Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതല്ല കോളേജിലെ പ്രശ്‌നം; അദ്ധ്യാപകന് ക്ലാസ് നിയന്ത്രിക്കാൻ സാധിക്കാത്തെ വന്നതാണ്; ഷാഹിൽ ക്ലാസിലുള്ളപ്പോൾ ആകെ കലപില ശബ്ദങ്ങളും ഡപ്പാംകൂത്തും; ചേളന്നൂർ എസ്എൻ കോളേജിലെ വിദ്യാർത്ഥി സമരത്തെ തള്ളിപ്പറഞ്ഞ പ്രിൻസിപ്പൽ; പ്രിൻസിപ്പാളിന്റെത് ആൺ-പെൺ വിവേചനം ഉയർത്തിയുള്ള നടപടിയെന്ന് ആരോപിച്ചു വിദ്യാർത്ഥികളും; പ്രിൻസിപ്പാളിനെ വിദ്യാർത്ഥികൾ ബന്ദിയാക്കിയത് ഏഴുമണിക്കൂറോളം; എസ്എൻ ട്രസ്റ്റ് കോളേജിലെ സമരം സിപിഎമ്മിനും തലവേദന

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതല്ല കോളേജിലെ പ്രശ്‌നം; അദ്ധ്യാപകന് ക്ലാസ് നിയന്ത്രിക്കാൻ സാധിക്കാത്തെ വന്നതാണ്; ഷാഹിൽ ക്ലാസിലുള്ളപ്പോൾ ആകെ കലപില ശബ്ദങ്ങളും ഡപ്പാംകൂത്തും; ചേളന്നൂർ എസ്എൻ കോളേജിലെ വിദ്യാർത്ഥി സമരത്തെ തള്ളിപ്പറഞ്ഞ പ്രിൻസിപ്പൽ; പ്രിൻസിപ്പാളിന്റെത് ആൺ-പെൺ വിവേചനം ഉയർത്തിയുള്ള നടപടിയെന്ന് ആരോപിച്ചു വിദ്യാർത്ഥികളും; പ്രിൻസിപ്പാളിനെ വിദ്യാർത്ഥികൾ ബന്ദിയാക്കിയത് ഏഴുമണിക്കൂറോളം; എസ്എൻ ട്രസ്റ്റ് കോളേജിലെ സമരം സിപിഎമ്മിനും തലവേദന

എം മനോജ് കുമാർ

കോഴിക്കോട്: ആൺ-പെൺ വിവേചനം ആരോപിച്ചു ചേളന്നൂർ എസ്എൻ കോളേജിലെ വിദ്യാർത്ഥികൾ നടത്തുന്ന സമരം തുടരുന്നു. പിരിച്ചു വിട്ട അദ്ധ്യാപകനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടുള്ള സമരം അവസാനിപ്പിക്കാനുള്ള വഴികൾ ഇനിയും തെളിഞ്ഞിട്ടില്ല. ആൺ-പെൺ വിവേചനവുമായി ബന്ധപ്പെട്ടാണ് സമരം തുടരുന്നതെങ്കിലും സമരത്തിനു മറ്റു സമരങ്ങൾക്കില്ലാത്ത ഒരു പ്രത്യേകത കൂടിയുണ്ട്. കോളേജ് യൂണിയൻ ഏറ്റെടുത്ത് നടത്തുന്ന സമരം ഗസ്റ്റ് അദ്ധ്യാപകന് വേണ്ടിയാണ്. അദ്ധ്യാപകൻ ഇനി തുടരുന്നില്ല സമരം ചെയ്യേണ്ട എന്ന് പറഞ്ഞാൽ ഈ വിദ്യാർത്ഥി സമരം അവസാനിക്കും. പക്ഷെ അദ്ധ്യാപകന് ഈ കോളേജിൽ തന്നെ ഗസ്റ്റ് ലക്ചറർ ആയി തുടരണം എന്നുണ്ടെങ്കിൽ സമരം തുടരും. ഇതാണ് വിദ്യാർത്ഥി നേതാക്കൾ എടുത്ത തീരുമാനം. ആൺ-പെൺ സൗഹൃദങ്ങൾ കൂടിക്കുഴഞ്ഞ് മുന്നോട്ടു പോകുന്ന കോളേജിൽ പ്രിൻസിപ്പാൾ ആൺ-പെൺ വിവേചനം നടപ്പിലാക്കി എന്നാണ് ഒരു ഗസ്റ്റ് അദ്ധ്യാപകന്റെ പുറത്താകലുമായി ബന്ധപ്പെട്ടുയർന്ന വിദ്യാർത്ഥി സമരത്തിനു വിദ്യാർത്ഥികൾ നൽകുന്ന ഭാഷ്യം.

സമരം ഇപ്പോൾ മുന്നോട്ടു പോകുകയാണ്. സമരച്ചൂട് ഇറങ്ങാൻ കോളേജ് അധികാരികൾ സമരത്തിനു ഇടവേളയായി രണ്ടു ദിവസം നൽകിയിരിക്കുകയാണ്. ഇന്നും നാളെയും ക്ലാസ് അവധി നൽകിയിട്ടുണ്ട്. മറ്റന്നാൾ മാത്രമേ സമരം തുടരുമോ അല്ലെങ്കിൽ അതിന്റെ ഭാവിയെന്ത് എന്ന് തീരുമാനിക്കപ്പെടുകയുള്ളൂ. വ്യത്യസ്ത വാദമുഖങ്ങൾ ആണ് സമരവുമായി ബന്ധപ്പെട്ടു കോളേജിന്റെ അകത്തളങ്ങളിൽ നിന്നും ഉയരുന്നത്. ആൺ-പെൺ വിവേചനത്തിന്റെ പ്രശ്‌നം വന്നതിനാൽ കേരളത്തിലെ കാമ്പസുകൾ ഇപ്പോൾ ശ്രദ്ധിക്കുന്നത് ചേളന്നൂർ എസ്എൻ കോളേജ് സമരമാണ്. സമരം ഏത് രീതിയിൽ അവസാനിക്കും എന്നാണ് ക്യാമ്പസുകൾ ഉറ്റുനോക്കുന്നത്. ആൺ-പെൺ വിവേചനമാണെങ്കിൽ ചേളന്നൂർ കാമ്പസിന് വേണ്ടി തങ്ങളും കൈകോർക്കും എന്നാണ് മറ്റു ക്യാമ്പസുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ തീരുമാനം.

ഫാറൂഖ് കോളേജ് പ്രശ്‌നം വന്നപ്പോൾ മറ്റു ക്യാമ്പസുകളിലെ വിദ്യാർത്ഥികൾ ഫാറൂഖ് കോളേജ് വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ വിദ്യാർത്ഥികൾ പ്രിൻസിപ്പാളിനെ റൂമിൽ പൂട്ടിയിട്ടു. രാവിലെ പതിനൊന്നു മണിയോടെ സ്വന്തം ഓഫീസ് റൂമിൽ ബന്ധിതയായ പ്രിൻസിപ്പാൾ ആറുമണിക്കൂറോളം ബന്ധിയായി മാറി. കാക്കൂർ പൊലീസ് സ്ഥലത്ത് എത്തി പ്രിൻസിപ്പാലിനെ മോചിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥികളെ തൊട്ടുള്ള ഒരു കളിക്കും പ്രിൻസിപ്പാൾ ദേവിപ്രിയ തയ്യാറായില്ല. അതിനാൽ പൊലീസ് രാത്രി വരെ വെറുതെ കാമ്പസിൽ തമ്പടിച്ചു. എഴുമണിയോടെ പ്രിൻസിപ്പാൾ പൊലീസ് സഹായം തേടിയപ്പോഴാണ് കുറച്ചു വിദ്യാർത്ഥി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ് പ്രിൻസിപ്പാളിന് വഴിയൊരുക്കിയത്. കോളജ് യൂണിയൻ ചെയർമാൻ ഉൾപ്പെടെ 10 വിദ്യാർത്ഥികളെ ആണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അതുകൊണ്ട് തന്നെ പ്രശ്‌നം തണുപ്പിക്കാൻ ഇന്നും നാളെയും കാമ്പസിന് അവധി നൽകുകയും ചെയ്തു. വ്യത്യസ്ത ഭാഷ്യങ്ങളാണ് സമരവുമായി ബന്ധപ്പെട്ടു മുഴങ്ങുന്നത്.

ഇംഗ്ലീഷ് ഗസ്റ്റ് ലക്ചറർ ആയ മുഹമ്മദ് ഷാഹിൽ ക്ലാസ് നിയന്ത്രിക്കുന്നതിൽ പരാജയമായപ്പോൾ പുറത്താക്കി. അദ്ധ്യാപകനും വിദ്യാർത്ഥികളും ഒത്തപ്പോൾ അതിനു ആൺ-പെൺ വിവേചനത്തിന്റെ ഭാഷ്യം വന്നു. കോഴിക്കോട് ഫാറൂഖ് കോളേജുമായി ബന്ധപ്പെട്ടു ഉയർന്നിരുന്ന ആൺ-പെൺ വിവേചനത്തിന്റെ വേറിട്ട തലം ഈ കോളേജിലും വിദ്യാർത്ഥികൾ സൃഷ്ടിച്ചു. ഈ രീതിയിലുള്ള വിവാദത്തിന്റെ നിറം വന്നതിൽ ഞങ്ങൾ നിസ്സഹായരാണ്-എസ് എൻകോളേജ് പ്രിൻസിപ്പാൾ ദേവിപ്രിയ മറുനാടൻ മലയാളിയോട് പറഞ്ഞു. ഞങ്ങളുടെ ക്യാമ്പസിന്റെ രീതി ഇങ്ങിനെയാണ് നടുവിൽ ഇടനാഴി. രണ്ടു വശത്തും ക്ലാസുകൾ. ഞാൻ റൗണ്ട്‌സ് നടത്തിയപ്പോൾ ഒരു ക്ലാസിൽ നിന്നും കലപില ശബ്ദങ്ങൾ. ഡപ്പാംകൂത്ത് എന്ന് തന്നെ പറയാം. ചെന്നപ്പോൾ ഇംഗ്ലീഷ് അദ്ധ്യാപകൻ ഷാഹിൽ എടുക്കുന്ന ക്ലാസ് ആണിത്. ശബ്ദം ഇല്ലാതിരിക്കാൻ പറഞ്ഞപ്പോൾ ഷാഹിൽ പറഞ്ഞത് ക്ലാസ് നിയന്ത്രിക്കാൻ എനിക്ക് കഴിയുന്നില്ലെന്നാണ്. അപ്പോൾ പ്രശ്‌നക്കാരായ വിദ്യാർത്ഥികളുടെ പേര് എഴുതി നൽകാൻ ആവശ്യപ്പെട്ടു. ഷാഹിൽ നൽകിയില്ല. പിന്നീടും വിസിറ്റ് നടത്തുമ്പോൾ ഈ പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടു. പ്രശ്‌നത്തിൽ ഇടപെടാൻ തീരുമാനിച്ചു. കാരണം ഇടനാഴിയെ സാക്ഷിയാക്കി ഇവരുവശത്തും ക്ലാസുകളാണ്.

ഒരു ക്ലാസിൽ നിന്നും ശബ്ദം ഉയർന്നാൽ മറ്റു ക്ലാസുകൾക്ക് ബുദ്ധിമുട്ടാണ്. അടച്ചിട്ട ക്ലാസിൽ കയറിയപ്പോൾ അത് എടുക്കുന്നത് ഷാഹിൽ ആണ്. എന്തുകൊണ്ട് അടച്ചിട്ടു എന്ന ചോദ്യത്തിനു ഉത്തരമില്ല. ഉള്ളിൽ കയറിയപ്പോൾ ഡെസ്‌ക്ക് എല്ലാം നേർ രേഖയിൽ ചേർത്തിട്ടു കുട്ടികളെ ഇരുത്തിയിരിക്കുകയാണ്. ശാഹിൽ ആണെങ്കിൽ പുറത്തേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു. ഇതാണ് ഞാൻ ചോദ്യം ചെയ്തത്. ഈ പ്രശ്‌നത്തിൽ ഷാഹിൽ എന്നോടു തട്ടിക്കയറി. ഇതോടെയാണ് ഞാൻ മാനേജ്‌മെന്റുമായി ബന്ധപ്പെട്ടു ഷാഹിലിനെ നീക്കാൻ തീരുമാനിക്കുന്നത്. ഗസ്റ്റ് ലക്ചചറർ ആണ് ഷാഹിൽ. നേരാംവണ്ണം ക്ലാസ് എടുത്താൽ പോരെ? എന്തിനു ഡെസ്‌ക്കും ബെഞ്ചും വേറെ വേറെ രീതിയിൽ പ്ലേസ് ചെയ്യണം. കോളെജിനു അച്ചടക്കം വേണം. എല്ലാം ശ്രദ്ധിക്കേണ്ടത് എന്റെ കടമയും ഉത്തരവാദിത്തവുമാണ്. ക്ലാസിലെ പ്രശ്‌നവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യുമ്പോൾ തട്ടിക്കയറാൻ വന്നാൽ പ്രിൻസിപ്പാൾ എന്ന രീതിയിൽ എനിക്ക് എന്ത് ചെയ്യാൻ കഴിയും-ദേവി പ്രിയ ചോദിക്കുന്നു.

എന്നാൽ സമരത്തിനു നേതൃത്വം നൽകുന്ന, കോളേജ് യൂണിയൻ ഭരിക്കുന്ന എസ്എഫ്‌ഐ പ്രിൻസിപ്പാളിന്റെ വാദങ്ങൾ പുച്ചിച്ച് തള്ളുന്നു. എംഎ ഇംഗ്ലീഷ് ക്ലാസിൽ അദ്ധ്യാപകനായ ഷാഹിൽ ബെഞ്ചുകൾ നേർരേഖയിലിട്ടു വിദ്യാർത്ഥികളെ ഒരുമിച്ചിരുത്തി. ഇത് പ്രിൻസിപ്പാൾ ചോദ്യം ചെയ്തു. ഇതോടെയാണ് അദ്ധ്യാപകന്റെ ജോലി പോയത്-സമരത്തിനു നേതൃത്വം നൽകുന്ന എസ്എഫ്‌ഐ നേതാവ് കോളേജ് യുയുസികൂടിയായ വിഷ്ണു ദത്ത് മറുനാടൻ മലയാളിയോട് പറഞ്ഞു. പ്രിൻസിപ്പാൾ പറയുന്നു ഷാഹിൽ അവരോടു തട്ടിക്കയറി എന്ന്. ഇത് ഞങ്ങളാരും കണ്ടിട്ടില്ല. അവർ തമ്മിൽ എന്ത് സംസാരിച്ചു എന്നതിന് തെളിവുകൾ ഇല്ല. ഗസ്റ്റ് അദ്ധ്യാപകന് ജോലി പോയിരിക്കുന്നു. ഞങ്ങൾ അദ്ധ്യാപകന് ഒപ്പമാണ്. മികച്ച അദ്ധ്യാപകനാണ് ഷാഹിൽ. അവിടെയുള്ള സ്ഥിരം അദ്ധ്യാപകരെക്കാൾ നല്ല അദ്ധ്യാപകൻ. വിദ്യാർത്ഥികൾക്ക് ക്ലാസും ഇഷ്ടമാണ്. ആൺ-പെൺ വിവേചന പ്രശ്‌നം ഇവിടെ നിലനിൽക്കുന്നതിനാൽ അദ്ധ്യാപകന്റെ പുറത്താകൽ ഉയർത്തി ഈ പ്രശ്‌നത്തിന്റെ പേരിൽ ഞങ്ങൾ സമരം തുടങ്ങുകയായിരുന്നു-വിഷ്ണുദത്ത് പറയുന്നു.

പക്ഷെ പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്. വെള്ളാപ്പള്ളിയും സിപിഎമ്മുമായി നല്ല ബന്ധം തുടരുന്നതിനാൽ എസ്എഫ്‌ഐ നേതൃത്വം നൽകുന്ന കോളേജ് യൂണിയൻ എസ്എൻ ട്രസ്റ്റിനെതിരെയുള്ള സമരം തുടരുന്നതിൽ സിപിഎമ്മിന് താത്പര്യമില്ല. എസ്എൻ ട്രസ്റ്റ് നേതാക്കളാണ് സമരം ഒതുക്കി തീർക്കാൻ ശ്രമം നടത്തുന്നതും. നിലവിൽ പ്രിൻസിപ്പാൾ ഷാഹിൽ എന്ന അദ്ധ്യാപകനെ ടെർമിനേറ്റ് ചെയ്യുകയാണ് ചെയ്തിരിക്കുന്നത്. അതിനു പകരം ഷാഹിൽ റിസൈൻ ചെയ്യാൻ പ്രിൻസിപ്പാളിന് അപേക്ഷ നൽകും. ഈ അപേക്ഷ സ്വീകരിച്ച് പ്രിൻസിപ്പാൾ അനുമതി നൽകും. അപ്പോൾ ടെർമിനേഷൻ പ്രശ്‌നം അവസാനിക്കുകയും ജോലി ചെയ്തതിന്റെ സർട്ടിഫിക്കറ്റ് ഷാഹിലിനു ലഭിക്കുകയും ചെയ്യും. ഇതോടെ പ്രശ്‌ന പരിഹാരമാവുമെന്നാണ് പ്രതീക്ഷ. പക്ഷെ ആൺ-പെൺ വിവേചന പ്രശ്‌നം കൂടി ഈ സമരവുമായി ബന്ധപ്പെട്ടുയരുന്നുണ്ട് എന്നതാണ് മറ്റൊരു പ്രശ്‌നം. അതിനെന്ത് പരിഹാരം എന്ന് കൂടി തീരുമാനം വരേണ്ടി വരും. ഈ പ്രശ്‌നം വിദ്യാർത്ഥികൾ പ്രസ് ചെയ്തില്ലെങ്കിൽ നാളെ കഴിഞ്ഞു മറ്റന്നാൾ പ്രശ്‌നങ്ങൾക്ക് ശുഭാന്ത്യം എന്ന് തന്നെയാണ് പ്രിൻസിപ്പാൾ കരുതുന്നത്.

ഷാഹിൽ മാനെജ്‌മെന്റ് നിർദ്ദേശം അനുസരിച്ച് രാജി വയ്ക്കാനുള്ള അപേക്ഷ നൽകുകയാണെങ്കിൽ പ്രശ്‌നം തീരുകയാണെങ്കിൽ തങ്ങളും മുന്നോട്ടില്ല എന്നാണ് വിദ്യാർത്ഥി യൂണിയൻ നേതാക്കളുടെ ഭാഗത്തും നിന്നും വരുന്ന തീരുമാനം. എന്തായാലും വെള്ളിയാഴ്ച പ്രശ്‌ന പരിഹാരത്തിനു അരങ്ങൊരുങ്ങും എന്നു തന്നെയാണ് പുറത്തു വരുന്ന സൂചനകൾ. എസ്എൻ കോളേജിലെ വനിതാ ഹോസ്റ്റലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തടഞ്ഞതിനെതിരെ നേരത്തെ ഹൈക്കോടതി വിധി ചർച്ചയായിരുന്നു. ഇന്റർനെറ്റ് ഉപയോഗം മൗലികാവകാശമാണെന്ന് നിരീക്ഷിച്ച കോടതി മൊബൈൽ ഫോൺ വിലക്കിയ നടപടി റദ്ദാക്കിയിരുന്നു. ഇതേ കോളേജിലെ ബിരുദ വിദ്യാർത്ഥിനിയാണ് വിഷയം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP