Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭക്തിയുടെ നിറവിൽ ഇന്ന് ശബരിമല മകര വിളക്ക്; മകര വിളക്കിന്റെ പുണ്യ ദർശനത്തിനായി ശരണമന്ത്രങ്ങളുരുവിട്ട് മല ചവിട്ടി കാത്തിരിക്കുന്നത് ലക്ഷക്കണക്കിന് ഭക്തന്മാർ: ശരണം വിളിയിൽ ലയിച്ച് പൂങ്കാവനത്തിലെ പർണശാലകൾ: കിഴക്കൻ ചക്രവാളത്തിൽ ഇന്ന് വൈകിട്ട് മകര നക്ഷത്രം ഉദിക്കും

ഭക്തിയുടെ നിറവിൽ ഇന്ന് ശബരിമല മകര വിളക്ക്; മകര വിളക്കിന്റെ പുണ്യ ദർശനത്തിനായി ശരണമന്ത്രങ്ങളുരുവിട്ട് മല ചവിട്ടി കാത്തിരിക്കുന്നത് ലക്ഷക്കണക്കിന് ഭക്തന്മാർ: ശരണം വിളിയിൽ ലയിച്ച് പൂങ്കാവനത്തിലെ പർണശാലകൾ: കിഴക്കൻ ചക്രവാളത്തിൽ ഇന്ന് വൈകിട്ട് മകര നക്ഷത്രം ഉദിക്കും

സ്വന്തം ലേഖകൻ

ശബരിമല: ഭക്തിയുടെ നിറവിൽ ഇന്ന് ശബരിമല മകര വിളക്ക്. മകര ജ്യോതിയുടെ പുണ്യ ദർശനത്തിനായി അനേകായിരം ഭക്തന്മാരാണ് ശബരിമലയിൽ തടിച്ചു കൂടിയിരിക്കുന്നത്. കേരളത്തിന് അകത്തും പുറത്തും ഉള്ള അനേകം ഭക്തർ ശരണമന്ത്രങ്ങളുമായി ദിവസങ്ങൾക്ക് മുന്നേ തന്നെ ശബരിമലയിലേക്ക് എത്തി തുടങ്ങിയിരുന്നു. കഠിന വ്രതത്താൽ ശമം ചെയ്ത മനസ്സുമായി മലകയറി എത്തിയ ഭക്തർ മകര വിളക്കിന്റെ സുകൃത ദർശനത്തിനായി കാത്തിരിക്കുകയാണ്.

പൂങ്കാവനത്തിലെ പർണശാലകളിൽ നിന്നു ശരണം വിളിയും ഭജന കീർത്തനവും കേൾക്കാം. ലക്കണക്കിന് വിശ്വാസികളുടെ തൊണ്ടപൊട്ടിയുള്ള ശരണം വിളിയിൽ അങ്ങകലെ പൊന്നമ്പല മേട്ടിൽ മിന്നിത്തെളിയുന്ന മകരവിളക്ക് ഭക്തർക്ക് ഒരു ജന്മത്തിന്റെ സാക്ഷാത്കാരമാണ്. ശബരിമലയിലെ ഓരോ വിശ്വാസകാലത്തെയും അടയാളപ്പെടുത്തുന്ന പൊന്നമ്പല മേട്ടിൽ തെളിയുന്ന മകരവിളക്ക് ഭക്തരുടെ സാഫല്യമാണ്. കല്ലുംമുള്ളും ചവിട്ടി മലകയറിയെത്തിയവർക്ക് അവകാശപ്പെട്ട ദർശന പുണ്യം.

പന്തളത്തു നിന്ന് ആഘോഷമായി കൊണ്ടുവരുന്ന തിരുവാഭരണം ചാർത്തി ഇന്ന് വൈകിട്ട് 6.30ന് ദീപാരാധന നടക്കും. ഈ സമയത്ത് കിഴക്കൻ ചക്രവാളത്തിൽ മകര നക്ഷത്രം ഉദിക്കും. തുടർന്നു പൊന്നമ്പലമേട്ടിൽ കർപ്പൂര ജ്യോതിയും തെളിയും. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെ കണ്ടു തൊഴാനും ജ്യോതി ദർശിച്ച് പുണ്യം നേടാനുമാണ് ഭക്തലക്ഷങ്ങൾ കാത്തിരിക്കുന്നത്. പൊന്നമ്പലമേട് കാണാവുന്ന സ്ഥലങ്ങളിലെല്ലാം അയ്യപ്പന്മാരുടെ പർണശാലകൾ ഉണ്ട്. പ്രധാന ചടങ്ങായ പമ്പവിളക്കും പമ്പാസദ്യയും നടത്തി പതിനായിരങ്ങൾ കൂടി എത്തിയതോടെ സന്നിധാനം തിങ്ങി നിറഞ്ഞു.

അപകടങ്ങൾ ഒഴിവാക്കാൻ വലിയ സുരക്ഷാ സന്നാഹങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. അതിനു പുറമേ സന്നിധാനത്ത് രണ്ട് പമ്പ, നിലയ്ക്കൽ ,പുല്ലുമേട് എന്നിവിടങ്ങളിൽ ഓരോ എസ്‌പിമാരുടെയും മേൽനോട്ടത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. ദേവസ്വം ബോർഡും ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അഥോറിറ്റിയും എല്ലാ മുന്നൊരുക്കങ്ങളും നടത്തി.

മകരമാസം തുടങ്ങുന്ന മകരം ഒന്നിനാണ് മകര വിളക്ക് ഉത്സവം. പൊന്നമ്പലമേട്ടിലാണ് മകര വിളക്ക് തെളിയുന്നത്. എന്നാൽ, ഭക്തർ വിശ്വാസപൂർവ്വം ദർശിക്കുന്ന മകരജ്യോതി അമാനുഷികമാണോ അതോ മാനുഷികം തന്നെയാണോ എന്ന തർക്കം കാലങ്ങളായി നിലനിന്നിരുന്നു. എന്നാൽ, 2008ൽ വിവാദം കടുത്തപ്പോൾ മകരജ്യോതി മാനുഷിക നിർമ്മിതമാണെന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേശ്വര് സമ്മതിച്ചിരുന്നു. ദേവസ്വം ബോർഡ് ജീവനക്കാരും അയ്യപ്പസേവാസംഘം പ്രവർത്തകരും പൊലീസ് സംരക്ഷണയിൽ പൊന്നമ്പലമേട്ടിൽ എത്തി കർപ്പൂരം കത്തിക്കുന്നതാണ് മകരജ്യോതി എന്നായിരുന്നു അന്ന് അദ്ദേഹം നല്കിയ വിശദീകരണം.

വിശ്വാസികൾ ഭക്തിയോടെ കാത്തിരുന്ന മകരജ്യോതി തെളിയുന്നത് എങ്ങനെയെന്ന് ആദ്യം മുതലേ തർക്കവിതർക്കങ്ങൾ ഉണ്ടായിരുന്നു. പൊന്നമ്പലമേട്ടിൽ ശാസ്താവിന്റെ മൂലസ്ഥാനത്ത് പണ്ട് ആദിവാസികൾ വിളക്ക് തെളിയിച്ച് ദീപാരാധന നടത്തിയിരുന്നു. മകരവിളക്കായി അറിയപ്പെട്ടത് ഇതായിരുന്നെന്ന് വാദിക്കുന്നവരുണ്ട്.

പിന്നീട്, ആദിവാസികളെ മാറ്റി ദേവസ്വം ബോർഡ് അധികൃതർ തന്നെ മകരവിളക്ക് തെളിയിക്കുകയായിരുന്നു. എന്നാൽ, സർക്കാരും ദേവസ്വം ബോർഡും മകരവിളക്ക് തെളിയിക്കുന്നതിനുള്ള അനുമതി ആദിവാസികൾക്ക് തന്നെ വിട്ടു നല്കണമെന്ന് വാദിക്കുന്നവരുമുണ്ട്. മകരവിളക്കിന്റെ കാര്യത്തിൽ പലപ്പോഴായി വന്ന സർക്കാരുകൾ മൗനം പാലിച്ചതും പലപ്പോഴും വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്.

മകരവിളക്ക് കഴിഞ്ഞ് പൊന്നമ്പലമേട്ടിൽ എത്തിയവരാണ് 'മകരജ്യോതി' തെളിഞ്ഞതിന്റെ ശേഷിപ്പുകൾ തൽസ്ഥലത്ത് നിന്ന് കണ്ടെത്തിയത്. തുടർന്നാണ് മകരജ്യോതി മാനുഷികസ്പർശം ഏറ്റ് തെളിയുന്നതാണെന്നുള്ള ധാരണ ചില വിശ്വാസികളിലെങ്കിലും ശക്തമായത്. എന്നാൽ, മകരജ്യോതി മാനുഷികമാണെങ്കിലും അമാനുഷികമാണെങ്കിലും അതിനെ തള്ളിപ്പറയാൻ വയ്യെന്നാണ് മിക്ക വിശ്വാസികളുടെയും നിലപാട്.

അതേസമയം, കാലാന്തരത്തിൽ മകരവിളക്കായി പരിഗണിച്ചത് ആദിവാസികൾ നടത്തിവന്ന പൂജയാണെന്ന് വിശ്വസിക്കുന്നവരാണ് അധികവും. അതുകൊണ്ടു തന്നെ വനംവകുപ്പും ദേവസ്വം ബോർഡും ചേർന്ന് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിക്കുന്നതിനു പകരമായി ആദിവാസികൾക്ക് അവരുടെ പൂജയും ആചാരങ്ങളും വിട്ടുകൊടുത്ത് വിശ്വാസത്തിന്റെ പേരിൽ സർക്കാർ നടത്തുന്ന ഭക്തിചൂഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നവരും ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP