Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മട്ടാഞ്ചേരിയിലെ 'ജനസിസ് 'ഫ്‌ളാറ്റ് സമുച്ചയം ഹലാൽ ഫ്‌ളാറ്റാണ്; മുസ്ലിങ്ങൾക്കുള്ള ഫ്‌ളാറ്റുകൾ ഇതര മതസ്ഥർക്ക് നൽകില്ല; പൗരത്വ നിയമത്തിനു എതിരെ പൃഥ്വിരാജ് വന്നപ്പോൾ സോഷ്യൽ മീഡിയയിൽ കലിപ്പ് തീർത്തത് രണ്ടു വർഷം മുൻപ് അസറ്റ് നൽകിയ പരസ്യത്തിന് നേരേ; കുഴപ്പത്തിലാക്കിയത് ഹലാൽ സർട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യയിലെ ആദ്യ ഫ്‌ളാറ്റ് എന്ന പരസ്യവാചകം; ജനസിസിനു ഉള്ളത് ഹലാൽ സർട്ടിഫിക്കറ്റ് മാത്രം; യഥാർഥത്തിൽ സംഭവിച്ചത് എന്ത്? അസറ്റ് ഹോംസ് എംഡി സുനിലിന്റെ വിശദീകരണം ഇങ്ങനെ

മട്ടാഞ്ചേരിയിലെ 'ജനസിസ് 'ഫ്‌ളാറ്റ് സമുച്ചയം ഹലാൽ ഫ്‌ളാറ്റാണ്; മുസ്ലിങ്ങൾക്കുള്ള ഫ്‌ളാറ്റുകൾ ഇതര മതസ്ഥർക്ക് നൽകില്ല; പൗരത്വ നിയമത്തിനു എതിരെ പൃഥ്വിരാജ് വന്നപ്പോൾ സോഷ്യൽ മീഡിയയിൽ കലിപ്പ് തീർത്തത് രണ്ടു വർഷം മുൻപ് അസറ്റ് നൽകിയ പരസ്യത്തിന് നേരേ; കുഴപ്പത്തിലാക്കിയത് ഹലാൽ സർട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യയിലെ ആദ്യ ഫ്‌ളാറ്റ് എന്ന പരസ്യവാചകം; ജനസിസിനു ഉള്ളത് ഹലാൽ സർട്ടിഫിക്കറ്റ് മാത്രം; യഥാർഥത്തിൽ സംഭവിച്ചത് എന്ത്? അസറ്റ് ഹോംസ് എംഡി സുനിലിന്റെ വിശദീകരണം ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: പൗരത്വനിയമ പ്രശ്‌നങ്ങളും പൗരത്വ രജിസ്റ്റർ പ്രശ്‌നങ്ങളും കത്തുമ്പോൾ പ്രമുഖ ബിൽഡേഴ്‌സായ അസറ്റ് ഗ്രൂപ്പിന് തലവേദനയായി മട്ടാഞ്ചേരിയിലെ അസറ്റ് ജനസിസ് ഫ്‌ളാറ്റ് വിവാദം. സോഷ്യൽമീഡിയയാണ് നിലവിൽ വിവാദം കത്തിക്കുന്നത്. യുണൈറ്റഡ് വേൾഡ് ഹലാൽ ഡവലപ്‌മെന്റ് സർട്ടിഫിക്കറ്റ് ജനസിസ് ഫ്‌ളാറ്റിനു ലഭിച്ചിട്ടുണ്ട് എന്നാണ് അസറ്റ് ഹോംസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നത്. ശരീഅത്ത് നിയമങ്ങൾ അനുസരിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിനാണ് മലേഷ്യയിലെ ഈ അഥോറിറ്റി സർട്ടിഫിക്കറ്റ് നൽകുന്നത്. രണ്ടു വർഷം മുൻപ് ഫ്‌ളാറ്റ് പ്രോജക്റ്റ് പ്രഖ്യാപിക്കുമ്പോഴാണ് ഹലാൽ സർട്ടിഫിക്കറ്റ് ഈ ഫ്‌ളാറ്റിനു ലഭിച്ചിട്ടുണ്ട് എന്ന് അസറ്റ് ഹോംസ് വ്യക്തമാക്കിയത്. ഹലാൽ സർട്ടിഫിക്കറ്റ് ലഭിച്ച കാര്യം ചൂണ്ടിക്കാട്ടി ഈ ഫ്‌ളാറ്റ് പ്രോജക്റ്റിന്റെ ബ്രാൻഡ് അംബാസഡറായ പൃഥ്വിരാജ് സുകുമാരനെ വെച്ച് കമ്പനി പരസ്യം നൽകുകയും ചെയ്തിരുന്നു.

ഇന്ത്യയിൽ ആദ്യമായി മുസ്‌ളീം മത നിയമങ്ങൾക്ക് അനുസൃതമായി ഫ്‌ളാറ്റ് പണിതത് ആണെന്ന് കമ്പനി അവകാശപ്പെട്ടിരുന്നത്. ഇതോടെയാണ് വിവാദം തലപൊക്കിയത്. വിവാദം വന്നപ്പോൾ തന്നെ അസറ്റ് ഹോംസ് വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. പൃഥ്വിരാജിനെ വെച്ചുള്ള പരസ്യം പിൻവലിക്കുകയും ചെയ്തിരുന്നു. പക്ഷെ പൗരത്വനിയമ- പൗരത്വ രജിസ്റ്റർ പ്രശ്‌നങ്ങളിൽ കേന്ദ്രത്തിന്നെതിരെ എതിർപ്പുമായി പൃഥിരാജ് രംഗത്ത് വന്നതോടെയാണ് അസറ്റ് ഗ്രൂപ്പിന് തലവേദനയായി വിവാദം വീണ്ടും രംഗപ്രവേശനം ചെയ്തത്. ഈ ഫ്‌ളാറ്റ് ഹലാൽ ആണ്. അതായത് ഇവിടെ മുസ്ലീങ്ങൾ മാത്രമേ താമസിക്കുകയുള്ളൂ. ജനസിസ് ഫ്‌ളാറ്റ് സമുച്ചയം മുസ്ലിംങ്ങൾക്ക് മാത്രമായി നിർമ്മിച്ചതാണ്. മറ്റുള്ള മതക്കാർക്ക് ഇതുകൊടുക്കില്ല. ഇസ്ലാമിക ഭീകര വാദികളാൽ പീഡനം അനുഭവിക്കുന്ന പാക്-ബംഗ്ലാ-അഫ്ഗാനി ഹിന്ദുക്കൾക്ക് പൗരത്വം നൽകുന്ന സിഎഎയെ എതിർക്കുന്ന പൃഥിരാജ് സുകുമാരനാണ് അസറ്റ് ബ്രാൻഡ് അംബാസഡർ. മതേതരത്വം കൂടിപ്പോയെങ്കിൽ പറയണം. ഇതാണ് അസറ്റിന്നെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

എന്നാൽ ഫ്‌ളാറ്റ് എല്ലാ സമുദായത്തിൽ പെട്ടവരും വാങ്ങിയിട്ടുണ്ട്. മുസ്ലിം സമുദായത്തിൽപ്പെട്ടവർ മാത്രമല്ല ഫ്‌ളാറ്റുകൾ എടുത്തിരിക്കുന്നത്. മുസ്ലിം മത നിയമപ്രകാരമുള്ള സ്വകാര്യത ഇവിടെയുണ്ട്. അതുകൊണ്ട് തന്നെയാണ് ഹലാൽ സർട്ടിഫിക്കറ്റ് ലഭിച്ചത്. പക്ഷെ അത് ഇത്തര മതസ്ഥരെ ദോഷകരമായി ബാധിക്കുന്നതല്ല എന്നാണ് അസറ്റ് വ്യക്തമാക്കുന്നത്. പക്ഷെ മുൻപ് അസറ്റ് നൽകിയ പൃഥ്വിരാജിനെ വെച്ചുള്ള പരസ്യം തന്നെയാണ് ഇവർക്ക് ഇപ്പോഴും തലവേദനയാകുന്നത്. ദുബായിൽ ഒരു ചടങ്ങുമായി ബന്ധപ്പെട്ടാണ് ഈ പരസ്യം നൽകിയത് എന്നാണ് അന്ന് വിശദീകരണക്കുറിപ്പിൽ കമ്പനി വ്യക്തമാക്കിയത്. പരസ്യം പിൻവലിച്ചിട്ടുണ്ട്. വിവേചനമില്ലാതെ ഫ്‌ളാറ്റുകൾ നിർമ്മിക്കുന്ന കമ്പനിയാണ്. അനവസരത്തിൽ വന്ന വിവാദമാണിത്. ജനസിസ് പദ്ധതിയിൽ യാതൊരു വിധത്തിലുള്ള മത വിവേചനവും നിലനിൽക്കുന്നില്ല. കമ്പനി വിശദീകരണക്കുറിപ്പിൽ പറഞ്ഞിരുന്നു.

മട്ടാഞ്ചേരിയിൽ ഇപ്പോൾ പൂർത്തീകരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ജനസിസ് ഫ്‌ളാറ്റ്. അടുത്ത വർഷം ഇത് താമസക്കാർക്ക് കൈമാറും. ആ രീതിയിലാണ് ജോലികൾ പുരോഗമിക്കുന്നത്. അറുപത് ഫ്‌ളാറ്റുകൾ ഉള്ള സമുച്ചയമാണിത്. ഇതിൽ കുറെ ഫ്‌ളാറ്റുകൾ വിൽപ്പന നടത്തിയിട്ടുണ്ട്. ഇനിയും ഫ്‌ളാറ്റുകൾ വിറ്റുപോകാനുമുണ്ട്. അതുകൊണ്ട് തന്നെയാണ് വിവാദത്തെ അസറ്റ് ഹോംസ് ഭയപ്പെടുന്നതും. അസറ്റ് ഹോംസിന്റെ കച്ചവട തന്ത്രമാണ് ജനസിസ് പ്രശ്‌നത്തിൽ ഇവർക്ക് കുരുക്കായി മാറിയത്. ഫ്‌ളാറ്റ് മട്ടാഞ്ചേരിയിൽ പ്രഖ്യാപിച്ച സമയത്ത് അസറ്റ് ടീം സ്ഥലം വിസിറ്റ് ചെയ്യാൻ അവിടെ പോയിരുന്നു. പരിസരവാസികളെക്കൊണ്ട് ഫ്‌ളാറ്റുകൾ എടുപ്പിക്കുന്ന വിധത്തിലുള്ള കരുക്കൾ ആണ് ഇവർ പ്ലാൻ ചെയ്തത്. മുസ്ലിം സമുദായക്കാരാണ് അവിടെ കൂടുതൽ ഉള്ളത് എന്ന് അവർ മനസിലാക്കി. ജിംനേഷ്യം, സ്വിമ്മിങ് പൂൾ എന്നിവയുണ്ട് എന്ന് പറഞ്ഞപ്പോൾ അവിടെയൊക്കെ ആരു പോകുന്നു എന്നാണ് ഇവർ ചോദിച്ചത്.

പുരുഷന്മാർ കുളിക്കുന്ന സ്വിമ്മിങ് പൂളിൽ ഞങ്ങളുടെ സ്ത്രീകൾ നീന്താൻ വരില്ല എന്നും ഇവർ പറഞ്ഞിരുന്നു. ഇതോടെയാണ് ഫ്‌ളാറ്റിൽ മുസ്ലിം സമുദായ ആവശ്യങ്ങൾക്ക് അനുസൃതമായ വിധത്തിൽ ചില മാറ്റങ്ങൾ തീരുമാനിച്ചത്. ആൺ-പെൺ വേർതിരിവ് വരുന്ന വിധത്തിലുള്ള സ്വകാര്യതയാണ് ഇവർ ഫ്‌ളാറ്റിൽ സജ്ജമാക്കിയത്. രണ്ടു സ്വിമ്മിങ്പൂൾ, നിസ്‌ക്കരിക്കാനുള്ള ഹാൾ എന്നിവ തയ്യാറാക്കി ആ രീതിയിലുള്ള സ്വകാര്യതയുള്ള പ്ലാൻ സൃഷ്ടിച്ചു. ഇതിനു മലേഷ്യയിലെ യുണൈറ്റഡ് വേൾഡ് ഹലാൽ ഡവലപ്‌മെന്റ് അഥോറിറ്റിക്ക് അയച്ചു നൽകി. ശരീ അത്ത് നിയമങ്ങൾ പ്രകാരമുള്ള സൗകര്യങ്ങൾ ഈ ഫ്‌ളാറ്റ് സമുച്ചയത്തിൽ വന്നതോടെ അഥോറിറ്റി ഇതിനു ഹലാൽ സർട്ടിഫിക്കറ്റ് നൽകി.

മുസ്ലിം സമുദായത്തിലുള്ളവർ കൂടുതൽ ഫ്‌ളാറ്റുകൾ വാങ്ങാൻ കമ്പനി ആ രീതിയിലുള്ള പരസ്യവും നൽകി. പക്ഷെ പരസ്യം ഗുണത്തേക്കാളേറെ ദോഷമാണ് നൽകിയത്. മതേതരത്വം അടിസ്ഥാന സ്വഭാവമായ കേരളത്തിൽ മതാടിസ്ഥാനത്തിലുള്ള വിവേചനം അസറ്റ് കൊണ്ട് വരുന്നു എന്നാണ് പരസ്യം കൊണ്ട് സൃഷ്ടിക്കപ്പെട്ട വിമർശനം. കടുത്ത എതിർപ്പ് അസറ്റിനു നേർക്ക് വന്നതോടെ ഇവർ പരസ്യം പിൻവലിക്കുകയും ചെയ്തു. പക്ഷെ പൃഥ്വിരാജ് പൗരത്വനിയമ-പൗരത്വ രജിസ്റ്റർ പ്രശ്‌നങ്ങളിൽ എതിർപ്പുമായി രംഗത്ത് വന്നതോടെ പഴയ ആരോപണങ്ങളുമായി സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ രംഗത്ത് വരുകയായിരുന്നു. പക്ഷെ ഇത് അസറ്റ് ഗ്രൂപ്പിനും തലവേദനയായി. വ്യാജ പ്രചാരണങ്ങൾ തങ്ങൾക്ക് തലവേദനയായി മാറിയിരിക്കുകയാണ് എന്നാണ് അസറ്റ് ഗ്രൂപ്പ് എംഡി സുനിൽ മറുനാടനോട് പ്രതികരിച്ചത്. ജനസിസ് മുസ്ലിം സമുദായങ്ങൾക്ക് മാത്രമെന്നു ആരോടും എവിടെയും പറഞ്ഞിട്ടില്ല. ഞങ്ങളുടെ ഒരു പരസ്യം മറയാക്കിയാണ് ഇത്തരം ആരോപണം ചിലർ ഞങ്ങൾക്ക് നേരെ എയ്യുന്നത്.

ജനസിസ് ഫ്‌ളാറ്റ് നൽകിയിരിക്കുന്നത് വിവിധ മതസ്ഥർക്ക്; നടക്കുന്നത് കുപ്രചാരണം: അസറ്റ് എംഡി

58 പ്രോജക്ടുകൾ ഹാൻഡ് ഓവർ ചെയ്ത കമ്പനിയാണ് ഞങ്ങളുടേത്. ആയിരക്കണക്കിന് കസ്റ്റമേഴ്‌സുമുണ്ട്. വിശ്വാസ്യതയുള്ള കമ്പനിയാണ് ഞങ്ങളുടേത്. വിശ്വാസ്യത തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കേരളത്തിൽ സത്യത്തിൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. 2017ലുള്ള പ്രോജക്റ്റാണ് മട്ടാഞ്ചേരിയിലെ അസറ്റ് ജനസിസ്. അവിടുത്തെ പ്രദേശവാസികളെ ബന്ധപ്പെട്ട് പ്രോജക്ടിലെ സ്വിമ്മിങ് പൂൾ, ഹെൽത്ത് ക്ലബ്, ലോബി എന്നിവ ഞങ്ങൾ ചൂണ്ടിക്കാട്ടി. ഞങ്ങൾക്ക് വില കുറച്ച് ലഭിക്കണം. ഇതാണ് അവരുടെ ആവശ്യം. ഞങ്ങൾ പറഞ്ഞതിൽ ഒന്നും അവർ ആകർഷിക്കപ്പെട്ടില്ല. ഇതൊന്നും അവർ ഉപയോഗിക്കില്ലാ എന്നും പറഞ്ഞു. ഞങ്ങളുടെ വീട്ടിലെ സ്ത്രീകളെ വിടില്ല. അവർ ഹെൽത്ത് ക്ലബിൽ ഒന്നും പോകില്ല എന്നും ഞങ്ങളോടു പറഞ്ഞു. അവർ കൂടുതൽ ഫ്‌ളാറ്റുകൾ എടുക്കാം എന്ന് പറഞ്ഞപ്പോൾ രണ്ടു സ്വിമ്മിങ് പൂൾ അടക്കമുള്ളവ നൽകാം എന്നും ഞങ്ങൾ പറഞ്ഞു. പ്രൈവസിയാണ് അവർ ആവശ്യപ്പെട്ടത്. സ്ത്രീകൾക്കും പുരുഷന്മാർക്കും വേറെ വേറെ എന്ന രീതിയിലാണ് അവർ പറഞ്ഞു വന്നത്. ഇതോടെയാണ് മലേഷ്യയിലെ യുണൈറ്റഡ് വേൾഡ് ഹലാൽ ഡവലപ്‌മെന്റ് സർട്ടിഫിക്കറ്റ് ഫ്‌ളാറ്റിനു ലഭ്യമാക്കാൻ ഞങ്ങൾ ആലോചിച്ചത്.

ഇന്റർനാഷണൽ സർട്ടിഫിക്കെഷൻ ഏജൻസിയാണിത്. ഇവർക്ക് ആണ് ഞങ്ങൾ പ്ലാൻ അയച്ചു നൽകിയത്. ടോക്കിയോ എയർപോർട്ട് തൊട്ട് പതിനേഴു എയർപോർട്ടുകൾക്ക് ഈ ഏജൻസിയുടെ സർട്ടിഫിക്കേഷനുണ്ട്. കെഎഫ്‌സി ചിക്കന് ഹലാൽ സർട്ടിഫിക്കേഷനുണ്ട്. ദുബായിലെ എല്ലാ കെട്ടിടങ്ങൾക്കും ഇതേ സർട്ടിഫിക്കേഷനുണ്ട്. പ്രൈവസിയാണ് പ്രധാനം. പ്രത്യേകിച്ച് ഇരിക്കാനുള്ള സൗകര്യങ്ങൾ. ഇത് ലഭ്യമാക്കണം. ഇതാണ് ഹലാൽ സർട്ടിഫിക്കേഷൻ വഴി ചെയ്തത്. ദുബായിലെ ഫംങ്ങ്ഷനിൽ വച്ചാണ് സർട്ടിഫിക്കറ്റ് നൽകിയത്. അതോടു അനുബന്ധിച്ചാണ് ആ പരസ്യം നൽകിയത്. 2018ലാണ് ഞങ്ങൾ പരസ്യം നൽകുന്നത്. ഇത് ഒരു കസ്റ്റമർ നീഡാണ്. അല്ലാതെ സമൂഹത്തിലെ ഒരു വേർതിരിവ് അല്ല. ഞങ്ങൾക്ക് നേരെ കൂട്ടായ ആക്രമണമാണ് അന്ന് നടന്നത്. ഇപ്പോൾ ആരൊക്കെയോ ആ വിവാദം വീണ്ടും കുത്തിപ്പൊക്കുകയാണ്. ഞങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന പ്രചാരണമാണ് ഇപ്പോൾ വീണ്ടും തുടങ്ങിയിരിക്കുന്നത്.

ഞങ്ങളുടെ ബ്രാൻഡ് അംബാസഡർ ആയ പൃഥ്വിരാജ് പൗരത്വനിയമത്തിൽ എതിർപ്പ് രേഖപ്പെടുത്തി രംഗത്ത് വന്നിരുന്നു. ഇതോടെയാണ് ഞങ്ങളുടെ പഴയ പരസ്യവും പത്ര വാർത്തയും ചിലർ വീണ്ടും സോഷ്യൽ മീഡിയയിൽ ആയുധമാക്കിയത്. ജനസിസ് ഫ്‌ളാറ്റ് എടുത്തവരിൽ വ്യത്യസ്ത സമുദായക്കാരുണ്ട്. മുസ്ലിം സമുദായത്തിനു വേണ്ടി മാത്രമെങ്കിൽ എങ്ങിനെ ഞങ്ങൾ മറ്റു മതസ്ഥർക്കും നൽകും. ഫ്‌ളാറ്റിൽ ഒരു വിവേചനവും ആലോചിച്ചിട്ടില്ല. ഹലാൽ സർട്ടിഫിക്കെഷൻ പ്രശ്‌നം മാത്രമാണ് വന്നത്. ഇനിയും ഫ്‌ളാറ്റുകൾ വിൽക്കാനുണ്ട്. അവിടെ പള്ളിയോ മറ്റോ പണിതിട്ടുമില്ല. പ്രൈവസി മാത്രമാണ് നടപ്പിൽ വരുത്തിയത്. ഇതാണ് വാസ്തവം. രാഷ്ട്രീയ പാർട്ടികൾ ഒന്നും പ്രശ്‌നം ഏറ്റെടുത്തിട്ടില്ല. ചില സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ മാത്രമാണ്. ഇവർ എന്തൊക്കെയോ വിരോധം തീർക്കുന്ന രീതിയിലാണ് ഇടപെടൽ. സത്യവുമായി പുലബന്ധം പോലുമില്ലാത്ത കാര്യമാണ് ഇപ്പോൾ പ്രചാരണത്തിലുള്ളത്-സുനിൽ പറയുന്നു.

ജനസിസ് ഫ്‌ളാറ്റുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയാ പ്രചാരണം:

അസറ്റ് ഹോംസിന്റെ ഈ ഫ്‌ളാറ്റ് ഹലാൽ ആണ്

അതായത് ഇവിടെ മുസ്ലീങ്ങൾ മാത്രമേ താമസിക്കുകയുള്ളു

മറ്റുള്ള മതക്കാർക്ക് ഇതുകൊടുക്കില്ല

ഇന്ത്യയിൽ ആദ്യമായി മുസ്‌ളീം മത നിയമങ്ങൾക്ക് അനുസൃതമായി ഫ്‌ളാറ്റ് പണിതത് ഞങ്ങൾ ആണെന്ന് കമ്പനി അവകാശപ്പെടുന്നു

അതിന്റെ ബ്രാൻഡ് അംബാസിഡർ ആരാണെന്നറിയാമോ?

ഇസ്ലാമിക ഭീകര വാദികളാൽ പീഡനം അനുഭവിക്കുന്ന പാക്‌സിതാനി /ബംഗ്ലാദേശി / അഫ്ഗാനി ഹിന്ദുക്കൾക്ക് പൗരത്വം നൽകുന്ന സിഎഎ യെ എതിർക്കുന്ന

'പ്രിത്വിരാജ് സുകുമാരൻ '
മതേതരത്വം കൂടിപ്പോയെങ്കിൽ പറയണം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP