Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സർക്കാർ ഉദ്യോഗസ്ഥന്മാരെ കൃത്യ നിഷ്ഠ പഠിപ്പിക്കാൻ കൊട്ടിഘോഷിച്ച് തുടങ്ങിയ പഞ്ചിങ് സമ്പ്രദായം നടപ്പിലാകുമ്പോൾ മടിയന്മാർക്കുള്ള ലൈസൻസായി; ഒരു ദിവസം ഏഴ് മണിക്കൂർ മാത്രം ജോലി നിർബന്ധമാക്കിയിട്ടും ഒരു മണിക്കൂർ വരെ വൈകാൻ അനുമതി നൽകി സുഖിപ്പിച്ച് പേരിന് മാത്രം പഞ്ചിങ് ഏർപ്പെടുത്തി സർക്കാർ; മാസത്തിൽ പത്ത് മണിക്കൂർ അധികം ജോലി സ്ഥലത്തുണ്ടെങ്കിൽ ഒരു അവധിയും ഫ്രീ; പോരാത്തതിന് പെൻഷൻ പ്രായവും കൂട്ടി നൽകും; സർക്കാർ ജീവനക്കാരെ സുഖിപ്പിക്കാൻ പിണറായിയും

സർക്കാർ ഉദ്യോഗസ്ഥന്മാരെ കൃത്യ നിഷ്ഠ പഠിപ്പിക്കാൻ കൊട്ടിഘോഷിച്ച് തുടങ്ങിയ പഞ്ചിങ് സമ്പ്രദായം നടപ്പിലാകുമ്പോൾ മടിയന്മാർക്കുള്ള ലൈസൻസായി; ഒരു ദിവസം ഏഴ് മണിക്കൂർ മാത്രം ജോലി നിർബന്ധമാക്കിയിട്ടും ഒരു മണിക്കൂർ വരെ വൈകാൻ അനുമതി നൽകി സുഖിപ്പിച്ച് പേരിന് മാത്രം പഞ്ചിങ് ഏർപ്പെടുത്തി സർക്കാർ; മാസത്തിൽ പത്ത് മണിക്കൂർ അധികം ജോലി സ്ഥലത്തുണ്ടെങ്കിൽ ഒരു അവധിയും ഫ്രീ; പോരാത്തതിന് പെൻഷൻ പ്രായവും കൂട്ടി നൽകും; സർക്കാർ ജീവനക്കാരെ സുഖിപ്പിക്കാൻ പിണറായിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരോ ഫയലിലും ഉറങ്ങുന്നത് ഓരോ ജീവനുകളാണ്... അതുകൊണ്ട് നിങ്ങളെല്ലാം കൃത്യസമയത്ത് വരണമെന്ന് പറഞ്ഞ മുഖ്യമന്ത്രി ജീവനക്കാരെ നിലയ്ക്ക് നിർത്താൻ പഞ്ചിങ് സംവിധാനവും ഏർപ്പെടുത്തി. അങ്ങനെ എല്ലാവർക്കും ഏഴ് മണിക്കൂർ ജോലി നിർബന്ധമാക്കി. ഇതോടെ എതിർപ്പുകൾ ഉയർന്നു. പഞ്ചിംഗിൽ പ്രതിസന്ധിയായി. ഇത് മറികടക്കാൻ ഏറെ കൂടിയാലോചനകൾ വന്നു. ഒടുവിൽ മാർഗ്ഗ നിർദ്ദേശങ്ങൾ വരുമ്പോൾ ജീവനക്കാർക്ക് മടി തുടരാനുള്ള ലൈസൻസായി അത് മാറുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നര വർഷം മാത്രം ശേഷിക്കെ സർക്കാർ ഉദ്യോഗസ്ഥരെ പിണക്കാൻ പിണറായി സർക്കാരിന് താൽപ്പര്യമില്ല. പെൻഷൻ പ്രായവും കൂട്ടുമെന്നാണ് സൂചന. 

സ്പാർക്ക് സംവിധാനത്തിലൂടെ ശമ്പളം വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിൽ പഞ്ചിങ് നടപ്പാക്കുന്നതിനുള്ള ഇത്തരം മാർഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തി പൊതുഭരണ വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചപ്പോൾ ആശ്വാസം ജീവനക്കാർക്ക് മാത്രമാണ്. ഈ ബജറ്റ് പ്രഖ്യാപനത്തിൽ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പെൻഷൻ പ്രായം 57ആയെങ്കിലും കുറഞ്ഞത് ഉയർത്തും. പെൻഷൻ പ്രായം 58ആക്കാനും സാധ്യതയുണ്ട്. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് പഞ്ചിംഗിലും ജീവനക്കാരുടെ ആവശ്യങ്ങൾ എല്ലാം അംഗീകരിക്കുന്നത്. മാസത്തിൽ പത്തുമണിക്കൂറോ അതിലധികമോ അധികസമയം ജോലിചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് ഒരുദിവസം പകരം അവധി (കോമ്പൻസേറ്ററി ഓഫ്) അനുവദിക്കും. ഗസറ്റഡ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കും. അതായത് ഒരു മാസം പത്ത് മണിക്കൂർ അധികമായി പഞ്ച് ചെയ്താൽ അധിക അവധി. ഓഫീസിൽ കറങ്ങി നടന്ന് താമസിച്ച് പഞ്ചിങ് ചെയ്താലും ഈ ആനുകൂല്യം കിട്ടും. പത്ത് മണിക്ക് വന്നതായി പഞ്ച് ചെയ്ത് ആറു മണിക്ക് വീണ്ടും പഞ്ച് ചെയ്യുക. ഇങ്ങനെ മാസത്തിൽ പത്ത് തവണ ചെയ്താൽ ഒരു ദിവസം വീട്ടിൽ ഇരിക്കാം.

ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പാക്കാൻ സംസ്ഥാനത്തെ എല്ലാ സർക്കാർഓഫീസുകളിലും ആധാർ അധിഷ്ടിത സോഫ്റ്റ്‌വേറായ സ്പാർക്കുമായി ബന്ധിപ്പിച്ച് പഞ്ചിങ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ഇത് തീർത്തും ജീവനക്കാർക്ക് അനുകൂലമാണ്. തെരഞ്ഞെടുപ്പിലേക്ക് സർക്കാർ പോകുന്നു. തുടർഭരണമാണ് ലക്ഷ്യം. അതുകൊണ്ട് തന്നെ ജീവനക്കാരെ ഒപ്പം നിർത്താനാണ് സർക്കാരിന്റെ ശ്രമം. ഇല്ലെങ്കിൽ പദ്ധതികളെല്ലാം ഇവർ അട്ടിമറിക്കുമെന്നും സർക്കാർ ഭയക്കുന്നു. ഈ സാഹചര്യത്തിലാണ് ജീവനക്കാർക്ക് കൂടുതൽ ഉഴപ്പാനാകുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. ഇടത് സംഘടനകളുടെ സമ്മർദ്ദം കൂടി ഇതിലേക്ക് കാര്യങ്ങലെത്തിച്ചിട്ടുണ്ട്.

ഓരോ ദിവസത്തെയും നിർബന്ധിത പ്രവൃത്തിസമയമായ ഏഴുമണിക്കൂർ കഴിഞ്ഞുള്ള ജോലിസമയമാണ് അധികസമയമായി പഞ്ചിംഗിൽ കണക്കാക്കുക. ബയോമെട്രിക് പഞ്ചിങ് സ്പാർക്കുമായി ബന്ധിപ്പിക്കുന്ന ഓഫീസുകളിലെ ജീവനക്കാർക്കാണ് ഈ ആനുകൂല്യം. മാസം ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള പരമാവധി ഗ്രേസ് സമയം 300 മിനിറ്റാണ്. ഒരുദിവസം വിനിയോഗിക്കാവുന്നത് ഒരു മണിക്കൂറും. ഗ്രേസ് സമയം ഓരോ മാസവും 16 മുതൽ അടുത്ത 15 വരെയാണ് കണക്കാക്കുന്നത്. പകുതിദിവസത്തെ ജോലിക്കും ഗ്രേസ് സമയം അനുവദിക്കും. അതായത് അഞ്ച് ദിവസം രാവിലെ പത്ത് മണിക്ക് വരണമെന്നത് പതിനൊന്നായാലും കുഴപ്പമില്ല. ഇനി അര മണിക്കൂർ താമസിച്ചാൽ അത് പത്ത് ദിവസത്തേക്ക് ഉപയോഗിക്കാം. ഇതോടെ സർക്കാർ ഓഫീസൊന്നും രാവിലെ പത്ത് മണിക്ക് പ്രവർത്തന സജ്ജമാകുമെന്ന പ്രതീക്ഷയും നഷ്ടമാകുകയാണ്. പഞ്ചിങ് വരുമ്പോൾ പത്ത് മണിക്കു തന്നെ എല്ലാ ഉദ്യോഗസ്ഥരുമെത്തുന്ന ഓഫീസാണ് മലയാളികള്ഡ സ്വപ്‌നം കണ്ടിരുന്നത്. ഇത് തകർക്കുകയാണ് പുതിയ മാനദണ്ഡങ്ങൾ.

പഞ്ചിങ് സ്പാർക്കുമായി ബന്ധിപ്പിച്ച ഓഫീസിലെ ജീവനക്കാർ വരുമ്പോഴും പോകുമ്പോഴും തിരിച്ചറിയൽ കാർഡ് മുഖേനയോ പെൻനമ്പർ രേഖപ്പെടുത്തിയോ ഹാജർ രേഖപ്പെടുത്തണം. ഓരോ മാസവും 16 മുതൽ അടുത്ത മാസം 15 വരെയുള്ള അവധിയപേക്ഷ സ്പാർക്കിലൂടെ നൽകിയില്ലെങ്കിൽ അനധികൃത അവധിയായി കണക്കാക്കി ഈ ദിവസങ്ങളിലെ ശമ്പളം വെട്ടിക്കുറയ്ക്കും. എന്നാലും പിന്നീട് അവധിക്ക് അപേക്ഷിച്ചാൽ ശമ്പളം നൽകും. ഇതിനുള്ള അറിയിപ്പ് ജീവനക്കാർക്ക് എസ്.എം.എസ്. മുഖേന നൽകും. അനുവദനീയമായ ഗ്രേസ് സമയം കഴിഞ്ഞ് വൈകിയെത്തുന്നവരും നേരത്തേ പോകുന്നവരും അവധിക്ക് അപേക്ഷിച്ചില്ലെങ്കിൽ ശമ്പളം കുറയ്ക്കും. ഗ്രേസ് സമയത്തിനു പുറമേ, വൈകി വരുന്നതോ നേരത്തേ പോകുന്നതോ അനുവദിക്കില്ല. ഒറ്റത്തവണ പഞ്ച് ചെയ്താൽ ഹാജരായി കണക്കാക്കില്ല, ആ ദിവസം അവധിയാകും. ദിവസവേതന, താത്കാലിക, കരാർ ജീവനക്കാരെ പഞ്ചിങ്ങിൽനിന്ന് ഒഴിവാക്കി. ഗ്രേസ് സമയം കുറഞ്ഞാൽ പുനഃസ്ഥാപിക്കാനാവില്ല.

സാങ്കേതിക തകരാർമൂലം പഞ്ചിങ് മുടങ്ങിയാൽ പുനഃക്രമീകരിക്കും. സർവീസിൽ പുതിയതായി നിയമിതരാവുന്നവർ ആ ദിവസംതന്നെ ലഭിക്കുന്ന പെൻ നമ്പർ ഉപയോഗിച്ച് പഞ്ച് ചെയ്യണം. ദിവസം പരമാവധി 60 മിനിറ്റ് വരെ വൈകാം. അതിനുശേഷം വരികയോ നേരത്തേ പോകുകയോ ചെയ്താൽ അനധികൃത അവധിയായി കണക്കാക്കും. പഞ്ചിങ് മെഷീനുകൾ സ്ഥാപിക്കുന്നത് കെൽട്രോൺ വഴിയാകും. നടത്തിപ്പു ചുമതല റവന്യു വകുപ്പിനും. സിവിൽ സ്റ്റേഷൻ ഉൾപ്പെടെ വലിയ ഓഫിസുകൾ ഒറ്റ യൂണിറ്റായി കണക്കാക്കും. സാധാരണ അവധി അപേക്ഷകൾ സ്പാർക്ക് വഴി നൽകണം. പദ്ധതി നടപ്പാക്കുന്നതോടെ ലേറ്റ് പെർമിഷൻ - ഏർലി എക്‌സിറ്റ് സംവിധാനം പിൻവലിക്കും. വരുമ്പോഴും പോകുമ്പോഴും പഞ്ച് ചെയ്താലേ ഹാജരായി കണക്കാക്കൂ.

ശമ്പള ബിൽ തയാറാക്കുന്നതു മുൻ മാസം 16 മുതൽ നടപ്പു മാസം 15 വരെയുള്ള ഹാജർനില അടിസ്ഥാനമാക്കിയാകും. ദിവസവേതന, താൽക്കാലിക, കരാർ ജീവനക്കാർ പഞ്ച് ചെയ്യേണ്ട. ഹാജർ ബുക്ക് പിൻവലിച്ചിട്ടില്ല. പ്രത്യേക ഉത്തരവു പിന്നാലെ വരും. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 55 ൽ നിന്ന് 56 ആക്കി ഏകീകരിച്ചത്് ധനകാര്യ മന്ത്രിയായ തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിലാണ്. അതേ മാതൃകയിലാണ് പെൻഷൻ പ്രായം 56 ൽ നിന്ന് 57 ആക്കാൻ ഉദ്ദേശിക്കുന്നത്. ഇതനുസരിച്ച് അടുത്ത സാമ്പത്തിക വർഷത്തിനിടയിൽ ആരും റിട്ടയർ ചെയ്യേണ്ട. റിട്ടയർ ചെയ്യേണ്ടത് 2021 മാർച്ച് മാത്രം. പെൻഷൻ ആനുകൂല്യങ്ങൾ ഒരു വർഷത്തേക്ക് നീട്ടി വക്കാൻ ഇതിലൂടെ സർക്കാരിന് സാധിക്കും. ഇങ്ങനെ വികസനാവശ്യങ്ങൾക്ക് പണം കണ്ടെത്താനാണ് നീക്കം. 2021ലാണ് നിയമസഭാ തെരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ വികസന ആവശ്യങ്ങൾക്ക് പണം അനിവാര്യതയാണ്. അതുകൊണ്ടാണ് പെൻഷൻ പ്രായം നീട്ടി വിരമിക്കലുകാർക്ക് നൽകാനുള്ള പണം വക മാറ്റുന്നതിന് കാരണം.

2021ൽ അധികാരത്തിലെത്തുന്ന സർക്കാരിന് ഇത് വലിയ ബാധ്യതയായി മാറുമെന്നും സൂചനയുണ്ട്. ഒരു കൊല്ലം പെൻഷൻ പ്രായം കൂട്ടി സർക്കാർ ജീവനക്കാരുടെ വോട്ട് കൂടി കൈയിലാക്കാനാണ് സർക്കാർ തീരുമാനം. പെൻഷൻ ആനുകൂല്യങ്ങൾ നൽകേണ്ടത് തുടർന്ന് വരുന്ന സർക്കാരിന്റെ ബാധ്യത ആകും. പെൻഷൻ പ്രായം വർധിപ്പിക്കുന്നത് യുവജനങ്ങളുടെ ശക്തമായ എതിർപ്പിന് കാരണമാകുമെന്നും വരുന്ന തെരഞ്ഞെടുപ്പു കളിൽ സർക്കാരിന് തിരിച്ചടിയുണ്ടാകുമെന്നും ഇടതുമുന്നണിയിലെ ഒരു വിഭാഗത്തിന്റെ മുന്നറിയിപ്പും അവഗണിച്ചു കൊണ്ടാണ് സർക്കാർ ഈ തീരുമാനവുമായി മുന്നോട്ട് പോകുന്നത്. ഇതിനുള്ള തീരുമാനം തത്വത്തിൽ ധന വകുപ്പ് എടുത്തു കഴിഞ്ഞു.

നേരത്തെ പെൻഷൻ പ്രായം 58 ആക്കാൻ സർക്കാർ നിയോഗിച്ച പബ്‌ളിക് എക്‌സ്പെൻഡിച്ചർ കമ്മിറ്റിയും ശുപാർശ ചെയ്തിരുന്നു. ആയുർദൈർഘ്യം പരിഗണിച്ച് 58 ആക്കി ഉയർത്താനാണ് ശുപാർശ ചെയ്തത്. കേന്ദ്രസർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 1998 ൽ 60 വയസ്സായി ഉയർത്തിയപ്പോൾ തന്നെ അന്ന് ഇടതുപക്ഷം ഭരിച്ചിരുന്ന പശ്ചിമബംഗാൾ ഉൾപ്പെടെ പതിനൊന്നു സംസ്ഥാനങ്ങൾ ജീവനക്കാരുടെ പെൻഷൻ പ്രായം 60 വയസായി ഉയർത്തുകയുണ്ടായി. പിന്നീട് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ പെൻഷൻ പ്രായം 58 ആയി ഉയർത്തി. കേരളത്തിൽ തന്നെ സർക്കാർ ഖജനാവിൽ നിന്നും ശമ്പളം പറ്റുന്ന മെഡിക്കൽ കോളേജധ്യാപകർ, ജഡ്ജിമാർ തുടങ്ങിയവരുടെ പെൻഷൻ പ്രായം വർഷങ്ങൾക്ക് മുമ്പ് 60 വയസ്സായി ഉയർത്തിയിട്ടുണ്ട്. പല പൊതുമേഖലാ സ്ഥാപനങ്ങളിലും പെൻഷൻ പ്രായം 58 വയസാണ്.

ഒരു വീട്ടിൽ താമസിക്കുന്ന സർക്കാരുദ്യോഗസ്ഥരായ സഹോദരങ്ങൾ അല്ലെങ്കിൽ ഭാര്യാഭർത്താക്കന്മാരിൽ കേന്ദ്രസർക്കാർ ജീവനക്കാർ 60 വയസിലും സംസ്ഥാന സർക്കാർ ജീവനക്കാർ 56 വയസ്സിലും വിരമിക്കേണ്ട അവസ്ഥ വിവേചനപരവുമാണ്. ഐ.എ.എസ്., ഐപിഎസ് ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം 60 വയസാണ്. സംസ്ഥാന സർക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. വായ്പ തിരിച്ചടവിന് 1200 കോടിയോളം മാറ്റിവയ്ക്കേണ്ടി വരുന്നു. ഒരു വർഷം ഏകദേശം 20, 000 ജീവനക്കാരും അദ്ധ്യാപകരും സർവീസിൽ നിന്നും വിരമിക്കുന്നുണ്ട്. ഏതാണ്ട് 4,500 കോടി രൂപ ഒരു വർഷം ഇവർക്കായി കൊടുത്തു തീർക്കേണ്ടി വരുന്നു. ഇപ്പോഴത്തെ സാമ്പത്തികത്തിൽ ഇത് അസാധ്യമാണ്. അതുകൊണ്ടാണ് പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കം സജീവമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP