Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു മുഴം മുമ്പേ എറിഞ്ഞ് കെജ്രിവാൾ; ഡൽഹിയിലെ 70 മണ്ഡലത്തിലെയും ആംആദ്മി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; കെജ്രിവാൾ ന്യൂഡൽഹി മണ്ഡലത്തിൽ നിന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പട്പട്ഗഞ്ചിൽ നിന്നും വീണ്ടും ജനവിധി തേടുന്നു; ജാമിയ സംഘർഷത്തിൽ ആരോപണ വിധേയനായി അമാനുള്ള ഖാൻ ഓഖ്‌ലി മണ്ഡലത്തിൽ; രാജ്യതലസ്ഥാനം വേദിയാവുന്നത് ശക്തമായ ത്രികോണപ്പോരിന്; വാഗ്ദാനങ്ങൾ പാലിച്ചെന്ന് ആപ്പ് സർക്കാർ; സർവേകളിൽ ഭരണം തുടരുമെന്ന സൂചന നൽകുന്നതിനാൽ ആത്മവിശ്വാസത്തോടെ ആം ആദ്മി ക്യാമ്പ്

ഒരു മുഴം മുമ്പേ എറിഞ്ഞ് കെജ്രിവാൾ; ഡൽഹിയിലെ 70 മണ്ഡലത്തിലെയും ആംആദ്മി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; കെജ്രിവാൾ ന്യൂഡൽഹി മണ്ഡലത്തിൽ നിന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പട്പട്ഗഞ്ചിൽ നിന്നും വീണ്ടും ജനവിധി തേടുന്നു; ജാമിയ സംഘർഷത്തിൽ ആരോപണ വിധേയനായി അമാനുള്ള ഖാൻ ഓഖ്‌ലി മണ്ഡലത്തിൽ; രാജ്യതലസ്ഥാനം വേദിയാവുന്നത് ശക്തമായ ത്രികോണപ്പോരിന്; വാഗ്ദാനങ്ങൾ പാലിച്ചെന്ന് ആപ്പ് സർക്കാർ; സർവേകളിൽ ഭരണം തുടരുമെന്ന സൂചന നൽകുന്നതിനാൽ ആത്മവിശ്വാസത്തോടെ ആം ആദ്മി ക്യാമ്പ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അടുത്തുടത്തുവന്ന രണ്ട് സർവേകളിലും തുടർഭരണത്തിന്റെ സൂചനകൾ കിട്ടിയതിന്റെ ആത്മവിശ്വാസത്തിൽ പഴുതടച്ച സ്ഥാനാർത്ഥി പട്ടികയുമായ ആം ആദ്മി പാർട്ടി പാർട്ടി. ഡൽഹിയിലെ 70 സീറ്റുകളിലും ഒറ്റയടിക്ക് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് അരവിന്ദ് കെജ്രിവാൾ ഒരുമുഴം മുമ്പേ എറിഞ്ഞിരിക്കയാണ്.. മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ ന്യഡൽഹി മണ്ഡലത്തിൽ നിന്നും ജനവിധി തേടും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പട്പട്ഗഞ്ചിൽ മത്സരിക്കും. നാൽപ്പത്തിആറ് എംഎൽഎമാർ സ്ഥാനാർത്ഥിപട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ജാമിയ സംഘർഷത്തിൽ ആരോപണ വിധേയനായി അമാനുള്ള ഖാൻ ഓഖ്‌ലി മണ്ഡലത്തിൽ നിന്നും ജനവിധി തേടും.

ശക്തമായ ത്രികോണമത്സരത്തിനാണ് ഡൽഹി വേദിയാവാൻ പോകുന്നത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി വീണ്ടും അധികാരത്തിലെത്തുമെന്നാണ് ഐ.എ.എൻ.എക്‌സ് വോട്ടർ സർവെ റിപ്പോർട്ട്. ആം ആദ്മി പാർട്ടി 59 സീറ്റുകൾ നേടുമെന്നും രണ്ടാം സ്ഥാനത്തുള്ള ബിജെപിക്ക് എട്ട് സീറ്റുകൾ മാത്രമേ ലഭിക്കുവെന്നും റിപ്പോർട്ടിൽ പറയുന്നു. കോൺഗ്രസിന് മൂന്ന് സീറ്റുകൾ ലഭിക്കുമെന്നുമാണ് പ്രവചനം. നേരത്തെ നടന്ന തെരഞ്ഞെടുപ്പിലും

രാജ്യതലസ്ഥാനമായ ഡൽഹി പിടിച്ചെടുക്കാൻ എല്ലാ പ്രചാരണായുധങ്ങളുമായി രംഗത്തിറിങ്ങിയിരിക്കുകയാണ് ബിജെപി. എന്നാൽ തന്റെ ജനസ്വാധീനം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് അരവിന്ദ് കെജ്രിവാൾ. ഡൽഹിയിൽ ദീർഘകാലം ഭരിച്ച കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് അവരുടെ പ്രതീക്ഷ. ചത്തീസ്ഗഢ്, മഹാരാഷ്ട്രയിലെ തിരിച്ചുവരവ് ഡൽഹിയിലും ഉണ്ടാകുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു. ഫെബ്രുവരി എട്ടിനാണ് സംസ്ഥാനത്തെ 70 നിയോജക മണ്ഡലങ്ങളിലും വോട്ടെടുപ്പ്. ഫെബ്രുവരി 11നാണ് വോട്ടെണ്ണൽ. നാമനിർദേശ പത്രികകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 21നാണ്. സൂക്ഷ്മപരിശോധന 22ന്. പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി 24. എഴുപത് നിയമസഭാ മണ്ഡലങ്ങളിൽ പന്ത്രണ്ടെണ്ണം പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തതാണ്. 13,750 പോളിങ് സ്റ്റേഷനുകളാണ് 1.47 കോടി വോട്ടർമാർക്കായി തയാറാക്കിയിട്ടുള്ളത്.

പൂർണമായും ഫോട്ടോ പതിച്ച ഇലക്ട്രൽ റോൾ ഉപയോഗിച്ചാവും തെരഞ്ഞെടുപ്പ് പ്രക്രിയ. 80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ശാരീരിക വൈകല്യങ്ങളുള്ളവർക്കും ഇത്തവണ പോസ്റ്റൽ വോട്ട് ഏർപ്പെടുത്തി. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് പുതിയ തീരുമാനം. പൂർണമായും ഇവി എംവിവിപാറ്റ് സംവിധാനങ്ങളോടെയുള്ള പോളിങ് ബൂത്തുകളാണ് ക്രമീകരിക്കുന്നത്.

വികസന നേട്ടങ്ങൾ വോട്ടാകുമെന്ന പ്രതീക്ഷയിൽ കെജ്രിവാൾ

വികസന നേട്ടങ്ങളും പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കാൻ സാധിച്ചു എന്നതുമാണ് കെജ്രിവാളിനും ആം ആദ്മിക്കും പ്രതീക്ഷ നൽകുന്നത്. പാവങ്ങൾക്ക് വെള്ളവും വെളിച്ചവും ചികിത്സയും ഉൾപ്പടെ എല്ലാം സൗജന്യമാണ് ഡൽഹിയിൽ. ചികിത്സാ പദ്ധതിയാണ് ഏറ്റവും ഞെട്ടിച്ചത്. എല്ലാ ഡൽഹി നിവാസികൾക്കും തിരിച്ചറിയൽ കാർഡ് മാത്രം കാണിച്ചാൽ എത്ര വലിയ ചികിത്സയും തീർത്തും സൗജന്യമാണ്. സർക്കാർ ആശുപത്രിയിൽ സൗകര്യമില്ലെങ്കിലോ, ഡേറ്റ് നീട്ടിക്കിട്ടുകയോ ആണെങ്കിൽ തൊട്ടടുത്തെ സ്വകാര്യ ആശുപത്രിയെ സമീപിക്കാം. പണം പുർണ്ണമായും സർക്കാർ കൊടുക്കും. സ്‌കുളുകളിലും കോളജുകളിലും മാനേജ്മെന്റ് ക്വാട്ട പൂർണ്ണമായും നിർത്തലാക്കിയ കെജരിവാൾ സർക്കാർ, സുതാര്യമായ അഡ്‌മിഷനായി നടപടികൾ ആരംഭിച്ചു. ഹൈടെക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്കുമുണ്ടായി. ഉന്നത വിദ്യാഭ്യാസത്തിന് എല്ലാ വിദ്യാർത്ഥികൾക്കും 10 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ നൽകും. വിദ്യാർത്ഥികൾക്കായി ജാമ്യം നിൽക്കുന്നതാവട്ടെ സർക്കാർ തന്നെ. കേരളത്തിൽ വിദ്യാഭ്യാസ ജാമ്യത്തിനായി സർക്കാർ ഉദ്യോഗസ്ഥരെയൊക്കെ തേടി കുട്ടികൾ അലയുന്ന കാലത്താണ് കെജ്രിവാൾ സർക്കാറിന്റെ നേട്ടം.

അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി ഭരണം അവസാനിക്കാനിരിക്കെ 200 കോടിയിലധികം രൂപ ട്രഷറിയിൽ മിച്ചമാണ്! സംസ്ഥാനത്തിന്റെ റവന്യൂവരുമാനത്തിന്റെ 90 ശതമാനവും ശമ്പളത്തിനും പെൻഷനുമായി ചെലവഴിക്കുന്ന കേരളാ സർക്കെരൊക്കെ കണ്ടുപഠിക്കേണ്ടതാണ് ഈ സാമ്പത്തിക ആസൂത്രണം. നികുതി ഒന്നും കൂട്ടാതെയും, ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തും എങ്ങനെയാണ് കെജ്രിവാൾ ഡൽഹിയെ മിച്ച സംസ്ഥാനമാക്കിയത്. അഴിമതി ഇല്ലാതാക്കിയതും നികുതി പിരിവ് ഊർജിതമാക്കിയതുമാണ് ഇതുസംബന്ധിച്ച് പഠിച്ച ഗവേഷണ സ്ഥാപനമായ ഇക്കണോമിക്ക് റിസർച്ച ഫോറം അഭിപ്രായപ്പെടുന്നത്.

അഴിമതി ഇല്ലാതാക്കിയതോടെ പദ്ധതിച്ചെലവ് കുത്തനെ കുറയുന്നതാണ് ഡൽഹിയിലെ അനുഭവം. 950 കോടി ബജറ്റിട്ട ഡൽഹി നഗരത്തിലെ 3 ഓവർ ബ്രിഡ്ജുകൾ, (കൊല്ലങ്ങൾക്കുശേഷം പണിയുമ്പോൾ, സാധാരണ ഗതിയിൽ ബജറ്റ് 1200 കോടിയാക്കി ഉയർത്തേണ്ടതാണ്. ) പണി അഴിമതി രഹിതമാക്കിയപ്പോൾ 600 കോടി രൂപയ്ക്ക് തീർക്കാൻ സാധിച്ചു. ലാഭം 350 കോടി! നഷ്ടത്തിലോടിയിരുന്ന ഡൽഹി ജലബോർഡ് അഴിമതി വിമുക്തമാക്കിയപ്പോൾ 178 കോടി ലാഭം! അതും 20000 ലിറ്റർ വെള്ളം ഫ്രീ ആയി കൊടുത്ത ശേഷവും! സിമന്റും കമ്പിയും തെരഞ്ഞെു കണ്ടുപിടിക്കേണ്ട പാലാരിവട്ടം പാലം പണിയുന്ന കേരളത്തിലെ ഭരണാധികാരികൾ കണ്ടുപഠിക്കേണ്ടതാണ് ഈ മാറ്റം.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ളതാണെന്ന ബോധം ജനങ്ങളിൽ ഉണ്ടാക്കിയ ആദ്യ സർക്കാരും ഒരുപക്ഷേ ഡൽഹിയിലെ ആപ്പ് സർക്കാറായിരിക്കും. തെരഞ്ഞെടുപ്പ് കാലത്ത് അക്കമിട്ട് പറഞ്ഞ വാഗ്ദാനങ്ങൾ അവർ ഒന്നൊന്നായി നടപ്പാക്കി. ഏറ്റവും ഒടുവിലായി കെജരിവാൾ സർക്കാർ നടപ്പാക്കിയിരിക്കുന്നത് ബസിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രയാണ്. മെട്രോയിലെ സൗജന്യ യാത്രക്ക് പിന്നാലെ സർക്കാർ ബസുകളിലും ഈ നയം നടപ്പാക്കിയത് കേന്ദ്ര സർക്കാറിനെ പോലും അമ്പരപ്പിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം കണ്ടക്ടർമാർ പിങ്ക് ടിക്കറ്റ് യാത്രക്കാരായ വനിതകൾക്ക് നൽകും. ഈ ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച് ഡൽഹി സർക്കാറാണ് ട്രാൻസ്‌പോർട്ടേഴ്‌സിന് പിന്നീട് പണം നൽകുക. 3700 ഡൽഹി ട്രാൻസ്‌പോർട്ട് ബസ്സുകളും 1800 മറ്റു ബസുകളും ചേർന്നതാണ് ഡൽഹി ഇന്റഗ്രേറ്റഡ് മൾട്ടി മോഡൽ ട്രാൻസിറ്റ് സിസ്റ്റം.ബസുകളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി ബസ് മാർഷലുകളെയും കെജരിവാൾ സർക്കാർ നിയോഗിച്ചിട്ടുണ്ട്. 13,000 പേരെയാണ് ഇതിനായി മാത്രം നിയോഗിച്ചിരിക്കുന്നത്.

സൗജന്യ വൈദ്യതി, സൗജന്യ ആരോഗ്യ പദ്ധതി, കുടിവെള്ള പദ്ധതി എന്നിവ നടപ്പാക്കിയും ഇതിനകം തന്നെ കെജ്രിവാൾ സർക്കാർ കയ്യടി നേടിയിട്ടുണ്ട്. വൈദ്യതി സൗജന്യമാക്കിയ നടപടിയും പൊതു സമൂഹത്തിൽ വലിയ ചലനം ഉണ്ടാക്കിയ സംഭവമാണ്. പദ്ധതി പ്രകാരം ഓരോ മാസവും 200 യൂണിറ്റു വരെയാണ് വൈദ്യതി സൗജന്യമായി നൽകുന്നത്.201 മുതൽ 400 വരെ യൂണിറ്റ് ഉപയോഗിക്കുന്നവർക്കാകട്ടെ പകുതിനിരക്ക് മാത്രം നൽകിയാൽ മതി. ബാക്കിയുള്ള അമ്പത് ശതമാനവും സബ്‌സിഡിയാണ്. വേനൽക്കാലത്ത് 35 ശതമാനം ഉപഭോക്താക്കൾക്കും ശൈത്യകാലത്ത് 70 ശതമാനം ആളുകൾക്കുമാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP