Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോഹനവാഗ്ദാനം നൽകി മലയാളികൾ അടക്കമുള്ളവരെ ഒമാനിൽ എത്തിച്ചത് പാലക്കാടുകാരനായ ഷറഫുദ്ദീൻ; പെപ്‌സി അടക്കം വൻകിട കമ്പനികൾക്ക് പണം കുടിശികയായപ്പോൾ തുക നൽകാതെ മുങ്ങി മസ്‌കറ്റ് ബേക്കറി നടത്തിപ്പുകാരൻ; ബിസിനസ് ഏറ്റെടുത്ത സ്‌പോൺസർക്ക് മലയാളികൾ എന്നുകേട്ടാൽ കലി; ശമ്പളം കിട്ടിയിട്ട് ആറുമാസം; ലേബർ കോടതിയിലും ഇന്ത്യൻ എംബസിയിലും കൊടുത്ത പരാതികൾ തഥൈവ; ഭക്ഷണം പോലുമില്ലാതെ അറുപതിൽ അധികം മലയാളികൾക്ക് ഒമാനിൽ നരകയാതന

മോഹനവാഗ്ദാനം നൽകി മലയാളികൾ അടക്കമുള്ളവരെ ഒമാനിൽ എത്തിച്ചത് പാലക്കാടുകാരനായ ഷറഫുദ്ദീൻ; പെപ്‌സി അടക്കം വൻകിട കമ്പനികൾക്ക് പണം കുടിശികയായപ്പോൾ തുക നൽകാതെ മുങ്ങി മസ്‌കറ്റ് ബേക്കറി നടത്തിപ്പുകാരൻ; ബിസിനസ് ഏറ്റെടുത്ത സ്‌പോൺസർക്ക് മലയാളികൾ എന്നുകേട്ടാൽ കലി; ശമ്പളം കിട്ടിയിട്ട് ആറുമാസം; ലേബർ കോടതിയിലും ഇന്ത്യൻ എംബസിയിലും കൊടുത്ത പരാതികൾ തഥൈവ; ഭക്ഷണം പോലുമില്ലാതെ അറുപതിൽ അധികം മലയാളികൾക്ക് ഒമാനിൽ നരകയാതന

എം മനോജ് കുമാർ

തിരുവനന്തപുരം: ശമ്പളവും ഭക്ഷണവുമില്ലാതെ ഒമാനിൽ മലയാളികൾ കുടുങ്ങിക്കിടക്കുന്നു. ബേക്കറി ജോലിക്ക് ഒമാനിലെത്തിയ അറുപതിൽ അധികം മലയാളികളാണ് ശമ്പളവും ഭക്ഷണവുമില്ലാതെ കഷ്ടപ്പെടുന്നത്. ഒമാനിലെ മസ്‌ക്കറ്റ് ബേക്കറിയിൽ ജോലിക്കെത്തിയ മലയാളികളാണ് ബേക്കറി നടത്തിപ്പുകാരനായ മലയാളി മുങ്ങിയതിനെ തുടർന്ന് പ്രതിസന്ധിയിൽ ആയിരിക്കുന്നത്. ഭക്ഷണത്തിനായി പല ആളുകളിൽ നിന്നും കടം വാങ്ങേണ്ട അവസ്ഥയിലാണ് മലയാളികൾ. പാസ്‌പോർട്ട് സ്‌പോൺസറുടെ കയ്യിലും. ശമ്പള കുടിശിക ആണെങ്കിൽ ആറുമാസത്തിൽ അധികവും. പാസ്‌പോർട്ടും ശമ്പള ബാക്കിയും ലഭിക്കാതെ എങ്ങിനെ മടങ്ങും എന്ന പ്രശ്‌നത്തിലാണ് ഇവർ അകപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ എംബസിയും ഒമാൻ ലേബർ കോടതിയും പ്രശ്‌ന പരിഹാരത്തിനു അടിയന്തര ഇടപെടൽ നടത്താത്തതിനാൽ അനിശ്ചിതത്വത്തിലാണ് ഇവരുടെ ഭാവി.

പാലക്കാട് സ്വദേശിയായ ഷറഫുദ്ദീൻ ആണ് മലയാളികൾ അടക്കമുള്ള ആളുകളെ കുഴിയിൽ ചാടിച്ചത്. ജോലിക്കായി ആളുകളെ ഒമാനിൽ എത്തിച്ച ശേഷം ഷറഫുദ്ദീൻ ബേക്കറിയിൽ സാധനം നൽകുന്ന കമ്പനികൾക്ക് പണം നൽകാതെ മുങ്ങുകയായിരുന്നു. പാലക്കാടുകാരനായ ഷറഫുദ്ദീൻ പാലക്കാട്ടേയ്ക്കാണ് മുങ്ങിയത്. ഇതോടെയാണ് ഇവരുടെ ലോക്കൽ സ്‌പോൺസർ ബേക്കറി ഏറ്റെടുത്ത് നടത്താൻ തുടങ്ങിയത്. ഷറഫുദ്ദീൻ ഏറ്റെടുത്ത് സാധാരണ പോലെ നടത്തുന്ന സമയത്തും ഇപ്പോഴും ഒരേ കച്ചവടമാണ് ബേക്കറിയിൽ നടക്കുന്നത്. പക്ഷെ ശമ്പളം മാത്രമില്ല. ഇതാണ് തൊഴിലാളികളെ അലട്ടുന്നത്. പണി മുറപോലെ നടക്കുന്നുണ്ട്. ജോലിക്ക് വരേണ്ട. ശമ്പളം നൽകാൻ കഴിയില്ല എന്നൊന്നും സ്‌പോൺസർ പറയുന്നില്ല. പക്ഷെ ശമ്പളം മാത്രം നൽകില്ല. അതിനാൽ ഭക്ഷണത്തിനു മറ്റുള്ള ആളുകളുടെ മുന്നിൽ കൈ നീട്ടേണ്ട അവസ്ഥയാണ് മലയാളികൾ അടക്കമുള്ള ബേക്കറി തൊഴിലാളികൾക്ക്. ഷറഫുദ്ദീൻ മുങ്ങിയ ശേഷം ഒരു മാസത്തെ ശമ്പളവും പിടിച്ചു വെച്ച പാസ്‌പോർട്ട് നൽകാം പോകേണ്ടവർക്ക് പോകാം എന്നാണ് സ്‌പോൺസർ പറഞ്ഞത്. പിന്നീട് പക്ഷെ ഇയാൾ ചുവടു മാറ്റി. സ്‌പോൺസറെ സമീപിച്ചവരോട് രണ്ടു ദിവസം കഴിഞ്ഞിട്ട് വന്നാൽ മതി, നാല്ദിവസം കഴിഞ്ഞിട്ട് വന്നാൽ മതി എന്നൊക്കെ പറഞ്ഞു തുടങ്ങി. പക്ഷെ ഇത് രണ്ടും സ്‌പോൺസർ നൽകിയില്ല.

ഷറഫുദ്ദീനാണ് ബേക്കറി ജോലിക്കായി മലയാളികൾ അടക്കമുള്ള ആളുകളെ ഒമാനിൽ എത്തിച്ചത്. ആദ്യമാദ്യം കുഴപ്പമില്ലാതെ നടന്ന ബേക്കറിയിൽ പിന്നീട് പ്രശ്‌നങ്ങൾ ഉടലെടുക്കുകയായിരുന്നു. ബേക്കറിയിൽ സാധനങ്ങൾ നൽകുന്ന പെപ്‌സി അടക്കമുള്ള കമ്പനികൾക്ക് ബേക്കറി ഉടമ ഷറഫുദ്ദീൻ പണം നൽകിയില്ല. പണം കുടിശികയായതിനെ തുടർന്ന് കമ്പനികൾ കോടതിയെ സമീപിച്ചു. പല കമ്പനികൾക്കും പണം നൽകാതെ ഷറഫുദ്ദീൻ നാട്ടിലേക്ക് മുങ്ങി. ഇതോടെ മലയാളികൾ അടക്കമുള്ള ജോലിക്കാർ വഴിയാധാരമായി. നിലവിലെ സ്‌പോൺസർ കല്പ എന്ന് പറയുന്ന ഒമാനി ജീവനക്കാരുടെ പാസ്‌പോർട്ട് പിടിച്ചുവെച്ചിരിക്കുകയാണ്. ജോലിക്കാർക്കാണെങ്കിൽ ആറുമാസംതൊട്ട് മുകളിലേയ്ക്കാണ് ശമ്പള കുടിശിക. പാസ്‌പോർട്ട് ആണെങ്കിൽ സ്‌പോൺസറുടെടെ കയ്യിലും. ജീവനക്കാർക്ക് ബേക്കറി വിടണമെങ്കിൽ ശമ്പളം ലഭിക്കണം. ശമ്പളത്തിനു പുറമേ പാസ്‌പോർട്ട് കൂടി ലഭിക്കണം. സ്‌പോൺസർ ആണെങ്കിൽ കാശില്ലാ എന്ന പതിവ് പല്ലവിയാണ് മുഴക്കുന്നത്. അതോടൊപ്പം പാസ്‌പോർട്ടും നൽകില്ല. ജീവനക്കാരുടെ നിർബന്ധം കൂടിയപ്പോൾ മലയാളികളെ കാണാൻ പോലും സ്‌പോൺസർ ആയ കല്പ കൂട്ടാക്കുന്നുമില്ല.

ജീവനക്കാർ ഒമാൻ ലേബർ കോടതിയിലും ഇന്ത്യൻ എംബസിയിലും പരാതി നൽകിയെങ്കിലും നടപടി വന്നില്ല. ഇന്ത്യാക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ബാധ്യതയുള്ള ഒമാൻ ഇന്ത്യൻ എംബസി ഉറക്കം നടിക്കുന്നതും ജീവനക്കാർക്ക് പ്രശ്‌നം സൃഷ്ടിക്കുന്നു. എംബസി ഇടപെടൽ വന്നാൽ ജീവനക്കാർക്ക് പാസ്‌പോർട്ടും ശമ്പള കുടിശികയും നൽകാൻ സ്‌പോൺസർ തയ്യാറായേക്കും. പക്ഷെ എംബസി നടത്തുന്ന ഓപ്പൺ ഫോറത്തിൽ കൂടി പരാതി നൽകിയിട്ടും ഇതുവരെ ഒരു നടപടിയും വന്നിട്ടില്ല. പരാതി ഞങ്ങൾ സോർട്ട് ഔട്ട് ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന മറുപടിയാണ് ലഭിക്കുന്നത്. ഇതിലും കാര്യമായി ഇടപെട്ടത് ഒമാൻ ലേബർ കോടതിയാണ്. ഒമാൻ ലേബർ കോടതി അധികൃതർ ഇവരുടെ പരാതി കേട്ടിരുന്നു. അവർ സ്‌പോൺസറുമായി സംസാരിക്കുകയും ചെയ്തു. പക്ഷെ പണമില്ല എന്ന മറുപടിയാണ് സ്‌പോൺസർ നൽകിയത്. ഇതോടെ ശമ്പള കുടിശിക വാങ്ങി നൽകാം. സമയം എടുക്കും. അതുവരെ കാക്കുക എന്ന നിലപാടിലാണ് ലേബർ കോടതി അധികൃതർ.

ലേബർ കോടതി നടപടികൾ തീരുമാനമാകാതെ നീളുമ്പോൾ ജീവനക്കാരുടെ ചങ്കും ഇടിക്കുന്നുണ്ട്. പല തൊഴിലാളികളുടെ ലേബർ കാർഡ് കാലാവധി താമസം വിനാ അവസാനിക്കും. ഇതോടെ ഒമാനിൽ നിന്നും മടങ്ങുക തന്നെ പ്രയാസമാകും. അതിനാണ് ഇവർ ഇന്ത്യൻ എംബസിക്ക് പരാതി നൽകുകയും ഓപ്പൺ ഫോറത്തിൽ കാര്യം അവതരിപ്പിക്കുകയും ചെയ്തത്. സുഷമാ സ്വരാജിന്റെ മരണത്തോടെ പല പ്രവാസികൾക്കും ആലംബം നഷ്ടമായ അവസ്ഥയിലാണ്. പ്രവാസികളുടെ പ്രശ്‌നങ്ങളിൽ നിരന്തരമായി ഇടപെട്ടു പരിഹാരം നൽകിയിരുന്നതിനാൽ സുഷമ മന്ത്രിക്കസേരയിൽ ഇരിക്കുമ്പോൾ പ്രവാസികൾക്ക് വലിയ ആത്മ ധൈര്യമായിരുന്നു. ഊരാക്കുടുക്കായ പ്രശ്‌നങ്ങൾ നേരിട്ട് ഇടപെട്ടു കാലതാമസം കൂടാതെ പരിഹരിക്കുന്നതിനാൽ പ്രവാസികളുടെ അമ്മ എന്നാ വിശേഷണമാണ് പ്രവാസികൾ സുഷമയ്ക്ക് നൽകിയത്. അതുകൊണ്ട് തന്നെ ഇത്തരം ഓരോ പ്രശ്‌നമുണ്ടാകുമ്പോഴും മലയാളികൾ സുഷമയുടെ വേർപാടിന്റെ വിലയറിയുകയും ചെയ്യുന്നു. മലയാളികൾ അടക്കമുള്ള ഒട്ടനവധി ആളുകളുടെ പ്രശ്‌നങ്ങൾക്ക്, ട്വിറ്റർ വഴി ലഭിച്ച ഒട്ടനവധി പരാതികൾക്ക് നിമിഷ നേരം കൊണ്ട് സുഷമ തീർപ്പുണ്ടാക്കിയിരുന്നു. ഇപ്പോൾ പരാതി ലഭിച്ചാലും നടപടികൾ അനന്തമായി നീളുകയാണ്. ഇതും മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് കുരിശായി മാറുകയാണ്. മസ്‌ക്കറ്റ് ബേക്കറിയിൽ നിന്ന് സ്‌പോൺസറുടെ കയ്യും കാലും പിടിച്ച് കേരളത്തിൽ എത്തിയ ജിബിൻ പ്രശ്‌നങ്ങൾ മറുനാടൻ മലയാളിയോട് വിശദീകരിച്ചത് ഇങ്ങനെ:

ഒമാൻ മലയാളികൾ ചതിയിൽ കുടുങ്ങിയിരിക്കുന്നു: ജിബിൻ

വലിയ ചതിയിലാണ് ഒമാൻ മലയാളികൾ കുടുങ്ങിയിരിക്കുന്നത്. ശമ്പളവും ഭക്ഷണവുമില്ലാതെ നരകിക്കുകയാണ് മലയാളികൾ. മലയാളികൾ, ബംഗാളികൾ, പിന്നെ പാക് സ്വദേശികളും ഈ ബേക്കറിയിൽ ജോലി ചെയ്യുന്നുണ്ട്. ശമ്പള മുടക്കം പതിവായതോടെ പാസ്‌പോർട്ടും വാങ്ങി കുടിശിക ഒഴിവാക്കി മടങ്ങാൻ കഴിഞ്ഞതുകൊണ്ടാണ് എനിക്ക് കേരളത്തിൽ എത്താൻ കഴിഞ്ഞത്. അല്ലെങ്കിൽ മറ്റുള്ളവരെ പോലെ ഞാനും പെട്ടെനെ. ഞാൻ കേരളത്തിൽ ഉള്ളതുകൊണ്ടാണ് ഈ വിവരം വാർത്ത വഴി അറിയിക്കാൻ കഴിയുന്നത്. ഷറഫുദ്ദീനെ തന്നെയാണ് ഞാൻ പഴി ചാരുന്നത്. അയാൾ മലയാളികൾ അടക്കമുള്ള ആളുകളെ ചതിച്ചതാണ്. ശമ്പളവും പാസ്‌പോർട്ടും ഇല്ലാത്തതിനാൽ വലിയ കുരുക്കിലാണ് എന്റെ സഹ പ്രവർത്തകർ അകപ്പെട്ടിരിക്കുന്നത്. ഷറഫുദ്ദീൻ മുങ്ങിയിരിക്കുകയാണ്. സ്‌പോൺസർക്ക് ബേക്കറി നടത്താൻ അല്ലാതെ ശമ്പളം നൽകാൻ താത്പര്യമില്ല. ഷറഫുദ്ദീൻ മസ്‌ക്കറ്റിൽ ഉണ്ടാക്കിയ കടങ്ങൾ വീട്ടാനുള്ള ശ്രമത്തിലാണ് സ്‌പോൺസർ ആയ കല്പ.

ലേബർ കോടതിയിൽ പരാതി നൽകിയിട്ടുണ്ട്. ഇന്ത്യൻ എംബസിയുടെ അദാലത്തിൽ പരാതിയും നൽകിയിട്ടുണ്ട്,.ലേബർ കോടതി പറയുന്നത് രണ്ടു മൂന്നു മാസം ഇനിയും കഴിയും എന്നാണ്. ശമ്പളം വാങ്ങി നൽകാം. കോടതി നടപടികൾ നീളും. അത് വരെ കാത്തിരിക്കണമെന്നാണ്. ലേബർ കോടതിയുടെ നിലപാട്. ഇവർ സ്‌പോൺസറുമായി സംസാരിച്ചിരുന്നു. സ്‌പോൺസർ പറയുന്നത് ശമ്പളം നൽകാൻ കാശില്ലെന്നാണ്. അതിനു ശേഷം ലേബർ കോടതിയുടെ ആളുകൾ പറഞ്ഞത് ശമ്പള കാര്യത്തിൽ താമസം വരുമെന്നാണ്. നിങ്ങളുടെ ശമ്പളകുടിശിക ഈടാക്കി നൽകാൻ ശ്രമം നടത്താം എന്നാണ്. അത് വാങ്ങി നൽകുമെന്ന് പറയുന്നുമില്ല. ഇതാണ് തൊഴിലാളികളുടെ പ്രതിസന്ധി വർദ്ധിപ്പിക്കുന്നത്.

പാസ്‌പോർട്ടും ഒരു മാസത്തെ ശമ്പളവും കിട്ടിയാൽ വിട്ടു പോരാൻ തൊഴിലാളികൾ തയ്യാറാണ്. പക്ഷെ ഫണ്ടില്ല എന്നാണു സ്‌പോൺസർ പറയുന്നത്. കേസ് ആയാൽ കാത്തിരിപ്പ് പിന്നെയും നീളും. ജോലിക്കാരുടെ ലേബർ കാർഡിന്റെ കാലാവധിയും കഴിയും. ലേബർ കാർഡിന്റെ കാലാവധി കഴിഞ്ഞാൽ മടങ്ങാൻ പ്രയാസമാകും. സ്‌പോൺസറുടെ കയ്യിലാണ് പാസ്സ്‌പോർട്ട്. പത്ത് തവണ പറഞ്ഞിട്ടാണ് എനിക്ക് പാസ്‌പോർട്ട് തിരികെ ലഭിക്കുന്നത്. ഇപ്പോൾ ജീവനക്കാരെ കാണാൻ സ്‌പോൺസർ തയ്യാറാകുന്നില്ല. മലയാളികൾ മടങ്ങാൻ സമ്മർദ്ദം ചെലുത്തുന്നതിനാൽ മലയാളികളെ കാണാൻ തീരെ തയ്യാറല്ല. ഇവരോട് സംസാരിക്കാനേയില്ല എന്നും പറയുന്നു. എംബസിക്ക് പരാതി നൽകി. അവർ വന്നു പോയി. ഓപ്പൺ ഫോറത്തിലും പരാതി പറഞ്ഞിട്ടുണ്ട്. ഞങ്ങൾ സോർട്ട് ഔട്ട് ചെയ്യും എന്ന് പറയുന്നുണ്ട്. പക്ഷെ നടപടികൾ ഇല്ല-ജിബിൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP