Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഞാൻ റബർ സ്റ്റാംപ് അല്ല'; വാർഡ് വിഭജന ഓർഡിനൻസിൽ സർക്കാരിനെതിരെ പുതിയ പോർമുഖം തുറന്ന് ഗവർണർ; നിയമസഭ ചേരാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ ഇത്തരമൊരു ഓർഡിനൻസ് ഇറക്കുന്നത് എന്തിനാണ്? ഇക്കാര്യത്തിൽ സർക്കാരിനോട് വ്യക്തത തേടിയിട്ടുണ്ട്; സർക്കാരുമായി കലഹത്തിനില്ല; എല്ലാവരും ഭരണഘടനയ്ക്കും നിയമത്തിനും താഴെയാണെന്നും ആരിഫ് മുഹമ്മദ് ഖാൻ; ഓർഡിനൻസ് വീണ്ടും അയക്കുന്നതിൽ നിയമോപദേശം തേടാൻ ഒരുങ്ങി സംസ്ഥാന സർക്കാറും

'ഞാൻ റബർ സ്റ്റാംപ് അല്ല'; വാർഡ് വിഭജന ഓർഡിനൻസിൽ സർക്കാരിനെതിരെ പുതിയ പോർമുഖം തുറന്ന് ഗവർണർ; നിയമസഭ ചേരാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ ഇത്തരമൊരു ഓർഡിനൻസ് ഇറക്കുന്നത് എന്തിനാണ്? ഇക്കാര്യത്തിൽ സർക്കാരിനോട് വ്യക്തത തേടിയിട്ടുണ്ട്; സർക്കാരുമായി കലഹത്തിനില്ല; എല്ലാവരും ഭരണഘടനയ്ക്കും നിയമത്തിനും താഴെയാണെന്നും ആരിഫ് മുഹമ്മദ് ഖാൻ; ഓർഡിനൻസ് വീണ്ടും അയക്കുന്നതിൽ നിയമോപദേശം തേടാൻ ഒരുങ്ങി സംസ്ഥാന സർക്കാറും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വാർഡ് വിഭജന ഓർഡിനൻസിൽ സംസ്ഥാന സർക്കാറുമായി ഏറ്റുമുട്ടലിന്റെ വഴിയേ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭ ചേരാനിരിക്കെ ഇത്തരമൊരു ഓർഡിനൻസ് ഇറക്കുന്നതിന് എന്തിനെന്ന വ്യക്തതയാണ് താൻ സർക്കാരിനോട ആരാഞ്ഞിരിക്കുന്നതെന്ന് ഗവർണർ പറഞ്ഞു. ആരും ഭരണഘടനയ്ക്കും നിയമത്തിനും അതീതരല്ല. അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് അംഗീകരിക്കാൻ പോവുന്നില്ല. താൻ റബർ സ്റ്റാംപ് അല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

നിയമസഭ ചേരാൻ ദിവസം മാത്രമുള്ളപ്പോൾ ഇത്തരമൊരു ഓർഡിനൻസ് ഇറക്കുന്നത് എന്തിനാണ്? ഇക്കാര്യത്തിൽ സർക്കാരിനോട് വ്യക്തത തേടിയിട്ടുണ്ട്. സർക്കാരുമായി കലഹത്തിനില്ല. എന്നാൽ എല്ലാവരും ഭരണഘടനയ്ക്കും നിയമത്തിനും താഴെയാണ്. അതിന് അതീതരാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അംഗീകരിക്കാനാവില്ല. ഒരു കാര്യം വ്യക്തമാക്കാം, താൻ റബർ സ്റ്റാംപ് അല്ല- ഗവർണർ പറഞ്ഞു. ഓർഡിനൻസിൽ തീരുമാനം എടുക്കുന്നതിനു മുമ്പ് തനിക്ക് അതുമായി ബന്ധപ്പെട്ട് തൃപ്തി വരേണ്ടതുണ്ട്.

എന്തുകൊണ്ടാണ് സർക്കാരിനോട് വ്യക്തത ആരാഞ്ഞതെന്ന് ഇപ്പോൾ പറയുന്നില്ല. ഇക്കാര്യങ്ങൾ പരസ്യമായി ഉന്നയിക്കാൻ താത്പര്യമില്ല. മന്ത്രിയും ഇക്കാര്യം പരസ്യമായി ചർച്ച ചെയ്യാൻ പാടില്ലായിരുന്നെന്ന്, എകെ ബാലന്റെ വാർത്താ സമ്മേളനം പരാമർശിച്ച് ഗവർണർ പറഞ്ഞു. വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുത്ത ശേഷം മാധ്യപ്രവർത്തകർ ആരാഞ്ഞാൽ എന്തുകൊണ്ടാണ് വ്യക്തത ആരാഞ്ഞതെന്നു വെളിപ്പെടുത്താമെന്ന് ഗവർണർ അറിയിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കിയതിനോടുള്ള തന്റെ എതിർപ്പിൽ മാറ്റമില്ല. എന്നാൽ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള സർക്കാരിന്റെ അവകാശത്തെ താൻ മാനിക്കുന്നു. അതിനോട് എതിർപ്പില്ല. പക്ഷേ സംസ്ഥാനത്തിന്റെ ഭരണത്തലവനായ താൻ പത്രങ്ങളിൽനിന്നാണ് സർക്കാരിന്റെ നീക്കം അറിഞ്ഞത്. ഇക്കാര്യം സർക്കാരിന് തന്നെ അറിയിക്കാമായിരുന്നെന്ന് ഗവർണർ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കിയത് അധികാരപരിധി ലംഘിക്കലാണ്. ഭരണഘടന ഓരോന്നിനും അധികാരങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. അതു മറികടന്നാണ് പ്രമേയം പാസാക്കിയതെന്ന് ഗവർണർ ആവർത്തിച്ചു. അതേസമയം ഗവർണറും സർക്കാരും തമ്മിൽ പ്രശ്നങ്ങളില്ലെന്ന് നിയമമന്ത്രി എകെ ബാലൻ നേരത്തെ പറഞ്ഞിരുന്നു. തദ്ദേശ വാർഡുകളുടെ എണ്ണം കൂട്ടുന്നത് സംബന്ധിച്ച ഓർഡിനൻസിൽ ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ഭരണപ്രതിസന്ധിയില്ല. ഗവർണറുമായി പ്രശ്നമാണെന്ന് വരുത്തിതീർക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും എകെ ബാലൻ പറഞ്ഞു.

ഗവർണറുമായി ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തന്നെ അത് പരിഹരിക്കുന്നതിന് ശക്തനായ മുഖ്യമന്ത്രിയും സർക്കാരും ഇവിടെയുണ്ട്. ഓർഡിനൻസിൽ ഗവർണർക്ക് ഭരണഘടനാപരമായ സംശയമുണ്ടെങ്കിൽ സർക്കാരിനോട് വിശദീകരണം ചോദിക്കാം. അത് എല്ലാ ഗവർണർമാരും ചെയ്യുന്നതാണ്. ഓർഡിനൻസ് ഭരണഘടനാവിരുദ്ധമാണെന്ന് തോന്നിയാൽ തിരിച്ചയക്കുന്നത് സാധാരണമാണ്. മുൻപത്തെ ഗവർണാർമാരും ഇത് ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. തനിക്ക് കിട്ടിയ നിയമോപദേശപ്രകാരമാണ് ഒപ്പിടാത്തതെന്നാണ് ഗവർണർ പറഞ്ഞത്. അദ്ദേഹം ചൂണ്ടിക്കാണിച്ച കാര്യങ്ങൾ ഉൾപ്പെടുത്തിയായിരിക്കും പുതിയ ഓർഡിനൻസ് കൊണ്ടുവരിക. ഇതുസംബന്ധിച്ച് സർക്കാരും ഗവർണറും തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റതായ മൗലികമായ കാഴ്ചപ്പാട് സ്വീകരിക്കാനുള്ള അവകാശമുണ്ടെന്നും ബാലൻ പറഞ്ഞു.

അതേസമയം ഓർഡിനൻസിൽ ഗവർണർ ഒപ്പിടാതിരിക്കുന്നതിനെ തുടർന്നുള്ള പ്രതിസന്ധി മറികടക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരുമായി വിഷയം ചർച്ച ചെയ്യും. കൂടാതെ, വിഷയത്തിൽ നിയമോപദേശം തേടാനും ആലോചിക്കുന്നുണ്ട്. വാർഡ് വിഭജനം നടത്തുമ്പോൾ വാർഡ് നമ്പർ അടക്കം മാറുമെന്നും, അത് ജനങ്ങൾക്ക് വീണ്ടും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എന്നാൽ പ്രതിപക്ഷത്തിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് സർക്കാർ ഗവർണറെ അറിയിച്ചിരുന്നത്.

അതിനിടെ വാർഡ് വിഭജന നീക്കം സങ്കീർണമാകുമെന്നാണ് റിപ്പോർട്ടുകൾ. 2019 ഡിസംബർ 31 ന് ശേഷം വാർഡ് വിഭജനം പാടില്ലെന്ന് സെൻസസ് കമ്മീഷണർ സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. വാർഡുകളുടെ അതിർത്തി മാറ്റരുതെന്നും കത്തിൽ നിർദ്ദേശിച്ചിരുന്നു. ചീഫ് സെക്രട്ടറിക്ക് സെൻസസ് കമ്മീഷണർ കത്ത് നൽകിയത് 2019 നവംബർ ആറിനാണ്. 2021 ജനുവരി ഒന്നിന് സെൻസസ് പ്രാബല്യത്തിൽ വരുന്നതിനാണ് ഇത്. എന്നാൽ വാർഡ് വിഭജനത്തിനായി ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത് 2019 ഡിസംബർ 26 നാണ്. ഇത് അടുത്ത നിയമസഭാ സമ്മേളനത്തിൽ നിയമനിർമ്മാണം നടത്തുന്നതിന് തടസ്സമാകുമെന്നാണ് വാദം ഉയർന്നിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP