്. കേരളാ കോൺഗസ് തർക്കം തർക്കംപരിഹരിക്കാനായില്ലെങ്കിൽ കുട്ടനാട് സീറ്റ് ഏറ്റെടുത്ത് മത്സരിക്കണമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. എല്ലാവർക്കും സ്വീകാര്യനായ ഒരാളെ കുട്ടനാട് നിർത്തണം എന്നാണ് കോൺഗ്രസിനുള്ളിലെ നിർദ്ദേശം. ജോസഫും ജോസ് കെ മാണിയും പി.ജെ.ജോസഫും കോൺഗ്രസ് നേതൃത്വവുമായി ഈ കാര്യത്തിൽ ചർച്ചകൾ നടത്തിക്കഴിഞ്ഞിട്ടുണ്ട്.ഇക്കാര്യത്തിൽ വിവാദ പ്രസ്താവനകൾ ഉണ്ടാകരുതെന്നാണ് യുഡിഎഫ് നൽകിയിരിക്കുന്ന നിർദ്ദേശം.

പാലാ കയ്യിൽ നിന്ന് പോയതുപോലെ, കുട്ടനാടും കയ്യിൽ നിന്ന് കളയാൻ യുഡിഎഫ് തയ്യാറല്ല. വിശദമായ ചർച്ചകൾക്ക് ഇപ്പോൾ കോൺഗ്രസ് നേതൃത്വം തുടക്കമിട്ടു കഴിഞ്ഞിട്ടുണ്ട്. ബിജെപി - ബിഡിജെഎസ് തർക്കവും ബിഡിജെഎസിനുള്ളിലെ തർക്കവും ഈ മണ്ഡലത്തിലെ എൻഡിഎയുടെ സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഫലിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കുട്ടനാട് സീറ്റിൽ മത്സരിച്ചത് ബിഡിജെഎസിലെ സുഭാഷ് വാസുവാണ്. നല്ല രീതിയിൽ വോട്ടു വാങ്ങിയാണ് അദ്ദേഹം മൂന്നാം സ്ഥാനത്ത് എത്തിയത്. ജോസഫ് ഗ്രൂപ്പിന്റെ ജേക്കബ് എബ്രഹാം 45223 വോട്ടു നേടി രണ്ടാം സ്ഥാനത്ത് വന്നപ്പോൾ സുഭാഷ് വാസു 33044 വോട്ടു നേടിയിരുന്നു. സുഭാഷ് വാസു ബിഡിജെഎസിന് അകത്തും പുറത്തുമല്ലാത്ത അവസ്ഥയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വരുന്ന ഈ ഉപതെരഞ്ഞെടുപ്പ് മുന്നണികൾക്ക് ഏറെ നിർണായകമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP