Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂൾ ഓഫ് പ്രകാരം കേരളത്തിൽ ജോയിൻ ചെയ്താൽ മൂന്നു വർഷത്തേക്ക് വിട്ടു പോകാൻ കഴിയില്ല; അങ്ങനെ ചെയ്താൽ ട്രിബ്യൂണലിലും ഹൈക്കോടതിയിലും നൽകിയ കേസുകളും അപ്രസക്തമാകും; ശമ്പളം വാങ്ങാതെ എന്തുകൊണ്ട് കേസ് നടത്തുന്നുവെന്ന് വിശദീകരിച്ച് ചീഫ് സെക്രട്ടറിക്ക് നൽകിയത് മൂന്ന് കത്ത്; എന്നിട്ടും കാരണം കാണിക്കൽ നോട്ടീസ്; മോദി സർക്കാരിലെ അഴിമതി തുറന്നു കാട്ടാനിറങ്ങിയ ഐഎഎസുകാരന് വീണ്ടും പണി കിട്ടി; രാജു നാരായണ സ്വാമിയോട് പക വീട്ടൽ തുടരുമ്പോൾ

കൂൾ ഓഫ് പ്രകാരം കേരളത്തിൽ ജോയിൻ ചെയ്താൽ മൂന്നു വർഷത്തേക്ക് വിട്ടു പോകാൻ കഴിയില്ല; അങ്ങനെ ചെയ്താൽ ട്രിബ്യൂണലിലും ഹൈക്കോടതിയിലും നൽകിയ കേസുകളും അപ്രസക്തമാകും; ശമ്പളം വാങ്ങാതെ എന്തുകൊണ്ട് കേസ് നടത്തുന്നുവെന്ന് വിശദീകരിച്ച് ചീഫ് സെക്രട്ടറിക്ക് നൽകിയത് മൂന്ന് കത്ത്; എന്നിട്ടും കാരണം കാണിക്കൽ നോട്ടീസ്; മോദി സർക്കാരിലെ അഴിമതി തുറന്നു കാട്ടാനിറങ്ങിയ ഐഎഎസുകാരന് വീണ്ടും പണി കിട്ടി; രാജു നാരായണ സ്വാമിയോട് പക വീട്ടൽ തുടരുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: രാജു നാരായണസ്വാമി ഐഎഎസിനെതിരെ നടക്കുന്നത് പകപോക്കൽ നടപടികൾ തന്നെ. എന്തുകൊണ്ട് കേരള കേഡറിൽ തിരികെ ജോയിൻ ചെയ്യുന്നില്ലെന്ന് കാണിച്ച് മൂന്ന് കത്തുകൾ ആണ് ചീഫ് സെക്രട്ടറിയായ ടോം ജോസിനു രാജാ നാരായണ സ്വാമി നൽകിയിരിക്കുന്നത്. മാർച്ച്, ജൂലൈ, ഒക്ടോബർ മാസങ്ങളിലാണ് സ്വാമി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരിക്കുന്നത്. ഔദ്യോഗികമായി ഇങ്ങനെ നൽകിയ മൂന്നു കത്തുകൾ സർക്കാരിനു മുന്നിലിരിക്കെയാണ് കാരണം കാണിക്കാതെ ജോലിയിൽ നിന്നും വിട്ടു നിൽക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സ്വാമിക്ക് എതിരെ പകപോക്കൽ നടപടികൾക്ക് സർക്കാർ തയ്യാറെടുക്കുന്നത്.

കാരണം കാണിക്കൽ നോട്ടിസിനു 15 ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ സസ്‌പെൻഷൻ അടക്കമുള്ള അച്ചടക്ക നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. നിലവിൽ പതിനൊന്നു മാസമായി സ്വാമി ജോലിയിൽ നിന്നും വിട്ടു നിൽക്കുകയാണ്. പക്ഷെ വിശദീകരണ കത്തുകൾ നൽകിയാണ് സ്വാമി വിട്ടു നിൽക്കുന്നത്. ഈ കത്തുകൾ നിലനിൽക്കെയാണ് സ്വാമിക്കെതിരെ നടപടിക്ക് അണിയറയിൽ നീക്കം വരുന്നത്. കേരളാ കേഡറിൽ ജോയിൻ ചെയ്താൽ കൂൾ ഓഫ് നിലനിൽക്കും എന്നതിനാൽ തത്ക്കാലം തിരികെ ജോയിൻ ചെയ്യേണ്ടതില്ല എന്ന നിലപാടിലാണ് സ്വാമിയുള്ളത്.

നാളികേരള വികസന ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്നു കഴിഞ്ഞ വർഷം മാർച്ചിൽ സ്വാമിയെ കേന്ദ്ര സർക്കാർ നീക്കിയിരുന്നു. കേരളാ കേഡറിലേക്ക് തിരിച്ചയക്കുകയാണ് അന്ന് കേന്ദ്രം ചെയ്തത്. സ്വാഭാവികമായും സ്വാമി കേരളാ കേഡറിൽ തിരികെ ജോയിൻ ചെയ്യണമായിരുന്നു. പക്ഷെ കേരള കേഡറിൽ തത്ക്കാലം ജോയിൻ ചെയ്യുന്നില്ല എന്ന് ചൂണ്ടിക്കാട്ടി വിശദീകരണ കത്തുകൾ ആണ് സ്വാമി സർക്കാരിനു നൽകിയത്. എല്ലാം രജിസ്റ്റർ ചെയ്ത് അയച്ച കത്തുകൾ. വിശദീകരണമായി മൂന്നു കാര്യങ്ങൾ ആണ് സ്വാമി സർക്കാരിനെ അറിയിച്ചത്.

നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കിയതിനെതിരെ ചെന്നൈ ഹൈക്കോടതിയിലും കേന്ദ്ര അഡ്‌മിനിസ്‌ട്രെറ്റീവ് ട്രിബ്യൂണലിലും കേസ് നൽകിയിട്ടുണ്ട്. കേസ് ഫൈനൽ ഹിയറിംഗിൽ ആണുള്ളത്. ഏത് സമയവും വിധി വരാം. അതിനാൽ വിധിക്ക് ശേഷം മാത്രമേ തിരികെ കേരളാ കേഡറിൽ ജോയിൻ ചെയ്യുന്നുള്ളൂ. കേസ് നടക്കുന്ന സമയത്ത് ആയതിനാൽ കേരളത്തിൽ തിരികെ ജോയിൻ ചെയ്യാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടില്ല. കേരളത്തിൽ ജോയിൻ ചെയ്താൽ കൂൾ ഓഫ് നിലനിൽക്കും.

കൂൾ ഓഫ് പ്രകാരം കേരളത്തിൽ ജോയിൻ ചെയ്ത് കഴിഞ്ഞാൽ മൂന്നു വർഷത്തേക്ക് കേന്ദ്രത്തിൽ ഡെപ്യൂട്ടേഷനിൽ പോകാൻ കഴിയില്ല. കേരളത്തിൽ ജോയി ചെയ്താൽ കേന്ദ്ര അഡ്‌മിനിസ്‌ട്രെറ്റീവ് ട്രിബ്യൂണലിലും ചെന്നൈ ഹൈക്കോടതിയിലും നൽകിയ കേസുകൾക്ക് പ്രസക്തി നഷ്ടമാകും. അതിനാൽ കേരളാ കേഡറിൽ തിരികെ ജോയിൻ ചെയ്യാൻ വൈകും. ഇതാണ് കത്തുകളിൽ വ്യക്തമാക്കിയത്.

സ്വാമി കത്തിൽ പറഞ്ഞ കാര്യങ്ങൾ ചീഫ് സെക്രട്ടറിയായ ടോം ജോസിനു അറിയാവുന്ന കാര്യവുമാണ്. പക്ഷെ കേരളാ ചീഫ് സെക്രട്ടറിക്ക് വേറെ ലക്ഷ്യങ്ങൾ സ്വാമിയുടെ പ്രശ്‌നത്തിൽ ഉള്ളതിനാലാണ് സ്വാമിക്ക് എതിരെ നടപടികൾക്ക് തുനിയുന്നത് എന്നാണ് ആക്ഷേപം വരുന്നത്. അത് നാളികേര വികസന ബോർഡിൽ ഉണ്ടായിരിക്കെ സ്വാമി തുറന്നു കാട്ടിയ അഴിമതികളുമായും കേന്ദ്ര കൃഷിവകുപ്പ് സെക്രട്ടറി സഞ്ജയ് അഗർവാളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണവുമാണ്. സഞ്ജയ് അഗർവാളും ടോം ജോസും ബാച്ച്‌മേറ്റാണ്. സഞ്ജയ് അഗർവാളിനു കീഴിലാണ് നാളികേര വികസനബോർഡ് വരുന്നത്. കേന്ദ്രമന്ത്രി സദാനന്ദഗൗഡ ഉൾപ്പെട്ട അഴിമതികഥകളാണ് സ്വാമി വെളിയിൽ കൊണ്ട് വന്നത്. ഇതിൽ സിബിഐ എഫ്‌ഐആർ വന്നിട്ടുണ്ട്.

നാളികേര വികസനബോർഡിലേക്ക് പോസ്റ്റിങ് വേണം എന്നാവശ്യപ്പെട്ടാണ് സ്വാമി കേസ് നൽകിയിരിക്കുന്നത്. ഈ കേസിൽ വിധി വന്നാൽ സ്വാമിക്ക് തിരികെ നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്ത് തിരികെ കയറാം. പക്ഷെ കോടതി വിധി വരും മുൻപ് സ്വാമിയെ തിരികെ കേരളാ കേഡറിൽ ജോയിൻ ചെയ്യിക്കണം. അപ്പോൾ സ്വാമിക്ക് കൂൾ ഓഫ് വരും. കേരളാ കേഡറിൽ ജോയിൻ ചെയ്ത് കഴിഞ്ഞാൽ പിന്നെ മൂന്നു വര്ഷം കഴിഞ്ഞു മാത്രമേ കേന്ദ്ര കേഡറിലേക്ക് പോകാൻ കഴിയൂ. സ്വാമി കേരളത്തിൽ ജോയിൻ ചെയ്ത് കഴിഞ്ഞാൽ പിന്നെ കോടതി വിധി പ്രസക്തമാകില്ല. സ്വാമി തിരികെ നാളികേര വികസന ബോർഡിൽ എത്തരുത് എന്നാണ് സഞ്ജയ് അഗർവാളും സദാനന്ദഗൗഡയും അടക്കമുള്ളവർ ആഗ്രഹിക്കുന്നത്. അതിനാൽ സഞ്ജയ് അഗർവാൾ തന്റെ ബാച്ച്‌മേറ്റായ ടോം ജോസ് വഴി സമ്മർദ്ദം ചെലുത്തുന്നു. ഒരേ ഒരു ലക്ഷ്യം മാത്രം. സ്വാമി കേരള കേഡറിൽ തിരികെ ജോയിൻ ചെയ്യണം. അതിനാണ് വിശദീകരണമായി മൂന്നു കത്ത് നൽകിയിട്ടും ഒരു വിശദീകരണവും നൽകാതെ സ്വാമി അനധികൃത ലീവിൽ തുടരുന്നു എന്ന് പറഞ്ഞു സ്വാമിക്ക് എതിരെ നടപടി സ്വീകരിക്കാനുള്ള നീക്കം വരുന്നത്.

''അഴിമതിക്കെതിരെയുള്ള പോരാട്ടമാണ്. അല്ലാതെ സദാനന്ദഗൗഡയ്ക്കും ടോം ജോസിനും എതിരെയുള്ള പോരാട്ടമല്ല. ഇവർക്ക് ഒരൊറ്റ ലക്ഷ്യമേയുള്ളൂ. ഇനിയും അഴിമതി തുടരണം. ഞാൻ പുറത്തുകൊണ്ട് വന്നത് മൂന്നേ മൂന്നു അഴിമതികൾ മാത്രമാണ്. ഞാൻ തിരികെ വന്നാൽ ഇനിയും അഴിമതികൾ പുറത്ത്‌കൊണ്ട് വരും എന്ന് അറിയാം-അതിനാലാണ് എന്നെ നിർബന്ധപൂർവ്വം കേരളാ കേഡറിൽ ജോയിൻ ചെയ്യിക്കാൻ ടോം ജോസ് അടക്കമുള്ളവരുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നത്. ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത് കേന്ദ്ര കൃഷിവകുപ്പ് സെക്രട്ടറിയാണ്. സഞ്ജയ് അഗർവാൾ ആണ്. അദ്ദേഹം ടോം ജോസിന്റെ ബാച്ച്‌മേറ്റ് ആണ്. 4620 കോടി രൂപയാണ് ഈ 'മഹാൻ' മോഷ്ടിച്ചത്. ആ 'മഹാന്' ഞാൻ തിരിച്ചു വരുന്നതിനോട് എതിർപ്പുണ്ട്. അതിനു ബാച്ച്‌മേറ്റ് ആയ ടോം ജോസിനെ അദ്ദേഹം ഉപയോഗിക്കുകയാണ്. സദാനന്ദ ഗൗഡയും അഴിമതി സംഘവും ഒരുമിച്ച് നിൽക്കുന്നു. നാളികേര ബോർഡിന്റെ ചരിത്രത്തിൽ ആദ്യമായാണ് സിബിഐ എഫ്‌ഐആർ വരുന്നത്. എനിക്ക് ഒരേ ഒരു ലക്ഷ്യം മാത്രമേയുള്ളൂ. ഈ പണം മുഴുവൻ കർഷകർക്ക് എത്തണം. പണം ഇടനിലക്കാർ തട്ടരുത്. ഉദ്യോഗസ്ഥർ തട്ടരുത്. അതിനാണ് രാജു നാരായണ സ്വാമി പോരാട്ടം തുടരുന്നത്. എന്നെയും ജേക്കബ് തോമസിനെയും പോലുള്ളവരെ ടോം ജോസിനു ഇഷ്ടമല്ല. അഴിമതിക്കാർ എല്ലാം യോജിക്കുന്നു. അഴിമതി നടത്തണം. അതിനെതിരെ നിൽക്കുന്നവരെ നശിപ്പിക്കണം. തകർക്കണം. പക്ഷെ ഞാൻ തളരില്ല. സുപ്രീംകോടതിയിൽ പോയാലും പോരാട്ടം തുടരും-രാജു നാരായണ സ്വാമി പറയുന്നു.

ചെന്നൈ ഹൈക്കോടതിയിലും സിഎടിയിലും നിലനിൽക്കുന്ന കേസുകളിൽ വിജയിക്കും എന്നു തന്നെയാണ് രാജു നാരായണസ്വാമിയുടെ അഭിഭാഷകർ കരുതുന്നത്. ഐഎഎസുകാരെ ഒരു പോസ്റ്റിൽ നിന്നും രണ്ടു വർഷത്തേക്ക് മാറ്റാൻ പാടില്ല എന്ന് നിയമം 2014-ൽ നിലവിൽ വന്നിട്ടുണ്ട്. മാറ്റണമെങ്കിൽ അതിനു തക്ക കാരണം വേണം. സ്വാമിയുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് നിലവിൽ വെരിഗുഡ് ആണ്. ഈ സേവനം എങ്ങിനെ മോശമാകും എന്ന രീതിയിലാണ് അഭിഭാഷകർ. നിലവിലെ റൂളിന്റെ നഗ്‌നമായ ലംഘനമാണ് സ്വാമിയുടെ കാര്യത്തിൽ നടന്നത്. വെരിഗുഡ് എന്ന് സി ആർ കിട്ടിയേ ആളെ എങ്ങിനെ മാറ്റാൻ കഴിയും. ഈ ഓഫീസർ ഏതെങ്കിലും കാര്യത്തിൽ പരാജയപ്പെട്ടിട്ടുണ്ടോ എന്നും ചോദ്യമുണ്ട്. അതിനുള്ള മറുപടി നോ കമന്റ്‌സ് എന്നാണ്. ഇതെല്ലാം കേസിൽ സ്വാമിക്ക് അനുകൂല ഘടകങ്ങൾ ആണ്. നാളികേര വികസന ബോർഡിലെ അഴിമതികൾ തുറന്നു കാട്ടിയതിന്റെ പേരിൽ സിബിഐ എഫ്‌ഐആറുമുണ്ട്. ഇങ്ങിനെ പല ഘടകങ്ങൾ സ്വാമിയുടെ കാര്യത്തിൽ നിലനിൽക്കുന്നുണ്ട്. തത്ക്കാലം കേരളാ കെഡറിൽ ജോയിൻ ചെയ്യേണ്ടതില്ലാ എന്ന് സിഎടിയുടെ വാക്കാലുള്ള ഉത്തരവുമുണ്ട്. അതെല്ലാം സ്വാമിയുടെ കാര്യത്തിൽ സർക്കാർ പരിഗണിക്കേണ്ടിയും വരും.

1991 കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണു രാജുനാരായണ സ്വാമി. സിവിൽ സർവീസിൽ കേരളത്തിൽനിന്നുള്ള ആദ്യ ഒന്നാം റാങ്കുകാരനാണ്. എസ്എസ്എൽസി പരീക്ഷയിലും പ്രീഡിഗ്രി പരീക്ഷയിലും ചെന്നൈ ഐഐടിയിൽ ബിടെക് പരീക്ഷയിലും ഒന്നാം റാങ്ക് നേടി. യുപി ക്ലാസിൽ പഠിക്കുമ്പോൾ സൈനിക സ്‌കൂൾ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിക്കൊണ്ടാണു ചങ്ങനാശേരി സ്വദേശിയായ രാജു നാരായണ സ്വാമി റാങ്ക് യാത്രകളുടെ തുടക്കം കുറിക്കുന്നത്. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെയാണ് നാളികേര വികസന ബോർഡിലേക്ക് ഡെപ്യൂട്ടേഷനിൽ പോകുന്നത്. അഴിമതിക്കെതിരെയുള്ള കുരിശുയുദ്ധത്തിനു സ്വാമി തുടക്കമിട്ടപ്പോഴാണ് കേന്ദ്ര സർവീസിലും സ്വാമി അനഭിമതനായി മാറുന്നത്.

അഴിമതിക്ക് കൂട്ടു നിൽക്കാത്തതിന്റെ പേരിലാണ് തന്നെ നാളികേര ബോർഡിന്റെ ചെയർമാൻ സ്ഥാനത്ത് നിന്നും പുറത്താക്കിയതെന്നാണ് സ്വാമി മുൻപ് ആരോപിച്ചത്. ഇതിനു പിന്നിൽ ദാനന്ദ ഗൗഡയാണെന്നും സ്വാമി മുൻപ് തുറന്നടിച്ചിരുന്നു. നാളികേര ബോർഡിലെ മുൻ ചെയർമാൻന്മാരുടെ കാലഘട്ടത്തിൽ നടന്ന ചില ക്രമക്കേടുകൾ പുറത്തുകൊണ്ടുവരിക മാത്രമാണ് താൻ ചെയ്തത്. 370 ൽ പരം തേക്കുമരങ്ങളാണ് കർണാടകയിലെ മാണ്ഡ്യയിലെ ഫാമിൽ നിന്നും അനധികൃതമായി മുറിച്ചു മാറ്റിയത്.ഇതിനെതിരെ പരാതി ലഭിച്ചു. അന്വേഷണത്തിൽ കാര്യം സത്യമാണെന്ന് തനിക്ക് ബോധ്യപ്പെട്ടു. അന്നത്തെ ഫാം മാനേജർ ചിന്നരാജിനെ താൻ സസ്പെന്റു ചെയ്തു. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ഇടപെട്ട് ചിന്നരാജിനെതിരായ നടപടി നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടു. പറ്റില്ലായെന്ന് പറഞ്ഞപ്പോൾ മാർച് ഏഴിന് തന്നെ മാറ്റി. ചിന്ന രാജിന് വീണ്ടും നിയമനം നൽകി. മുഴുവൻ ശബളവും നൽകിക്കൊണ്ട് ത്രിപുരയിലെ ഫാമിലേക്ക്‌നിയമിച്ചിരിക്കുകയാണ്.ചിന്നരാജിനെപ്പോലുള്ളവരെ നിയമിക്കാനാണ് തന്നെ നാളികേര ബോർഡിന്റെ ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കിയത്. .ബാംഗ്ലൂർ ഓഫിസിൽ കൊടിയ അഴിമതിയാണ് നടന്നത്.അന്വേഷണ റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്.

പാവപ്പെട്ട കർഷകർക്ക് ട്രാക്ടറും ട്രെയിലറും നൽകാതെ നൽകിയെന്ന് കള്ള രേഖയുണ്ടാക്കി കോടിക്കണക്കിനു രൂപ വെട്ടിച്ചു. സിബി ഐ അന്വേഷണം ഇക്കാര്യത്തിൽ വേണമെന്നാണ് റിപോർടിൽ ആവശ്യപ്പെടുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ സിബി ഐ അന്വേഷണത്തിന് താൻ ശുപാർശ ചെയ്തു. ഹേമ ചന്ദ്ര, സിമി തോമസ് എന്നിവരുടെ പേരിൽ അന്വേഷണ റിപോർടിന്റെ അടിസ്ഥാനത്തിൽസിബിഐ എഫ് ഐ ആർ ഇട്ടിരിക്കുകയാണ്.ഈ കുറ്റാരോപിതരായ വ്യക്തികളെ വെറുതെവിടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ തനിക്ക് കത്തു നൽകി.അവരുടെ രണ്ടു പേരുടെയും പേരിലുള്ള നടപടി നിർത്തിവെച്ച് അവരെ തിരിച്ചെടുക്കണമെന്നായിരുന്നു കത്തിലെ പ്രധാന ആവശ്യം.ഈ കത്ത് താൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

കർണാടകയിലെ മാണ്ഡ്യയിലും ബാംഗ്ലൂരിലെ ഓഫിസിലും നടന്ന കൊടിയ അഴിമതിക്കെതിരെ താൻ കർശന നിലപാടെടുത്തു. നിലപാടിൽ നിന്നും പിന്മാറണമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ആവശ്യപ്പെട്ടു.പറ്റില്ലെന്ന് താൻ പറഞ്ഞു.ക്രമക്കേടുകളെ പുറത്തുകൊണ്ടുവരിക മാത്രമാണ് താൻ ചെയ്തത്. ബാംഗ്ലൂരിൽ 10 തെങ്ങുള്ളവന് ആയിരം തെങ്ങുണ്ടെന്ന് പറഞ്ഞ് വ്യാജ രേഖയുണ്ടാക്കിയിരിക്കുകയാണ്.അതിന്റെ പേരിൽ വേപ്പിൻപിണ്ണാക്കിന്റെയടക്കം പേരിൽ കോടികണക്കിന് രൂപ കള്ള രേഖയുണ്ടാക്കി ഉദ്യോഗസ്ഥർ അടിച്ചെടുത്തു.കൊൽക്കത്തയിൽ പമ്പുസെറ്റുകൾ വാങ്ങിയതിന്റെ പേരിൽ കോടിക്കണക്കിനു രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്.

ഈ പമ്പു സെറ്റുകളൊന്നും കർഷകർക്ക് ലഭിച്ചിട്ടില്ല. 2017-18 ൽ മാത്രം പമ്പുസെറ്റുകൾ വാങ്ങിയതിൽ കോടിക്കണക്കിനു രൂപയാണ് ഇവർ കവർന്നത്. ഇതെല്ലാം താൻ തുറന്നുകാട്ടി. ഇതാണ് മുൻപ് രാജു നാരായണ സ്വാമി വെളിപ്പെടുത്തിയിരുന്നത്. ഇതോടെയാണ് സ്വാമിക്കെതിരെ ശക്തമായ നടപടികൾ വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP