Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിർഭയയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ആ നരാധമന്മാർ കഴുത്തിൽ കയർ വീണ് തൂങ്ങിയാടും; പ്രതികൾ നൽകിയ തിരുത്തൽ ഹർജി തള്ളി സുപ്രീംകോടതി; അഞ്ചംഗ ബെഞ്ച് തള്ളിയത് വിനയ് ശർമ, മുകേഷ് സിങ് എന്നിവർ നൽകിയ തിരുത്തൽ ഹർജി; ജനുവരി 22 ന് വധശിക്ഷ നടപ്പാക്കാൻ വാറണ്ട്; ശിക്ഷ നടപ്പാക്കുന്നതിന്റെ മുന്നോടിയായുള്ള ഡമ്മി പരീക്ഷണം അടക്കം നടത്തി ഒരുക്കങ്ങളുമായി ജയിൽ അധികൃതരും; രാജ്യ മനസ്സാക്ഷിയെ ഞെട്ടിച്ച കൊടും ക്രൂരതയിൽ നീതി നടപ്പാകുന്നു

നിർഭയയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ആ നരാധമന്മാർ കഴുത്തിൽ കയർ വീണ് തൂങ്ങിയാടും; പ്രതികൾ നൽകിയ തിരുത്തൽ ഹർജി തള്ളി സുപ്രീംകോടതി; അഞ്ചംഗ ബെഞ്ച് തള്ളിയത് വിനയ് ശർമ, മുകേഷ് സിങ് എന്നിവർ നൽകിയ തിരുത്തൽ ഹർജി; ജനുവരി 22 ന് വധശിക്ഷ നടപ്പാക്കാൻ വാറണ്ട്; ശിക്ഷ നടപ്പാക്കുന്നതിന്റെ മുന്നോടിയായുള്ള ഡമ്മി പരീക്ഷണം അടക്കം നടത്തി ഒരുക്കങ്ങളുമായി ജയിൽ അധികൃതരും; രാജ്യ മനസ്സാക്ഷിയെ ഞെട്ടിച്ച കൊടും ക്രൂരതയിൽ നീതി നടപ്പാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷ വിധിക്കെതിരെ പ്രതികൾ നൽകിയ തിരുത്തൽ ഹർജി തള്ളി. പ്രതികളായ വിനയ് ശർമ, മുകേഷ് എന്നിവർ നൽകിയ തിരുത്തൽ ഹർജിയാണ് സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ച് തള്ളിയത്. ഇന്ന് ഉച്ചയ്ക്ക് 1.45നാണ് തിരുത്തൽ ഹർജി സുപ്രിംകോടതി പരിഗണിച്ചത്. ജസ്റ്റിസുമാരായ എൻ വി രമണ, ആർ എഫ് നരിമാൻ, അരുൺ മിശ്ര, ആർ ഭാനുമതി, അശോക ഭൂഷൺ എന്നിവർ ഹർജി മേൽ വാദം കേട്ടത്. വധശിക്ഷയിൽ നിന്നും ഇളവ് ലഭിക്കാനുള്ള പ്രതികളുടെ അവസാനത്തെ നിയമ സാധ്യതയാണ് ഇന്ന് പരിഗണിക്കുന്ന തരത്തിലായിരുന്നു തിരുത്തൽ ഹർജി കണ്ടിരുന്നത് .

അതേസമയം ഇതേ പ്രതികൾ തന്നെ മരണ വാറന്റ് പുറപ്പെടുവിച്ച പാട്യാല ഹൗസ് കോടതിയുടെ നടപടി ചോദ്യം ചെയത് ഹൈക്കോടതിയിലും ഹർജ്ജി നൽക്കാനുള്ള നീക്കം നടത്തുന്നതായാണ് സൂചന. വധശിക്ഷയ്ക്ക് മുന്നോടിയായുള്ള ഡമ്മി പരീക്ഷണം കഴിഞ്ഞദിവസം നടന്നു. ഒരേ സമയം നാല് ഡമ്മികളും പരീക്ഷിച്ചു. ഭാര പരിശോധനയടക്കമുള്ള പരീക്ഷണം വിജയിച്ചതായിട്ടാണ് ലഭിക്കുന്ന വിവരം .ശിക്ഷാ തിയതി തിരുമാനിക്കപ്പെട്ട സാഹചര്യത്തിൽ കനത്ത സുരക്ഷയും നിരിക്ഷണവുമാണ് ജയിലിൽ പ്രതികൾക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രതികളുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ച ശേഷമാണ് ജഡ്ജി മരണ വാറണ്ട് പുറപ്പെടുവിച്ചത്. രാജ്യത്തെ നടുക്കിയ ഡൽഹി കൂട്ടബലാത്സംഗ കേസിൽ പ്രതികളായ നാല് പേരുടെയും വധശിക്ഷ സുപ്രീംകോടതി ശരിവച്ചിരുന്നു. ഡൽഹിയിലെ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പ്രതികളുടെ വധശിക്ഷ ശരിവച്ചുള്ള തീരുമാനം എടുത്തത്. അക്ഷയ് താക്കൂർ, വിനയ് ശർമ, പവൻ ഗുപ്ത, മുകേഷ് സിങ്, രാം സിങ്, എന്നിവർക്കൊപ്പം പ്രായപൂർത്തിയാകാത്ത ഒരാളും കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇയാൾ 2015 ൽ ജയിൽ മോചിതനായി.

പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ മരണ വാറന്റ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് നിർഭയയുടെ അമ്മ നൽകിയ ഹർജി നേരത്തെ ഡൽഹി കോടതി പരിഗണിച്ചിരുന്നില്ല. വധശിക്ഷ ശരിവച്ചതിനെതിരെ പ്രതി അക്ഷയ് സിങ് നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലായിരുന്നത്. ഈ ഹർജിക്ക് മുമ്പായി വാദം കേൾക്കാനാവില്ലെന്ന് കോടതി അറിയിച്ചിരുന്നു. കുറ്റവാളികളെ ഡിസംബർ 16 ന് തൂക്കിക്കൊല്ലണമെന്നായിരുന്നു മാതാപിതാക്കളുടെ ആവശ്യം.

രാജ്യ തലസ്ഥാനത്ത് 23 കാരിയായ പെൺകുട്ടിയെ നിഷ്ഠൂരമായി ബലാത്സംഗം ചെയ്ത് മൃതപ്രായയാക്കിയ കേസാണിത്. രണ്ട് ആഴ്ച മരണത്തോട് മല്ലടിച്ച് നിർഭയ പൊരുതി നിന്നപ്പോൾ രാജ്യം മുഴുവൻ അലയടിച്ച പ്രതിഷേധമാണ് ഈ വിധിക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത്. 2012 ഡിസംബർ 16നു രാത്രിയാണ് പാരാ മെഡിക്കൽ വിദ്യാർത്ഥിനി ഓടിക്കൊണ്ടിരുന്ന ബസിൽ കൂട്ടമാനഭംഗത്തിനും ക്രൂര മർദനത്തിനും ഇരയായത്. സുഹൃത്തിനൊപ്പം സിനിമ കണ്ട് മടങ്ങിയ പെൺകുട്ടിയെ ആറംഗ സംഘമാണ് ഓടുന്ന ബസിൽ ബലാത്സംഗത്തിന് ഇരയാക്കിയത്.

ഇന്ത്യൻ ക്രിമിനൽ കേസുകളുടെ ചരിത്രത്തിലെ നാഴികക്കല്ലായ ഒരു കേസാണ് നിർഭയ കേസ്. 2012 ഡിസംബർ 16 -ന് രാത്രി,സുഹൃത്തിനൊപ്പം ഒരു പ്രൈവറ്റ് ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ഫിസിയോതെറാപ്പി വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ ആ സംഭവം ഇന്ത്യയിലങ്ങോളമിങ്ങോളം പ്രതിഷേധങ്ങളുടെ അലയൊലികൾ സൃഷ്ടിച്ചു. രാത്രിയിൽ ദക്ഷിണ ഡൽഹിയിലുള്ള സാകേത് സെലക്ട് സിറ്റി വാക്ക് തിയറ്ററിൽ സുഹൃത്തായ യുവാവിനൊപ്പം സിനിമ കണ്ടതിനുശേഷം പെൺകുട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. മുനീർക്കയിൽ നിന്നും ദ്വാരകയിലേക്ക് പോകാനായി കയറിയ വൈറ്റ് ലൈൻ ബസ്സിലാണ് പെൺകുട്ടി അതിക്രൂരമായ ബലാത്സംഗത്തിനും ശാരീരികാക്രമണത്തിലും വിധേയയായത്.

അനധികൃത സർവീസ് നടത്തുകയായിരുന്ന ആ ബസ്സിൽ നേരത്തെ ഉണ്ടായിരുന്നവർ ചേർന്ന് ശല്യം ചെയ്തപ്പോൾ അതിനെ ചോദ്യചെയ്ത സുഹൃത്തിനെ അക്രമികൾ യാതൊരു ദയയുമില്ലാതെ ഇരുമ്പു ദണ്ഡുകൊണ്ട് അടിച്ചവശനാക്കി. അതിനുശേഷം ഇവർ പെൺകുട്ടിക്കു നേരെ തിരിയുകയും, ചെറുത്തുനിന്ന പെൺകുട്ടിയെ ഇരുമ്പുവടികൊണ്ട് തല്ലുകയും ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽവെച്ച് അവരെ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പീഡനത്തിനിടയിൽ അക്രമികൾ അവരുടെ ശാരീരികാവയവങ്ങളിലേക്ക് ഇരുമ്പുകമ്പി തള്ളിക്കയറ്റിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഏതാണ്ട് 11 മണിയോടെ, അർദ്ധനഗ്‌നാവസ്ഥയിൽ ഇരുവരേയും റോഡിലേക്കു വലിച്ചെറിഞ്ഞ ശേഷം അക്രമികൾ കടന്നുകളഞ്ഞു. അതുവഴി പോയ ഒരാളാണ് അവശനിലയിൽ കിടന്ന അവരെ കണ്ടെത്തുന്നതും പൊലീസിൽ അറിയിക്കുന്നതും.

പീഡനത്തിൽ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29 ന് മരണപ്പെട്ടു. ഈ സംഭവം രാജ്യമാകെ വ്യാപകമായ പ്രതിഷേധം ഉയർത്തി. സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളിലും മറ്റും ഇതേ തുടർന്ന് ചർച്ചകളുണ്ടാവുകയും, ഡൽഹിയിൽ പ്രതിഷേധങ്ങൾ കത്തിജ്ജ്വലിക്കുകയും ചെയ്തു. പിന്നീട് തെരുവുകളിലേക്കു പടർന്ന ഈ പ്രതിഷേധം വലിയ വിവാദങ്ങൾക്ക് കാരണമായി.

ഈ കേസിന്റെ അന്വേഷണം ബലാത്സംഗക്കേസുകളുടെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ ഒന്നാണ്. പൊലീസ് സംഘത്തിന്റെ ഭാഗത്തു നിന്ന് മാസങ്ങളോളം നീണ്ടുനിന്ന, വളരെ പ്രൊഫഷണലായ അന്വേഷണവും, തെളിവ് ശേഖരണവും ഒക്കെ ഉണ്ടായി. ഫലപ്രദമായ രീതിയിൽ പ്രവർത്തിച്ച പൊലീസ്, പ്രോസിക്യൂഷൻ സംവിധാനങ്ങൾ ചേർന്ന് കോടതിയിൽ പഴുതടച്ചു സമർപ്പിച്ച കുറ്റപത്രം, സംഭവം നടന്നിട്ട് ഏഴുവർഷം കഴിഞ്ഞിരിക്കുന്ന ഈ വൈകിയ വേളയിലെങ്കിലും, ഇതാ പ്രതികളെ കഴുമരത്തിനു തൊട്ടടുത്തുവരെ എത്തിച്ചിരിക്കുകയാണ്. പ്രായപൂർത്തിയാകാത്തതിന്റെ ആനുകൂല്യം മുതലാക്കി ഒരു പ്രതിമാത്രമാണ് വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടത്.

41 പൊലീസുകാർ, 5 ദിവസം - യാതൊരു തുമ്പുമില്ലാതിരുന്ന ആ കേസ് തെളിയിക്കാൻ ഛായാ ശർമ്മ ഐപിഎസിന് വേണ്ടി വന്നത് ഇത്രമാത്രമാണ്. ഒരു തെളിവുമില്ലാത്ത ഒരു 'ഡെഡ് എൻഡിൽ' നിന്നായിരുന്നു അന്വേഷണത്തിന്റെ തുടക്കം. അർദ്ധബോധാവസ്ഥയിൽ പിറുപിറുത്തുകൊണ്ടിരിക്കുന്ന പെൺകുട്ടി. തന്റെ സാന്നിധ്യത്തിൽ കാമുകി ബലാത്സംഗത്തിനിരയായിട്ടും അത് തടയാനാവാതിരുന്നതിന്റെ സങ്കടത്തിലും, ഏൽക്കേണ്ടിവന്ന മർദ്ദനങ്ങളുടെ ആഘാതത്തിലും, ആ സംഭവം ഏൽപ്പിച്ച ഷോക്കിലും ആകെ പരിഭ്രമിച്ചിരിക്കുന്ന യുവാവ്. അപരിചിതരായ അക്രമികൾ. അപരിചിതമായ ഒരു ബസ്സിൽ നടന്ന അക്രമം. അക്രമശേഷം അപ്രത്യക്ഷമായ ബസ്. യുപി, ഹരിയാന എന്നീ രണ്ടു സംസ്ഥാനങ്ങളോട് ഡൽഹിക്കുണ്ടായിരുന്ന സാമീപ്യവും, പ്രതികൾ ഒരിക്കലും പിടിക്കാനാവാത്തവണ്ണം രക്ഷപെടാനുള്ള സാധ്യത മലർക്കെ തുറന്നിട്ടിരുന്നു എന്നുവേണം പറയാൻ.

എട്ടുപേരടങ്ങുന്ന ഒരു കോർ ടീം ഉണ്ടാക്കി ഛായാ ശർമ്മ. അവർ രാപ്പകൽ ഉറക്കമില്ലാതെ അന്വേഷണങ്ങൾക്ക് ചുക്കാൻ പിടിച്ചു. കൃത്യമായ അന്വേഷണം. കിട്ടിയ നേരിയ കച്ചിത്തുരുമ്പുകളിൽ പിടിച്ചു കേറി നടത്തിയ തിരച്ചിലുകൾ. ഡൽഹിയുടെ തെരുവുകളിൽ പൊലീസിന് ഉണ്ടായിരുന്ന ഇൻഫോർമർ നെറ്റ്‌വർക്കിന്റെ ഫലപ്രദമായ ഉപയോഗം. ഒടുവിൽ അവർ നൽകിയ ആയിരം പേജുള്ള ഒരു കുറ്റപത്രം പിന്നീട് ഒരു സംശയത്തിനും ഇടയുണ്ടാക്കുന്ന ഒന്നായിരുന്നില്ല. അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ പി സി കുശ്വാഹയായിരുന്നു ഛായാ ശർമ്മയ്ക്കുമേൽ പരോക്ഷമായി കേസിനെ നിരീക്ഷിച്ചിരുന്നത്. അദ്ദേഹം തന്നെയായിരുന്നു പ്രത്യേകാന്വേഷണ സംഘത്തിന്റെ തലവനും. രണ്ടായി തിരിഞ്ഞുകൊണ്ടായിരുന്നു സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ പ്രവർത്തനം. ഒരു ടീം തെളിവുകൾ ശേഖരിച്ചുകൊണ്ടിരുന്നപ്പോൾ, രണ്ടാമത്തെ ടീം അതിനെ കോടതിയിലെ വിചാരണയ്ക്ക് ചേരുംവിധം പഴുതടച്ചുകൊണ്ട് കുറ്റപത്രത്തിലേക്ക് കൂട്ടിച്ചേർത്തുകൊണ്ടിരുന്നു.

ഇത്രയധികം വട്ടം ഡിഎൻഎ ടെസ്റ്റ് നടത്തിയ ഒരു കേസ് ഇന്ത്യൻ ക്രിമിനൽ ഹിസ്റ്ററിയിൽ വേറെ കാണില്ല. ഓരോ ഘട്ടത്തിലും അവർ തെളിവുകളെ അരക്കിട്ടുറപ്പിച്ചിരുന്നത് ഡിഎൻഎ ടെസ്റ്റിലൂടെ സാമ്പിളുകൾ മാച്ചുചെയ്തുകൊണ്ടായിരുന്നു. പല്ലുകൾ മുതൽ, കുറ്റാരോപിതരുടെ വസ്ത്രങ്ങളിലെ കറകൾ വരെ. വിവസ്ത്രരാക്കി പുറത്തു തള്ളിയപ്പോൾ, അഴിച്ചെടുത്തിരുന്ന ഇരകളുടെ വസ്ത്രങ്ങൾ കത്തിച്ചുകളഞ്ഞിരുന്നു പ്രതികൾ. എന്നാൽ കത്തിച്ചേടത്ത് പൂർണമായും കത്താതെ ബാക്കിവന്ന തുണിക്കഷ്ണഗങ്ങളിൽ ഡിഎൻഎ ടെസ്റ്റ് നടത്തി അത് ഇരകളുടേതാണ് എന്ന് കോടതിയെ ബോധ്യപ്പെടുത്താൻ അന്വേഷണ സംഘത്തിനായി.

സംഭവം നടന്ന ശേഷം പാർക്കിങ് ലോട്ടിൽ കൊണ്ട് ചെന്നിടും മുമ്പ് പ്രതികൾ തെളിവുകൾ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബസ്സിന്റെ ഉൾഭാഗം കഴുകിയിറക്കിയിരുന്നു. എന്നിട്ടും, ബസ്സിനുള്ളിൽ വെള്ളമോ, ചൂലോ എത്താത്തിടങ്ങളിൽ ഒളിച്ചിരുന്ന രക്തത്തുള്ളികളിൽ ഡിഎൻഎ ടെസ്റ്റ് നടത്തി ബലാത്സംഗം നടന്നത് കസ്റ്റഡിയിലെടുത്ത ബസ്സിനുള്ളിൽ തന്നെയാണെന്ന പൊലീസ് സ്ഥാപിച്ചെടുത്തു.

സംഭവം നടന്ന വിവരമറിഞ്ഞപ്പോൾ ഛായാ സിങ്ങ് ഐപിഎസ് ആദ്യമായി വിളിച്ചുവരുത്തിയത് ഇൻസ്പെക്ടർ രാജേന്ദർ സിംഗിനെ ആയിരുന്നു. ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ് കോമയിലേക്ക് വഴുതിവീഴുന്ന ഘട്ടത്തിലും, കേസന്വേഷണത്തിൽ ഏറെ നിർണായകമായി പിന്നീട് മാറിയ ചില വിവരങ്ങൾ അക്രമികളെപ്പറ്റി തന്റെ മൊഴിയിൽ നൽകിക്കൊണ്ട് ആക്രമണത്തിനിരയായ പെൺകുട്ടിയും പൊലീസിന് തന്റേതായ സഹായങ്ങൾ നൽകി. ആകെ അറിയാവുന്നത് അവർ സഞ്ചരിച്ചിരുന്നത് ഒരു വെളുത്ത ബസ്സിൽ ആയിരുന്നു എന്ന് മാത്രമായിരുന്നു. ചുവന്ന സീറ്റുകൾ. മഞ്ഞ കർട്ടനുകൾ. ഇത്രയും തന്റെ അർദ്ധബോധാവസ്ഥയിലും ആ പെൺകുട്ടി ഓർത്തുപറഞ്ഞു. ഡൽഹിയിൽ വെള്ള ബസ്സുകൾ നിരവധിയുണ്ടായിരുന്നു എങ്കിലും ഈ വിശദാംശം പൊലീസിന്റെ അന്വേഷണത്തിൽ വഴിത്തിരിവായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP