Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജിഹാദി സാമഗ്രികളും കുട്ടികളുടെ അശ്ലീല ചിത്രങ്ങളും; 21 സൗദി സൈനിക കേഡറ്റുകളെ അമേരിക്ക പുറത്താക്കി

ജിഹാദി സാമഗ്രികളും കുട്ടികളുടെ അശ്ലീല ചിത്രങ്ങളും; 21 സൗദി സൈനിക കേഡറ്റുകളെ അമേരിക്ക പുറത്താക്കി

സ്വന്തം ലേഖകൻ

ഫ്‌ളോറിഡ: ജിഹാദി സാമഗ്രികളും കുട്ടികളുടെ അശ്ലീല ചിത്രങ്ങളും കണ്ടെത്തിയതിനെ തുടർന്ന് 21 സൗദി സൈനിക കേഡറ്റുകളെ അമേരിക്ക പുറത്താക്കി. എന്നാൽ കഴിഞ്ഞ മാസം ഫ്‌ളോറിഡയിലെ വ്യോമതാവളത്തിൽ കൂട്ട വെടിവയ്പ് നടത്തിയ 21 കാരനായ സൗദി എയർഫോഴ്‌സ് ലെഫ്റ്റനന്റിനെ സഹായിച്ചതായി ഈ സൈനികർക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്നും യുഎസ് അറ്റോർണി ജനറൽ വില്യം ബാർ പറഞ്ഞു. കഴിഞ്ഞമാസമാണ് ഫ്‌ളോറിഡയിലെ വ്യോമതാവളത്തിൽ 21കാരനായ സൈനികൻ കൂട്ട വെടിവയ്പ് നടത്തിയത്.

പുറത്താക്കപ്പെട്ട സൗദി കേഡറ്റുകളിൽ 17 പേരുടെ കൈയിൽ ഓൺലൈൻ തീവ്രവാദ വസ്തുക്കൾ ഉള്ളതായി അറ്റോർണി ജനറൽ പറഞ്ഞു. അവരിൽ പതിനഞ്ചു പേരുടെ കൈയിൽ കുട്ടികളുടെ മോശമായ ചിത്രങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'പുറത്താക്കപ്പെട്ടവരിൽ ഒരാളുടെ കൈവശം കുട്ടികളുടെ നിരവധി ചിത്രങ്ങളുണ്ടെങ്കിലും, ബാക്കിയുള്ളവരിൽ രണ്ടോ മൂന്നോ ചിത്രങ്ങളേ ഉണ്ടായിരുന്നുള്ളൂ. മിക്ക ചിത്രങ്ങളും പരസ്പരം ചാറ്റ് റൂമിൽ പോസ്റ്റു ചെയ്യുകയോ സോഷ്യൽ മീഡിയയിലൂടെ സ്വീകരിക്കുകയോ ചെയ്തതാണ്' ബാർ പറഞ്ഞു. പുറത്താക്കിയ 21 കേഡറ്റുകളും തിങ്കളാഴ്ച സൗദിയിലേക്ക് മടങ്ങി. എഫ്ബിഐയുടെ അന്വേഷണവുമായി അവർ പൂർണമായും സഹകരിച്ചെന്നും ബാർ പറഞ്ഞു.

അന്വേഷണത്തിന് സൗദി അറേബ്യ പൂർണ്ണമായ പിന്തുണ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേഡറ്റുകളുടെ പെരുമാറ്റം സൗദി റോയൽ എയർഫോഴ്‌സിലെയും റോയൽ നേവിയിലെയും ഉദ്യോഗസ്ഥർക്ക് ചേർന്നതല്ലെന്ന് സൗദി അധികൃതർ പറഞ്ഞതായി അറ്റോർണി ജനറൽ പറഞ്ഞു. പുറത്താക്കപ്പെട്ട കേഡറ്റുകളുടെ മേൽ അമേരിക്കയിൽ ഒരു കുറ്റവും ചുമത്തിയിട്ടില്ല. എന്നാൽ, സ്വന്തം രാജ്യത്ത് അവർ പ്രൊസിക്യൂഷൻ നടപടികൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 850 ൽ അധികം സൗദി സൈനിക കേഡറ്റുകൾ അമേരിക്കയിൽ പരിശീലനം നടത്തുന്നുണ്ട്.

ഡിസംബർ ആറിന്‌നു നടന്ന ആക്രമണത്തിൽ മൂന്ന് നാവികർ കൊല്ലപ്പെടുകയും എട്ടു പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തെ തുടർന്ന് സൗദി സൈനികർക്കുള്ള പരിശീലനം യുഎസിൽ നിർത്തി വയ്ക്കുകയും ചെയ്തു. നേവൽ എയർ സ്റ്റേഷൻ പെൻസക്കോളയിൽ നടന്ന വെടിവയ്‌പ്പ് തീവ്രവാദ പ്രവർത്തനമാണെന്ന് തിങ്കളാഴ്ച വാർത്താ സമ്മേളനത്തിൽ അറ്റോർണി ജനറൽ വില്യം ബാർ പറഞ്ഞു. ആക്രമണത്തിൽ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട സൗദി സൈനികന്റെ രണ്ട് ഐഫോണുകൾ അൺലോക്ക് ചെയ്യാൻ ആപ്പിളിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ഫോൺ സൈനികൻ തകർക്കാൻ ശ്രമിച്ചെങ്കിലും എഫ്ബിഐ അന്വേഷണ ഉദ്യോഗസ്ഥർക്ക് അത് പുനഃർനിർമ്മിക്കാൻ കഴിഞ്ഞിരുന്നു. ഫോണുകൾ അൺലോക്ക് ചെയ്യുന്നതിൽ ആപ്പിൾ ഇതുവരെ സഹകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണകാരിയുടെ ഓൺലൈൻ അക്കൗണ്ടിൽ നിന്ന് ആപ്പിൾ എഫ്ബിഐയ്ക്ക് നിർണ്ണായകമായ ഡാറ്റ കൈമാറിയിട്ടുണ്ടെന്ന് ന്യൂയോർക്ക് ടെംസ് റിപ്പോർട്ട് ചെയ്തു. എന്നാൽ, ഫോൺ അൺലോക്കു ചെയ്യാൻ ആപ്പിൾ വിസമ്മതിച്ചു. ഇത് അവരുടെ സ്വന്തം എൻക്രിപ്ഷൻ സോഫ്റ്റ്‌വെയറിനെ ദുർബലപ്പെടുത്തുമെന്നാണ് പറഞ്ഞത്. ഭീകരവാദികളുടേതായ ഐഫോണുകൾ അൺലോക്കുചെയ്യാനുള്ള അഭ്യർത്ഥനയെത്തുടർന്ന് ടെക് സ്ഥാപനം മുമ്പ് എഫ്ബിഐയുമായി ഏറ്റുമുട്ടിയിരുന്നു. ആപ്പിളിന്റെ സഹായമില്ലാതെ തന്നെ കാലിഫോർണിയയിൽ ഒരു ആക്രമണകാരിയുടെ ഫോൺ അൺലോക്കു ചെയ്യാൻ എഫ്ബിഐ സ്വന്തം മാർഗം കണ്ടെത്തിയതിനെത്തുടർന്ന് സമാനമായ 2016 ലെ മറ്റൊരു ആക്രമണത്തിന് തടയിടാൻ കഴിഞ്ഞുവെന്ന് എഫ്ബിഐ വക്താവ് ചൂണ്ടിക്കാട്ടി.

ഫ്‌ളോറിഡ നേവൽ ആസ്ഥാനത്ത് വെടിവെയ്പ് നടക്കുമ്പോൾ മറ്റു സൗദി കേഡറ്റുകൾ ആക്രമണം ചിത്രീകരിച്ചതായി പുറത്തുവന്ന പ്രാഥമിക റിപ്പോർട്ടുകൾ കൃത്യമല്ലെന്ന് വില്യം ബാർ പറഞ്ഞു. വെടിവയ്‌പ്പ് നടന്ന സ്ഥലത്ത് ആയുധധാരി മാത്രമേ എത്തിയിരുന്നുള്ളൂ. ആക്രമണത്തിന് മുമ്പ്, ഒരു അത്താഴവിരുന്നിൽ, ആക്രമണകാരിയായ സെക്കന്റ് ലഫ്റ്റനന്റ് മുഹമ്മദ് അൽഷമ്രാനി തന്റെ സഹപ്രവർത്തകർക്ക് അക്രമ വിഡിയോകൾ കാണിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. അദ്ദേഹം ഉപയോഗിച്ച 9 എംഎം ഹാൻഡ്ഗൺ നിയമാനുസൃതമായി വാങ്ങിയതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP