Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാലിയേക്കരയിൽ ഉണ്ടായത് നീണ്ട ക്യൂ; കുമ്പളം പ്ലാസയിലും അവ്യക്തതകൾ; വാളയാറിലും പ്രതിസന്ധി; ടാഗ് റീഡിംഗിലെ സാങ്കേതിക പിഴവുണ്ടാക്കുന്നത് നീണ്ട നിര; ലോക്കൽ പാസുള്ളവർക്ക് സംവിധാനം നൽകുന്നത് കടുത്ത നിരാശ; ട്രാക്ക് തെറ്റിച്ച് ഓടുന്നവരിൽ നിന്ന് ഈടാക്കുക ഇരട്ടി പിഴ; ടാഗുള്ളത് 30 ശതമാനം വാഹനങ്ങളിൽ മാത്രം; മിനിമം ബാലൻസില്ലെങ്കിൽ ടാഗ് പ്രവർത്തന രഹിതവും; ടോൾപിരിവിലെ ഫാസ് ടാഗിൽ സർവ്വത്ര ആശയക്കുഴപ്പം; വാഹനം ഓടിക്കുന്നവർ വെട്ടിലാകുമ്പോൾ

പാലിയേക്കരയിൽ ഉണ്ടായത് നീണ്ട ക്യൂ; കുമ്പളം പ്ലാസയിലും അവ്യക്തതകൾ; വാളയാറിലും പ്രതിസന്ധി; ടാഗ് റീഡിംഗിലെ സാങ്കേതിക പിഴവുണ്ടാക്കുന്നത് നീണ്ട നിര; ലോക്കൽ പാസുള്ളവർക്ക് സംവിധാനം നൽകുന്നത് കടുത്ത നിരാശ; ട്രാക്ക് തെറ്റിച്ച് ഓടുന്നവരിൽ നിന്ന് ഈടാക്കുക ഇരട്ടി പിഴ; ടാഗുള്ളത് 30 ശതമാനം വാഹനങ്ങളിൽ മാത്രം; മിനിമം ബാലൻസില്ലെങ്കിൽ ടാഗ് പ്രവർത്തന രഹിതവും; ടോൾപിരിവിലെ ഫാസ് ടാഗിൽ സർവ്വത്ര ആശയക്കുഴപ്പം; വാഹനം ഓടിക്കുന്നവർ വെട്ടിലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ഫാസ്ടാഗ് നിർബന്ധമാക്കിയതോടെ ടോൾപ്ലാസകളിൽ മിക്കയിടത്തും വൻ ഗതാഗതക്കുരുക്ക്. ഫാസ്ടാഗ് പതിക്കാത്ത ട്രാക്കിലൂടെ വാഹനങ്ങൾ കൂടിയതോടെ മിക്കയിടത്തും വാഹനനിര നീണ്ടു. പാലിയേക്കര പ്ലാസയിലൂടെ ബുധനാഴ്ച കടന്നുപോയവയിൽ 30 ശതമാനത്തിൽ താഴെ വാഹനങ്ങൾ മാത്രമാണ് ഫാസ്ടാഗ് ഉപയോഗപ്പെടുത്തിയത്. ഫാസ്ടാഗുമായി എത്തിയെങ്കിലും അഞ്ചുശതമാനത്തോളം വാഹനങ്ങൾ വാലറ്റിൽ പണമില്ലാതെ പ്രതിസന്ധിയിലായി. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ അനിയന്ത്രിതമായ തിരക്ക് പരിഗണിച്ച് പാലിയേക്കര, കുമ്പളം എന്നിവ ഉൾപ്പെടെ രാജ്യത്തെ 65 ടോൾ പ്ലാസകളിൽ പണം സ്വീകരിക്കുന്ന കൂടുതൽ ലെയ്‌നുകൾ താൽക്കാലികമായി ഏർപ്പെടുത്താൻ കേന്ദ്ര ഗതാഗത മന്ത്രാലയം നിർദ്ദേശിച്ചു. 30 ദിവസത്തേക്കായിരിക്കും ഈ ഇളവ്. ആകെ ലെയ്‌നുകളുടെ നാലിലൊന്ന് പണം സ്വീകരിക്കുന്നവയായി മാറ്റാനാണ് അനുവാദം. പൊന്നാരിമംഗലം, വാളയാർ ടോൾ പ്ലാസകൾ ഇളവ് ലഭിക്കുന്നവയുടെ പട്ടികയിൽ ഇല്ല.

അതിനിടെ ടോൾ പ്ലാസയിൽ ഫാസ് ടാഗ് ഇല്ലാത്തവർക്കു നൽകിവരുന്ന ഇരട്ട യാത്ര പാസ് (റിട്ടേൺ യാത്ര) റദ്ദാക്കി. ഇന്നു മുതൽ പണം നൽകി കടന്നുപോകുന്നവരെല്ലാം ഓരോ യാത്രയ്ക്കും വെവ്വേറെ പാസ് എടുക്കണം. ഇതുവരെ ഒരു തവണ പോകുന്നതിന് 75 രൂപയും 24 മണിക്കൂറിനകം തിരിച്ചുവരുകയാണെങ്കിൽ ആകെ 105 രൂപയുമായിരുന്നു. ഇനി മുതൽ റിട്ടേൺ ടിക്കറ്റില്ല. ഓരോ യാത്രയ്ക്കും 75 രൂപ വീതം നൽകണം. 

എട്ടുട്രാക്കുകളുള്ള പ്ലാസകളിൽ ആറെണ്ണം ഫാസ്ടാഗിനും രണ്ടെണ്ണം ടാഗ് ഇല്ലാത്ത വാഹനങ്ങൾക്കുമായാണ് ക്രമീകരിച്ചത്. എന്നാൽ, തിരക്കുകൂടിയതോടെ പകുതിട്രാക്കുകൾ ടാഗ് ഇല്ലാത്ത വാഹനങ്ങൾക്കായി വിട്ടുകൊടുക്കേണ്ടിവന്നു. ഫാസ്ടാഗ് ഇല്ലാതെ ഈ ട്രാക്കിലൂടെ വന്ന വാഹനങ്ങൾക്ക് ഇരട്ടിത്തുകയും ഈടാക്കി. ഇതുകാരണം ഡ്രൈവർമാരും ടോൾപ്ലാസാ അധികൃതരും തമ്മിൽ വാക്തർക്കം ഉണ്ടായതും പ്രശ്‌നമായി. കേരളത്തിൽ ഏറ്റവുമധികം വാഹനങ്ങൾ കടന്നുപോകുന്ന തൃശ്ശൂരിലെ പാലിേയക്കര ടോൾപ്ലാസയിൽ കിലോമീറ്ററുകളോളം വാഹനക്കുരുക്കുണ്ടായി. ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുടുങ്ങിയതോടെ പൊലീസെത്തി കൗണ്ടറുകളിലെ ബാരിക്കേഡ് തുറന്നുവിട്ടു. ഫാസ്ടാഗ് നടപ്പാക്കാത്ത കൗണ്ടറിലൂടെയാണ് ഇവ കടത്തിവിട്ടത്. തിരക്ക് കുറഞ്ഞതോടെ വീണ്ടും ടോൾ പിരിച്ചു.

എറണാകുളത്തെ കുമ്പളം പ്ലാസയിൽ എട്ടുട്രാക്കുള്ളതിൽ രണ്ടെണ്ണത്തിലൂടെ മാത്രമാണ് രാവിലെ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾ കടത്തിവിട്ടത്. വാളയാറിൽ പാലക്കാട്ടേക്കും കോയന്പത്തൂർക്കുമായി നാല് ഫാസ്ടാഗ് ലൈനുകൾ ഒരുക്കിയിരുന്നു. പൊങ്കൽ അവധിയായത് ഗതാഗതക്കുരുക്ക് കൂട്ടി. ഫാസ്ടാഗ് നിർബന്ധമാക്കിയതോടെ ഇവയുടെ വിൽപ്പന കൂടുമെന്ന പ്രതീക്ഷയും തെറ്റി. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിൽപ്പനയാണ് ടോൾപ്ലാസയ്ക്കു സമീപമുള്ള ഫാസ്ടാഗ് വിൽപ്പന കേന്ദ്രങ്ങളിലുണ്ടായത്. പാലിയേക്കരയിലെ ഏഴു കേന്ദ്രങ്ങളിലുമായി ബുധനാഴ്ച 100-ൽ താഴെ ഫാസ്ടാഗാണ് വിറ്റത്.

നിരവധി ആശയക്കുഴപ്പം ഇപ്പോഴും ഈ സംവിധാനത്തിലുണ്ട്. ലോക്കൽപാസ് ഉള്ളവരുടെ കാര്യത്തിലാണ് ഇനിയും വ്യക്തത വരാനുള്ളത്. അവരുടെ അക്കൗണ്ടിൽനിന്ന് പോകുന്ന പണം തിരികെക്കൊടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തുമോയെന്ന് വ്യക്തമല്ല. ആധാർകാർഡ്, പാൻകാർഡ്, വാഹനത്തിന്റെ ആർ.സി. എന്നിവയുടെ പകർപ്പ് നൽകി പലരും അപേക്ഷ നൽകിയിട്ടുണ്ട്. 'നാട്ടുകാരനെന്ന നിലയിൽ എനിക്കു ടോൾപ്ലാസയിലൂടെ ഇതുവരെ സൗജന്യമായി കടന്നുപോകാൻ കഴിയുമായിരുന്നു. ഫാസ്ടാഗ് എടുത്തതോടെ യാത്രയിൽ കാശുപോകുകയാണ്...' ടോൾപ്ലാസയിലൂടെ കടന്നുവന്ന കുമ്പളം സ്വദേശി അൻസാദ് പറഞ്ഞു. ഫാസ്ടാഗ് അക്കൗണ്ടിൽ കുറഞ്ഞത് 200 രൂപയെങ്കിലും ബാലൻസ് ഉണ്ടെങ്കിലേ ടാഗ് പ്രവർത്തിക്കൂവെന്ന് ടോൾ കമ്പനി അധികൃതർ അറിയിച്ചു. ഇന്നലെ ടാഗ് ഉള്ള വാഹനങ്ങളും ഫാസ്ടാഗ് ട്രാക്കിൽ വരിനിൽക്കേണ്ടി വന്നു. ടാഗ് റീഡ് ചെയ്യുന്നതിലെ സാങ്കേതികപ്പിഴവാണ് സമയം വൈകിക്കുന്നതെന്നു യാത്രക്കാർ ആരോപിക്കുന്നു.

ഇലക്ട്രോണിക് ആയി ടോൾ സ്വീകരിക്കുന്നതിന് ഇന്ത്യയിലുള്ള ഒരു സംവിധാനമാണ് ഫാസ്ടാഗ്. നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയാണ് ഇത് നിയന്ത്രിക്കുന്നത്. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സങ്കേതം ഉപയോഗിച്ചാണ് ഫാസ്ടാഗ് പ്രവർത്തിക്കുന്നത്. വാഹന ഉടമസ്ഥന്റെ പ്രീപെയ്ഡ് അക്കൗണ്ടിൽ നിന്നും ഓരോ ടോൾ ഉടമസ്ഥനും പണം ലഭ്യമാവുകയാണ് ഇതിലൂടെ ചെയ്യുന്നത്. വാഹനത്തിന്റെ വിൻഡ്ഷീൽഡിൽ ഈ ടാഗ് പതിച്ചിട്ടുണ്ടെങ്കിൽ, ടോൾ പ്ലാസയിൽ നിർത്താതെ തന്നെ യാത്ര തുടരാമെന്ന സവിശേഷതയുണ്ട്. ചില ടോൾപ്ലാസയിൽ ഫാസ്ടാഗിന് പ്രത്യേക വഴിയിലൂടെ കടന്നുപോകാനുള്ള സംവിധാനമുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകൾ ഉൾപ്പെടെയുള്ള ഔദ്യോഗിക ഏജൻസികളിൽ നിന്നും ഫാസ്ടാഗ് വാങ്ങാം.

പെട്രോൾ പമ്പുകളിൽ നിന്നും വിതരണം നടത്തുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ആവശ്യമനുസരിച്ച് റീച്ചാർജ്ജ് ചെയ്യുകയുമാവാം. ഒരു വാഹനത്തിന്റെ ഫാസ്ടാഗ് മറ്റൊന്നിൽ ഉപയോഗിക്കാനാവില്ല. ഫാസ്ടാഗ് പ്രോൽസാഹിപ്പിക്കുന്നതിന്, തുടക്കത്തിൽ നിരക്കിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.

എന്താണ് ഫാസ്ടാഗ്

പ്രീപെയ്ഡ് ശൈലിയിൽ ടോൾബൂത്തുകളിൽ പണമടയ്ക്കാതെ കടന്നുപോകാനുള്ള സംവിധാനമാണ് ഫാസ്ടാഗ്. റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി) സാങ്കേതികവിദ്യയാണ് ഫാസ്ടാഗിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി വാഹനങ്ങളുടെ വിൻഡ് സ്‌ക്രീനിൽ ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ടാഗ് മുൻകൂട്ടി പതിപ്പിക്കണം.

വാഹനങ്ങളിലെ ഫാസ്ടാഗിനെ ആർഎഫ്ഐഡി റീഡർ വഴി റീഡ് ചെയ്ത് അക്കൗണ്ടിലൂടെ ഡിജിറ്റൽ പണമിടപാട് നടത്തുകയാണ് ഇവിടെ. ഇതിനായി ഫാസ്ടാഗ് അക്കൗണ്ടിൽ മുൻകൂട്ടി പണം നിക്ഷേപിക്കണം. സമയ ലാഭം, ഇന്ധന ലാഭം, കടലാസ് രഹിത പേയ്മെന്റ് എന്നിവ ഇതു വഴി സാധ്യമാകുന്നു. രാജ്യത്തെ ഏത് ടോൾപ്ലാസയിലും ടോൾ പിരിവിന് ഉപയോഗിക്കാവുന്ന ഏകീകൃത സംവിധാനമാണ് ഫാസ്ടാഗിലൂടെ ദേശീയപാത അഥോറിറ്റി നടപ്പിലാക്കുന്നത്.

ഫാസ് ടാഗിന്റെ നേട്ടങ്ങൾ

ടോൾ നൽകുന്നതിന് വാഹനങ്ങളുടെ കാത്തുനിൽപ് ഒഴിവാക്കാമെന്നുള്ളതാണ് പ്രധാന നേട്ടം. വാഹനം നിർത്താതെതന്നെ കുറഞ്ഞ സമയത്തിനുള്ളിൽ കടന്നുപോകാവുന്നതുകൊണ്ട് സമയലാഭവും ഇന്ധനലാഭവും ഉണ്ട്. ഓൺലൈൻ സേവനം വഴിയുള്ള ഇടപാട് ആയതിനാൽ പണം കയ്യിൽ കരുതേണ്ടതില്ല.

ഇലക്ട്രോണിക് ടോൾ കലക്ഷൻ സംവിധാനമായ ഫാസ്ടാഗിലൂടെ ടോൾബൂത്തുകളിലെ തിരക്ക് ഒഴിവാക്കി നിലവിലെ സാഹചര്യത്തിന്റെ അഞ്ചിരട്ടി വേഗത്തിൽ വാഹനങ്ങൾക്ക് ടോൾപ്ലാസ മറികടക്കാം. ഇപ്പോൾ ഒരു വാഹനത്തിന് ടോൾബൂത്ത് മറികടക്കാൻ 15 സെക്കൻഡാണ് ദേശീയപാത അഥോറിറ്റി നിർദ്ദേശിക്കുന്ന സമയം. പലപ്പോഴും ഇത് ദീർഘിക്കാറുമുണ്ട്. ഫാസ്ടാഗിൽ ഇത് മൂന്ന് സെക്കൻഡ്ഡായി ചുരുങ്ങും. നിലവിൽ ഒരു ടോൾ ബൂത്തിലൂടെ മണിക്കൂറിൽ 240 വാഹനങ്ങൾക്കു വരെ കടന്നുപോകാം. ഫാസ്ടാഗ് വരുന്നതോടെ 1200 വാഹനങ്ങൾക്കുവരെ കടന്നുപോകാനാകും.

ഫാസ്ടാഗ് എങ്ങനെ വാങ്ങാം

പുതിയ വാഹനങ്ങളിൽ ഡീലർ തന്നെ ഫാസ്ടാഗ് വച്ചു നൽകുന്നുണ്ട്. രാജ്യത്തെ എല്ലാ ടോൾപ്ലാസകളിലും ഉപയോഗിക്കാവുന്ന, വാഹനങ്ങളിൽ പതിപ്പിക്കുന്ന ഫാസ്ടാഗ് ടോൾപ്ലാസകളിൽനിന്നും മുൻനിര ബാങ്കുകളിൽനിന്നും വാങ്ങാം. മിക്ക ബാങ്കുകളും 500 രൂപയാണ് ഫാസ്ടാഗിന് ഈടാക്കുന്നത്. ഇതിൽ 200 രൂപ നിങ്ങളുടെ ടാഗ് അക്കൗണ്ടിൽ നിക്ഷേപിക്കും. ആർസി ബുക്കും ഉടമയുടെ ഐഡി പ്രൂഫും സമർപ്പിച്ചാൽ ഫാസ്ടാഗ് ലഭിക്കും. അഞ്ചുവർഷം കാലാവധിയാണ് ഫാസ്ടാഗ് അക്കൗണ്ടിനുള്ളത്. മൊബൈൽ നമ്പർ ഉപയോഗിച്ച് ഫാസ്ടാഗ് അക്കൗണ്ടിൽ ലോഗ്ഇൻ ചെയ്ത് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയും അക്കൗണ്ടിലേക്കു പണമടയ്ക്കാം. ഉടൻ തന്നെ ഇതിനായി ഒരു ആപ്പും പുറത്തിറക്കുമെന്നാണ് അധികൃതർ പറയുന്നത്. ഒരു വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഫാസ്ടാഗ് ഇളക്കി മറ്റൊരു വാഹനത്തിൽ പിടിപ്പിക്കാനാവില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP