Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജീവിതം വഴി മുട്ടിയപ്പോൾ പ്രതീക്ഷയായി സ്വയം തൊഴിൽ പദ്ധതിയിലെ വായ്പ; സുരക്ഷിതത്വം കണക്കിലെടുത്ത് പെട്ടിക്കട സ്ഥാപിച്ചത് അനുമതിയോടെ സ്‌റ്റേഷന്റെ തൊട്ടടുത്ത്; കട തുറന്നപ്പോൾ ഏമാന്മാരുടെ സ്വഭാവം മാറി; നാരങ്ങാ വെള്ളവും ജ്യൂസും ബിസ്‌കറ്റും വലിച്ചെറിഞ്ഞ് ക്രൂരത; ഹൈക്കോടതിയിൽ നിന്ന് ആശ്വാസം കിട്ടിയപ്പോൾ പാവത്തിന്റെ ജീവിതം വഴിമുടക്കാൻ പുതിയ പദ്ധതികൾ; പാവത്തിന്റെ കണ്ണീര് വീഴ്‌ത്തി കാക്കി കുപ്പായക്കാരുടെ തന്ത്രങ്ങൾ; മ്യൂസിയം പൊലീസിന്റെ 'ജനമൈത്രി'യിൽ വലഞ്ഞ ബിയാട്രീസിന്റെ കഥ

ജീവിതം വഴി മുട്ടിയപ്പോൾ പ്രതീക്ഷയായി സ്വയം തൊഴിൽ പദ്ധതിയിലെ വായ്പ; സുരക്ഷിതത്വം കണക്കിലെടുത്ത് പെട്ടിക്കട സ്ഥാപിച്ചത് അനുമതിയോടെ സ്‌റ്റേഷന്റെ തൊട്ടടുത്ത്; കട തുറന്നപ്പോൾ ഏമാന്മാരുടെ സ്വഭാവം മാറി; നാരങ്ങാ വെള്ളവും ജ്യൂസും ബിസ്‌കറ്റും വലിച്ചെറിഞ്ഞ് ക്രൂരത; ഹൈക്കോടതിയിൽ നിന്ന് ആശ്വാസം കിട്ടിയപ്പോൾ പാവത്തിന്റെ ജീവിതം വഴിമുടക്കാൻ പുതിയ പദ്ധതികൾ; പാവത്തിന്റെ കണ്ണീര് വീഴ്‌ത്തി കാക്കി കുപ്പായക്കാരുടെ തന്ത്രങ്ങൾ; മ്യൂസിയം പൊലീസിന്റെ 'ജനമൈത്രി'യിൽ വലഞ്ഞ ബിയാട്രീസിന്റെ കഥ

എം മനോജ് കുമാർ

തിരുവനന്തപുരം: കോർപറേഷൻ സ്വയം തൊഴിൽ പദ്ധതി പ്രകാരം ബാങ്ക് വായ്പയിൽ അനുവദിച്ച പെട്ടിക്കട തുറക്കാൻ അനുവദിക്കാതെ മ്യൂസിയം പൊലീസിന്റെ ക്രൂരത. ഭർത്താക്കന്മാർ ഉപേക്ഷിച്ച് പോയതിനാൽ ജീവിതം മുന്നോട്ടു പോകാൻ വഴിയില്ലാതെ ബുദ്ധിമുട്ടുന്ന മൂന്നു സഹോദരിമാരിൽ ഒരാളോടാണ് മ്യൂസിയം പൊലീസിന്റെ ക്രൂരത തുടരുന്നത്. ഇവർക്ക് ആകെയുള്ള അവലംബം ഈ കടയാണ്. മ്യൂസിയം പൊലീസ് തടസം സൃഷ്ടിക്കുന്നതിനാൽ മൂന്നു മാസം മുൻപ് തുടങ്ങിയ കട ഇവർക്ക് തുറന്നു പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.

ഈ കടയിൽ നിന്നുള്ള തുച്ഛമായമായ വരുമാനം കൊണ്ടാണ് ഈ കുടുംബം ജീവിച്ചു പോകുന്നത്. കോർപറേഷൻ സഹായത്തോടെ തുടങ്ങിയ കട മ്യൂസിയം പൊലീസ് തുറന്നു പ്രവർത്തിക്കാൻ അനുവദിക്കാത്ത സ്ഥിതിയിൽ തങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും എന്നാണ് ഈ നിസ്സഹായ അവസ്ഥ ചൂണ്ടിക്കാട്ടി ബിയാട്രീസ് ചോദിക്കുന്നത്. പൊലീസ് സൃഷ്ടിക്കുന്ന തടസം മാറ്റി കട തുറന്നാൽ തന്നെ കടയ്ക്ക് മുൻപിൽ എന്തെങ്കിലും തടസം സൃഷ്ടിക്കപ്പെടും. അങ്ങിനെ കച്ചവടം തന്നെ നടക്കാത്ത അവസ്ഥയാണ്. ഒരു നിവൃത്തിയില്ലാത്ത തങ്ങളോടു എന്തിനാണ് പൊലീസ് ഈ ക്രൂരത കാണിക്കുന്നതെന്നാണ് ഇവരുടെ ചോദ്യം?
.
മ്യൂസിയം പൊലീസ് കട തുറക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് സഹോദരിമാരുടെ ദുരിതം മനസിലാക്കി ഫീസില്ലാതെ തന്നെ വാദിച്ച് ജിതൻ ദാസ് എന്ന അഭിഭാഷകനാണ് ഇവർക്ക് ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് വാങ്ങി നൽകുന്നത്. ഹൈക്കോടതിയുടെ ഉത്തരവ് പതിച്ച് കട തുറന്നതിനെ തുടർന്ന് പിറ്റേന്ന് ഈ നോട്ടീസ് നശിപ്പിച്ച നിലയിലും കാണപ്പെട്ടു. ദിവസവും കട തുറക്കാൻ വന്നാൽ കട തുറക്കാൻ കഴിയാത്ത അവസ്ഥയാണ് എന്നാണു കടയുടമയായ ബിയാട്രീസ് പറയുന്നത്. പൊലീസ് പിടിച്ച ഓട്ടോയോ അല്ലെങ്കിൽ വേറെ ഏതെങ്കിലും ഓട്ടോകളോ അല്ലെങ്കിൽ ബൈക്കോ കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്യിപ്പിക്കും.

ആർക്ക് എങ്കിലും പണം നൽകി വേണം ഈ ഓട്ടോ താത്ക്കാലത്തേക്ക് രാവിലെ ഈ കടയ്ക്ക് മുന്നിൽ നിന്നും മാറ്റാൻ. ഇങ്ങിനെ കട തുറന്നാൽ തന്നെ പൊലീസ് സ്ഥലത്തെത്തും. ആര് പറഞ്ഞു കട തുറക്കാൻ. കട അടയ്ക്ക് എന്ന് ആജ്ഞാപിച്ച് നാശം വരുത്തിവയ്ക്കും. ഒരു ദിവസം ബിയാട്രീസിന്റെ പ്രായം ചെന്ന മാതാവ് കടയിൽ ഇരുന്ന സമയം പൊലീസ് എത്തി സാധനങ്ങൾ മുഴുവൻ പുറത്തെക്കെറിഞ്ഞു നശിപ്പിച്ചു എന്നാണ് ബിയാട്രീസ് പറയുന്നത്. മാതാവ് ഇരുന്ന കസേര ഒടിച്ച് ദൂരെക്കളയുകയും ചെയ്തു. ഹൈക്കോടതിയുടെ ഉത്തരവ് തന്നെ നിലനിൽക്കുന്ന അവസ്ഥയിൽ എന്തുകൊണ്ടാണ് പൊലീസ് ഈ ഉത്തരവ് മാനിക്കാത്തതെന്നാണ് ബിയാട്രീസ് ചോദിക്കുന്നത്.

മ്യൂസിയം പൊലീസിന്റെ അനുമതിയോടെ സ്റ്റേഷന്റെ തൊട്ടടുത്ത് സ്ഥാപിച്ച പെട്ടിക്കടയ്ക്ക് നേരെയാണ് പൊലീസിന്റെ അപ്രഖ്യാപിത നിരോധനം തുടരുന്നത്. ജീവിക്കാൻ നിവൃത്തിയില്ലാത്തവർക്ക് കോർപറേഷൻ പദ്ധതി പ്രകാരമാണ് 50000 രൂപ വായ്പ കിട്ടുന്നത്. ഇതിൽ 30000 രൂപ തിരിച്ചടച്ചാൽ മതി. 20000 സബ്‌സിഡി. കട തുറക്കാനോ കച്ചവടം നടത്താനോ കഴിയാത്തതിനാൽ ഇപ്പോൾ ലോൺ തുക പോലും ബിയാട്രീസിനു അടയ്ക്കാൻ കഴിയാത്ത അവസ്ഥയാണ്. ദുരിതത്തിൽ നീങ്ങുന്ന ഇവരുടെ ജീവിതം മ്യൂസിയം പൊലീസിന്റെ ക്രൂരത മൂലം കൂടുതൽ ദുരിതത്തിലേക്കാണ് നീങ്ങുന്നത്.

കട തുറക്കാൻ കഴിയാത്ത ക്രൂരതയെക്കുറിച്ച് ബിയാട്രീസിന്റെ പ്രതികരണം:

താത്കാലിക അടിസ്ഥാനത്തിൽ വിവിധയിടങ്ങളിൽ ജോലി ചെയ്യുകയാണ് ഞാൻ ചെയ്യുന്നത്. ഏതെങ്കിലും ഓഫീസിൽ നിന്ന് വിളിച്ചാൽ ജോലിക്ക് പോകും. വിളിച്ചില്ലെങ്കിൽ ജോലിയില്ല. ഈ ഘട്ടത്തിലാണ് കോർപറേഷൻ പദ്ധതി പ്രകാരം സ്വയം തൊഴിൽ വായ്പ ലഭിക്കുന്നത്. എന്റെ കുടുംബം വലിയ കുടുംബമാണ്. മൂന്നു പെൺകുട്ടികളാണ്. മൂന്നു പേരെയും ഭർത്താക്കന്മാർ ഉപേക്ഷിച്ചതാണ്. ആണുങ്ങൾ ആരും കുടുംബത്തിലില്ല. വളരെ കഷ്ടപ്പെട്ടാണ് ഞങ്ങൾ കഴിയുന്നത്. ഈ ഘട്ടത്തിലാണ് കോർപ്പറേഷൻ ഓഫീസിൽ നിന്ന് വായ്പ ലഭിക്കുന്നത്.

50000 രൂപയാണ് ലഭിച്ചത്. 30000 രൂപ തിരിച്ചടച്ചാൽ മതി. 20000 രൂപ സബ്‌സിഡി. ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്നാണ് വായ്പ ലഭിച്ചത്. പെട്ടിക്കടയ്ക്കാണ് ലോൺ ലഭിച്ചത്. മ്യുസിയം സ്റ്റേഷന് സമീപം കട വയ്ക്കാനാണ് തീരുമാനിച്ചത്. മ്യൂസിയം സ്റ്റേഷന്റെ അനുമതിയും തേടിയിരുന്നു. അത് പ്രകാരമാണ് സ്റ്റേഷന്റെ തൊട്ടടുത്ത് കട വയ്ക്കുന്നത്. മ്യൂസിയം സ്റ്റെഷന്റെ പാർക്കിംഗിന് അടുത്താണ് കട. പാർക്കിംഗിന് കട ഭീഷണിയല്ല. അതിനും അപ്പുറത്താണ് കട സ്ഥാപിച്ചത്. അനുമതി ചോദിച്ചപ്പോൾ കോർപറേഷൻ വകയാണ്. നിങ്ങൾ കട വയ്ക്കുകയോ കച്ചവടം നടത്തുകയോ എന്ത് വേണമെങ്കിലും ചെയ്യൂ എന്നാണ് കട വയ്ക്കുമ്പോൾ പൊലീസ് പറഞ്ഞത്. പക്ഷെ പിന്നീടുള്ള പ്രവർത്തി തുലോം കടകവിരുദ്ധമായിരുന്നു.

കട തുറന്നപ്പോൾ പക്ഷെ പൊലീസിന്റെ വിധം മാറി. നാരങ്ങവെള്ളം, ജ്യൂസ്, ബിസ്‌ക്കറ്റ് എന്നിവയാണ് വെച്ചിരിക്കുന്നത്. കട തുറന്നപ്പോൾ കട എടുത്തുമാറ്റണം എന്നാണ് പൊലീസിന്റെ ആവശ്യം. മാതാവ് കടയിൽ ഇരുന്ന സമയത്ത് സാധനങ്ങൾ എല്ലാം പൊലീസ് വലിച്ചുവാരി ദൂരെക്കളഞ്ഞു. കസേര അടക്കം വലിച്ചെറിഞ്ഞു. മാതാവ് കരഞ്ഞുകൊണ്ടാണ് എന്റെ അടുത്ത് വന്നു വിവരം പറഞ്ഞത്. ഞാൻ പൊലീസ് സ്റ്റേഷനിൽ കയറി പരാതി പറഞ്ഞു. പൊലീസ് അനുമതിയോടെയാണ് കട തുറന്നത്. അന്ന് നിങ്ങൾ എല്ലാത്തിനും അനുമതി നൽകി. ഇപ്പോൾ കട തുറന്നപ്പോൾ അക്രമം കാണിച്ചാൽ എന്ത് ചെയ്യാൻ കഴിയും എന്നാണു ഞാൻ ചോദിച്ചത്. നിന്റെ ഒക്കെ തോന്ന്യവാസമോ എന്ന് ചോദിച്ച് പൊലീസ് കടയ്ക്ക് നേരെ ആഞ്ഞു ചവിട്ടി. പൊലീസുകാരോടു ഞാൻ ഒന്നും മിണ്ടിയില്ല.

അമ്മേ പോട്ടെ.. ദൈവം ഒരു വഴി നമുക്ക് കാണിച്ചു തരും എന്ന് പറഞ്ഞു കടയും പൂട്ടി അമ്മെയെയും കൂട്ടി വീട്ടിലേക്ക് ഞാൻ വീട്ടിലേക്ക് പോയി. അപ്പോഴാണ് എനിക്ക് വിവരം കിട്ടിയത്. ഒരു അഭിഭാഷകനുണ്ട്. അഞ്ചു പൈസ പോലും വാങ്ങിക്കില്ല. നിങ്ങളെ അദ്ദേഹം സഹായിക്കും എന്നാണ് പറഞ്ഞത്. അതോടെയാണ് ഞാൻ സാറിനെ പോയി കാണുന്നത്. ഹൈക്കോടതിയിൽ നിന്ന് ഈ അഭിഭാഷകനാണ് എനിക്ക് അനുകൂല ഉത്തരവ് വാങ്ങി നൽകുന്നത്. അഞ്ച് പൈസ വാങ്ങാതെയാണ് ദിൽരാജ് എന്ന അഭിഭാഷകൻ ഹൈക്കോടതിയിൽ വാദിച്ചത്. ഈ ഉത്തരവ് കടയ്ക്ക് മുന്നിൽ പതിച്ചിരുന്നു. എന്നാൽ അടുത്ത ദിവസം വന്നപ്പോൾ ഇത് കീറിയെറിഞ്ഞ നിലയിലായിരുന്നു. കട തുറക്കാൻ കഴിയാത്ത വിധം ഒരു ഓട്ടോറിക്ഷ കടയ്ക്ക് മുന്നിൽ അടുപ്പിച്ച് നിർത്തിയിരുന്നു.

പൊലീസ് പിടിച്ച ഓട്ടോയാണ് ഇങ്ങിനെ കട തുറക്കാൻ കഴിയാത്ത വിധം നിർത്തിയിരുന്നത്. എന്റെ അനിയത്തിയാണ് അന്ന് ക്ലെശിച്ച് കട തുറന്നത്. പൊലീസ് പറഞ്ഞു. ആര് പറഞ്ഞു കട തുറക്കാൻ... വണ്ടി നീക്കാൻ ആര് പറഞ്ഞു? നിങ്ങളുടെ വണ്ടിയിൽ ഞാൻ തൊട്ടതേയില്ല. ഇത് കേട്ടതോടെ പൊലീസ് ക്ഷുഭിതരായി. കട അടയ്ക്ക് എന്ന് പറഞ്ഞു ബഹളം വെച്ചു. അപ്പോൾ ഒരാൾ പറഞ്ഞു നല്ല സിഐയാണ് മ്യൂസിയം സ്റ്റേഷനിലെ സിഐ.അദ്ദേഹത്തിനു പോയി പരാതി നൽകൂ എന്ന് പറഞ്ഞു. സിഐയ്ക്ക് പരാതി നൽകാൻ സ്റ്റേഷനിൽ എത്തി. പൊലീസുകാർ കനിഞ്ഞാലല്ലേ സിഐയെ കാണാൻ കഴിയൂ.

പൊലീസിന് സിഐയെ കാണാനുള്ള അപേക്ഷ നൽകിയപ്പോൾ കസേരയിൽ ഇരുന്ന ആ പൊലീസ് എന്റെ അപേക്ഷ വാങ്ങി വായിച്ച ശേഷം കീറി എന്റെ മുഖത്തേക്ക് തന്നെ എറിഞ്ഞു. പൊലീസ് തന്നെയാണ് ഇത് ചെയ്യുന്നത്. ഞങ്ങൾക്ക് ഒരു വഴിയുമില്ല. ഈ കട തുറക്കാൻ കഴിയാത്തതിനെ തുടർന്ന് ഞങ്ങൾ ആരുമില്ലാത്ത മൂന്നു ജീവിതം സഹോദരിമാരുടെ ജീവിതം തന്നെ പ്രതിസന്ധിയിലാണ്-ബിയാട്രീസ് പറയുന്നു.

മ്യൂസിയം പൊലീസിന്റെ പ്രതികരണം:

ഈ പ്രശ്‌നത്തിനു മ്യൂസിയം സിഐയെ മറുനാടൻ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം ഈ പരാതി കേട്ടു. ഞാൻ ശബരിമലയിൽ ആയതിനാൽ മ്യൂസിയം എസ്‌ഐയെ ബന്ധപ്പെടാൻ പറഞ്ഞു. മ്യൂസിയം എസ്‌ഐയെ ബന്ധപ്പെട്ടപ്പോൾ ഈ പ്രശ്‌നത്തിനെക്കുറിച്ച് ഒരറിവും ഇല്ലെന്നാണ് പറഞ്ഞത്. മ്യൂസിയം പൊലീസ് ഇങ്ങിനെ ചെയ്യില്ലെന്നും അവർക്ക് ഒരു ബുദ്ധിമുട്ടും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നാണ് പറഞ്ഞത്. തന്നെ നേരിട്ട് വന്നു കാണാൻ ബിയാട്രീസിനോടു ആവശ്യപ്പെടാനാണ് മ്യൂസിയം എസ്‌ഐ ഷാഫി പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP