Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അപസ്മാര രോഗമുണ്ടെന്ന് പറഞ്ഞ് ഗുളികയിൽ സയനൈഡ് കലർത്തി നൽകി; അവശയായ രണ്ടാം ഭർത്താവിന്റെ ഭാര്യയ്ക്ക് കുടിക്കാൻ ചോദിച്ചപ്പോൾ നൽകിയതും സയനൈഡ് കലർത്തിയ വെള്ളം; ഐസ്‌ക്രീം വാങ്ങാൻ പണം നൽകി മകനെ പറഞ്ഞ് അയച്ചതും അമ്മയെ കൊല്ലാക്കൊല ചെയ്യാൻ; ആറാം ഇരയായി മനസ്സിൽ കണ്ടത് ഭർത്താവ് ഷാജുവിനെ; ലക്ഷ്യമിട്ടത് ആശ്രിത നിയമനത്തിലൂടെ സർക്കാർ ജോലിയും പെൻഷനും; കൂടത്തായിയിൽ സിലിയെ കൊന്നത് അതിവിദഗ്ധമായി; ജോളിയുടെ ക്രൂരത സമാനതകളില്ലാത്തത്

അപസ്മാര രോഗമുണ്ടെന്ന് പറഞ്ഞ് ഗുളികയിൽ സയനൈഡ് കലർത്തി നൽകി; അവശയായ രണ്ടാം ഭർത്താവിന്റെ ഭാര്യയ്ക്ക് കുടിക്കാൻ ചോദിച്ചപ്പോൾ നൽകിയതും സയനൈഡ് കലർത്തിയ വെള്ളം; ഐസ്‌ക്രീം വാങ്ങാൻ പണം നൽകി മകനെ പറഞ്ഞ് അയച്ചതും അമ്മയെ കൊല്ലാക്കൊല ചെയ്യാൻ; ആറാം ഇരയായി മനസ്സിൽ കണ്ടത് ഭർത്താവ് ഷാജുവിനെ; ലക്ഷ്യമിട്ടത് ആശ്രിത നിയമനത്തിലൂടെ സർക്കാർ ജോലിയും പെൻഷനും; കൂടത്തായിയിൽ സിലിയെ കൊന്നത് അതിവിദഗ്ധമായി; ജോളിയുടെ ക്രൂരത സമാനതകളില്ലാത്തത്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിൽ ജോളിയുടെ അടുത്ത ലക്ഷ്യം ഷാജുവായിരുന്നുവെന്ന് അന്വേഷണ സംഘം. കോടതിയിൽ സമർപ്പിച്ച സിലി കൊലപാതക കേസിലെ കുറ്റപത്രത്തിലാണ് പരാമർശം. ഷാജു - സിലി ദമ്പതികളുടെ മകൾ ആൽഫൈന്റെ കൊലപാതകകേസിലെ കുറ്റപത്രവും ഈ മാസം തന്നെ കോടതിയിൽ സമർപ്പിക്കും.

കൂടത്തായി കൊലപാതക പരമ്പരയിലെ 6 കൊലപാതകങ്ങൾക്ക് ശേഷം ജോളി ലക്ഷ്യമിട്ടിരുന്നത് തന്റെ രണ്ടാം ഭർത്താവായ ഷാജുവിനെയാണ്. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതക കേസിന്റെ കുറ്റപത്രത്തിലാണ് അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയത്. സർവീസിലിരിക്കുമ്പോൾ മരണപ്പെട്ടാലുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ, ആശ്രിത നിയമനം തുടങ്ങിയവ മുന്നിൽ കണ്ടായിരുന്നു ജോളിയുടെ ഈ നീക്കം. ആൽഫൈൻ വധക്കേസിലെ കുറ്റപത്രത്തിന് പിന്നാലെ മാത്യുവിന്റെയും അന്നമ്മയുടെയും ടോം തോമസിന്റെയും വധക്കേസിലെ കുറ്റപത്രങ്ങൾ കൂടി അടുത്ത മാസാവസാനത്തോടെ കോടതിയിൽ സമർപ്പിക്കും. കുറ്റമറ്റരീതിയിൽ കുറ്റപത്രം തയ്യാറാക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് അന്വേഷണ സംഘം.

കാപ്‌സ്യൂളിൽ സയനൈഡ് നിറച്ചു നൽകിയാണ് ഭർത്താവ് ഷാജു സ്‌കറിയയുടെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയതെന്നു കുറ്റപത്രം വിശദീകരിക്കുന്ന്. താമരശ്ശേരി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ജോളിയും സയനൈഡ് സംഘടിപ്പിച്ചു നൽകിയ എം.എസ്.മാത്യു, സ്വർണപ്പണിക്കാരനായ കെ.പ്രജികുമാർ എന്നിവരാണ് പ്രതികൾ. അവശയായ സിലിയെ സമീപം ആശുപത്രി ഉണ്ടായിട്ടും 12 കിലോമീറ്റർ അകലെയുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് ജോളി മരണം ഉറപ്പാക്കി. ആശുപത്രിയിൽ വച്ച് വെള്ളം ആവശ്യപ്പെട്ടപ്പോഴും ജോളി സിലിക്ക് സയനൈഡ് കലർത്തിയ വെള്ളമാണ് നൽകിയത്.

മറ്റു കൊലപാതകങ്ങൾ പോലെ വിദഗ്ധമായാണ് സിലിയുടെ മരണം ജോളി ഉറപ്പാക്കിയത്. സിലിയെ ചികിത്സിച്ച ഡോക്ടർ വിഷം ഉള്ളിൽ ചെന്നതായി സംശയിക്കുന്നതായി റിപ്പോർട്ടിൽ എഴുതിയിരുന്നു. പോസ്റ്റ്‌മോർട്ടം നടത്തിയെങ്കിൽ ഇതു കണ്ടെത്താമായിരുന്നു. സിലിയുടെ ഭർത്താവ് ഷാജുവിനു കൊലപാതകത്തിൽ പങ്കില്ല. ഷാജുവിനെ വിവാഹം കഴിക്കാൻ വേണ്ടിയാണ് സിലിയെ ജോളി കൊലപ്പെടുത്തിയത്. അതിനിടെ കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറായി പെരുമ്പാവൂർ നിയമ വിദ്യാർത്ഥിനി വധക്കേസിലെ സ്‌പെഷൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. എൻ.കെ.ഉണ്ണിക്കൃഷ്ണനെ നിയമിച്ചുകൊണ്ടു സർക്കാർ ഉത്തരവിറക്കി.

തൃശൂർ ബാറിലെ അഭിഭാഷകനായ ഉണ്ണിക്കൃഷ്ണൻ പെരുമ്പാവൂർ വധക്കേസിനു പുറമേ ചാലക്കുടി സ്വീറ്റി വധക്കേസിലും സ്‌പെഷൽ പ്രോസിക്യൂട്ടറായിരുന്നു. നിലവിൽ ചാവക്കാട് ഫനീഫ വധക്കേസിന്റെ സ്‌പെഷൽ പ്രോസിക്യൂട്ടറാണ്. കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതിയായ ജോളി ജോസഫ് അഞ്ചു കൊലപാതകങ്ങൾ നടത്തിയത് സയനൈഡ് ഉപയോഗിച്ചാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ഭാര്യ സിലി കൊല്ലപ്പെട്ട സംഭവത്തിൽ 1020 പേജുകളുള്ള കുറ്റപത്രം വെള്ളിയാഴ്ച താമരശ്ശേരി കോടതിയിലാണ് സമർപ്പിച്ചത്. ഈ കേസിലും ജോളി തന്നെയാണ് ഒന്നാംപ്രതി. മാത്യു രണ്ടാം പ്രതിയും സ്വർണപണിക്കാരൻ പ്രജികുമാർ മൂന്നാം പ്രതിയുമാണ്.

കേസിൽ ആകെ 165 പേരാണ് സാക്ഷിപ്പട്ടികയിലുള്ളത്. സിലിയുടെ സഹോദരൻ സിജോ സെബാസ്റ്റ്യൻ, സഹോദരി ഷാലു ഫ്രാൻസിസ്, സക്കറിയ എന്നിവരുടെ മൊഴികളാണ് കേസിൽ നിർണായകമായതെന്ന് റൂറൽ എസ് പി കെ ജി സൈമൺ പറഞ്ഞു. സിലിക്ക് അപസ്മാര രോഗമുണ്ടെന്ന് പറഞ്ഞ് ഓമശ്ശേരിയിലെ ആശുപത്രിയിലെത്തിക്കുകയും ഗുളികയിൽ സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കുടിക്കാൻ നൽകിയ വെള്ളത്തിലും സയനൈഡ് കലർത്തിയതായി കണ്ടെത്തിയിട്ടുണ്ട്. സിലിക്ക് ഗുളിക നൽകിയതിനെ തുടർന്ന് തളർന്നുപോയ മാതാവിനെ മകൻ കണ്ടെങ്കിലും ഐസ്‌ക്രീം വാങ്ങാൻ പണം നൽകി ജോളി പുറത്തേക്ക് പറഞ്ഞയക്കുകയായിരുന്നു. സംശയം തോന്നി മകൻ തിരിച്ചുവന്നപ്പോൾ, സിലി മറിഞ്ഞുവീഴുന്നതാണ് കണ്ടതെന്നും മൊഴി നൽകിയിട്ടുണ്ട്.

കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ സമീപത്ത് തന്നെ ആശുപത്രിയുണ്ടായിട്ടും 12 കിലോമീറ്റർ ദൂരെയുള്ള ശാന്തി ഹോസ്പിറ്റലിൽ നിർബന്ധിച്ച് കൊണ്ടുപോവുകയായിരുന്നുവെന്നാണ് പൊലീസ് ആരോപണം. ഷാജുവിനെ ഭർത്താവായി കിട്ടാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് പറയുന്നു. സിലിയെ മുമ്പും കൊലപ്പെടുത്താൻ ജോളി ശ്രമിച്ചിരുന്നതായി പൊലീസ് കുറ്റപത്രത്തിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP