Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലേല പരസ്യം നൽകുന്നത് ആരും വായിക്കാത്ത പത്രത്തിൽ; ഒരു കോപ്പി പോലും നൽകാതെ ടെൻഡർ രഹസ്യമാക്കാൻ സഹായിക്കുന്ന ലേഖകനും; ഒന്നും ആരും അറിയില്ലെന്ന് ഉറപ്പിച്ച് കടമുറികൾ വാടകയ്ക്ക് നൽകിയത് ആയിരം രൂപയ്ക്ക്; ഭരണ-പ്രതിപക്ഷങ്ങളുടെ കൂട്ടുകച്ചവടം വെളിച്ചത്താക്കി സോഷ്യൽ മീഡിയ ഇടപെടൽ; ആരും എടുക്കാത്ത കടമുറികൾക്ക് ആളെത്തിയത് ഓഫർ നൽകിയതിനാൽ എന്ന് മുനിസിപ്പൽ ചെയർമാനും; ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റി കടമുറി ലേലം വിവാദത്തിൽ

ലേല പരസ്യം നൽകുന്നത് ആരും വായിക്കാത്ത പത്രത്തിൽ; ഒരു കോപ്പി പോലും നൽകാതെ ടെൻഡർ രഹസ്യമാക്കാൻ സഹായിക്കുന്ന ലേഖകനും; ഒന്നും ആരും അറിയില്ലെന്ന് ഉറപ്പിച്ച് കടമുറികൾ വാടകയ്ക്ക് നൽകിയത് ആയിരം രൂപയ്ക്ക്; ഭരണ-പ്രതിപക്ഷങ്ങളുടെ കൂട്ടുകച്ചവടം വെളിച്ചത്താക്കി സോഷ്യൽ മീഡിയ ഇടപെടൽ; ആരും എടുക്കാത്ത കടമുറികൾക്ക് ആളെത്തിയത് ഓഫർ നൽകിയതിനാൽ എന്ന് മുനിസിപ്പൽ ചെയർമാനും; ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റി കടമുറി ലേലം വിവാദത്തിൽ

എം മനോജ് കുമാർ

ചങ്ങനാശ്ശേരി: സ്വന്തക്കാർക്കും ബന്ധുക്കൾക്കും വേണ്ടി ചങ്ങനാശ്ശേരി മുൻസിപ്പാലിറ്റി കടമുറികൾ വീതം വെച്ച് നൽകിയോ? പ്രതിപക്ഷ-ഭരണപക്ഷ വ്യത്യാസമില്ലാതെ മുൻസിപ്പാലിറ്റിയുടെ സ്വന്തം കടമുറികൾ മുനിസിപ്പാലിറ്റിക്ക് വേണ്ടപ്പെട്ട എല്ലാവരും വീതിച്ച് എടുത്തുവെന്നാണ് ആരോപണം വന്നത്.

സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ ആരോപണം പരന്നതോടെ ഇത് ഒരു രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തു. ചങ്ങനാശ്ശേരി ജംഗ്ഷൻ എന്ന പേരിലുള്ള സോഷ്യൽ മീഡിയാ ഗ്രൂപ്പിലാണ് ആരോപണം വന്നത്. ഇത് കൈമറിഞ്ഞ് വലിയ രീതിയിൽ പ്രചാരമാവുകയും ചെയ്തു. മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള പുതിയ കടമുറികൾ വാടകയ്ക്ക് പോയത് വെറും ആയിരം രൂപയ്ക്ക്. മുനിസിപ്പാലിറ്റിയുടെ പുതിയതും പഴയതുമായ കടമുറികൾ വെറും ആയിരം രൂപ മാസവാടകയ്ക്ക് ആണ് നൽകിയിരിക്കുന്നത്. കടമുറികൾ എല്ലാം നൽകിയിരിക്കുന്നത് ചില ജനപ്രതിനിധികളുടെ ബന്ധുക്കളുടെ പേരിലാണ്. ഈ രീതിയിലാണ് സോഷ്യൽ മീഡിയകളിൽ വിവാദം തിളച്ചത്. കടമുറികൾ വാടകയ്ക്ക് നൽകാൻ മുനിസിപ്പാലിറ്റി അനുവർത്തിച്ച രഹസ്യ രീതികളും സോഷ്യൽ മീഡിയ വെളിച്ചത്തുകൊണ്ടുവന്നു.

കടമുറികൾ വാടകയ്ക്ക് നൽകുന്ന കാര്യം രഹസ്യമായി വെച്ചു. വേണ്ടപ്പെട്ടവർ അല്ലാതെ പുറത്തേക്ക് വാർത്ത ലീക്കായി നൽകിയില്ല. നടപടി ക്രമങ്ങൾ പാലിക്കാനും അനുവർത്തിച്ചത് രഹസ്യ രീതികൾ. ആരും വായിക്കാത്ത പത്രങ്ങളിൽ ലേല പരസ്യം നൽകി. ഈ പത്രങ്ങൾ അതേ ദിവസം ചങ്ങനാശ്ശേരിയിൽ വിതരണത്തിനു എത്താതിരിക്കാൻ പത്രത്തിന്റെ ലേഖകൻ തന്നെ ശ്രദ്ധിക്കും. അന്ന് പത്രം വെളിച്ചത്ത് കാണില്ല. മുനിസിപ്പാലിറ്റിയിലെ നോട്ടീസ് ബോർഡിൽ നോട്ടീസ് പതിച്ച ശേഷം കീറി കളഞ്ഞു. ഇങ്ങിനെ ലേലത്തിന് ആരും വരാത്ത അവസ്ഥയുണ്ടാക്കി സ്വന്തക്കാർക്ക് കടമുറികൾ മാസവാടക ആയിരം രൂപ തീരുമാനിച്ച് പതിച്ച് നൽകി. ഇതാണ് കടമുറി വാടക പ്രശ്‌നത്തിൽ നടന്നത്. മുനിസിപ്പാലിറ്റിയിൽ ഉള്ളവർ എത്ര സ്‌നേഹ സമ്പന്നർ... ശുഭം എന്ന് പറഞ്ഞാണ് സോഷ്യൽ മീഡിയ അണിയറ വിവരങ്ങൾ അവസാനിപ്പിക്കുന്നത്.

കടമുറികൾ വാടകയ്ക്ക് നൽകുന്നതിൽ മുനിസിപ്പാലിറ്റി അനുവർത്തിച്ച എല്ലാ രഹസ്യ നടപടികളുമാണ് സോഷ്യൽ മീഡിയ വഴി ചിലർ പരസ്യമാക്കിയത്. രഹസ്യം പരസ്യമായപ്പോൾ മുൻസിപ്പാലിറ്റി ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ചൂളുകയും ചെയ്തു. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി ഭരിക്കുന്നത് യുഡിഎഫ് ആണ്. 19 സീറ്റുകൾ ആണ് യുഡിഎഫിനുള്ളത്. രണ്ടു സ്വതന്ത്രരുമുണ്ട്. പന്ത്രണ്ട് സീറ്റുകൾ എൽഡിഎഫ് കൈവശം വെച്ചിരിക്കുകയാണ്. നാല് സീറ്റുകൾ ബിജെപിക്കുമുണ്ട്. യുഡിഎഫിലെ ഗ്രൂപ്പ് പോരുകളാണ് അണിയറ രഹസ്യം പരസ്യമാക്കിയതും എന്നും ആരോപണമുണ്ട്. യുഡിഎഫിനു മേൽ തെളിച്ച ചെളിയുടെ അംശങ്ങൾ പ്രതിപക്ഷത്തിരുന്ന ഇടതുമുന്നണിക്കും മേലും തെറിച്ചു. യുഡിഎഫ് ഇത് കൗൺസിലിൽ അവതരിച്ചപ്പോൾ മൗനമായി അംഗീകരിക്കാൻ ഇടത് സഹായവും ലഭിച്ചു. അതുകൊണ്ട് തന്നെ യുഡിഎഫ് നടത്തിയ വീതംവെയ്‌പ്പിന്റെ പാപഭാരം ഇടത് അംഗങ്ങളുടെ മേലും പതിച്ചിട്ടുണ്ട്. കാര്യങ്ങൾ എല്ലാം ശക്തമായാണ് മുൻസിപ്പൽ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ നിഷേധിക്കുന്നത്. ഒരു അഴിമതിയും സ്വജനപക്ഷപാതവും നടന്നിട്ടില്ലെന്നാണ് ലാലിച്ചൻ മറുനാടനോട് പറഞ്ഞത്.

കൗൺസിലിൽ മുറി ലേല പ്രശ്‌നം അജണ്ടയായി വന്നപ്പോൾ അത് കൗൺസിൽ അംഗീകരിച്ചു. അത് പാസാക്കി. ഈ ചുമതല മാത്രമേ പ്രസിഡന്റ് എന്ന നിലയിൽ എനിക്ക് ഉള്ളൂ. ലേലത്തിനു വെക്കുകയാണ് ചെയ്തത്. മുറികൾ എല്ലാം പോകാതെ കിടക്കുകയായിരുന്നു. പല രീതിയിൽ ലേലം വിളിക്കാൻ ശ്രമിച്ചെങ്കിലും ആരും എടുത്തിട്ടില്ല. ആരും എടുക്കാതെ വന്നപ്പോൾ ഓഫർ ക്ഷണിച്ച് ആ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് ആളുകൾക്ക് നടത്തിയത്. അത് മുനിസിപ്പൽ സെക്രട്ടറി തലത്തിലും റവന്യൂ തലത്തിലും പോകേണ്ട നടപടികളാണ്. ഞങ്ങൾ 37 കൗൺസിലർമാരുണ്ട്. കൗൺസിലർ എതിർക്കേണ്ടേ? അങ്ങിനെ ഒരു എതിർപ്പ് യോഗത്തിൽ വന്നില്ല. ഒന്ന് എസ്സിക്ക് സംവരണമായിരുന്നു. അപ്പോൾ ആ കാസ്റ്റിനാണ് അത് പോയത്. രണ്ടര വർഷമായി നഗരസഭയിൽ ശമ്പളം പോലും നൽകാൻ കഴിയാത്ത അവസ്ഥയിലാണ്. ഈ ഘട്ടത്തിലാണ് കടമുറികൾ വെറുതെ നിൽക്കുന്നത്.

അതിനാൽ ലേലത്തിൽ വെച്ചു. പരസ്യവും നൽകി. ആർക്കെങ്കിലും വീതം വെച്ച് നടക്കുന്നത് നടക്കുന്ന കാര്യമാണോ? ചിലർ ഞങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്. ലേലം വെച്ചിട്ടും ആരും വന്നില്ല. ഓഫർ നൽകിയാണ് കടമുറികൾ പതിച്ച് നൽകിയത്. അഡ്‌മിനിസ്‌ട്രേഷൻ വിങ് ആണ് ഇത് നടപ്പിലാക്കുന്നത്. അജണ്ട വരുമ്പോൾ കൗൺസിലിൽ വെച്ച് പാസാക്കി നൽകുന്നു. അത്രമാത്രമേ മുനിസിപ്പൽ ചെയർമാന് റോളുള്ളൂ. ഇനിയും റൂമുകൾ ലേലത്തിൽ നൽകാനുള്ളൂ. അഴിമതി നടന്നിട്ടുണ്ടെങ്കിൽ യോഗത്തിൽ കൗൺസിലർമാർ പൊരിക്കും. കൗൺസിലർമാരുടെ അനുമതിയോടെയോ കാര്യങ്ങൾ നടക്കുകയുള്ളൂ. ആരും റൂമുകൾ ലേലത്തിനു നൽകിയ തീരുമാനത്തെ എതിർത്തില്ല. ചില സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ ഈ വിവാദം കത്തിക്കുന്നുണ്ട്. അവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ മുനിസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകും- ലാലിച്ചൻ പറയുന്നു.

കടമുറികൾ ലേലത്തിൽ നൽകുന്ന കാര്യത്തിൽ കൗൺസിൽ യോഗം ഒറ്റക്കെട്ടായി തീരുമാനമെടുത്തു എന്നാണ് മുൻസിപ്പൽ ചെയർമാനും പറയുന്നത്. ഇതേ ആരോപണം തന്നെയാണ് സോഷ്യൽ മീഡിയയും ആവർത്തിക്കുന്നത്. ഭരണകക്ഷിയായ യുഡിഎഫിൽ നിന്നുള്ള തൊഴുത്തിൽക്കുത്ത് തന്നെയാണ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ ആരോപണമായി പരക്കുന്നത് എന്നാണ് ചങ്ങനാശ്ശേരിയിൽ നിന്നും വരുന്ന സംസാരം. കൗൺസിൽ തീരുമാനത്തോട് എതിർപ്പുള്ള ഭരണകക്ഷിക്കാർ തന്നെയാണ് രഹസ്യ കച്ചവടം പരസ്യമാക്കിയതെന്നും സൂചനയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP