Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൃതദേഹം സംസ്‌കരിക്കൽ തങ്ങളുടെ വിഷയമല്ല; സെമിത്തേരി പങ്കിടുന്ന കാര്യവുമായി വന്നാൽ ഹർജി തള്ളും: ഓർത്തഡോക്‌സ് വിഭാഗത്തിന് സുപ്രീം കോടതിയുടെ താക്കീത്

മൃതദേഹം സംസ്‌കരിക്കൽ തങ്ങളുടെ വിഷയമല്ല; സെമിത്തേരി പങ്കിടുന്ന കാര്യവുമായി വന്നാൽ ഹർജി തള്ളും: ഓർത്തഡോക്‌സ് വിഭാഗത്തിന് സുപ്രീം കോടതിയുടെ താക്കീത്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സമിത്തേരി പങ്കിടുന്ന കാര്യവുമായി വന്നാൽ ഹർജി തള്ളുമെന്ന് ഓർത്തഡോക്‌സ് വിഭാഗത്തിന് സുപ്രീംകോടതിയുടെ താക്കീത്. മൃതദേഹം സംസ്‌ക്കരിക്കൽ കോടതിയുടെ വിഷയമല്ലെന്നും ഇനിയും ഈ വിഷയവുമായി വന്നാൽ ഓർത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ മുൻ കോടതി വിധികളിൽ ഇളവുവരുത്താൻ മടിക്കില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. സഭാതർക്കവിഷയത്തിലെ ഉത്തരവുകൾ നടപ്പാക്കിയില്ലെന്ന കോടതിയലക്ഷ്യഹർജിക്കൊപ്പം ഓർത്തഡോക്‌സ് വിഭാഗം നൽകിയ അപേക്ഷ പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ രൂക്ഷപരാമർശം.

മൃതദേഹത്തിന് ഓർത്തഡോക്‌സ് എന്നോ പാത്രിയാർക്കീസ് എന്നോ ഇല്ല. മൃതദേഹം ആരുടേതായാലും ഒരുപോലെയാണ്. ഏതു വികാരി കർമം ചെയ്യുമെന്നതിലൊന്നും താത്പര്യമില്ലെന്നും കോടതി നിരീക്ഷിച്ചു. സെമിത്തേരി പങ്കിടുന്നതുസംബന്ധിച്ച് ഓർത്തഡോക്‌സ് വിഭാഗം അഭിഭാഷകർ പിന്നെയും വാദം തുടർന്നതോടെയാണ് ജസ്റ്റിസ് അരുൺ മിശ്ര ഓർത്തഡോക്‌സ് വിഭാഗത്തിന് മുന്നറിയിപ്പു നൽകിയത്.

എന്തായാലും സഭാകേസിൽ ജസ്റ്റിസ് അരുൺ മിശ്ര നടത്തിയ പരാമർശങ്ങൾ യാക്കോബായ വിഭാഗത്തിനൊപ്പം സംസ്ഥാന സർക്കാരിനും ആശ്വാസം നൽകുന്നു. സെമിത്തേരി പങ്കിടുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇറക്കിയ ഓർഡിനൻസിനെതിരേ ഓർത്തഡോക്‌സ് വിഭാഗം സുപ്രീംകോടതിയെ സമീപിക്കാനിരിക്കേയാണ് ജസ്റ്റിസ് അരുൺ മിശ്രയുടെ പരാമർശം വന്നത്.

മലങ്കരസഭയിലെ പള്ളി സെമിത്തേരികളിൽ യാക്കോബായ വിഭാഗക്കാരുടെ മൃതദേഹങ്ങൾകൂടി സംസ്‌കരിക്കാൻ കഴിയുംവിധം സംസ്ഥാന സർക്കാർ ഓർഡിനൻസ് ഇറക്കിയകാര്യം ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലത്തിലുണ്ട്. ഓർത്തഡോക്‌സ് വിഭാഗത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കൃഷ്ണൻ വേണുഗോപാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി. എന്നാൽ, ഓർഡിനൻസും ശവസംസ്‌കാരവുമൊന്നും തങ്ങളുടെ മുന്നിലുള്ള വിഷയങ്ങളല്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.

മലങ്കര സഭയിലെ പള്ളികൾ 1934-ലെ ഭരണഘടനപ്രകാരം ഭരിക്കണമെന്ന വിധി ഭരണകാര്യങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് കോടതി പറഞ്ഞു. അക്കാര്യം വ്യക്തമാക്കി പ്രത്യേകം വിധി വേണമെങ്കിൽ അതു നിങ്ങൾക്കനുകൂലമായിരിക്കില്ലെന്നും ജസ്റ്റിസ് മിശ്ര വ്യക്തമാക്കി. തന്റെ മുൻ ഉത്തരവുകൾ അതിനായി ഭേദഗതി വരുത്താൻ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കോടതിയലക്ഷ്യ ഹർജികളിൽ മറുപടി നൽകാൻ യാക്കോബായ വിഭാഗം നാലാഴ്ച സമയം തേടിയിരുന്നു. ആറാഴ്ച സമയം അനുവദിച്ചുകൊണ്ട് കേസ് ഫെബ്രുവരി അവസാനവാരം പരിഗണിക്കാനായി മാറ്റി. സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ കക്ഷികൾക്കു മറുപടി നൽകാനും അനുമതിനൽകി.

ഓർത്തഡോക്‌സ് വിഭാഗത്തിനുവേണ്ടി കൃഷ്ണൻ വേണുഗോപാലിനു പുറമേ മുതിർന്ന അഭിഭാഷകരായ സി.യു. സിങ്, ഇ.എം.എസ്. അനാം എന്നിവരും യാക്കോബായ വിഭാഗത്തിനുവേണ്ടി മുതിർന്ന അഭിഭാഷകൻ വി. ഗിരി, അഡ്വ. അഡോൾഫ് മാത്യു എന്നിവരും സംസ്ഥാന സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ വികാസ് സിങ്, സ്റ്റാൻഡിങ് കോൺസെൽ ജി. പ്രകാശ് എന്നിവരും ഹാജരായി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP