Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കെട്ടിടങ്ങളും കോൺഫറൻസ് ഹാളുകളും ഭൂമിക്കടിയിലേക്കു താഴ്‌ത്തിയ തൂണുകളും തുരുത്തിനും ചുറ്റും സ്ഥാപിച്ച വില്ലകളും പൊളിച്ചുനീക്കണം; അവശിഷ്ടങ്ങൾ കായലിൽ വീഴാതെ നോക്കേണ്ടത് പരിസ്ഥിതി സംരക്ഷണത്തിന് അത്യാവശ്യം; മിനി മുത്തൂറ്റിന്റെ സെവൻ സ്റ്റാർ റിസോർട്ട് പൊളിക്കാൻ ഫണ്ടില്ലെന്ന് പാണാവള്ളി പഞ്ചായത്ത്; സുപ്രീം കോടതി വിധിയുള്ളതിനാൽ പൂർണമായും പൊളിച്ചുനീക്കി ദ്വീപ് പഴയ സ്ഥിതിയിൽ പുനഃസ്ഥാപിക്കേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടവും; കാപ്പിക്കോയിൽ ഉടൻ ബുൾഡോസറെത്തും

കെട്ടിടങ്ങളും കോൺഫറൻസ് ഹാളുകളും ഭൂമിക്കടിയിലേക്കു താഴ്‌ത്തിയ തൂണുകളും തുരുത്തിനും ചുറ്റും സ്ഥാപിച്ച വില്ലകളും പൊളിച്ചുനീക്കണം; അവശിഷ്ടങ്ങൾ കായലിൽ വീഴാതെ നോക്കേണ്ടത് പരിസ്ഥിതി സംരക്ഷണത്തിന് അത്യാവശ്യം; മിനി മുത്തൂറ്റിന്റെ സെവൻ സ്റ്റാർ റിസോർട്ട് പൊളിക്കാൻ ഫണ്ടില്ലെന്ന് പാണാവള്ളി പഞ്ചായത്ത്; സുപ്രീം കോടതി വിധിയുള്ളതിനാൽ പൂർണമായും പൊളിച്ചുനീക്കി ദ്വീപ് പഴയ സ്ഥിതിയിൽ പുനഃസ്ഥാപിക്കേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടവും; കാപ്പിക്കോയിൽ ഉടൻ ബുൾഡോസറെത്തും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മിനി മുത്തൂറ്റ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നിർമ്മിച്ച വേമ്പനാട് കായലിലെ നെടിയതുരുത്തിലുള്ള കാപ്പിക്കോ റിസോർട്ടും പൊളിക്കും. നെടിയതുരുത്ത് ദ്വീപിൽ 350 കോടി രൂപ മുടക്കി നിർമ്മിച്ച റിസോർട്ട് പൊളിച്ചുമാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ ഉടമകൾ സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി തള്ളിയ സാഹചര്യത്തിലാണ് ഇത്. റിസോർട്ട് പൊളിക്കുന്നതിനെക്കുറിച്ച് ആലപ്പുഴ ജില്ലാ ഭരണകൂടവും പാണാവള്ളി പഞ്ചായത്തും പ്രാഥമിക ചർച്ചകൾ തുടങ്ങി. സുപ്രീം കോടതി ഉത്തരവ് പഞ്ചായത്ത് സെക്രട്ടറിയെ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിൽനിന്ന് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടികൾ.

മരടിലെ ഫ്ളാറ്റുകളുമായി താരതമ്യം ചെയ്താൽ ഇവിടെ ബഹുനില കെട്ടിടങ്ങളില്ല. അതിനാൽ സ്ഫോടനത്തിലൂടെ കെട്ടിടങ്ങൾ തകർക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ വലിയ പ്രശ്‌നങ്ങളൊന്നുമില്ലാത്ത കെട്ടിടങ്ങൾ പൊളിക്കാമെന്നാണ് വിലയിരുത്തൽ. അപ്പോഴും പാരിസ്ഥിതിക പ്രശ്‌നങ്ങൾ വെല്ലുവിളിയായുണ്ട്. കെട്ടിടങ്ങളും കോൺഫറൻസ് ഹാളുകളും ഭൂമിക്കടിയിലേക്കു താഴ്‌ത്തിയ തൂണുകളും തുരുത്തിനും ചുറ്റും സ്ഥാപിച്ച വില്ലകളും പൊളിച്ചുനീക്കും. അവശിഷ്ടങ്ങൾ കായലിൽ വീഴാതെ നോക്കണം. കോടതിവിധി പ്രകാരം പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പൊളിക്കൽ നടപടികൾ പൂർത്തിയാക്കേണ്ടത്. അതിനുള്ള സംവിധാനങ്ങളും സാമ്പത്തിക ശേഷിയും ഇല്ലെന്നാണ് പാണാവള്ളി പഞ്ചായത്ത് അധികൃതരുടെ വാദം. ഈ സാഹചര്യത്തിൽ ജില്ലാ ഭരണകൂടം മുൻകൈയെടുക്കേണ്ടിവരും.

ഇക്കാര്യത്തിൽ സർക്കാരിൽ നിന്നുള്ള നിർദ്ദേശത്തിനു കാക്കുകയാണെന്നു കലക്ടർ എം.അഞ്ജന പറഞ്ഞു. സർക്കാരിനു സുപ്രീം കോടതിയുടെ വിധിപ്പകർപ്പ് ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ എന്തു നടപടിയെടുക്കണമെന്നു സർക്കാർ ജില്ലാ ഭരണകൂടത്തെ അറിയിക്കും. അതിനു ശേഷമേ പൊളിച്ചു മാറ്റുന്നത് എങ്ങനെയെന്ന് ഉൾപ്പെടെ തീരുമാനമെടുക്കൂ. റിസോർട്ട് സ്ഥിതി ചെയ്യുന്ന നെടിയതുരുത്ത് ദ്വീപ് ഉൾപ്പെടുന്ന പാണാവള്ളി പഞ്ചായത്തിന്റെ സെക്രട്ടറിയുമായി കലക്ടർ ഇന്നലെ ചർച്ച നടത്തി. സുപ്രീം കോടതി വിധിയുള്ളതിനാൽ പൂർണമായും പൊളിച്ചുനീക്കി ദ്വീപ് പഴയ സ്ഥിതിയിൽ പുനഃസ്ഥാപിക്കേണ്ടി വരും. അതിനുള്ള ചെലവ് റിസോർട്ട് ഉടമകളിൽനിന്ന് ഈടാക്കുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

വേമ്പനാട്ടു കായലിലെ നൂറുകണക്കിനു ചെറു ദ്വീപുകളിലൊന്നാണ് പെരുമ്പളം ദ്വീപിനും പാണാവള്ളി പഞ്ചായത്തിനും ഇടയിലെ നെടിയതുരുത്ത്. പാണാവള്ളി പഞ്ചായത്തിന്റെ അധികാരപരിധിയിലാണ് ഈ ദ്വീപ്. ആകെ വിസ്തൃതി 24 ഏക്കർ, പട്ടയമുള്ളത് 3.70 ഏക്കർ, ഉടമസ്ഥത (2006 നു മുൻപ്) 4 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി 1.70 ഏക്കറും എറണാകുളം സ്വദേശി രത്‌ന ഈശ്വറിന് 2 ഏക്കറും. ഇപ്പോൾ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഭൂമി ഏതാനും സ്വകാര്യ സംരംഭകരുടെ പങ്കാളിത്തത്തോടെ രത്‌ന ഈശ്വർ ഏറ്റെടുത്തു. എല്ലാവരും രാജ്യാന്തര ഹോട്ടൽ സംരംഭകരായ കാപ്പിക്കോയുമായി ചേർന്ന് ദ്വീപിൽ റിസോർട്ട് നിർമ്മിക്കാൻ പഞ്ചായത്തിൽ അപേക്ഷ നൽകി. പഞ്ചായത്തിന്റെ അനുമതി ലഭിച്ചതോടെ 8 ഏക്കർ സ്ഥലം കൂടി പോക്കുവരവ് ചെയ്തതായി പഞ്ചായത്ത് രേഖകളിൽ പറയുന്നു.

57 വില്ലകൾ, 3500 ചതുരശ്ര മീറ്ററിൽ കോൺഫറൻസ് ഹാൾ, വില്ലകൾക്ക് ആകെ 7 ഏക്കറിൽ സ്വകാര്യ സ്വിമ്മിങ് പൂളുകൾ. 2012 ൽ വില്ലകളുടെ നിർമ്മാണം പൂർത്തിയായി. കായൽ ദർശനമായാണ് ദ്വീപിലെ മുഴുവൻ വില്ലകളും നിർമ്മിച്ചിരിക്കുന്നത്. ആകാശക്കാഴ്ചയിൽ ദ്വീപിനു ചുറ്റും ഹൗസ്‌ബോട്ടുകൾ കെട്ടിയിട്ടതുപോലെയാണ്. തീരദേശ നിയന്ത്രണ മേഖലാ (സിആർസെഡ്) വിജ്ഞാപനങ്ങൾ പാലിക്കാതെ ദ്വീപ് നിവാസികൾക്കും മത്സ്യബന്ധന സംവിധാനങ്ങൾക്കും അനുവദിച്ച ഇളവുകൾ ദുരുപയോഗം ചെയ്ത് റിസോർട്ടിന് അനുമതി നൽകിയെന്നാണ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്.

പരിസ്ഥിതി ലോല പ്രദേശങ്ങൾ ഉൾപ്പെടുന്ന സിആർസെഡ് 1 വിഭാഗത്തിൽപ്പെടുന്നതാണ് നെടിയതുരുത്ത് ദ്വീപ്. അതിനാൽ മുഴുവൻ പ്രദേശവും നോ ഡവലപ്‌മെന്റ് സോൺ ആണ്. ദ്വീപ് ഉൾപ്പെട്ട മേഖല എഫ്പി (ഫിൽട്രേഷൻ പോണ്ട്) വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. റിസോർട്ട് നിർമ്മാണത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ ഊന്നിവലകൾ നശിപ്പിക്കപ്പെട്ടതോടെയാണ് കേസുകൾക്കു തുടക്കം. 2008 ൽ ചേർത്തല മുൻസിഫ് കോടതിയിൽ രജിസ്റ്റർ ചെയ്ത കേസ് തള്ളിയതോടെ മത്സ്യത്തൊഴിലാളികൾ ഹൈക്കോടതിയെ സമീപിച്ചു. 2013ൽ റിസോർട്ട് പൊളിച്ചു മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെ 2014 ൽ കാപിക്കോ റിസോർട്ട് ഉടമകൾ സുപ്രീം കോടതിയെ സമീപിച്ചു. ഈ കേസിലാണ് ഇപ്പോൾ വിധി.

കാപ്പികോ റിസോർട്ട് പൊളിച്ചാലും മിനി മുത്തൂറ്റിന് നഷ്ടമുണ്ടാകില്ലെന്ന വിലയിരുത്തലും സജീവമാണ്. അത്ര കരുതലോടെയാണ് നിയമ ലംഘനത്തിന് അവർ ഫണ്ട് ഉണ്ടാക്കിയത്. കാപികോ കേരള റിസോർട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് അഞ്ചു ദേശസാത്കൃത ബാങ്കുകളിൽനിന്നും കെ.എസ്ഐ.ഡി.സി.യിൽനിന്നുമായി എടുത്തത് 200 കോടിയുടെ വായ്പയാണ്. 2007-ൽ നിർമ്മാണം തുടങ്ങിയതുമുതൽ 2011 വരെയാണ് വായ്പയെടുത്തിട്ടുള്ളത്. ഈ തുക ഇനി മുത്തൂറ്റ് തിരിച്ചടയ്ക്കില്ല. തൊഴിലിടങ്ങൾ നഷ്ടമായ മത്സ്യത്തൊഴിലാളികൾ നടത്തിയ ഇടപെടലിലാണ്, കോടികളുടെ മുതൽമുടക്കിൽ നിർമ്മിച്ച പഞ്ചനക്ഷത്ര റിസോർട്ട് പൊളിക്കുന്നത്. ഊന്നിവല തൊഴിലാളികളായ 12 പേരും തൈക്കാട്ടുശ്ശേരി കേന്ദ്രീകരിച്ചുള്ള മത്സ്യത്തൊഴിലാളി സംഘടനയും ജനസമ്പർക്ക സമിതിയും നൽകിയ ഹർജിയിലാണ് 2013 ജൂലായിൽ ആദ്യം റിസോർട്ട് പൊളിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. സുപ്രീകോടതി ഇതാണ് അംഗീകരിച്ചത്.

150 കോടിയാണ് പ്രാഥമികഘട്ടത്തിൽ മുതൽമുടക്ക് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇത് 350 കോടിയും കടന്നെന്നാണു വിലയിരുത്തൽ. വായ്പ തിരിച്ചടച്ചിട്ടില്ലെന്നാണ് ബാങ്കുകളിൽനിന്നുള്ള വിവരം. 2012-ൽ ഗ്രൂപ്പ് പാണാവള്ളി പഞ്ചായത്തിൽ കെട്ടിടനികുതിയായി അടച്ചത് 38.74 ലക്ഷം രൂപ. കെട്ടിട നമ്പറിനായാണ് നികുതിയടച്ചത്. പിന്നീട് നികുതി അടച്ചിട്ടില്ല. കേസ് കാരണമായിരുന്നു ഇത്. ബാങ്കുകളുടെ വായ്പയിലും ഇത് തന്നെയാണ് സംഭവിക്കുകയെന്നാണ് സൂചന. ദിവസം നാലുലക്ഷം ലിറ്റർവെള്ളമാണ് റിസോർട്ടിന്റെ പ്രവർത്തനത്തിനു കണക്കാക്കിയിരുന്നത്. ഇതിനായി ജപ്പാൻ കുടിവെള്ളപദ്ധതി വഴി വെള്ളംകിട്ടാൻ ശ്രമിച്ചെങ്കിലും പ്രാദേശികമായ എതിർപ്പുകളെത്തുടർന്നു നടന്നില്ല. കണ്ടൽക്കാടുകളടക്കം നിറഞ്ഞിരുന്ന നെടിയതുരുത്ത് മത്സ്യങ്ങളുടെ പ്രജനനത്തിനു പറ്റിയ ഇടമായിരുന്നു. റിസോർട്ട് നിർമ്മാണത്തിലൂടെ ഇതിന്റെ സാധ്യതകളെല്ലാം ഇല്ലാതായതായാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. പൊളിക്കാൻ ഉത്തരവുണ്ടായ ഘട്ടത്തിൽ പൊളിച്ചാലുണ്ടാകുന്ന പാരിസ്ഥിതികാഘാതം റിസോർട്ടുടമകളും ഉയർത്തിയിരുന്നു. എന്നാൽ, അതു പ്രത്യേക സമിതിയുടെ അന്വേഷണത്തിൽ തള്ളി. ഇതാണ് പിന്നീട് നിയമ പോരാട്ടത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

കാപ്പിക്കോ റിസോർട്ട് പൊളിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കാപ്പികോ ഉടമകൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സൂപ്രീംകോടതി ഉത്തരവിട്ടത്. ജസ്റ്റിസ് റോഹിങ്ടൺ നരിമാനും വി രാമസുബ്രഹ്മണ്യവും വിശദമായ വാദം കേട്ടതിന് ശേഷമാണ് വിധി പറഞ്ഞത്. ചേർത്തല പാണാവള്ളിയിൽ വേമ്പനാട് കായൽ പരപ്പിലാണ് നെടിയതുരുത്തിലെ അനധികൃത സപ്തനക്ഷത്ര റിസോർട്ട് സമുച്ചയം. പ്രഥമദൃഷ്ട്യാ നടന്ന കായൽ കയ്യേറ്റത്തിനും തീരപരിപാലന ലംഘനത്തിനുമെതിരെ മത്സ്യത്തൊഴിലാളി മേഖലയിലെ വിവിധ സംഘടനകളും എഐവൈഎഫും നടത്തിയ പോരാട്ടങ്ങൾ നിരവധിയാണ്. വേമ്പനാട് കായൽ പരപ്പിലെ ദ്വീപായ നെടിയതുരുത്തിന് 9.5 ഏക്കർ വിസ്തീർണ്ണമാണുണ്ടായിരുന്നത്. നെൽവയലുകളും ചെമ്മീൻ വാറ്റ് കേന്ദ്രങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഏതാനും കുടുംബങ്ങളായിരുന്നു ഇവിടുത്തെ താമസക്കാർ.

പലരുടെയും ഉടമസ്ഥതയിൽ നിന്നും ഈ ഭൂപ്രദേശം ഈശ്വരപിള്ളയും രത്നാ ഈശ്വരപിള്ളയും വാങ്ങി സ്വന്തമാക്കി. 2007 ൽ ഇവർ ഇത് കുവൈറ്റ് ആസ്ഥാനമായുള്ള കാപ്പിക്കോ കേരള പ്രൈവറ്റ് ലിമിറ്റഡ് എന്ന അന്തർദേശിയ കമ്പനിക്ക് കൈമാറി. ഇവിടെ വൻകിട റിസോർട്ട് നിർമ്മിച്ച് സിംഗപ്പൂർ ആസ്ഥാനമായുള്ള ബന്യൻ ട്രീ ഹോട്ടൽ ആൻഡ് റിസോർട്ടിന് കൈമാറുക എന്നതായിരുന്നു രത്നാ ഈശ്വരൻ ഡയറക്ടറായുള്ള കാപ്പിക്കോ കമ്പനിയുടെ ലക്ഷ്യം. തുടർന്ന് നെടിയാതുരുത്തിലെ 9.5 ഏക്കർ ഭൂപ്രദേശം 20 ഏക്കറായി വികസിപ്പിച്ചു. ഏകദേശം 250 കോടി രൂപ ചെലവിട്ട് 59 വില്ലകളും അനുബന്ധ കെട്ടിടങ്ങളും നിർമ്മിച്ചു. ശക്തമായ നീരൊഴുക്കുള്ള കായലിൽ ഇറിഗേഷൻ വകുപ്പിന്റെ അനുമതി വാങ്ങാതെ ഉണ്ടായിരുന്ന ജെട്ടി നശിപ്പിച്ചു. നീരൊഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് ഉപജീവന മാർഗ്ഗം തടസ്സപ്പെട്ടു.

കായലിനടിയിലൂടെ വൈദ്യുതി കേബിൾ വലിക്കാനുള്ള ശ്രമം മത്സ്യത്തൊഴിലാളികൾ തടഞ്ഞെങ്കിലും പിന്നീട് അവർ അത് സാധ്യമാക്കി. തീരത്തുനിന്നും 50 മീറ്റർ അകലം, കെട്ടിടങ്ങൾ തമ്മിലുള്ള അകലം 20 മീറ്റർ, പരമാവധി ഉയരം ഒൻപത് മീറ്റർ തുടങ്ങിയ നിയമങ്ങളും ഇവിടെ ലംഘിക്കപ്പെട്ടു. അഞ്ച് കോടിക്ക് മേൽവരുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന ചട്ടവും ഇവിടെ പഴങ്കഥയായി. മത്സ്യത്തൊഴിലാളി യൂണിയൻ (എഐടിയുസി) മണ്ഡലം സെക്രട്ടറി സി പി പത്മനാഭനാണ് കായൽ കയ്യേറിയും തീരപരിപാലന വിജ്ഞാപനത്തെ ലംഘിച്ചുകൊണ്ടും നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെയുള്ള കേസ് നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP