Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിങ്ങൾ മാധ്യമപ്രവർത്തകനാണോ പിടിക്കവനെ എന്ന് സെൻകുമാർ ആക്രോശിച്ചത് അർബുദ രോഗിയായ മാധ്യമപ്രവർത്തകനോട്; മുൻ ഡിജിപിക്കും കണ്ടാലറിയാവുന്ന പത്തുപേർക്കുമെതിരെ പരാതി നൽകി കടവിൽ റഷീദ്; പിടിച്ച് തള്ളാനും നെഞ്ചിലിടിക്കാനും ശ്രമിച്ചത് അവശനായ 'കലാപ്രേമി'യുടെ എഡിറ്ററെ; പണ്ടിരുന്ന കസേരയുടെ ഹുങ്കിൽ എക്കാലവും ലോകത്തെ വിറപ്പിച്ചു നിർത്താമെന്നു കരുതുന്നവർ സ്വപ്നലോകത്തു നിന്ന് താഴേക്കിറങ്ങിവരേണ്ട കാലം അതിക്രമിച്ചെന്ന് കെ.യു.ഡബ്ല്യു.ജെ; സെൻകുമാറിനെതിരെ രോഷം പുകയുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വാർത്താസമ്മേളനത്തിൽ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് അപമര്യാദയായി പെരുമാറിയ മുൻ പൊലീസ് മേധാവി ടി പി സെൻകുമാറിന്റെ നടപടിക്കെതിരെ കന്റോൺമെന്റ് സ്‌റ്റേഷനിൽ പരാതി. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെ സെൻകുമാറിന്റെ സംഘത്തിലുള്ളവർ അക്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പത്രപ്രവർത്തക യൂണിയനും രംഗത്തെത്തിയിട്ടുണ്ട്. . രാവിലെ പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിന് ഇടയിലാണ് ചോദ്യം ചോദിച്ച കലാപ്രേമി പത്രത്തിന്റെ എഡിറ്ററായ കടവിൽ റഷീദിനെതിരെ ടി.പി സെൻകുമാർ രംഗത്തെത്തിയത്.

നിങ്ങൾ മാധ്യമ പ്രവർത്തകനാണോ ..പിടിക്കവനെ .എന്നിങ്ങനെ ആക്രോശിച്ച് കൊണ്ടാണ് റഷീദിന് നേരെ അദ്ദേഹം കയർത്തത്. സെൻകുമാരിന്റെ കൂടെയെത്തിയവർ മാധ്യമപ്രവർത്തകർ ഇരിക്കുന്ന മുൻനിരയിൽ നിലയുറപ്പിച്ച ശേഷം റഷീദിനെ അക്രമിക്കുകയും തുടർന്ന് വാർത്താ സമ്മേളന വേദിയിൽ നിന്ന് ഇറക്കി വിടുകയുമായിരുന്നു. സംഭവത്തിൽ സെൻകുമാർ ഉൾപ്പടെ പത്ത് പേർക്കെതിരെയാണ് കന്റോൺമെന്റ് സ്‌റ്റേഷനിൽ പൊലീസ് പരാതി നൽകിയിട്ടുണ്ട്.

അർബുദ രോഗി കൂടിയായ കടവിൽ റഷീദ് വർഷങ്ങളായി തിരുവനന്തപുരം പ്രസ് ക്ലബിലെ സജീവ അംഗമാണ്. നിങ്ങൾ മാധ്യമപ്രവർത്തകൻ തന്നെയാണോ എന്ന് ചോദിച്ചാണ് സെൻകുമാർ വാർത്താ സമ്മേളനത്തിനിടയിൽ റഷീദിനോട് കയർത്തത്. അർബുദ രോഗി കൂടിയായ മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.

പണ്ടിരുന്ന കസേരയുടെ ഹുങ്കിൽ എക്കാലത്തും ലോകത്തെ വിറപ്പിചത്ചു നിർത്താമെന്ന് കരുതരുതെന്നും പത്രപ്രവർത്തക യൂണിയൻ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഏകാധിപത്യത്തിന്റെ വിട്ടുമാറാത്ത അസ്‌കിതയിൽ, തങ്ങൾ പറയുന്നതു മാത്രം കേട്ടെഴുതാനുള്ള ഏറാന്മൂളികളാണു മാധ്യമപ്രവർത്തകർ എന്നു ചിന്തിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണു ജീവിക്കുന്നതെന്നും പത്രപ്രവർത്തക യൂണിൻ കുറ്റപ്പെടുത്തി.

പത്രപ്രവർത്തക യൂണിയന്റെ കുറിപ്പ് ഇങ്ങനെ:-

പണ്ടിരുന്ന കസേരയുടെ ഹുങ്കിൽ എക്കാലവും ലോകത്തെ വിറപ്പിച്ചു നിർത്താമെന്നു കരുതുന്നവർ സ്വപ്നലോകത്തുനിന്നു താഴേക്കിറങ്ങിവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് കേരള പത്രപ്രവർത്തക യൂണിയൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഏകാധിപത്യത്തിന്റെ വിട്ടുമാറാത്ത അസ്‌കിതയിൽ, തങ്ങൾ പറയുന്നതു മാത്രം കേട്ടെഴുതാനുള്ള ഏറാന്മൂളികളാണു മാധ്യമപ്രവർത്തകർ എന്നു ചിന്തിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണു ജീവിക്കുന്നതെന്നു മാത്രമേ പറയാൻ കഴിയൂ.

വാർത്താസമ്മേളനത്തിൽ ശക്തമായ ചോദ്യം ഉന്നയിക്കുന്ന മാധ്യമപ്രവർത്തകനെ ബലം പ്രയോഗിച്ചു പുറത്താക്കാനും തിരിച്ചറിയൽ രേഖ നോക്കാനും ശ്രമിക്കുന്ന അധികാരത്തിന്റെ ആക്രോശം സാക്ഷര കേരളം ഒന്നടങ്കം അവജ്ഞയുടെ ചവറ്റുകുട്ടയിൽ തള്ളേണ്ടതുണ്ട്. മാധ്യമപ്രവർത്തകരുെട ആസ്ഥാനത്ത് ശാരീരിക വൈഷമ്യങ്ങളുള്ള ഒരു മാധ്യമപ്രവർത്തകനെ കൈയേറ്റം ചെയ്യാൻ പരസ്യമായി ആഹ്വാനം ചെയ്ത ടി പി സെൻകുമാറിനെതിരെ കേസെടുക്കുകയാണു പൊലീസ് ചെയ്യേണ്ടത്.

താൻ പറയാൻ വന്നതു മാത്രമേ മാധ്യമപ്രവർത്തകൻ ചോദിക്കാൻ പാടുള്ളൂ എന്ന ശാഠ്യത്തിലൂടെ അധികാരപ്രമത്തതയുടെ നേർ അവകാശിയാണ് താൻ എന്ന് സെൻകുമാർ തെളിയിക്കുകയാണ്. ചോദ്യത്തിന് മറുപടി നൽകാതിരിക്കാൻ വാർത്താസമ്മേളനം നടത്തുന്നയാൾക്കു സ്വാതന്ത്ര്യം ഉണ്ടെങ്കിലും ചോദ്യത്തിന് വിലങ്ങിടാൻ ആർക്കും അധികാരമില്ല. എന്തു പിൻബലത്തിലായാലും ആ അധികാരം വകവെച്ചുകൊടുക്കാൻ മാധ്യമ സമൂഹത്തിനു സൗകര്യപ്പെടില്ല. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏതു നേതാക്കളോടും ചോദ്യങ്ങൾ ഉന്നയിച്ചുതന്നെയാണ് മാധ്യമപ്രവർത്തനം മുന്നോട്ടുപോകുന്നത്. അതറിയാത്ത ആളല്ല സെൻകുമാർ. എന്നിട്ടും തികഞ്ഞ ധാർഷ്ട്യം പ്രകടിപ്പിക്കുകയായിരുന്നു മുൻ ഡിജിപി.

വാർത്താസമ്മേളന ഹാളിൽ ക്രിമിനൽ മനസ്സുള്ള അനുയായിക്കൂട്ടത്തെ നിറച്ചിരുത്താൻ ആരാണ് ഇയാൾക്ക് അനുവാദം നൽകിയത്?. ഇഷ്ടമില്ലാത്ത ചോദ്യം ഉന്നയിച്ച മാധ്യമ പ്രവർത്തകനോട് ഇവിടെ വരൂ എന്ന് ആജ്ഞാപിക്കാനും പിടിച്ചുപുറത്താക്കാൻ നിർദ്ദേശിക്കാനും മുൻ ഡിജിപിക്കെന്നല്ല ഒരാൾക്കും ഒരു ഭരണഘടനയും അധികാരം നൽകിയിട്ടില്ലെന്നും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ പി റജിയും ജനറൽ സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്താവനയിൽ ഓർമിപ്പിച്ചു.

മാധ്യമ പ്രവർത്തകൻ കടവിൽ റഷീദിനോട് മോശമായി പെരുമാറിയ ടി പി സെൻകുമാർ മാപ്പു പറയണമെന്ന് പത്ര പ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.മാധ്യമപ്രവർത്തകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ തിരുവനന്തപുരം പ്രസ് ക്ലബും പ്രതിഷേധിച്ചു. ഇത് മാധ്യമപ്രവർത്തനത്തിന് എതിരെയുള്ള കടന്നുക്കയറ്റമാണെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP