Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുറ്റ്യാടിയിലെ ബിജെപി റാലിയിലെ 'ഓർമയില്ലേ ഗുജറാത്ത്' മുദ്രാവാക്യം വിളി; പ്രകോപന മുദ്രാവാക്യം വിളിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു; കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെ കേസ്; മുസ്ലിംവിരുദ്ധ മുദ്രാവാക്യം 'വികാരത്തള്ളിച്ച' മാത്രമെന്നും പ്രവർത്തകർക്കെതിരെ നടപടി ഇല്ലെന്നും എംടി രമേശ്; കുറ്റ്യാടിക്കും നരിക്കുനിക്കും പിന്നാലെ എസ്‌റ്റേറ്റ് മുക്കിലും കടയടച്ച് പ്രതിഷേധം; ഭ്രഷ്ടും ഫത്വയുമൊക്കെ താലിബാൻ രീതി; കടകളടച്ചും തുണി പൊക്കിക്കാണിച്ചും പ്രതിഷേധിക്കുന്നവരോട് സഹതാപം മാത്രമെന്ന് കെ സുരേന്ദ്രനും

കുറ്റ്യാടിയിലെ ബിജെപി റാലിയിലെ 'ഓർമയില്ലേ ഗുജറാത്ത്' മുദ്രാവാക്യം വിളി; പ്രകോപന മുദ്രാവാക്യം വിളിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു; കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെ കേസ്; മുസ്ലിംവിരുദ്ധ മുദ്രാവാക്യം 'വികാരത്തള്ളിച്ച' മാത്രമെന്നും പ്രവർത്തകർക്കെതിരെ നടപടി ഇല്ലെന്നും എംടി രമേശ്; കുറ്റ്യാടിക്കും നരിക്കുനിക്കും പിന്നാലെ എസ്‌റ്റേറ്റ് മുക്കിലും കടയടച്ച് പ്രതിഷേധം;  ഭ്രഷ്ടും ഫത്വയുമൊക്കെ താലിബാൻ രീതി; കടകളടച്ചും തുണി പൊക്കിക്കാണിച്ചും പ്രതിഷേധിക്കുന്നവരോട് സഹതാപം മാത്രമെന്ന് കെ സുരേന്ദ്രനും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് തിങ്കളാഴ്ച വൈകീട്ട് കോഴിക്കോട് കുറ്റ്യാടിയിൽ ബിജെപി നടത്തിയ റാലിയിൽ മുസ്‌ലിംകൾക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിൽ പൊലീസ് കേസ്. പ്രകോപനപരമായ മുദ്രാവാക്യം വിളി റാലിയിൽ ഉണ്ടായതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്. മതസ്പർധ വളർത്തുന്ന തരത്തിൽ മുദ്രാവാക്യങ്ങൾ ഉയർന്നതായി ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി കുറ്റ്യാടി സിഐക്ക് നൽകിയ പരാതിയിൽ കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയാണ് കേസെടുത്തത്.

മതസൗഹാർദം തകർക്കുകയും കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന തരത്തിൽ മുസ്‌ലിംകളോട് ''പാക്കിസ്ഥാനിൽ പോകൂ, ഓർമയില്ലേ ഗുജറാത്ത്'' തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രകടനം നടത്തിയതായി ബ്ലോക്ക് സെക്രട്ടറി എ. റഷീദ് നൽകിയ പരാതിയിൽ പറയുന്നു. പ്രകോപനപരമായ മുദ്രാവാക്യത്തിന്റെ വിഡീയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കൂടാതെ, പ്രമുഖ ചാനലുകളിലും പ്രകടനത്തിന്റെ വാർത്ത വന്നിരുന്നു. ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ മുദ്രാവാക്യങ്ങൾ ശ്രദ്ധയിൽപെട്ടിരുന്നില്ലെന്ന് പൊലീസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പ്രകടനത്തിന്റെ മധ്യ നിരയിലുണ്ടായിരുന്നവരാണ് ഇത്തരം മുദ്രാവാക്യം വിളിച്ചതെന്ന് മനസ്സിലാക്കുന്നതായി പൊലീസ് പറഞ്ഞു.

സംസ്ഥാന ജനറൽ സെക്രട്ടറി എം ടി. രമേശ് ഉൾപ്പെടെ പങ്കെടുത്ത ബിജെപി കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ നടന്ന രാഷ്ട്ര രക്ഷാ റാലി കുറ്റ്യാടിയിലെ വ്യാപാരിസമൂഹം കടകളടച്ച് ബഹിഷ്‌കരിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധവുമായി ബിജെപി തെരുവിൽ ഇറങ്ങിയത്. യൂത്ത് ലീഗിനെതിരായാണ് ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. കടകൾ അടച്ചു പ്രതിഷേധിച്ചവർക്കെതിരെ ബിജെപി ശക്തമായി പ്രതിഷേധിച്ചു കൊണ്ടു രംഗത്തുണ്ട്. ഇനി ഏതു കടകളിൽനിന്ന് സാധനങ്ങൾ വാങ്ങണമെന്ന് തങ്ങൾ തീരുമാനിക്കുമെന്നും അടച്ച കടകളുടെ പേരെടുത്തു പറഞ്ഞ് ബഹിഷ്‌കരണ ആഹ്വാനവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അതേസമയം ഗുജറാത്ത് മുദ്രാവാക്യം വിളിച്ച ബിജെപി പ്രവർത്തകർക്കെതിരെ നടപടി എടുക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശും വ്യക്തമാക്കി. പ്രവർത്തകർ വിളിച്ച ഇത്തരം മുദ്രാവാക്യത്തോട് ബിജെപിക്ക് യോജിപ്പില്ലെന്നും എം ടി രമേശ് പറഞ്ഞു. മുസ്ലിം വോട്ട് കിട്ടാൻ വേണ്ടിയുള്ള തത്രപ്പാടിലാണ് പിണറായി വിജയനെന്ന് അദ്ദേഹം വിമർശിച്ചു. കേരളത്തിൽ മുസ്ലിങ്ങൾ മാത്രമല്ല വോട്ടുള്ള വിഭാഗമെന്നും വേറെയും വിഭാഗങ്ങളുണ്ടെന്ന് മനസിലാക്കുന്നത് നല്ലതാണെന്നും എംടി രമേശ് പറഞ്ഞു.

അതേസമയം ആലപ്പുഴയിലെ വളഞ്ഞവഴിയിൽ തുടങ്ങിയ പ്രതിഷേധം കേരളത്തിന്റെ മറ്റിടങ്ങളിലേക്കും വ്യാപിക്കുകയാണ്. ബിജെപിയുടെ പൗരത്വ ഭേദഗതി നിയമ വിശദീകരണ യോഗം നടക്കുന്നതിന് മുന്നോടിയായി നരിക്കുനിക്കും കുറ്റ്യാടിക്കും പുറമെ എകരൂർ എസ്‌റ്റേറ്റ് മുക്കിലും വ്യാപാരികളുടെ കടയടച്ച് പ്രതിഷേധിച്ചു. വൈകുന്നേരം അഞ്ച് മണിയോടെയാണ് ബിജെപിയുടെ പൗരത്വ ഭേദഗതി നിയമ വിശദീകരണ പൊതുയോഗം. ഇതിൽ പ്രതിഷേധിച്ചാണ് വ്യാപാരികൾ ഒന്നടങ്കം മൂന്ന് മണിയോടെ കടകളടച്ച് സ്ഥലം വിട്ടത്. ബിജെപി നടപടികളോട് പ്രതിഷേധ സൂചകമായാണ് കടകൾ അടച്ചിടുന്നതെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. കുറ്റ്യാടിയിലും നരിക്കുനിയിലും സമാനമായി പൊതുയോഗം തുടങ്ങുന്നതിന് മുന്നേ വ്യാപാരികൾ കടയടച്ച് വീട്ടിൽ പോയിരുന്നു. ഇതിന് തുടർച്ചയായാണ് എകരൂർ എസ്‌റ്റേറ്റ് മുക്കിലേക്കും പ്രതിഷേധം വ്യാപിച്ചത്.

അതേസമയം കടകൾ അടച്ച് പ്രതിഷേധിക്കുന്നവർക്കെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രനും രംഗത്തെത്തി. കേൾക്കാനുള്ള സഹിഷ്ണുത പോലുമില്ലാത്തവർക്ക് എങ്ങനെ ഫാസിസത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമൊക്കെ വാചാലരാവാൻ കഴിയുമെന്ന് സുരേന്ദ്രൻ ചോദിച്ചു. ഭ്രഷ്ടും ബഹിഷ്‌കരണവും ഫത്വയുമൊക്കെ താലിബാൻ രീതിയാണ്. അതീനാട്ടിൽ വിലപ്പോവില്ലെന്നും സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. പറയാനുള്ളത് പറയുകതന്നെ ചെയ്യും. എല്ലാ തെരുവുകളിലും. കടകളടച്ചും തുണി പൊക്കിക്കാണിച്ചും പ്രതിഷേധിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂവെന്നും അദ്ദേഹ വ്യക്തമാക്കി.

സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

കടകളടച്ചവർക്ക് അത്രയും നേരത്തെ കച്ചവടം പോയി എന്നതൊഴിച്ചാൽ വേറെ ഒന്നും സംഭവിക്കാനില്ല. കേൾക്കാനുള്ള സഹിഷ്ണുത പോലുമില്ലാത്തവർക്ക് എങ്ങനെ ഫാസിസത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമൊക്കെ വാചാലരാവാൻ കഴിയുന്നു. ഒരു മാസത്തിലധികമായി സമരക്കാരും മാധ്യമങ്ങളുമൊക്കെ വിളമ്പുന്നത് ഒരു കൂട്ടർ സഹിഷ്ണുതയോടെ കേട്ടില്ലേ? അതിനൊന്നും മറുപടി പറയാൻ പാടില്ലെന്നാണോ? അതോ കേട്ടാൽ പൊളിഞ്ഞുപോകുന്ന വാദങ്ങളാണോ നിങ്ങളെ നയിക്കുന്നത്? ജനാധിപത്യത്തിൽ പറയാനുള്ള സ്വാതന്ത്ര്യം പോലെ മറുപടി പറയാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഭ്രഷ്ടും ബഹിഷ്‌കരണവും ഫത്വയുമൊക്കെ താലിബാൻ രീതിയാണ്. അതീനാട്ടിൽ വിലപ്പോവില്ല. പറയാനുള്ളത് പറയുകതന്നെ ചെയ്യും. എല്ലാ തെരുവുകളിലും. കടകളടച്ചും തുണി പൊക്കിക്കാണിച്ചും പ്രതിഷേധിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂ..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP