Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൾസർ സുനി ക്വട്ടേഷൻ ഏറ്റെടുത്തത് താരരാജാവിന്റെ സ്വാധീന ശക്തിയിൽ വിശ്വാസം അർപ്പിച്ച്; രണ്ടും കൽപ്പിച്ചുള്ള നടിയുടെ പരാതിയിൽ എല്ലാം പ്ലാനും തവിടുപൊടി; പകർത്തിയ അശ്ലീല ചിത്രങ്ങൾ ഫോറൻസിക് പരിശോധന കഴിഞ്ഞ് എത്തുന്നതോടെ ദിലീപിന്റെ കണ്ടകശനി തുടങ്ങുമോ? അതോ പേരുമാറ്റ ഭാഗ്യം കൊണ്ടുവന്ന വീണ്ടും സൂപ്പർതാരം ആക്കുമോ? സുപ്രീം കോടതിയിലും കൈവിട്ടതോടെ മലയാള സിനിമക്ക് ഇനി 'വിചാരണക്കാലം'; നടിയെ ആക്രമിച്ച കേസിന് ആറ് മാസത്തിനുള്ളിൽ ക്ലൈമാക്‌സ് ഉറപ്പ്

പൾസർ സുനി ക്വട്ടേഷൻ ഏറ്റെടുത്തത് താരരാജാവിന്റെ സ്വാധീന ശക്തിയിൽ വിശ്വാസം അർപ്പിച്ച്; രണ്ടും കൽപ്പിച്ചുള്ള നടിയുടെ പരാതിയിൽ എല്ലാം പ്ലാനും തവിടുപൊടി; പകർത്തിയ അശ്ലീല ചിത്രങ്ങൾ ഫോറൻസിക് പരിശോധന കഴിഞ്ഞ് എത്തുന്നതോടെ ദിലീപിന്റെ കണ്ടകശനി തുടങ്ങുമോ? അതോ പേരുമാറ്റ ഭാഗ്യം കൊണ്ടുവന്ന വീണ്ടും സൂപ്പർതാരം ആക്കുമോ? സുപ്രീം കോടതിയിലും കൈവിട്ടതോടെ മലയാള സിനിമക്ക് ഇനി 'വിചാരണക്കാലം'; നടിയെ ആക്രമിച്ച കേസിന് ആറ് മാസത്തിനുള്ളിൽ ക്ലൈമാക്‌സ് ഉറപ്പ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണാ നടപടികൾ നീട്ടിക്കൊണ്ടു പോകുക എന്ന ലക്ഷ്യത്തോടെയാണ് കേസിൽ പ്രതിയായ ദിലീപ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പിക്കാനും വിചാരണ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടും സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, സ്റ്റേ ചെയ്യണം എന്ന ആവശ്യം സുപ്രീംകോടതി തള്ളിക്കളഞ്ഞതോടെ ദിലീപിന് ഇനി വിചാരണാക്കാലമാണ്. മലയാള സിനിമയിൽ തന്നെ രണ്ട് ചേരി ഉണ്ടാകാൻ ഇടയാക്കിയ കേസിൽ വിചാരണ തുടങ്ങുമ്പോൾ മലയാള സിനിമക്ക് മൊത്തം വിചാരണക്കാലം തുടങ്ങുകയാണ്. കാരണം സാക്ഷികളായി കോടതിയിൽ എത്തേണ്ടവരുടെ കൂട്ടത്തിൽ മലയാള സിനിമയിലെ ഉന്നതരാണ് ഉള്ളത്.

കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ ചണ്ഡിഗഡിലെ കേന്ദ്ര ഫൊറൻസിക് ലാബിൽ പരിശോധിച്ചു റിപ്പോർട്ട് വരുന്നതുവരെ ക്രോസ് വിസ്താരം പാടില്ലെന്ന ദിലീപിന്റ ആവശ്യത്തിൽ മൂന്നാഴ്‌ച്ചക്കകം റിപ്പോർട്ട് നൽകണമെന്നാണ് കോടതി വ്യക്തമാക്കിയത്. ഇതോടെ മൂന്നാഴ്‌ച്ചക്കുള്ളിൽ ഫോറൻസിക് ഫലം വരുകയും തുടർന്ന് വിചാരണ ആരംഭിക്കുകയും ചെയ്യും. ഇതോടെ അനിശ്ചിത കാലത്തേക്ക് കേസിലെ വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള താരത്തിന്റെ ശ്രമമാകും വിഫലമാകുക. ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ ചണ്ഡിഗഡിലെ കേന്ദ്ര ഫൊറൻസിക് ലാബിലേക്കു കഴിഞ്ഞദിവസമാണ് പരിശോധനയ്ക്ക് അയച്ചത്. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്ന ദിലീപിന്റെ ആവശ്യത്തെ തുടർന്നായിരുന്നു നടപടി.

ഫോറൻസിക് ഫലം പുറത്തുവരുന്നതോടെ കേസിലെ വിചാരണാ നടപടികൾ വേഗത്തിലാകും. ഫോറൻസിക് ഫലം ദിലീപിന് അനുകൂലമായാൽ താരം വീണ്ടും സിനിമായിൽ വർദ്ധിത വീര്യനായി ശോഭിക്കും എന്നത് ഉറപ്പാണ്. മറിച്ചായാൽ അദ്ദേഹത്തിന്റെ കണ്ടകശനിയുടെ തുടക്കമാകുകയും ചെയ്യും.കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതിയും ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതിയും നിർദ്ദേശിച്ചിരുന്നു. അതുകൊണ്ട് തന്നെ കേരളം ഏറെ ചർച്ച ചെയ്ത പീഡന കേസിൽ വിധി അതിവേഗം ഉണ്ടാകുമെന്ന് ഉറപ്പാണ്. മലയാള സിനിമാ ലോകവും ഈ കേസിന്റെ ഭാഗമായി മാറും. മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനുമെല്ലാം സാക്ഷിയായി കോടതിയിൽ എത്തേണ്ടി വരും. സാക്ഷികളെല്ലാം സത്യം പറഞ്ഞാൽ കേസിൽ ഇരയ്ക്ക് നീതി കിട്ടുമെന്നാണ് പ്രോസിക്യൂഷൻ പ്രതീക്ഷ. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ സിനമാ രംഗത്തുള്ളവർ എന്തു മൊഴി നൽകും എന്നതും നിർണായകമായി മാറും.

കേസിൽ വിശദമായ കുറ്റപത്രം തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. ദിലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന് കുറ്റപത്രം പറയുന്നു. കൊച്ചിയിൽ താരസംഘടനയായ അമ്മയുടെ പരിപാടിയുടെ റിഹേഴ്സലിനിടെയാണ് ദിലീപ് നടിയെ ഭീഷണിപ്പെടുത്തിയത്. ദിലീപിന്റെ സ്വാധീനശക്തി വിശ്വസിച്ചാണ് പൾസർ സുനി ക്വട്ടേഷൻ ഏറ്റെടുത്തതെന്നും കുറ്റപത്രത്തിലുണ്ട്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിന്റെ പങ്ക് ആദ്യം സൂചിപ്പിച്ചത് നടിയുടെ സഹോദരനാണ്. കൃത്യത്തിൽ ദിലീപിന് പങ്കുണ്ടെന്ന് ബോധ്യമുണ്ടെന്നായിരുന്നു മൊഴി. സുനിൽ ദിലീപിന് അയച്ച കത്ത് കൂടി പുറത്തുവന്നതോടെ സംശയം ബലപ്പെടുകയായിരുന്നു. കൊച്ചിയിലെ 'അമ്മ' താരനിശക്കിടെയായിരുന്നു ഭീഷണി. നടൻ സിദ്ദിഖും ഇതിന് ദൃക്സാക്ഷിയാണ് . 18 പേജുള്ള കുറ്റപത്രത്തിലും ഒപ്പമുള്ള പ്രത്യേക റിപ്പോർട്ടിലുള്ള കേസിലെ ദിലീപിന്റെ പങ്കാളിത്തം സംബന്ധിച്ച കൂടുതൽ വിവരങ്ങളുള്ളത്.

പൊലീസ് സമർപ്പിച്ച 18 പേജുകൾ വരുന്ന പുതിയ കുറ്റപത്രത്തോടൊപ്പമുള്ള അനുബന്ധ കുറ്റപത്രത്തിലാണ് ഈ വിവരമുള്ളത്. പൾസർ സുനി പണം തട്ടാൻ വേണ്ടി ചെയ്തതാണെന്ന രീതിയിൽ ആദ്യ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് നടിയുടെ സഹോദരൻ ഇക്കാര്യത്തിലുള്ള സംശയം പ്രകടിപ്പിച്ചതെന്നാണ് വിവരം. കേസിൽ എട്ടാം പ്രതിയായ ദിലീപിന് നടിയോട് വൈരാഗ്യം ഉണ്ടെന്നും കൃത്യത്തിന് പിന്നിൽ ദിലീപാണെന്ന് വിശ്വസിക്കുന്നതായും ഇക്കാര്യത്തിൽ കൂടി അന്വേഷണം നടത്തണമെന്നും ഇരയുടെ സഹോദരൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ദിലീപിന് സുനിൽകുമാർ അയച്ച കത്തു കൂടി പുറത്തു വന്നതോടെയാണ് പൊലീസിന് സംശയം ബലപ്പെട്ടതും ദിലീപിനെതിരേ അന്വേഷണം തുടങ്ങിയതെന്നും കുറ്റപത്രത്തിലുണ്ട്.

കൊച്ചിയിൽ മഴവില്ലഴകിൽ അമ്മ എന്ന പരിപാടിക്കിടെ കാവ്യാമാധവനുമായി ബന്ധപ്പെട്ട വിഷയത്തിൽ നടിയുമായി ദിലീപ് നടത്തിയ വാക്കേറ്റത്തിന് സാക്ഷികളായ സിദ്ദിഖിനെ ഉൾപ്പെടെയുള്ളവരെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷോയ്ക്കിടയിൽ കാവ്യാമാധവനെക്കുറിച്ച് സംസാരിച്ചെന്ന് പറഞ്ഞ് ദിലീപ് നടിയെ ശാസിക്കുകയും വാക്കേറ്റമുണ്ടാകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സിദ്ദിഖ് ഈ സംഭവത്തിന് സാക്ഷിയായിരുന്നു. പിന്നീട് സിദ്ദിഖും നടിയെ വിളിച്ച് താക്കീത് ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു. നഗ്‌നവീഡിയോ ചിത്രീകരിച്ചത് നടിയെ പിന്നീടും ദിലീപിന്റെ ചൊൽപ്പടിക്ക് നിർത്താൻ വേണ്ടിയാണെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിട്ടുള്ളത്. നടിയെ കൂട്ട ബലാത്സംഗം ചെയ്യാനായിരുന്നു നിർദ്ദേശിച്ചിരുന്നതെന്നും നടി പലരുമായി ഇടപഴകുന്നതിന്റെ ദൃശ്യമാണ് വേണ്ടതെന്നും വീഡിയോയിൽ വിവാഹമോതിരം വ്യക്തമായി കാണണം എന്നും പൾസർ സുനിക്ക് ദിലീപ് വ്യക്തമായ നിർദ്ദേശം നൽകിയിരുന്നതായിട്ടാണ് പറഞ്ഞിരിക്കുന്നത്. ഇതിനു സൗകര്യമുള്ള വാഹനവുമായിട്ടാണ് സുനി എത്തിയത്

മഞ്ജു വാര്യരും ദിലീപും പിരിയാൻ കാരണമായ സ്ത്രീ കാവ്യ മാധവനാണെന്നാണ് വിലയിരുത്തൽ. മഞ്ജുവിനെ ഒഴിവാക്കാതെ കാവ്യയെയും സ്വന്തം ജീവതത്തിലേക്ക് ക്ഷണിക്കാനുള്ള നീക്കമാണ് ദിലീപുമായുള്ള വിവാഹമോചനത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. മഞ്ജു വാര്യരുടെ സുഹൃദ്സംഘത്തിലേക്ക് 'അമ്മ'യുടെ ജനറൽ ബോഡിയിൽ പങ്കെടുക്കാൻ വന്ന ഒരു നടി ഫോൺ ചെയ്ത കഥയും സിനിമാ ലോകത്ത് പാട്ടായിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ ദിലീപും കാവ്യയും സംസാരിച്ചിരിക്കുന്നതു കണ്ടെന്നായിരുന്നു ഫോൺ സന്ദേശം. സുഹൃദ് സംഘം മഞ്ജുവിനെ കാര്യങ്ങളറിയിച്ചു. പിന്നീട് ആക്രമിക്കപ്പെട്ട നടിയെ ക്ഷണിച്ചുവരുത്തി. മഞ്ജുവാര്യർ മറ്റൊരു മുറിയിൽ ഇരുന്ന് എല്ലാം കേട്ടു. ആക്രമിക്കപ്പെട്ട നടി അതു കണ്ടില്ല. അതുകേട്ട് മറഞ്ഞിരുന്ന മഞ്ജു എല്ലാം അറിഞ്ഞു. ഇതോടെ ആക്രമിക്കപ്പെട്ട നടിയും മഞ്ജുവും സുഹൃത്തുക്കളായി.

കേട്ടത് ശരിയാണോ എന്ന് ദിലീപിനോട് മഞ്ജു ചോദിച്ചുവത്രെ. 'രണ്ടുപേർക്കും ഒരുമിച്ച് ജീവിച്ചാലെന്താ' എന്ന് ദിലീപ് ചോദിച്ചതായും റിപ്പോർട്ടുകളെത്തി. 'അതു നടക്കില്ല.... ദിലീപേട്ടന്റെ ഭാര്യയായി ഞാൻ മാത്രം.... ഞാൻ ജീവിച്ചിരിക്കെ മറ്റൊരു മോഹം നടക്കില്ല...' എന്നു മഞ്ജുവും പറഞ്ഞു. 'കാവ്യയെ ഉപേക്ഷിക്കാൻ പറ്റില്ല. അവളെന്റെ നല്ല സുഹൃത്താണ്. ഞാനവളെ കൈവിടില്ല.' എന്ന് ദിലീപ് പറഞ്ഞതായി മംഗളം സിനിമയിൽ നേരത്തെ തന്നെ പല്ലിശേരി വിവരിച്ചിരുന്നു. ഇത്തരത്തിൽ ഒരുമിച്ച് മുന്നോട്ടുപോകാനാകില്ലെന്ന് ബോധ്യമായതോടെയാണ് മഞ്ജുവാര്യരും ദിലീപും കേസ് കൊടുത്തതത്രെ. ഇതിനെല്ലാം പിന്നിൽ അക്രമിക്കപ്പെട്ട നടിയാണെന്ന് ദിലീപ് കരുതി. ഇതാണ് ഭീഷണിയിലും ക്വട്ടേഷനിലും കാര്യങ്ങളെത്തിച്ചതെന്ന സൂചനകളാണ് കുറ്റപത്രത്തിലുമുള്ളത്.

തന്റെ കുടുംബജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകാൻ നടിയാണ് കാരണമെന്ന ചിന്തയായിരുന്നു ക്വട്ടേഷന് പിന്നിൽ. പിന്നീട് സിദ്ദിഖും നടിയെ വിളിച്ച് താക്കീത് ചെയ്തിരുന്നതായും കുറ്റപത്രത്തിൽ പറയുന്നു. അന്വേഷണം മുന്നോട്ടു നീങ്ങിയപ്പോൾ ഇതുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകൾ ലഭിച്ചതായും അന്വേഷണസംഘം കുറ്റപത്രത്തിൽ പറയുന്നു. ദിലീപിന് നടിയോട് ദീർഘകാലമായുള്ള പക കുറ്റപത്രത്തിൽ അക്കമിട്ട് നിരത്തുന്നു. 2013ലെ അമ്മ താര റിഹേഴ്‌സലിനിടെ ദിലീപ് തന്നെ ഈ നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കാവ്യാ മാധവനുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ആക്രമിക്കപ്പെട്ട നടി ചിലരോട് പറഞ്ഞു എന്നതിന്റെ പേരിലാണിത്. നടിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു ക്വട്ടേഷന്റെ ലക്ഷ്യം. മാനഹാനി ഭയന്ന് യുവനടി ഇക്കാര്യം ആരോടും പറയില്ലെന്നായിരുന്നു ദിലീപും കൂട്ടുപ്രതികളും കരുതിയതെന്നും വിശദീകരിക്കുന്നു.

ദിലീപിനു കുറ്റകൃത്യത്തിൽ പങ്കുണ്ടോയെന്നു തനിക്കറിയില്ലെന്നാണ് മഞ്ജു അന്വേഷണസംഘത്തിനു മൊഴി നൽകിയിട്ടുള്ളത്. ദിലീപിന്റെ കുട്ടിയുടെ അമ്മ എന്ന പരിമിതിയിൽനിന്നുള്ള മൊഴിയാണു മഞ്ജു നൽകിയിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രത്തിൽ 13-ാം സാക്ഷിയാണു മഞ്ജു. ആക്രമണത്തിനിരയായ നടിയാണ് ഒന്നാംസാക്ഷി. പക്ഷേ 13-ാം സാക്ഷിയാണ് ഇതിൽ നിർണ്ണായകം. ഒന്നാം സാക്ഷിയായ ആക്രമിത്തിന് ഇരയായ നടിയും സംഭവത്തിൽ ദിലീപിന് പങ്കുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. എന്നാൽ ദിലീപിന് തന്നോടുള്ള പക പൊലീസിനോട് വിശദീകരിച്ചിരുന്നു. പൾസർ സുനിയും ദിലീപും തമ്മിലെ ഇടപാടുകളും ദിലീപിന്റെ മൊഴിയിലെ വൈരുദ്ധ്യവുമാണ് ദീലിപനെ കേസിൽ കുടുക്കിയത്. ഇതിനൊപ്പം മഞ്ജുവിന്റെ മൊഴി കൂടിയായപ്പോൾ ദിലീപ് പ്രതിസ്ഥാനത്തുമായി.

നാട്ടിലും വിദേശത്തും ദിലീപും കാവ്യാ മാധവനും ഒന്നിച്ചുള്ള പല സ്റ്റേജ് ഷോകളിലും ആക്രമണത്തിനിരയായ യുവനടി ഒപ്പമുണ്ടായിരുന്നു. വെട്ടിത്തുറന്നു ധാരാളം സംസാരിക്കുന്ന സ്വഭാവക്കാരിയാണ് അവർ. ദിലീപിനെയും കാവ്യയേയും ബന്ധപ്പെടുത്തി പലതും പ്രചരിച്ചതിനു പിന്നിൽ ഈ നടിയാണെന്നു ദിലീപ് തെറ്റിദ്ധരിച്ചിരുന്നു. അതിനാൽ നടിയോടു ദിലീപിനു നീരസമുണ്ടായിരുന്നെന്നും മഞ്ജു വിശദീകരിക്കുന്നു. പീഡനത്തിനിരയായ നടിയാണു ദിലീപ്-കാവ്യ ബന്ധത്തെപ്പറ്റി തന്നോടു പറഞ്ഞതെന്നു ദിലീപ് തെറ്റിദ്ധരിച്ചു. അതാണു നീരസത്തിനു കാരണമെന്നു കരുതുന്നു. എന്നാൽ, ദിലീപ്-കാവ്യ ബന്ധത്തെപ്പറ്റി ഈ നടി യാതൊന്നും തന്നോടു പറഞ്ഞിരുന്നില്ല. തെറ്റിദ്ധാരണ മാറ്റാൻ താൻ പലപ്പോഴും ശ്രമിച്ചു പരാജയപ്പെട്ടു. സംശയം വർധിച്ച്, ഒടുവിൽ തങ്ങളുടെ വിവാഹമോചനത്തിലെത്തി. എന്തിനെയും സംശയത്തോടെ വീക്ഷിക്കുന്ന സ്വഭാവം ദിലീപിനുണ്ട്. അതാണു തങ്ങൾക്കിടയിൽ പ്രശ്‌നം വഷളാക്കിയത്. എന്നിട്ടും അങ്ങേയറ്റം സഹകരിച്ചു ജീവിക്കാൻ ശ്രമിച്ചു. ഒന്നിച്ചുപോകാൻ ബുദ്ധിമുട്ടാണെന്നു ബോധ്യപ്പെട്ടപ്പോഴാണു പിരിയാൻ തീരുമാനിച്ചതെന്നും മഞ്ജു വിശദീകരിക്കുന്നു.

നടി ആക്രമിക്കപ്പെട്ടശേഷം അമ്മ സംഘടിപ്പിച്ച പ്രതിഷേധയോഗത്തിൽ പങ്കെടുത്തതും കുറ്റവാളികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടതും സഹപ്രവർത്തകയെന്ന നിലയിലാണെന്നും മഞ്ജു അന്വേഷണസംഘത്തോടുപറഞ്ഞു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സിനിമാ പ്രവർത്തകരുടെ യോഗത്തിൽ മഞ്ജുവാര്യർ വ്യക്തമാക്കിയിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോഴും മഞ്ജു ഇത് ആവർത്തിച്ചിരുന്നു. സാക്ഷികളിൽ ചിലർ മൊഴി മാറ്റിയതിനെ തുടർന്ന് ദിലീപിനെ ഒന്നാം പ്രതിയാക്കാതെ എട്ടാം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം നൽകിയിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP