Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൗരത്വനിയമ ഭേദഗതിയിൽ സുപ്രീംകോടതിയിൽ ഹർജി നൽകിയതിന്റെ ചെലവ് മുഖ്യമന്ത്രിയിൽ നിന്നും മന്ത്രിമാരിൽ നിന്നും ഈടാക്കണം; രാഷ്ട്രീയ നേട്ടത്തിന് പൊതുഖജനാവിലെ പണമെറിഞ്ഞ് നിയമ പോരാട്ടം നടത്തുന്ന പിണറായി സർക്കാറിനെ വെട്ടിലാക്കി കുമ്മനം രാജശേഖരൻ; സുപ്രീം കോടതിയിലെ കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകി; പൗരത്വ നിയമത്തെ എതിർക്കാനുള്ള കേരളത്തിന്റെ തീരുമാനം രാഷ്ട്രീയമെന്നും ബിജെപി നേതാവ്; ഗവർണറും ഉടക്കുമായി രംഗത്തു വന്നതോടെ സുപ്രീംകോടതിയിൽ നിന്നും സർക്കാറിന് തിരിച്ചടി കിട്ടുമോ?

പൗരത്വനിയമ ഭേദഗതിയിൽ സുപ്രീംകോടതിയിൽ ഹർജി നൽകിയതിന്റെ ചെലവ് മുഖ്യമന്ത്രിയിൽ നിന്നും മന്ത്രിമാരിൽ നിന്നും ഈടാക്കണം; രാഷ്ട്രീയ നേട്ടത്തിന് പൊതുഖജനാവിലെ പണമെറിഞ്ഞ് നിയമ പോരാട്ടം നടത്തുന്ന പിണറായി സർക്കാറിനെ വെട്ടിലാക്കി കുമ്മനം രാജശേഖരൻ; സുപ്രീം കോടതിയിലെ കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകി; പൗരത്വ നിയമത്തെ എതിർക്കാനുള്ള കേരളത്തിന്റെ തീരുമാനം രാഷ്ട്രീയമെന്നും ബിജെപി നേതാവ്; ഗവർണറും ഉടക്കുമായി രംഗത്തു വന്നതോടെ സുപ്രീംകോടതിയിൽ നിന്നും സർക്കാറിന് തിരിച്ചടി കിട്ടുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തു കൊണ്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഹർജിക്കെതിരെ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ രംഗത്ത്. സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ കക്ഷി ചേരണം എന്നാവശ്യപ്പെട്ട് കുമ്മനം രാജശേഖരൻ സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കേരളത്തിന്റെ ഹർജിയെ ചോദ്യം ചെയ്താണ് കുമ്മനം കോടതിയെ സമീപിച്ചത്. കേസിന്റെ ചെലവ് മുഖ്യമന്ത്രിയിൽ നിന്നും മറ്റു മന്ത്രിമാരിൽ നിന്ന് ഈടാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രീംകോടതിയിൽ സർക്കാർ സമർപ്പിച്ചത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കുമ്മനത്തിന്റെ ആക്ഷേപം.

കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വനിയമഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയിൽ ആദ്യമെത്തിയ സംസ്ഥാനമാണ് കേരളം. ഈ ഹർജിയെ ചോദ്യം ചെയ്താണ് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ ഹർജി നൽകിയിരിക്കുന്നത്. കേസിൽ തന്നെ കൂടി കക്ഷിചേർക്കണമെന്നാണ് കുമ്മനത്തിന്റെ ആവശ്യം. പൗരത്വനിയമത്തെ എതിർക്കാനുള്ള കേരളത്തിന്റെ തീരുമാനം രാഷ്ട്രീയമാണെന്നും സംസ്ഥാനം ഭരിക്കുന്നത് സിപിഎമ്മും സിപിഐ എന്നീ രാഷ്ട്രീയ പാർട്ടികൾ ചേർന്നാണെന്നും കുമ്മനം ഹർജിയിൽ പറയുന്നു. രണ്ടുപാർട്ടികളും പൗരത്വഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് രംഗത്തുവന്നവരാണെന്നും കുമ്മനം പറയുന്നു.

മന്ത്രിസഭയുടെ നിർബന്ധത്തിലാണ് ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഏതെങ്കിലും തരത്തിൽ പൗരത്വനിയമഭേദഗതി സംസ്ഥാനത്തെ ജനങ്ങളുടെ അവകാശം ഹനിക്കുന്നുവെന്ന് വ്യക്തമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല സംസ്ഥാനത്തെ ഗവർണർ പൗരത്വനിയമത്തെ അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളും ഇതിനെ അംഗീകരിക്കുന്നു. ഈ സാഹചര്യത്തിൽ തന്നെ കൂടി കേസിൽ കക്ഷിചേർക്കണമെന്നും കേസിന്റെ ചെലവ് മുഖ്യമന്ത്രിയിൽ നിന്നും മറ്റ് മന്ത്രിമാരിൽ നിന്നും ഈടാക്കണമെന്നും കുമ്മനം ഹർജിയിൽ പറയുന്നു.

അപേക്ഷയിൽ രാഷ്ട്രീയവും നിയമപരവുമായ വിഷയങ്ങൾ കുമ്മനം ചൂണ്ടിക്കാണിക്കുന്നുണ്ട്. നിയമസഭയിൽ നിയമത്തിനെതിരെ ഒരു പ്രമേയം ഏകകണ്ഠേന പാസാക്കിയെന്നാണ് സംസ്ഥാന സർക്കാർ ഹർജിയിൽ പറയുന്നത്. 2016ലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നത്. കേന്ദ്രസർക്കാർ നിയമം പാസാക്കിയത് 2019ലാണ്. അതിനാൽ തന്നെ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയും ഈ ഹർജിക്കുണ്ടെന്ന സംസ്ഥാന സർക്കാരിന്റെ വാദം തെറ്റാണെന്നും കുമ്മനം അപേക്ഷയിൽ പറയുന്നു.

ഭരണഘടനയുടെ 131-ാം അനുച്ഛേദപ്രകാരം സംസ്ഥാന സർക്കാരിന് കേന്ദ്രസർക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാകില്ലെന്ന നിയമവശവും കുമ്മനം ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനസർക്കാർ സമർപ്പിച്ച സ്യൂട്ട് ഹർജി സുപ്രീം കോടതി പരിഗണിക്കുമ്പോൾ, കുമ്മനത്തിന്റെ അപേക്ഷയും പരിഗണിക്കപ്പെടും. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടാനും ഒരുങ്ങുന്നുണ്ട്. കേന്ദ്രവുമായുള്ള ബന്ധത്തെ ബാധിക്കുന്ന വിഷയങ്ങൾ സംസ്ഥാന സർക്കാർ ഗവർണറെ അറിയിക്കണമെന്ന ചട്ടം ചൂണ്ടിക്കാട്ടി രാജ്ഭവൻ ഇക്കാര്യത്തിൽ ആലോചനകൾ തുടങ്ങി.

സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ തലവൻ എന്നനിലയിലാണ് ഗവർണർ ഈ വിഷയത്തെ സമീപിക്കുന്നത്. കഴിഞ്ഞ ദിവസം ഡൽഹിയിലേക്ക് തിരിക്കുന്നതിന് മുമ്പ് സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് ഗവർണർ പ്രതികരിച്ചത്. ഭരണത്തലവനായ തന്നെ അറിയിക്കാതെ കേസുമായി മുന്നോട്ടുപോയത് പ്രോട്ടോക്കോൾ അനുസരിച്ച് തെറ്റാണെന്ന് ഗവർണർ വാദിക്കുന്നു. ഗവർണറുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചതോടെ ഇന്ന് ഗവർണർ ഡൽഹിയിൽ വെച്ച് മാധ്യമങ്ങളെ കണ്ടേക്കും.

സംസ്ഥാന സർക്കാരിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെടുക എന്നതാണ് രാജ്ഭവൻ ഇപ്പോൾ പരിഗണിക്കുന്ന കാര്യം. ഏത് സാഹചര്യത്തിലാണ് ഗവർണറെ അറിയിക്കാതെ സുപ്രീംകോടതിയിൽ കേസ് നൽകാൻ സർക്കാർ തീരുമാനിച്ചത്. സർക്കാർ കേന്ദ്രനിയമത്തിനെതിരെ സുപ്രീം കോടതിയിൽ പോകുന്നുവെന്നതിന് അർഥം രാഷ്ട്രപതി ഒപ്പിട്ട് പുറത്തിറക്കിയ വിജ്ഞാപനത്തെ സർക്കാർ ചോദ്യം ചെയ്യുന്നുവെന്നാണ്. സർക്കാർ നടത്തുന്ന ഏത് നീക്കവും ഗവർണർക്ക് വേണ്ടി എന്നരീതിയിലാണ് ഭരണഘടനാപരമായി വ്യാഖ്യാനിക്കുന്നത്. അങ്ങനെയുള്ളപ്പോൾ എന്തുകൊണ്ടാണ് തന്നെ ഈ വിഷയം അറിയിച്ചില്ല എന്നാണ് ഗവർണറുടെ ചോദ്യം. ഗവർണർ അനുമതി നിഷേധിച്ചാൽ തന്നെയും അതിനെ മറികടന്ന് കോടതിയെ സമീപിക്കാൻ സർക്കാരിന് സാധിക്കും. പക്ഷെ അറിയിക്കാതെ പോയത് ശരിയായില്ലെന്ന നിലപാടിലാണ് ഗവർണർ ഉറച്ചുനിൽക്കുന്നത്.

ഏതൊക്കെ വിഷയങ്ങളാണ് സർക്കാരിന് വേണ്ടി മുഖ്യമന്ത്രി മുൻകൂട്ടി ഗവർണറെ അറിയിക്കേണ്ടത് എന്ന് റൂൾസ് ഓഫ് ബിസിനസിന്റെ 34(2)ൽ അഞ്ചാം വകുപ്പിൽ വ്യക്തമാക്കുന്നുണ്ട്. കേന്ദ്രസർക്കാരുമായുള്ള ബന്ധത്തെ ബാധിക്കുന്ന ഏതെങ്കിലുമൊരു വിഷയമുണ്ടെങ്കിൽ അത് ഗവർണറെ അറിയിച്ചിരിക്കണമെന്ന് നിർബന്ധമുണ്ട്. മാത്രമല്ല മറ്റ് സംസ്ഥാന സർക്കാരുകളെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളുണ്ടെങ്കിൽ അതും ഗവർണറെ അറിയിച്ചിരിക്കണം. മാത്രമല്ല ഹൈക്കോടതിയും സുപ്രീം കോടതിയുമായുമുള്ള ബന്ധത്തെ ബാധിക്കുന്ന വിഷയങ്ങളുണ്ടെങ്കിൽ അവയും ഗവർണറെ മുൻകൂട്ടി അറിയിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. റൂൾസ് ഓഫ് ബിസിനിലെ 34(2)ലെ അഞ്ചാം വകുപ്പ് സർക്കാർ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരിനെതിരെ ഗവർണർ തിരിഞ്ഞിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP