Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാശ്മീരിലേക്ക് പോകുന്ന 36 മന്ത്രിമാരുടെ കൂട്ടത്തിൽ അമിത് ഷാ ഉണ്ടാകില്ല; അയയ്ക്കുന്നത് സ്മൃതി ഇറാനിയേയും പീയൂഷ് ഗോയലിനേയും രവിശങ്കർ പ്രസാദിനേയും വി മുരളീധരനേയും പോലുള്ള രണ്ടാം നിരയിലെ പ്രമുഖരെ; ലക്ഷ്യമിടുന്നത് ആർട്ടിക്കിൽ 370 എടുത്തു കളഞ്ഞതിലൂടെ ജനങ്ങൾക്ക് ലഭിക്കുന്ന സൗകര്യത്തെ കുറിച്ചും കേന്ദ്രം കൊണ്ടുവരുന്ന വിവിധ വികസന പദ്ധതികളെക്കുറിച്ചും ബോധവത്കരിക്കൽ; നേതാക്കൾ ഇപ്പോഴും തടങ്കലിൽ തന്നെ; കാശ്മീരിൽ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ

കാശ്മീരിലേക്ക് പോകുന്ന 36 മന്ത്രിമാരുടെ കൂട്ടത്തിൽ അമിത് ഷാ ഉണ്ടാകില്ല; അയയ്ക്കുന്നത് സ്മൃതി ഇറാനിയേയും പീയൂഷ് ഗോയലിനേയും രവിശങ്കർ പ്രസാദിനേയും വി മുരളീധരനേയും പോലുള്ള രണ്ടാം നിരയിലെ പ്രമുഖരെ; ലക്ഷ്യമിടുന്നത് ആർട്ടിക്കിൽ 370 എടുത്തു കളഞ്ഞതിലൂടെ ജനങ്ങൾക്ക് ലഭിക്കുന്ന സൗകര്യത്തെ കുറിച്ചും കേന്ദ്രം കൊണ്ടുവരുന്ന വിവിധ വികസന പദ്ധതികളെക്കുറിച്ചും ബോധവത്കരിക്കൽ; നേതാക്കൾ ഇപ്പോഴും തടങ്കലിൽ തന്നെ; കാശ്മീരിൽ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മുകാശ്മീരിൽ സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമാണെന്ന സന്ദേശം നൽകാനുറച്ച് മോദി സർക്കാർ. സർക്കാർ നയം വിശദീകരിക്കാനും നിലവിലെ സാഹചര്യം വിലയിരുത്താനും കേന്ദ്ര മന്ത്രിമാരെ കാശ്മീരിലേക്ക് അയയ്ക്കുകയാണ് സർക്കാർ. ജമ്മുകശ്മീരിലെ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനു പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരം ഈ മാസം 18 മുതൽ 23വരെ 59 ഇടങ്ങളിലാണ് കേന്ദ്രമന്ത്രിമാരുടെ സന്ദർശനം. മോദി സർക്കാരിലെ 36 മന്ത്രിമാരാണ് കാശ്മീരിൽ എത്തുക. ജമ്മുകശ്മീരിലെ നിയന്ത്രണങ്ങൾ നീക്കിത്തുടങ്ങി. ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയത് ചരിത്രപരമായ മുന്നേറ്റമാണെന്നു കരസേന മേധാവി ജനറൽ എം.എം. നരവനെ പറഞ്ഞു.

ജനങ്ങളുമായി ആശയവിനിമയം നടത്തുക, സർക്കാർ നയം വിശദീകരിക്കുക, വിവിധ പദ്ധതികളുടെ നടത്തിപ്പ് പരിശോധിക്കുക, സുരക്ഷാസാഹചര്യങ്ങൾ വിലയിരുത്തൽ എന്നിവയാണ് ലക്ഷ്യം. രവിശങ്കർ പ്രസാദ്, പിയൂഷ് ഗോയൽ, സ്മൃതി ഇറാനി, വി. മുരളീധരൻ എന്നിവർ ജമ്മുകശ്മീരിലെത്തുന്ന മന്ത്രിമാരുടെ പട്ടികയിലുണ്ട്. സന്ദർശന വിവരം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി ചീഫ്‌സെക്രട്ടറിക്ക് കത്തുനൽകി. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ജനുവരി അവസാനത്തോടെയാണ് മന്ത്രിമാരുടെ പ്രത്യേക സംഘം സന്ദർശനം നടത്തുക. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് ആദ്യ കേന്ദ്രസംഘം കാശ്മീരിലേക്ക് പോകുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ സംഘത്തിലുണ്ടാകില്ല. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും പോകുന്നില്ല. അതുകൊണ്ട് തന്നെ രണ്ടാം തട്ടിലെ പ്രമുഖ മന്ത്രിമാരാണ് കാശ്മീരിൽ പോകുന്നതെന്ന വിലയിരുത്തലും സജീവമാണ്.

ഇതിന്റെ ഭാഗമായി കാശ്മീരിൽ പലവിധ ഇളവുകളും അനുവദിത്തു തുടങ്ങി. അഞ്ചു ജില്ലകളിൽ 2ജി മൊബൈൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കി. ആശുപത്രികൾ, സർക്കാർ ഓഫിസുകൾ, ബാങ്കുകൾ, ഹോട്ടലുകൾ, വ്യാപാര, വിനോദ സഞ്ചാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ബ്രോഡ്ബാൻഡ് ഉപയോഗത്തിനും അനുമതി നൽകി. കരിമ്പട്ടികയിൽപ്പെടാത്ത വെബ് സൈറ്റുകൾ മാത്രമേ ലഭിക്കൂ. ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാൻ 400 ബൂത്തുകൾ കശ്മീർ താഴ്‌വരയിൽ സജ്ജമാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങൾക്കുള്ള നിയന്ത്രണം തുടരും. ജമ്മു-കശ്മീരിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനൊപ്പം ആർട്ടിക്കിൽ 370 എടുത്തുകളഞ്ഞതിലൂടെ ജനങ്ങൾക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കുറിച്ചും കേന്ദ്രം കൊണ്ടുവരുന്ന വിവിധ വികസന പദ്ധതികളെക്കുറിച്ചും കേന്ദ്രമന്ത്രിമാർ ജനങ്ങളെ ബോധവത്കരിക്കും. ഇതിന് മുന്നോടിയായാണ് നിയന്ത്രണങ്ങൾ മാറ്റുന്നത്.

ജനുവരി 17ന് ചേരുന്ന കേന്ദ്ര മന്ത്രിമാരുടെ യോഗത്തിന് ശേഷം ജമ്മു കശ്മീർ സന്ദർശനത്തിന്റെ കൃത്യമായ തിയതിയിൽ തീരുമാനമാകും. ജനുവരി 19 മുതൽ 24 വരെയായിരിക്കും ഇതിന്റെ സമയക്രമമെന്നാണ് സൂചന. കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ലഡാക്ക്, ജമ്മു-കശ്മീർ എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിക്കൊണ്ടുള്ള കശ്മീർ പുനഃസംഘടനാ ബിൽ ബിജെപി പാർലമെന്റിൽ പാസാക്കിയിരുന്നത്. കഴിഞ്ഞ ആഴ്ച അമേരിക്ക അടക്കമുള്ള 15 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ജമ്മു കശ്മീർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി മടങ്ങുകയും ചെയ്തിരുന്നു. കാശ്മീരിൽ എല്ലാം സാധാരണ നിലയിലായെന്ന് ഇവർ പ്രതികരിച്ചിരുന്നു. തൊട്ട് പിന്നാലെയാണ് കേന്ദ്രമന്ത്രിമാരുടെ കാശ്മീരിലേക്കുള്ള വരവ്.

അതിനിടെ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ നിലവിൽ പാർപ്പിച്ചിരിക്കുന്ന സർക്കാർ അതിഥി മന്ദിരത്തിൽനിന്ന് മറ്റൊരു സർക്കാർ കെട്ടിടത്തിലേക്ക് മാറ്റുമെന്ന് റിപ്പോർട്ട്. ഗുപ്കർ റോഡിലെ സർക്കാർ വസതിയിലേക്കാണ് അദ്ദേഹത്തെ മാറ്റുന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. അദ്ദേഹം വീട്ടുതടങ്കലിൽ തന്നെ തുടരും. മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ട്രാൻസ്പോർട് ലെയ്നിലുള്ള അതിഥി മന്ദിരത്തിൽ വീട്ടുതടങ്കലിൽ തുടരും. കാശ്മീരിലെ നേതാക്കളെ ഒന്നും തൽക്കാലത്തേക്ക് വിട്ടയയ്ക്കില്ല. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫെബ്രുവരിയിൽ നടത്താനിരിക്കുന്ന ഇന്ത്യാ സന്ദർശനം അടക്കമുള്ളവയുടെ പശ്ചാത്തലത്തിലാണ് ഒമർ അബ്ദുള്ളയെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുന്നതെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം വകുപ്പിലെ വ്യവസ്ഥകൾ റദ്ദാക്കുകയും കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് പിന്നാലെയാണ് മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരെ വീട്ടുതടങ്കലിലാക്കിയത്. ഇവർക്കൊപ്പം മറ്റു രാഷ്ട്രീയ പാർട്ടി നേതാക്കളേയും കരുതൽ തടങ്കലിലാക്കിയിരുന്നു. അതിനിടെ, ഫാറൂഖ് അബ്ദുള്ളയെയും മകൻ ഒമർ അബ്ദുള്ളയെയും ഉപാധികളോടെ മോചിപ്പിക്കാൻ നീക്കം നടക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിൽനിന്ന് തത്കാലം വിട്ടുനിൽക്കണം എന്നതടക്കമുള്ള വ്യവസ്ഥകളോടെ മോചിപ്പിക്കാൻ നീക്കമുണ്ടെന്ന വിവരമാണ് പുറത്തുവന്നത്. ഇതിന് സ്ഥിരീകരണമില്ല.

ഇരുവരെയും ബ്രിട്ടനിലേക്ക് പോകാൻ അനുവദിക്കുമെന്നും വ്യവസ്ഥകൾ അംഗീകരിക്കാൻ തയ്യാറാണോയെന്ന് ആരായാൻ അധികൃതർ ഇരുവരെയും സമീപിക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP