Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസുകാരനെ വെടിവെച്ച് കൊന്നത് ജനങ്ങളിൽ ഭീതി വളർത്താൻ; സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളത് 17 പേർ; ഗൂഢാലോചന നടത്തിയത് കർണാടകയിലും ഡൽഹിയിലുമായി; സംഘത്തിൽ ചാവേറാകാൻ പരിശീലനം ലഭിച്ച മൂന്നു പേരും; താവളമൊരുക്കുക ലോക്കൽ പൊലീസിന് പോലും കടന്നു ചെല്ലാൻ ഭയം തോന്നുന്ന ഇടങ്ങളിൽ; കളിയിക്കാവിളയിൽ പൊലീസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ നൽകുന്ന വിവരങ്ങൾ ദക്ഷിണേന്ത്യ തീവ്രവാദികളുടെ സജീവ സാന്നിധ്യ മേഖലയെന്ന്

പൊലീസുകാരനെ വെടിവെച്ച് കൊന്നത് ജനങ്ങളിൽ ഭീതി വളർത്താൻ; സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളത് 17 പേർ; ഗൂഢാലോചന നടത്തിയത് കർണാടകയിലും ഡൽഹിയിലുമായി; സംഘത്തിൽ ചാവേറാകാൻ പരിശീലനം ലഭിച്ച മൂന്നു പേരും; താവളമൊരുക്കുക ലോക്കൽ പൊലീസിന് പോലും കടന്നു ചെല്ലാൻ ഭയം തോന്നുന്ന ഇടങ്ങളിൽ; കളിയിക്കാവിളയിൽ പൊലീസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ നൽകുന്ന വിവരങ്ങൾ ദക്ഷിണേന്ത്യ തീവ്രവാദികളുടെ സജീവ സാന്നിധ്യ മേഖലയെന്ന്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കളിയിക്കാവിളയിൽ പൊലീസുകാരനെ വെടിവെച്ചു കൊന്ന സംഭവത്തിൽ 17 പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തി. ഇവരിൽ മൂന്ന് പേർ ചാവേറാകാൻ പോലുമുള്ള പരിശീലനം ലഭിച്ചവരാണെന്നും പ്രതികൾ അന്വേഷണ സംഘത്തോട് പറഞ്ഞു. തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഗൂഢാലോചന നടത്തിയത് കർണാടകയിലും ഡൽഹിയിലും ഗൂഢാലോചന നടത്തിയെന്നും വിവരമുണ്ട്.

അൽഉമ്മ തീവ്രവാദി ഗ്രൂപ്പിന് കേരളത്തിലുൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സുരക്ഷിത ഒളിത്താവളങ്ങളുള്ളതായി ഇന്റലിജൻസും സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യപ്രതികൾക്കുവേണ്ടിയുള്ള തെരച്ചിലിനിടെയാണ് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. പൊലീസോ നാട്ടുകാരോ കടക്കാൻ ഭയക്കുന്ന പോക്കറ്റുകളാണ് പല ഒളിത്താവളങ്ങളുമെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു.

തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പ്രതികളെ ചോദ്യം ചെയ്യുന്നത് ഉടുപ്പിയിലാണ്. ഈ ചോദ്യം ചെയ്യലിലാണ് 17 പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചത്. ഇവരിൽ മൂന്ന് പേർക്ക് ചാവേറാക്രമണത്തിന് പരിശീലനം ലഭിച്ചിരുന്നുവെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. 17 പേർ കർണാടകയിലും ഡൽഹിയിലുമായി തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഗൂഢാലോചന നടത്തിയെന്നും പൊലീസ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

പ്രതികളെ തമിഴ്‌നാട് പൊലീസിനു കർണാടക പൊലീസ് ഉടൻ വിട്ടു നൽകില്ല. കർണാടകയിൽ സ്ഫോടന ശേഖരം കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യാനുള്ളതിനാനാലാണിത്. പ്രതികൾക്ക് തോക്ക് ലഭിച്ചതുമായി ബന്ധപ്പെട്ടും വിശദമായ അന്വേഷണം നടക്കുന്നുണ്ട്. മുംബൈയിൽ വച്ചാണ് തോക്ക് ലഭിച്ചതെന്ന് വിവരമുണ്ട്.

കളിയിക്കാവിള കൊലപാതകക്കേസിലെ പ്രതികളും അൽഉമ്മ പ്രവർത്തകരുമായ അബ്ദുൽ ഷെമീമും തൗഫീക്കും കൊലപാതകത്തിന് മുമ്പും പിമ്പും കേരളത്തിനകത്തും പുറത്തുമുള്ള തീവ്രവാദ ക്യാമ്പുകളിൽ അഭയം തേടിയിരുന്നുവെന്നാണ് സൂചന. അതീവ രഹസ്യമായി തീവ്രവാദ പ്രവർത്തനത്തിലേർപ്പെടുന്ന ഇവർക്ക് ഇന്ത്യയൊട്ടാകെ വേരുകളുണ്ട്. അടുത്ത ബന്ധുക്കൾക്കോ നാട്ടുകാർക്കോ പോലും തിരിച്ചറിയാൻ കഴിയാത്തവരാണ് ഇതിന്റെ പ്രവർത്തകരിൽ പലരും. തമിഴ്‌നാട്ടിൽ ഹിന്ദുമുന്നണി പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവമുൾപ്പെടെ അൽഉമ്മ പ്രവർത്തകർ ആസൂത്രണം ചെയ്ത പല ക്രിമിനൽ പ്രവൃത്തികളിലും നേരിട്ടും അല്ലാതെയും പങ്കെടുത്ത പലരും ഇത്തരം സുരക്ഷിത താവളങ്ങളിലാണ് കൃത്യത്തിനുശേഷം അഭയം തേടിയിയതെന്നാണ് ഇന്റലിജൻസിന് കിട്ടിയ വിവരം.

കേരള - തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെയാണ് അൽ ഉമ്മയുടെ പ്രവർത്തനം വ്യാപകമായത്. പൗരത്വ ബില്ലിൽ പ്രതിഷേധം ശക്തമായതോടെ അത് മുതലെടുക്കാനും അതിന്റെ മറവിൽ അക്രമ പ്രവർത്തനങ്ങൾക്കും ഇവർ പദ്ധതിയിട്ടിരുന്നുവെന്നും ഇന്റലിജൻസിന് വിവരമുണ്ട്. മിന്നൽ ആക്രമണങ്ങളായിരുന്നുവത്രേ ഇവർ ആസൂത്രണം ചെയ്തിരുന്നത്.സംശയിക്കാത്ത പ്രവർത്തനംകേരളത്തിലെ ഏതാണ്ട് പകുതിയോളം ജില്ലകളിൽ അൽ ഉമ്മയ്ക്ക് സംഘടനാ സംവിധാനം നിലവിലുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ആരും സംശയിക്കാത്ത വിധത്തിലാണ് ഇവരുടെ പ്രവർത്തനശൈലി.

ആർക്കും സംശയത്തിന് ഇടനൽകാത്ത നിലയിൽ പല ക്രിമിനൽ പ്രവർത്തനങ്ങളിലും അൽ ഉമ്മ പങ്കെടുത്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾക്ക് ശേഷം ഇവർ സുരക്ഷിതമായ ഒളിത്താവളങ്ങളിലേക്ക് മാറും. ലോക്കൽ പൊലീസിന് കടന്നു ചെല്ലാൻ പോലും ഭയമുള്ള പ്രദേശങ്ങൾ ഉണ്ടെന്നാണ് വിവരം. അക്രമങ്ങൾക്ക് പിന്നിലുള്ള തങ്ങളുടെ പങ്ക് തിരിച്ചറിയുന്നുണ്ടോയെന്ന് നിരീക്ഷിച്ചശേഷമേ ഇവർ താവളം വിടൂ. പങ്ക് തിരിച്ചറിഞ്ഞാൽ ഒളിവിൽ കഴിഞ്ഞുകൊണ്ടുതന്നെ കേസിൽ നിന്ന് തലയൂരുന്നതിനാവശ്യമായ പഴുതുകളും ഇവർ ഒരുക്കും. ഒളിവിൽ കഴിയുമ്പോഴും മറ്റും ഇവരെ സാമ്പത്തികമായി സഹായിക്കാൻ ഹവാലപണം ഇടപാട് ലോബികളും കള്ളക്കടത്ത് സംഘങ്ങളും സജീവമാണ്.

അൽ ഉമ്മ പ്രവർത്തകരിൽ പലരും ചെറുകിട ബിസിനസുകാരും റിയൽ എസ്റ്റേറ്റ് സംഘങ്ങളായും പ്രവാസിയായുമാണ് നാട്ടിൽ അറിയപ്പെടുക. എഎസ്ഐയുടെ കൊലപാതകക്കേസിൽ പിടിയിലായ അബ്ദുൾ ഷെമീമിനും തൗഫീക്കിനും മുമ്പ് വീട് വാടകയ്‌ക്കെടുത്ത് നൽകിയ വിതുര സ്വദേശി സെയ്ദലിയും നാട്ടിൽ ഗൾഫുകാരനായാണ് അറിയപ്പെട്ടിരുന്നത്. ഗൾഫിലാണെന്ന പേരിൽ സ്വന്തം നാട്ടിൽ നിന്ന് മാറിനിന്ന സെയ്ദലി മറ്റൊരിടത്ത് താമസിച്ചാണ് തീവ്രവാദ സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചത്. സംഘടനാ പ്രവർത്തനത്തിനായി ഇവർക്ക് വൻ സാമ്പത്തിക സഹായം പുറത്ത് നിന്ന് ലഭിക്കുന്നതായും ഇന്റലിജൻസിന് വിവരം ലഭിച്ചിട്ടുണ്ട്. അനധികൃത പണം ഇടപാട്, കള്ളക്കടത്ത് എന്നിവയും ഇവർ നടത്തുന്നതായാണ് വിവരം. തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് ഇത്തരം ഇടപാടുകളുള്ള ചിലർ സംശയനിഴലിലാണ്.

രണ്ട് മാസം മുമ്പ് തമിഴ്‌നാട്ടിൽ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ കൊടും ക്രിമിനൽ തിരുവനന്തപുരത്തെ കേന്ദ്രത്തിൽ ഒളിച്ച് താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് സംഘം ദിവസങ്ങളോളം ഇവിടെ തമ്പടിച്ചിരുന്നു. എന്നാൽ, ക്രമസമാധാന പ്രശ്‌നങ്ങൾ കണക്കിലെടുത്ത് സിറ്റി പൊലീസ് താത്പര്യമെടുക്കാത്തതിനാൽ തമിഴ്‌നാട് പൊലീസിന് അവിടേക്ക് കടന്നുചെല്ലാനായില്ല. കർണാടകയിലും അൽഉമ്മയുടെ പ്രവർത്തനം ശക്തമാണ്. അബ്ദുൾ ഷെമീമിനും തൗഫീക്കിനും കുടകിൽ അഭയം നൽകിയതോടെ കർണാടകയിലെ അൽഉമ്മ പ്രവർത്തകരുടെ വിവരങ്ങളും ഉടൻ പുറത്താകും.

കേരളത്തിൽ ഏതാണ്ട് നൂറിലധികം പേർക്ക് അൽഉമ്മയുമായി സജീവ ബന്ധമുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെല്ലാം സംസ്ഥാന പൊലീസിന്റെയും ഇന്റലിജൻസിന്റെയും തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പൊലീസിന്റെയും നിരീക്ഷണത്തിലാണ്. കേരളത്തിൽ തീവ്രവാദ സംഘങ്ങൾ കൂടുതൽ ഉള്ളത് തെക്കൻ ജില്ലകളിലാണ്. തിരുവനന്തപുരത്തും കൊല്ലത്തും ശക്തമായ വേരുകളാണ് തീവ്രവാദ സംഘങ്ങൾക്കുള്ളതെന്ന് പൊലീസും തിരിച്ചറിയുന്നു. കാസർഗോഡും കണ്ണൂരും കോഴിക്കോടും പാലക്കാടും മലപ്പുറത്തും ഐസിസ് ബന്ധങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ തിരുവനന്തപുരത്തും കൊല്ലത്തും ഇതിനേയും വെല്ലുന്ന തരത്തിലാണ് ഭീകരരുടെ സാന്നിധ്യം. ഇവർക്ക് അൽ ഉമ പോലുള്ള സംഘങ്ങളുമായി വലിയ അടുപ്പമുണ്ടെന്നും പൊലീസ് കണ്ടെത്തുന്നു. അൽഉമ്മയുടെ പുതിയ രൂപമായ തമിഴ്‌നാട് നാഷണൽ ലീഗാണ് കളിയിക്കാവിളയിൽ എസ് ഐയെ കൊന്നത്. ഈ സംഘത്തിന് തിരുവനന്തപുരത്ത് ശക്തമായ അടിവേരുകളുണ്ട്.

കളിയിക്കാവിളയിൽ എസ്എസ്ഐയെ വെടിവച്ചു കൊന്നതിനു പിന്നാലെ തമിഴ്‌നാട് ക്യു ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് തീവ്രവാദ ഗ്രൂപ്പുകളുടെ ശൃംഖല വ്യക്തമാകുന്നത്. തീര-മലയോര മേഖലകളെ ഇവർ സുരക്ഷിത താവളമാക്കുന്നുണ്ട്. പൊലീസിനെത്തന്നെ ലക്ഷ്യമിട്ട് ജനങ്ങളിൽ ഭീതി വിതയ്ക്കുകയായിരുന്നു കളിയിക്കാവിള കൊലപാതകത്തിന്റെ ലക്ഷ്യം. വർക്കലയിലെ ഡിഎച്ച് ആർ എം മോഡൽ കൊലയിലേക്കാണ് ഇതും വിരൽ ചൂണ്ടുന്നത്. തങ്ങളുടെ ശക്തി അറിയിക്കാനായിരുന്നു വർക്കലയിൽ ഡി എച്ച് ആർ എം കൊല നടത്തിയത്. ഇതാണ് കളിയിക്കാവളിയിലും സംഭവിച്ചത്.

വടക്കൻ ജില്ലകളെ അപേക്ഷിച്ച് ഇതുവരെ തീവ്രവാദ സംഘങ്ങളുടെ സാന്നിധ്യമില്ലെന്നു കരുതിയിരുന്ന തിരുവനന്തപുരം ജില്ലയിൽ ഇത്തരം സംഘങ്ങൾ സജീവമാണെന്നു വ്യക്തമായതോടെ കർശന ജാഗ്രത പാലിക്കാൻ സിറ്റി പൊലീസ് കമ്മിഷണർക്കും റൂറൽ പൊലീസ് മേധാവിക്കും ഡിജിപി നിർദ്ദേശം നൽകി. ഇത്തരം സംഘങ്ങളുടെ കണ്ണികൾ ഉണ്ടാകാനിടയുള്ള മേഖലകളിൽ നിരീക്ഷണവും ശക്തമാക്കി. തമിഴ്‌നാട് പൊലീസിന്റെ മാതൃകയിൽ സംശയിക്കുന്നവരുടെ പട്ടികയും പൊലീസ് ഉടൻ തയാറാക്കും. കളിയിക്കാവിള, ഇടിച്ചക്കപ്ലാമൂട്, വിതുര, പൂന്തുറ മേഖലകളിലാണു തീവ്രവാദ സംഘങ്ങളുമായി നേരിട്ടും ഫോണിലും ബന്ധപ്പെട്ടവരുടെ സാന്നിധ്യം ഉള്ളത്. ഇവർ തീവ്ര വർഗീയ നിലപാടുള്ളവരാണ്.

തമിഴ്‌നാട്ടിലെ ചില ഏറ്റുമുട്ടലുകളിലും ആക്രമണങ്ങളിലും ഇവർ പങ്കാളികളായിരുന്നു. വർഗീയ സംഘർഷങ്ങൾക്കു കേരളത്തിൽ നിന്നു തമിഴ്‌നാട്ടിലേക്കും അവിടെ നിന്നു കേരളത്തിലേക്കും സംഘങ്ങളെ തന്ത്രപരമായി നിയോഗിക്കുന്നുണ്ട്. ജില്ലയിൽ തീവ്രവാദ ഗ്രൂപ്പുകളുടെ സാന്നിധ്യം കണക്കിലെടുത്ത് അതിർത്തി ചെക്പോസ്റ്റുകളിൽ കർശന വാഹന പരിശോധന ഇനി നടത്തും. കളിയിക്കാവിളയ്ക്ക് സമാനമായി കേരളത്തിൽ ഇതിനു മുമ്പ് സമാനമായ സംഭവമുണ്ടായതു 2009 സെപ്റ്റംബർ 29-നു വർക്കലയിലാണ്. അന്നു ശിവപ്രസാദ് എന്ന നിരപരാധിയെ വെട്ടിക്കൊലപ്പെടുത്തുകയും സമീപത്തെ ചായക്കട ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റ് (ഡി.എച്ച്.ആർ.എം) സ്ഥാപകനേതാവ് ഉൾപ്പെടെ 14 പേർ അറസ്റ്റിലായിരുന്നു.

എട്ട് പ്രതികൾക്കു കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. രണ്ടുപേരെ ഇനിയും പിടികിട്ടാനുണ്ട്. കൊല്ലപ്പെട്ട ശിവപ്രസാദിനോടു പ്രതികൾക്കു വൈരാഗ്യമില്ലായിരുന്നെന്നും ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും ജനശ്രദ്ധ നേടാനുമാണു 'വെറുതേ ഒരു കൊലപാതകം' നടത്തിയതെന്നുമാണു പൊലീസ് വിശദീകരിച്ചത്. ഇത് തന്നെയാണ് കളിയിക്കാവിളയിലും സംഭവിച്ചത്. അതിനിടെ കളിയിക്കാവിളയിൽ എസ്ഐ വിൽസണെ വധിച്ച കേസിലെ മുഖ്യപ്രതികളായ അബ്ദുൾ ഷമീം, തൗഫീക്ക് എന്നിവർ കർണാടകയിലെ ഉഡുപ്പി റെയിൽവേ സ്റ്റേഷനിൽനിന്നു പിടിയിലായി. കർണാടകത്തിലേക്കു കടന്ന പ്രതികൾ സംസ്ഥാനം വിടാൻ ശ്രമിക്കുന്നതിനിടെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചും തമിഴ്‌നാട് ക്യൂ ബ്രാഞ്ചും ചേർന്ന് ഇന്നലെ ഉച്ചയോടെ പിടികൂടുകയായിരുന്നു.

രണ്ടുപ്രതികൾക്കും തോക്ക് എത്തിച്ച് നൽകിയ ഇജാസ് പാഷയെ ഇന്നലെ ബെംഗളുരു പൊലീസ് പിടികൂടിയിരുന്നു. നിരോധിത തീവ്രവാദ സംഘടനയായ അൽഉമ്മയുടെ പുതിയ രൂപമായ തമിഴ്‌നാട് നാഷണൽ ലീഗിന്റെ പ്രവർത്തകനായ ഇജാസിൽനിന്നു ലഭിച്ച പ്രതികളുടെ പുതിയ ഫോൺ നമ്പർ നിരീക്ഷിച്ചാണ് അറസ്റ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP