Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാടെടുക്കാൻ പിണറായിക്കും സിപിഎമ്മിനും അവകാശം ഉണ്ടെന്നിരിക്കേ ഖജനാവിലെ കാശ് ധൂർത്തടിച്ച് സുപ്രീംകോടതിയിൽ പാഴ് ഹർജി നൽകുന്നത് എന്തിന് വേണ്ടിയാണ്?വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ പേരിൽ അധ്വാനിക്കുന്നവന്റെ കാശ് പാഴാക്കാൻ ആരാണ് പിണറായിക്ക് അനുമതി നൽകിയത്?വോട്ടു ബാങ്ക് ലക്ഷ്യമിട്ട് പിണറായി നടത്തുന്ന നീക്കങ്ങൾക്കെതിരെ ശബ്ദം ഉയർത്താൻ പോലുമാവാതെ പ്രതിപക്ഷം മധ്യസ്ഥതയ്ക്ക് പോയതെങ്ങനെ?

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാടെടുക്കാൻ പിണറായിക്കും സിപിഎമ്മിനും അവകാശം ഉണ്ടെന്നിരിക്കേ ഖജനാവിലെ കാശ് ധൂർത്തടിച്ച് സുപ്രീംകോടതിയിൽ പാഴ് ഹർജി നൽകുന്നത് എന്തിന് വേണ്ടിയാണ്?വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ പേരിൽ അധ്വാനിക്കുന്നവന്റെ കാശ് പാഴാക്കാൻ ആരാണ് പിണറായിക്ക് അനുമതി നൽകിയത്?വോട്ടു ബാങ്ക് ലക്ഷ്യമിട്ട് പിണറായി നടത്തുന്ന നീക്കങ്ങൾക്കെതിരെ ശബ്ദം ഉയർത്താൻ പോലുമാവാതെ പ്രതിപക്ഷം മധ്യസ്ഥതയ്ക്ക് പോയതെങ്ങനെ?

മറുനാടൻ ഡെസ്‌ക്‌

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതിനും സമരം നടത്തുന്നതിനുമുള്ള അവകാശം ഇന്ത്യയിലെ സകല പൗരന്മാർക്കുമുണ്ട്. അതിനെ നേരിടുന്നതിനുള്ള അവകാശം സർക്കാരിനുമുണ്ട്. കേരളത്തിലെ സിപിഎമ്മും കോൺഗ്രസും ലീഗുമടങ്ങുന്ന രാഷ്ട്രീയ പാർട്ടികൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദിവസവും തെരുവിൽ പ്രതിഷേധ സമരങ്ങൾ നടത്തുന്നതും അവരുടെ വിയോജിപ്പ് രേഖപ്പെടുത്തുന്നതും നിയമാനുസൃതം തന്നെയാണ്. അതിന് വേണ്ടി ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടി സുപ്രീംകോടതിയെ സമീപിക്കാൻ ശ്രമിച്ചാൽ അതും നിയമത്തിന്റെയും ജനാധിപത്യത്തിന്റെയും സത്ത ഉൾക്കൊള്ളുന്ന തീരുമാനം തന്നെയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന ആദ്യത്തെ രാഷ്ട്രീയ പാർട്ടിയായി മുസ്ലിം ലീഗ് മാറിയത് പോലും ചരിത്രത്തിന്റെ ജനാധിപത്യ അവകാശത്തിന്റെ പ്രകടനമാണ്.

എന്നാൽ, സംസ്ഥാന സർക്കാരിന്റെ ഖജനാവ് മുടിപ്പിച്ച് കൊണ്ട് ഈ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിനുള്ള തീരുമാനം എടുത്തിരിക്കുന്ന കേരള സർക്കാർ കാട്ടിയിരിക്കുന്നത് വഞ്ചനയും ധൂർത്തുമാണ്. സിപിഎമ്മിനോ പിണറായി വിജയനോ അവരുടെ പാർട്ടിയുടെയോ അല്ലെങ്കിൽ നാട്ടുകാരുടെ പിരിവെടുത്ത കാശോ മുടക്കി പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിൽ ഒരു തെറ്റുമില്ല. അവരത് ചെയ്യുക തന്നെ വേണം. പ്രത്യേകിച്ച് സമരത്തിന് വേണ്ടി അവർ രംഗത്തിറങ്ങുമ്പോൾ അത് ബോധ്യപ്പെടുത്തുന്നതിന് വേണ്ടി സുപ്രീംകോടതിയെ സമീപിക്കുന്നതിൽ തെറ്റൊന്നുമില്ല.

എന്നാൽ, കേന്ദ്രം പാസാക്കിയ ഒരു നിയമത്തിനെതിരെ, പാർലമെന്റിലെ അംഗങ്ങൾ ഭൂരിപക്ഷത്തോട് കൂടി ഒപ്പിട്ട് പാസാക്കിയ ഒരു നിയമത്തിനെതിരെ ഒരു ഫെഡറൽ സംവിധാനത്തിന്റെ അകത്ത് നിൽക്കുന്ന ഒരു സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുന്നത് നീതിരഹിതമാണ്. ഭരിക്കുന്നത് സിപിഎമ്മും ബിജെപിയുമാണ് എന്നതിനപ്പുറം ഒരു രാജ്യത്തിന്റെ തീരുമാനത്തിനെതിരെ സംസ്ഥാനം കോടതിയെ സമീപിക്കുന്നത് ഫെഡറലിസത്തോടുള്ള വെല്ലുവിളി തന്നെയാണ്. പ്രത്യേകിച്ച് പൗരത്വം എന്നത് യൂണിയൻ ലിസ്റ്റിൽ മാത്രം ഉൾപ്പെട്ട, കൺകറന്റ് ലിസ്റ്റിലോ സ്‌റ്റേറ്റ് ലിസ്റ്റിലോ വരാത്ത ഒരു വിഷയം എന്ന നിലയിൽ ഇതിലുള്ള ഇടപെടൽ അമിതാവേശവും അപകടകരവുമാണ് എന്ന് പറയേണ്ടിയിരിക്കുന്നു. മാത്രമല്ല, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏതാണ്ട് അറുപതിലധികം ഹർജികൾ ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഇതിലെ ഏതെങ്കിലും ഒരു ഹർജിയിൽ ഉണ്ടാകുന്ന തീരുമാനം ബാക്കി എല്ലാ ഹർജികൾക്കും ബാധകമാണ്.

അതായത്, ഈ 60 ഹർജികളും ആവശ്യപ്പെടുന്നത് പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യണമെന്നും മതത്തിന്റെ പേരിലുള്ള വിവേചനം ഒഴിവാക്കണം എന്നുമാണ്. സുപ്രീംകോടതി പരിശോധിക്കാൻ പോകുന്നത് ഇത് ഭരണഘടനാ വിരുദ്ധമാണോ എന്ന കാര്യം മാത്രമാണ്. അതേവിഷയം തന്നെ ഉയർത്തിപ്പിടിച്ചുകൊണ്ട് ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനമാണ് എന്നത് പറയാൻ ഖജനാവിന്റെ കാശ് മുടക്കേണ്ട ആവശ്യം എന്താണ്? ലീഗ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ അവിടെ ഇപ്പോൾ തന്നെ പ്രതിനിധാനം ചെയ്തുകൊണ്ടിരിക്കുന്നു. സിപിഎമ്മിനും കോൺഗ്രസിനും അത് ചെയ്യാവുന്നതാണ്. എന്നാൽ, അതിന് വേണ്ടി എന്റെയും നിങ്ങളുടെയും വിയർപ്പിന്റെ പണം ഉപയോഗിക്കുന്നതിനുള്ള അവകാശം ആരാണ് പിണറായി വിജയന് കൊടുത്തിരിക്കുന്നത്? ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP