Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡാണ് സുഭാഷ് വാസു; തനിക്കും കുടുംബത്തിനും എതിരെയുള്ള ആരോപണങ്ങൾ ഉണ്ടയില്ലാ വെടി; മക്കാവിൽ തനിക്ക് ഫ്ലാറ്റില്ല; ഉണ്ടെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും; കായംകുളം, കട്ടച്ചിറ എഞ്ചിനീയറിങ് കോളേജിൽ നിന്നും മൈക്രോ ഫിനാൻസിൽ നിന്നും കോടിക്കണക്കിന് രൂപയാണ് അടിച്ചുമാറ്റിയത്; ഈ കണക്ക് ചോദിച്ചതിനാണ് തങ്ങൾക്കെതിരെ തിരിഞ്ഞത്; സുഭാഷ് വാസുവിന്റെ ആരോപണങ്ങൾ നിഷേധിച്ച് തുഷാർ വെള്ളാപ്പള്ളി; വാസുവിന് ബിജെപി പിന്തുണയില്ലെന്നും തുഷാർ

കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡാണ് സുഭാഷ് വാസു; തനിക്കും കുടുംബത്തിനും എതിരെയുള്ള ആരോപണങ്ങൾ ഉണ്ടയില്ലാ വെടി; മക്കാവിൽ തനിക്ക് ഫ്ലാറ്റില്ല; ഉണ്ടെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും; കായംകുളം, കട്ടച്ചിറ എഞ്ചിനീയറിങ് കോളേജിൽ നിന്നും മൈക്രോ ഫിനാൻസിൽ നിന്നും കോടിക്കണക്കിന് രൂപയാണ് അടിച്ചുമാറ്റിയത്; ഈ കണക്ക് ചോദിച്ചതിനാണ് തങ്ങൾക്കെതിരെ തിരിഞ്ഞത്; സുഭാഷ് വാസുവിന്റെ ആരോപണങ്ങൾ നിഷേധിച്ച് തുഷാർ വെള്ളാപ്പള്ളി; വാസുവിന് ബിജെപി പിന്തുണയില്ലെന്നും തുഷാർ

മറുനാടൻ ഡെസ്‌ക്‌

ചേർത്തല: തനിക്കും പിതാവ് വെള്ളാപ്പള്ളി നടേശനും എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച സുഭാഷ് വാസുവിന് മറുപടിയുമായി ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി. കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡാണ് സുഭാഷ് വാസുവെന്ന് തുഷാർ വെള്ളാപ്പള്ളി ആരോപിച്ചു. തനിക്കും കുടുംബത്തിനും എതിരെയുള്ള ആരോപണങ്ങൾ ഉണ്ടയില്ലാ വെടിയാണെന്നും തുഷാർ പറഞ്ഞു.

മക്കാവിൽ തനിക്ക് ഫ്ലാറ്റില്ല. ഉണ്ടെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും. കായംകുളം, കട്ടച്ചിറ എഞ്ചിനീയറിങ് കോളേജിൽ നിന്നും,
മൈക്രോ ഫിനാൻസിൽ നിന്നും കോടിക്കണക്കിന് രൂപയാണ് സുഭാഷ് വാസു അടിച്ച് മാറ്റിയത്. ഈ കണക്ക് ചോദിച്ചതിനാണ് തങ്ങൾക്കെതിരെ തിരിഞ്ഞത്. സുഭാഷ് വാസുവിന് ബിജെപി പിന്തുണയില്ല. അയാളെ പരിചയം പോലുമില്ലെന്നാണ് അമിത്ഷാ പറഞ്ഞത്. വലിയ തട്ടിപ്പ് വീരന്റെ കൂടെ, ഡി.ജി.പി.ആയിരുന്ന സെൻകുമാർ നിൽക്കുമെന്ന് കരുതുന്നില്ല. ബിഡിജെഎസിൽ ൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 20 ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

20 ന് ചേരുന്ന സംസ്ഥാന നേതൃയോഗത്തിൽ പുറത്താക്കൽ പ്രഖ്യാപിക്കും. പാർട്ടി ബൈലോ പ്രകാരമുള്ള സാങ്കേതിക തടസങ്ങൾ മറികടക്കാനാണ് സംഘടനാ നടപടിക്ക് 20 വരെ കാത്തിരിക്കുന്നത്. അതേസമയം വെള്ളാപ്പള്ളി നടേശൻ എൻജിനിയറിങ് കോളേജ് വഴി മാത്രം സുഭാഷ് വാസു 107 കോടിയുടെ അഴിമതി നടത്തിയിട്ടുണ്ടെന്ന് തുഷാർ വെള്ളാപ്പള്ളി ആരോപിച്ചു. പാർട്ടി അച്ചടക്കം ലംഘിച്ച സുഭാഷ് വാസുവിനെ പുറത്താക്കാൻ ബിഡിജെഎസ് സംസ്ഥാന കൗൺസിൽ തീരുമാനമെടുത്തു കഴിഞ്ഞു. എന്നാൽ സാങ്കേതികത മറികടക്കാൻ പുറത്താക്കൽ പ്രഖ്യാപനം 20 ന് നടത്തുന്നു എന്ന് മാത്രമേ ഉള്ളു എന്നാണ് കൗൺസിൽ വിശദീകരണം. അതേസമയം വെള്ളാപ്പള്ളി കുടുംബത്തിനെതിരെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ സുഭാഷ് വാസു നാളെ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. നേരത്തെ വാർത്താസമ്മേളനം വിളിച്ച സുഭാഷ് വാസു ഗുരുതര ആരോപണമാണ് വെള്ളാപ്പള്ളി കുടുംബത്തിനെതിരെ ഉന്നയിച്ചത്.

ഈഴവ സമുദായത്തിന്റെ രക്തം ഊറ്റി കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി കുടുംബമെന്നായിരുന്നു സുഭാഷ് വാസുവിന്റെ ആരോപണം. തന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് മറ തീർക്കുന്നതിന് വേണ്ടിയാണ് എൻഡിഎയുമായി തുഷാർ വെള്ളാപ്പള്ളി സഹകരിക്കുന്നതെന്നും സുഭാഷ് വാസു ആരോപിച്ചിരുന്നത്. അനധികൃത മാർഗത്തിലൂടെ തുഷാർ വെള്ളാപ്പള്ളി 500 കോടിയോളം രൂപ സമ്പാദിച്ചു. വർഷങ്ങൾക്ക് മുൻപ് ഒരു കോടി 80 ലക്ഷമായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ ആസ്തി. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ നാമനിർദ്ദേശ പത്രികയിൽ നിന്ന് ഇക്കാര്യങ്ങൾ വ്യക്തമാണെന്നും സുഭാഷ് വാസു ആരോപിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി സ്ഥാപനങ്ങൾ തുഷാർ വെള്ളാപ്പള്ളിയുടെ പേരിലുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ ആർജിച്ച സ്വത്ത് സംരക്ഷിക്കുന്നതിന് വേണ്ടിയാണ് എൻഡിഎയുമായുള്ള സഹകരണം തുഷാർ വെള്ളാപ്പള്ളി തുടരുന്നത്. അല്ലാതെ ജനങ്ങളെ സേവിക്കാനോ, ഈഴവസമുദായത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനോ അല്ല അദ്ദേഹം എൻഡിഎയുമായി സഹകരിക്കുന്നതെന്നും സുഭാഷ് വാസു ആരോപിക്കുകയുണ്ടായി.

തുഷാറിന്റെ സമ്പത്തിൽ വൻ വർദ്ധനവ് ഉണ്ടായ കാര്യവും സുഭാഷ് വാസു ചൂണ്ടിക്കാട്ടിയിരുന്നു. 2002ൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുമ്പോൾ അവർ സ്ഥിരീകരിച്ചത് അദ്ദേഹത്തിന്റെ സമ്പത്ത് ഒരു കോടി 80 ലക്ഷം രൂപയായിരുന്നു. ഇന്ന് ഏകദേശം 500 കോടിയുടെ സമ്പത്ത് അദ്ദേഹത്തിനുണ്ട്. അദ്ദേഹം എൻ.ഡി.എയുമായി സഹകരിക്കുന്നത് നിയമാനുസൃതമല്ലാതെ സമ്പാദിച്ച സ്വത്ത് സമ്പത്ത് നഷ്ടപ്പെടുമോ എന്ന വ്യഥകൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു. തനിക്ക് കോന്നിയിൽ വസ്തുവുണ്ടെന്ന് കാര്യം അദ്ദേഹം സ്ഥിരീകരിച്ചു. 2002 കാലഘട്ടത്തിൽ ഹരിപ്പാടുള്ള ഹോട്ടൽ വിറ്റ് വാങ്ങിയതാണെന്ന് അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി പ്രസ്ഥാനത്തിൽ നിന്ന് ഊറ്റിയെടുത്ത സ്വത്തുകൊണ്ട് വെള്ളാപ്പള്ളി കുടുംബം മക്കാവുവിൽ ഫ്‌ളാറ്റ് വാങ്ങിയിട്ടുണ്ടെന്ന് സുഭാഷ് വാസു ആരോപിച്ചു. ഇതിനൊപ്പം ദുബായിലെ കേസിൽ തുഷാറിനെ കുടുക്കിയതിന് പിന്നിലൊരു മറിയ ഉണ്ടെന്നും പറഞ്ഞു. കൂടുതൽ വെളിപ്പെടുത്തുന്നില്ലെന്നും തനിക്കും മൂന്നരലക്ഷം ദിർഹം തരാനുണ്ടെന്നും സുഭാഷ് വാസു പറഞ്ഞു.

മദ്യ കച്ചവടമാണ് വെള്ളാപ്പള്ളി നടേശൻ ചെയ്യുന്നത്. എസ്.എൻ.ഡി.പി യിലൂടെ അനധികൃതമായി സമ്പാദിച്ച സ്വത്ത് സംരക്ഷിക്കാൻ വേണ്ടിയാണ് എൻ.ഡി.എക്ക് ഒപ്പം നിൽക്കുന്നത്. ആഗോള ചൂതാട്ട കേന്ദ്രമായ മക്കാവു ദ്വീപിൽ വരെ വെള്ളാപ്പള്ളിക്കും കുടുംബത്തിനും സ്വത്തുണ്ട്. ഇതെല്ലാം അവർ അനധികൃതമായി സമ്പാദിച്ചതാണ്. വെള്ളാപ്പള്ളി നടത്തിയ വലിയ അഴിമതികളുടേയും കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളുടേയും വിവരങ്ങൾ പുറത്തുവരും. തുഷാർ വെള്ളാപ്പള്ളി പ്രവർത്തകരെ വഞ്ചിക്കുകയാണ്. പത്രസമ്മേളനം നടത്തുമ്പോൾ മാത്രമാണ് തുഷാർ പ്രസിഡന്റ് ആകുന്നതെന്നും ബി.ഡി.ജെ.എസിന് വേണ്ടി പ്രവർത്തിച്ചത് താനാണെന്നും സുഭാഷ് വാസു പറഞ്ഞു. തുഷാർ പാർട്ടി പ്രസിഡന്റായി അഭിനയിക്കുകയാണ്. തുഷാറിന് അനധികൃത സ്വത്തുകളുണ്ട്. ദുബായിൽ തുഷാറിന്റെ ബിസിനസിന്റെ കരാർ ഏറ്റെടുത്ത് നടത്തിയ വകയിൽ 3.60 ലക്ഷം ദിർഹം തനിക്ക് നൽകാനുണ്ട്. ഈ പണം ഇതുവരേയും തുഷാർ തന്നില്ലെന്നുമാത്രമല്ല, വധഭീഷണി മുഴക്കുകയാണ്?. ചെക്ക് കേസിൽപ്പെട്ട് തുഷാറിന് ദുബായിൽ കിടക്കേണ്ടി വന്നത് സ്വന്തക്കാർ മൂലമാണെന്നും സുഭാഷ് വാസു പറയുകയുണ്ടായി. നേരത്തെ സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് സുഭാഷ് വാസു രാജിവെച്ചിരുന്നു.

അതേസമയം വെള്ളാപ്പള്ളിക്കെതിരെ ആരോപണം ഉന്നയിച്ച സുഭാഷ് വാസുവിനെതിരെ പ്രത്യാരോപണങ്ങളാണ് എസ്എൻഡിപി നേതൃത്വം രംഗത്തുണ്ട്. സ്പിരിറ്റ് ലോറി പൊട്ടിത്തറിച്ച് മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പുനരന്വേഷണം വേണമെന്നാണ് എസ്എൻഡിപി നേതാക്കൾ ഉന്നയിച്ച ആരോപണം. കല്ലുവാതുക്കൽ മദ്യദുരന്തം ഉൾപ്പടെയുള്ള കാര്യങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുണ്ടാകുമെന്നും വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തരായ നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. രേഖകൾക്ക് പുറമെ ഓഫിസിലുണ്ടായിരുന്ന ശ്രീനാരായണ ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹംവരെ സുഭാഷ് വാസു കടത്തിയതായും സമുദായ നേതാക്കൾ കുറ്റപ്പെടുത്തുന്നു. മൊക്രോ ഫിനാൻസ് പദ്ധതിക്കായി ധനകാര്യ സ്ഥാപനങ്ങൾ നൽകിയ വായ്പത്തുക ഉയർന്ന പലിശയ്ക്കാണ് സമുദായാംഗങ്ങൾക്ക് നൽകിയതെന്നും ഈ വകയിലെ ക്രമക്കേടിന്റെ വ്യാപ്തി കൂടിവരികയാണെന്നും നേതാക്കൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP