Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിൽ രണ്ട് വർഷത്തിനിടയിൽ ലൗ ജിഹാദ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല; സിറോ മലബാർ സഭയുടെ ലൗ ജിഹാദ് ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ പരിശോധിക്കും; ലൗ ജിഹാദ് ആരോപണത്തിൽ സംസ്ഥാന നൂനപക്ഷ കമ്മീഷനും വിശദീകരണം തേടിയതിന് പിന്നാലെ പ്രതികരണവുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിറോ മലബാർ സഭയുടെ ലൗ ജിഹാദ് ആരോപണത്തിൽ പ്രതികരണവുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.കേരളത്തിൽ ലൗ ജിഹാദില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. രണ്ടുവർഷത്തിനിടെ അത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സിറോ മലബാർ സഭയുടെ ആരോപണങ്ങൾ പരിശോധിക്കുമെന്നും ഡി.ജി.പി കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു. 

ലൗ ജിഹാദ് ആരോപണത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ സംസ്ഥാന പൊലീസ് മേധാവിയോട് വിശദീകരണം തേടിയിരുന്നു. മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണം. ഇതിനിടെ ലൗ ജിഹാദ് ആരോപണം ഉന്നയിച്ച് മെത്രാന്മാരുടെ സിനഡ് പുറത്തിറക്കിയ സർക്കുലർ അനവസരത്തിലായി എന്ന വിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപതാ പ്രസിദ്ധീകരണമായ സത്യദീപം പുറത്തിറക്കാനും ഒരുങ്ങുകയാണ്.

പ്രണയംനടിച്ച് പെൺകുട്ടികളെ വലയിലാക്കി മതംമാറ്റാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും ആവശ്യപ്പെടുന്ന സർക്കുലർ സിറോ മലബാർ സഭാ മെത്രാന്മാരുടെ സിനഡ് ബുധനാഴ്ച പുറത്തിറക്കിയതിന് പിന്നാലെയാണ് ദേശീയ ന്യൂനപക്ഷ കമ്മിഷൻ ഡിജിപിയോട് വിശദീകരണം തേടിയത്. ഇക്കാര്യത്തിൽ സിനഡ് അവതരിപ്പിച്ച പ്രമേയത്തിന്റെ പകർപ്പ് സഹിതം കമ്മിഷന് അയച്ചിരുന്നു. ഇത്തരം കേസുകളിൽ പൊലീസ് അനാസ്ഥ പുലർത്തുന്നുവെന്നാണ് പരാതി. ഇത് സംബന്ധിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളും സ്വീകരിച്ചിട്ടുള്ള നടപടികളും പൊലീസ് വിശദീകരിക്കേണ്ടി വരും.

മൂന്നാഴ്ചക്കകം റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ തുടർനടപടികളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പും ന്യൂനപക്ഷ കമ്മിഷൻ നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്ന് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരിൽ പകുതിയും മതംമാറ്റം നടത്തിയ ക്രൈസ്തവരാണ്. ഇതുസംബന്ധിച്ച പരാതികളിലൊന്നും പൊലീസ് ജാഗ്രതയോടെ യഥാസമയം നടപടിയെടുത്തില്ലെന്നും മെത്രാന്മാരുടെ സിനഡ് പ്രമേയത്തിൽ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഈ പ്രമേയവും ആരോപണം തന്നെയും അനവസരത്തിലായി എന്ന വിമർശനമാണ് സഭയ്ക്കുള്ളിൽ നിന്ന് ഉയരുന്നത്.

എറണാകുളം അങ്കമാലി അതിരൂപതാ പ്രസിദ്ധീകരണമായ സത്യദീപത്തിലൂടെ വൈദിക സമിതി മുൻ സെക്രട്ടറി ഫാദർ കുര്യാക്കോസ് മുണ്ടാടനാണ് ഇക്കാര്യം ഉന്നയിക്കുന്നത്. ലൗ ജിഹാദ് ആരോപണത്തിന് തെളിവില്ലെന്ന് സർക്കാരും ഹൈക്കോടതിയും മുൻപെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്.

മതരാഷ്ട്രീയത്തിന്റെ പേരിൽ രാജ്യം നിന്ന് കത്തുമ്പോൾ മറ്റൊരു മതത്തെ ചെറുതാക്കുന്ന നിലപാട് കത്തോലിക്കാ സഭ സ്വീകരിക്കാൻ പാടില്ലായിരുന്നു. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് പിഒസി ഡയറക്ടർ എഴുതിയ ലേഖനം ആർഎസ്എസ് മുഖപത്രമായ ജന്മഭൂമിയിൽ വന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP