Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചികിത്സ പുനരാരംഭിച്ച അശ്വിനെ കാണാൻ മന്ത്രിയമ്മ നേരിട്ടെത്തി; തങ്ങളുടെ ആവശ്യം സാധിച്ച് തന്നതിന് നന്ദി പറഞ്ഞ് ശ്രീലത ടീച്ചറും നിളയും; കണ്ണീരോടെ അമ്മ സുനിലയും; തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ ഇന്ന് കണ്ടത് അസാധാരണമായ രംഗങ്ങൾ; മൂന്നാം ക്ലാസ് കുട്ടികൾ അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹിക സുരക്ഷാ മിഷൻ ഏറ്റെടുത്ത അശ്വിനെ കാണാൻ മന്ത്രി കെ കെ ശൈലജ ടീച്ചർ എത്തിയത് മെഡിക്കൽ കോളജിൽ

ചികിത്സ പുനരാരംഭിച്ച അശ്വിനെ കാണാൻ മന്ത്രിയമ്മ നേരിട്ടെത്തി; തങ്ങളുടെ ആവശ്യം സാധിച്ച് തന്നതിന് നന്ദി പറഞ്ഞ് ശ്രീലത ടീച്ചറും നിളയും; കണ്ണീരോടെ അമ്മ സുനിലയും; തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ ഇന്ന് കണ്ടത് അസാധാരണമായ രംഗങ്ങൾ; മൂന്നാം ക്ലാസ് കുട്ടികൾ അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹിക സുരക്ഷാ മിഷൻ ഏറ്റെടുത്ത അശ്വിനെ കാണാൻ മന്ത്രി കെ കെ ശൈലജ ടീച്ചർ എത്തിയത് മെഡിക്കൽ കോളജിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുട്ടികളുടെ അപേക്ഷ കേട്ട് മന്ത്രിയമ്മ അശ്വിന് ചികിത്സ ഒരുക്കി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇന്ന് മുതൽ അശ്വിന് ചികിത്സ ആരംഭിച്ചു. കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലട നിവാസിയായ സെറിബ്രൽ പാൾസി ബാധിച്ച ഒമ്പത് വയസുകാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഉദ്യമത്തിന് തുടക്കമാകുന്നത് കാണാൻ മെഡിക്കൽ കോളജിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ മന്ത്രിയും നേരിട്ടെത്തി. മന്ത്രിയെ കണ്ട് നന്ദി പറയാൻ ബിആർസിയിലെ അദ്ധ്യാപിക ശ്രീലതയും പടിഞ്ഞാറെ കല്ലട ഗവൺമെന്റ് എൽപിഎസിലെ അശ്വിന്റെ സഹപാഠി നിളയും . നിളയെ ചേർത്ത് നിർത്തി അശ്വിന് മെച്ചപ്പെട്ട ചികിത്സ നൽകും എന്ന് മന്ത്രിയുടെ ഉറപ്പ്.

രണ്ടു വയസുകാരന്റെ വളർച്ച പോലുമില്ലാതെ പരസഹായമില്ലാതെ കിടക്കുന്ന അശ്വിൻ മധുവിനെ കുറിച്ചും ആ കുഞ്ഞിന്റെ സഹപാഠികൾ അവനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ നടത്തുന്ന ചെറിയ പരിശ്രമങ്ങളെ കുറിച്ചും മറുനാടൻ മലയാളിയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. പടിഞ്ഞാറെ കല്ലട ഗവൺമെന്റ് എൽപിഎസിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിൾ ആരോഗ്യ മന്ത്രിക്ക് നേരിട്ട് കത്തയക്കുകയായിരുന്നു. കത്ത് കിട്ടിയതോടെ മന്ത്രി നേരിട്ട് വിഷയത്തിൽ ഇടപെട്ടു. സാമൂഹിക സുരക്ഷാ മിഷൻ റീജിയണൽ ഡയറക്ടർ ഡോ. ഡയാന നേരിട്ട് കുട്ടിയെ വീട്ടിലെത്തി സന്ദർശിച്ച് അശ്വിനെ വകുപ്പ് ഏറ്റെടുത്തു എന്നറിയിച്ചു. തുടർന്നാണ് ഇന്ന് കുഞ്ഞിനെ മാതാപിതാക്കൾ ചികിത്സക്കായി മെഡിക്കൽ കോളജിൽ എത്തിച്ചത്. ഒപ്പം അശ്വിനെ പഠിപ്പിക്കുന്ന ബിആർസിയിലെ ടീച്ചർ ശ്രീലതയും സഹപാഠി നിളയും ആശുപത്രിയിലെത്തി. മന്ത്രിയെ നേരിൽ കണ്ട് നന്ദി പറയാനാണ് അവർ എത്തിയത്.

രാവിലെ മെഡിക്കൽ കോളജിലെത്തി പിഎംആർ വകുപ്പ് മേധാവി ഡോ. അബ്ദുൾ ഗഫൂറിനെയാണ് ആദ്യം കണ്ടത്. മുൻപ് നടത്തിയ ചികിത്സകളുടെ വിവരങ്ങൾ പരിശോധിച്ച ശേഷം കുഞ്ഞിനെയും അദ്ദേഹം വിശദമായി പരിശോധിച്ചു. അതിന് ശേഷം ഡോ. സക്കറിയയെ ചികിത്സക്കായി ചുമതലപ്പെടുത്തി. ഒരു സാധാരണ കുഞ്ഞാക്കി മാറ്റാൻ കഴിയില്ലെന്നും ഘട്ടം ഘട്ടമായി നിലമെച്ചപ്പെടുത്തി എടുക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു. അതിനിടയിൽ സാമൂഹിക സുരക്ഷാ മിഷൻ റീജിയണൽ ഡയറക്ടർ ഡോ. ഡയാനയും സംഘവും ആശുപത്രിയിലെത്തി. തൊട്ടുപ പിന്നാലെയാണ് മന്ത്രിയും അശ്വിനെ കാണാനായി ആശുപത്രിയിൽ എത്തിയത്.

കുട്ടികൾ കത്തയച്ച വിവരവും അശ്വിന് സർക്കാർ സാധ്യമായ എല്ലാ ചികിത്സകളും നൽകും എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മൂന്നര വർഷം കൊണ്ട ആരോഗ്യ മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്താനായി. ഭിന്ന ശേഷിക്കാരായ കുട്ടികളെയും സമൂഹത്തിന്റെ ഭാഗമാണ് എന്ന നിലയിലേക്ക് പൊതുബോധത്തെ മാറ്റാനായി എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ ഐത്തോട്ടുവ തീണ്ടാത്തറ വീട്ടിൽ മധുവിന്റെയും സുനിലയുടെയും ഇളയ കുട്ടിയാണ് അശ്വിൻ മധു. ഒമ്പത് വയസുണ്ടെങ്കിലും രണ്ട് വയസിൽ താഴെ മാത്രമാണ് വളർച്ച. സെറിബ്രൽ പൾസി എന്ന രോഗം. കിടത്തിയാൽ ഒരേ കിടപ്പ്. എഴുന്നേൽക്കുകയോ വർത്തമാനം പറയുകയോ ഇല്ല. പല ചികിത്സകൾ നൽകിയെങ്കിലും തുടർ ചികിത്സകൾക്ക് വഴിയില്ലാതെ ബുദ്ധിമുട്ടുകയയായിരുന്നു ഈ മാതാപിതാക്കൾ.

കൂലിപ്പണിക്കാരനാണ് മധു. കുഞ്ഞിനെ നോക്കാൻ എപ്പോഴും അമ്മ ഒപ്പം വേണം. മൂത്തത് ഒരു പെൺകുട്ടി. അവൾ അഞ്ചാം ക്ലാസിൽ പഠിക്കുന്നു. പിതാവ് ഉൾപ്പെടെ അഞ്ചുപേരുടെ എല്ലാ കാര്യങ്ങൾക്കുമായുള്ളത് മധുവിന്റെ വരുമാനം മാത്രം. ഇതിനിടയിൽ ആശുപത്രികളിൽ നിത്യേന പോകുന്നതിനാൽ പണിക്ക് പോകാനും കഴിയാതെയായി. പല ഡോക്ടർമാരെുടെയും ആശുപത്രികളുടെയും വാതിൽ ഈ കുടുംബം കുഞ്ഞിനെ രക്ഷിക്കാനായി മുട്ടി. എന്ത് ചികിത്സ നൽകണമെന്നോ എങ്ങനെ ചെയ്യണമെന്നോ അറിയാത്ത ഈ പാവങ്ങൾ പിന്നീട് കുഞ്ഞിനെ ആയുർവേദ ചികിത്സ നൽകി. കൊല്ലം ആയുർവേദ ആശുപത്രിയിൽ മൂന്നു മാസം കൂടുമ്പോൾ കിടത്തി പഞ്ചകർമ്മ ചികിത്സ ചെയ്യണം. ഇടവേളകളിലേക്കുള്ള മരുന്നുകൾ ആഴ്‌ച്ചയിൽ വാങ്ങണം. പണം ഒരു പ്രശ്‌നമായതോടെ ചികിത്സ അവിടെയും നിന്നു. ഇപ്പോൾ പണിതീരാത്ത ഒരു ചെറു വീടിനുള്ളിലെ ചുവരുകളിൽ നോക്കി തന്റെ വിധി എന്തെന്ന് പോലും അറിയാതെ കിടക്കുകയായിരുന്നു അശ്വിൻ.

ആ സമയത്താണ് സ്‌കൂളിലെ സ്‌പെഷ്യൽ അസംബ്‌ളിയിൽ അശ്വിനുമായി അവന്റെ അമ്മ എത്തുന്നതും കുട്ടികൾ അവനെ കാണുന്നതും. അശ്വിന്റെ വിവരങ്ങൾ അറിഞ്ഞതോടെ അവനെ സാധാരണ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരണമെന്നായി കുട്ടികൾ. ഇതിനായി ഇവർ ആരോഗ്യ മന്ത്രിക്ക് കത്തെഴുതുകയായിരുന്നു.

അശ്വിൻ മധുവിന് ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് കുട്ടികൾ മന്ത്രിക്കെഴുതിയ കത്ത്..

'സ്നേഹം നിറഞ്ഞ മന്ത്രിയമ്മേ,

ഞങ്ങൾ കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലട ഗവൺമെന്റ് എൽപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികളാണ്. ഞങ്ങളുടെ ക്ലാസിലെ മറ്റൊരു വിദ്യാർത്ഥിയായ അശ്വിൻ മധുവിന് (ട/ഛ മധു, തീണ്ടാത്തറയിൽ, ഐത്തോട്ടുവ, പടിഞ്ഞാറെ കല്ലട) എഴുന്നേറ്റ് നിൽക്കാനോ നടക്കാനോ വർത്തമാനം പറയുവാനോ കഴിയില്ല. രണ്ടു വയസുകാരന്റെ വളർച്ച മാത്രമാണ് അവനുള്ളത്. ജനിച്ചപ്പോൾ താഴെ വീണത് മൂലമാണ് അവൻ ഇങ്ങനെയായത് എന്നും നല്ല ചികിത്സ നൽകിയാൽ അവൻ പഴയപടി ആകുമെന്നുമാണ് എന്റെ ടീച്ചറും അശ്വിന്റെ അമ്മയും പറയുന്നത്. പക്ഷേ മെച്ചപ്പെട്ട ചികിത്സ നൽകാനുള്ള കഴിവ് അവന്റെ അച്ഛനും അമ്മക്കുമില്ല. പല കുട്ടികളെയും മന്ത്രിയമ്മ നല്ല ചികിത്സ നൽകി ജീവിതത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഞങ്ങൾക്കും ഞങ്ങളുടെ അശ്വിനെ ഞങ്ങളെ പോലെ ഒപ്പം വേണം.

അടുത്ത വർഷമെങ്കിലും അവനും ഞങ്ങളോടൊപ്പം ഇരുന്ന് അവൻ പഠിക്കണം. ഞങ്ങൾക്കൊപ്പം അസംബ്ലിയിൽ നിൽക്കണം. സ്‌കൂൾ മുറ്റത്ത് അവനും ഓടിക്കളിക്കണം. ചികിത്സക്കാവശ്യമായ പൈസ ഞങ്ങളും കൂടി ഒപ്പിക്കാം. ഏറ്റവും നല്ല ചികിത്സ കിട്ടാൻ ഞങ്ങളെ മന്ത്രിയമ്മ സഹായിക്കണം.
ഒത്തിരി ഇഷ്ടത്തോടെ

വിദ്യാർത്ഥികൾ

മൂന്നാം ക്ലാസ്
ഗവ.എൽപിഎസ്
പടിഞ്ഞാറെ കല്ലട'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP