Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിലയ്ക്കലിലും പമ്പയിലും പൊലീസിനെ വെട്ടിച്ച് മല ചവിട്ടി മരക്കൂട്ടം കടന്ന് സന്നിധാനത്ത് എത്തിയത് വിജയവാഡാ സ്വദേശിനി; നടപ്പന്തലിൽ പ്രായക്കുറവ് ശ്രദ്ധിച്ചത് കർമ്മ സമിതിക്കാർ; പതിനെട്ടാംപടി ചവിട്ടാൻ അനുവദിക്കില്ലെന്ന് പറഞ്ഞിട്ടും മടങ്ങില്ലെന്ന് വാശി പിടിച്ച് 42കാരി; സംഘർഷം കൈവിടുമെന്നായപ്പോൾ ഓടി എത്തി പൊലീസും; ആചാര സംരക്ഷകരും പൊലീസും ഒരുമിച്ചപ്പോൾ ഭയന്ന് വിറച്ച് ആന്ധ്രാക്കാരിയുടെ തിരിച്ചിറക്കം; ശബരിമലയെ മുൾ മുനയിൽ നിർത്തി വീണ്ടും 'യുവതീ പ്രവേശം'!

നിലയ്ക്കലിലും പമ്പയിലും പൊലീസിനെ വെട്ടിച്ച് മല ചവിട്ടി മരക്കൂട്ടം കടന്ന് സന്നിധാനത്ത് എത്തിയത് വിജയവാഡാ സ്വദേശിനി; നടപ്പന്തലിൽ പ്രായക്കുറവ് ശ്രദ്ധിച്ചത് കർമ്മ സമിതിക്കാർ; പതിനെട്ടാംപടി ചവിട്ടാൻ അനുവദിക്കില്ലെന്ന് പറഞ്ഞിട്ടും മടങ്ങില്ലെന്ന് വാശി പിടിച്ച് 42കാരി; സംഘർഷം കൈവിടുമെന്നായപ്പോൾ ഓടി എത്തി പൊലീസും; ആചാര സംരക്ഷകരും പൊലീസും ഒരുമിച്ചപ്പോൾ ഭയന്ന് വിറച്ച് ആന്ധ്രാക്കാരിയുടെ തിരിച്ചിറക്കം; ശബരിമലയെ മുൾ മുനയിൽ നിർത്തി വീണ്ടും 'യുവതീ പ്രവേശം'!

എസ് രാജീവ്

ശബരിമല : പൊലീസിന്റെ കണ്ണുവെട്ടിച്ച് സന്നിധാനത്തെത്തിയ യുവതിയെ തീർത്ഥാടകർ ചേർന്ന് തടഞ്ഞു. തടഞ്ഞ തീർത്ഥാടകർക്ക് നേരേ യുവതിയുടെ ആക്രോശം. ദർശനം നടത്താതെ മടങ്ങില്ലെന്ന യുവതിയുടെ വാശിയെ തുടർന്ന് സന്നിധാനത്ത് സംഘർഷാവസ്ഥ. രംഗം വഷളായതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി യുവതിയെ നിർബന്ധപൂർവ്വം പമ്പയിലേക്ക് മടക്കി അയച്ചു. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം.

ആന്ധ്രാ വിജയവാഡ സ്വദേശിനിയായ സുധാറാണിയെന്ന നാൽപ്പത്തിരണ്ടുകാരിയാണ് നിലയ്ക്കലിലും പമ്പയിലുമടക്കമുള്ള പൊലീസിന്റെ കണ്ണുവെട്ടിച്ച് സന്നിധാനത്ത് എത്തിയത്. വലിയ നടപ്പന്തലിന് സമീപം എത്തിയ സുധാറാണിയെ തീർത്ഥാടകരും ശബരിമല കർമ്മ സമിതി പ്രവർത്തകരും ചേർന്ന് തടയുകയായിരുന്നു. തുടർന്ന് യുവതിയോട് പമ്പയിലേക്ക് മടങ്ങാൻ തീർത്ഥാടകർ ആവശ്യപ്പെട്ടു. ഇത് കട്ടാക്കാതെ ഇവർ തീർത്ഥാടകർക്ക് നേരെ തട്ടിക്കയറുകയായിരുന്നു. ഇതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. യുവതിയെ മടക്കി അയക്കാൻ പൊലീസ് നടത്തിയ ആദ്യ ശ്രമങ്ങൾ പരാജയപ്പട്ടു.

ദർശനം കഴിഞ്ഞ് തിരികെയിറങ്ങിയ തീർത്ഥാടകർ കൂടി സംഭവ സ്ഥലത്ത് തടിച്ചു കൂടിയതോടെ വിരണ്ടു പോയ യുവതി പൊലീസിന്റെ നിർദ്ദേശം അനുസരിക്കാൻ തയാറാവുകയായിരുന്നു. മണ്ഡല പൂജാ വേദിയിൽ തൃപ്തി ദേശായിയും സംഘവും മലകയറാനായി കൊച്ചിയിൽ എത്തിയതിനെ തുടർന്ന് സന്നിധാനത്തടക്കം ശബരിമല കർമ്മ സമിതി പ്രവർത്തകരും തീർത്ഥാടകരും ജാഗരൂകരായിരുന്നു.

മണ്ഡല കാല മാധ്യത്തിൽ പൊലീസിന്റെ കണ്ണുവെട്ടിച്ച് യുവതി മരക്കൂട്ടം കടന്ന് സന്നിധാനത്തേക്കെത്തുന്നുവെന്ന അഭ്യൂഹത്തെ തുടർന്ന് വലിയ നടപ്പന്തലിന് മുമ്പിൽ കർമ്മ സമിതി പ്രവർത്തകരും പൊലീസും രണ്ട് ഭാഗങ്ങളിലായി നിലയുറപ്പിച്ചിരുന്നു. എന്നാൽ ദർശനത്തിനെത്തിയ സ്ത്രീക്ക് 50 വയസ് പൂർത്തിയായി എന്ന് സ്ഥിരീകരിച്ചതോടെയാണ് രംഗം ശാന്തമായത്. യുവതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

മതാചാരങ്ങളും അനുഷ്ഠാനങ്ങളും നിർണയിക്കാൻ ആർക്കാണ് അധികാരം എന്നതുൾപ്പടെയുള്ള വിഷയത്തിൽ, സുപ്രീം കോടതി നിർദ്ദേശ പ്രകാരമുള്ള വിവിധ കക്ഷികളുടെ അഭിഭാഷകരുടെ യോഗം നടക്കുന്നതിനിടെയാണ് വീണ്ടും യുവതീ പ്രവേശന ശ്രമം. ശബരിമല കേസിൽ വിശാല ബെഞ്ചിന് വിട്ട ചോദ്യങ്ങൾക്ക് കൃത്യത വരുത്തണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. ശബരിമല യുവതി പ്രവേശം സംബന്ധിച്ച കേസ് പരിഗണിച്ചപ്പോൾ 5 അംഗ ഭരണ ഘടനാ ബഞ്ച് മതാചാരങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് വിട്ടിരുന്നു. ഇക്കാര്യം കഴിഞ്ഞ ജനുവരി പതിമൂന്നിന് സുപ്രീം കോടതി ഒൻപതംഗ ബെഞ്ച് ചേർന്നെങ്കിലും കോടതിയുടെ പരിഗണന വിഷയങ്ങളിൽ അഭിഭാഷകർ വ്യക്തത തേടിയിരുന്നു. നേരത്തെ യുവിതകൾക്ക് പൊലീസ് സംരക്ഷണത്തോടെ ദർശനത്തിന് അനുമതി നൽകണമെന്ന ഹർജിയിൽ സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയിരുന്നില്ല.

യുവതി പ്രവേശന വിധി സ്റ്റേ ചെയ്യാതെയാണ് സുപ്രീംകോടതി പുനപരിശോധനയ്ക്ക് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ വിധി നിലവിലുണ്ട്. അതിനാൽ ഏതെങ്കിലും യുവതി ദർശനം നടത്തിയേ മതിയാകൂവെന്ന് നിർബന്ധം പിടിച്ചാൽ പൊലീസിന് ഒന്നും ചെയ്യാനാകില്ല. ശബരിമല യുവതീ പ്രവേശം ചോദ്യം ചെയ്തുള്ള പുനപ്പരിശോധനാ ഹർജികൾ ഇപ്പോൾ പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഒമ്പതംഗ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. റിവ്യൂ ഹർജികൾ പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബഞ്ച് ഹർജികളിൽ തീരുമാനമെടുക്കുന്നതിനായി ഏഴ് കാര്യങ്ങൾ ഒമ്പതംഗ ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരുന്നു. ഈ കാര്യങ്ങളിലാണ് പരമോന്നത കോടതി വാദം കേൾക്കുക. ഹിന്ദു എന്നതിന്റ നിർവചനം, ഭരണഘടനാ ധാർമികത, ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളിൽ കോടതിക്ക് ഇടപെടാനാകുമോ തുടങ്ങിയ ഏഴ് വിഷയങ്ങളാണ് കോടതി ഇപ്പോൾ പരിഗണിക്കുന്നത്.

ഇതിന് ശേഷമാകും മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, ദാവൂദി ബോറ വിഭാഗത്തിലെ പെൺചേലാകർമം, പാഴ്സി സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളിൽ ഭരണഘടനാ ബഞ്ച് തീർപ്പുകൽപ്പിക്കുക. അതേസമയം ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷന് യുവതീ പ്രവേശനത്തിന് ഹർജി നൽകാൻ അവകാശമുണ്ടോയെന്ന് പരിശോധിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ആവശ്യപ്പെട്ടു. അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധിയിൽ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ഒമ്പതംഗ ബഞ്ച് രൂപീകരിച്ചതെന്ന് വ്യക്തമല്ലെന്ന് അഭിഭാഷക ഇന്ദിരാ ജയ്സിംഗും പറഞ്ഞു. ശിരൂർ മഠം കേസിലെ വിധി പുനപ്പരിശോധിക്കാനാണ് ഇതെന്ന നിഗമനത്തിലാണ് താൻ. ബഞ്ച് ഇപ്പോൾ പരിഗണിക്കുന്നത് വെറും അക്കാദമിക് ചോദ്യങ്ങളാണ്. ശബരിമലയിലെ യുവതീ പ്രവേശന വിധി തെറ്റാണെന്ന് ആരും വിധിച്ചിട്ടില്ലെന്നും ഇന്ദിരാ ജയ്സിങ് പറഞ്ഞു. അതേസമയം കേസിൽ കക്ഷി ചേരണമെന്ന രാജീവ് ധവാന്റെ അപേക്ഷ കോടതി തള്ളി. കേസിൽ പുതുതായി ആരും കക്ഷി ചേരേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

വിധിയിൽ വ്യക്തത വരും വരെ ശബരിമല യുവതീ പ്രവേശനം അനുവദിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചിട്ടുണ്ട്. പുനപരിശോധന ഹർജികളിൽ സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് തീർപ്പ് ഉണ്ടാക്കിയിട്ടില്ല. നിലവിലെ യുവതീ പ്രവേശന വിധി സ്റ്റേ ചെയ്തിട്ടുമില്ല. ഈ സാഹചര്യത്തിൽ സുപ്രീംകോടതി വിധിയിൽ അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിലാണ് അന്തിമ തീർപ്പിന് ശേഷം മതി യുവതീ പ്രവേശം എന്ന നിലപാടിലേക്ക് സിപിഎം എത്തുകയായിരുന്നു .കോടതി വിധിയിൽ അവ്യക്തത നീങ്ങിയിട്ടില്ലെന്ന് നിയമ മന്ത്രി ഏകെ ബാലനും വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP