Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ എസ് ആർ ടി സിക്കു മാത്രമായി ഓടാൻ അനുവദിച്ച ദേശസാത്കൃത സ്‌കീമിന് കേന്ദ്ര നീക്കം ഭീഷണി; ആനവണ്ടിയെ പിടിച്ചു നിർത്തുന്നത് 1200 ദീർഘ ദൂര ബസുകൾ; ഇവയിലെ വരുമാനം കുറഞ്ഞാൽ പിന്നെ ആനവണ്ടിയിൽ നിന്ന് കേൾക്കുക ചരമ ഗീതം; കട്ടപ്പുറത്ത് കൂടി ഓടുന്ന കെ എസ് ആർ ടി സിയെ തകർക്കാൻ കേന്ദ്ര സർക്കാരും; ആഡംബരബസുകൾക്ക് പെർമിറ്റില്ലാതെ ഓടാൻകഴിയുന്ന വിധത്തിൽ കേന്ദ്ര മോട്ടോർവാഹന നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തെ എതിർക്കാൻ കേരളം

കെ എസ് ആർ ടി സിക്കു മാത്രമായി ഓടാൻ അനുവദിച്ച ദേശസാത്കൃത സ്‌കീമിന് കേന്ദ്ര നീക്കം ഭീഷണി; ആനവണ്ടിയെ പിടിച്ചു നിർത്തുന്നത് 1200 ദീർഘ ദൂര ബസുകൾ; ഇവയിലെ വരുമാനം കുറഞ്ഞാൽ പിന്നെ ആനവണ്ടിയിൽ നിന്ന് കേൾക്കുക ചരമ ഗീതം; കട്ടപ്പുറത്ത് കൂടി ഓടുന്ന കെ എസ് ആർ ടി സിയെ തകർക്കാൻ കേന്ദ്ര സർക്കാരും; ആഡംബരബസുകൾക്ക് പെർമിറ്റില്ലാതെ ഓടാൻകഴിയുന്ന വിധത്തിൽ കേന്ദ്ര മോട്ടോർവാഹന നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തെ എതിർക്കാൻ കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കട്ടപ്പുറത്ത് കൂടി ഓടുന്ന കെ എസ് ആർ ടി സിയെ തകർക്കാൻ കേന്ദ്ര സർക്കാരും. ആഡംബരബസുകൾക്ക് പെർമിറ്റില്ലാതെ ഓടാൻകഴിയുന്ന വിധത്തിൽ കേന്ദ്ര മോട്ടോർവാഹന നിയമം ഭേദഗതി ചെയ്യാനുള്ള നീക്കം കെ എസ് ആർ ടി സിയെ തകർക്കും. ഇതിനുള്ള കരട് പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം, 22 സീറ്റിൽ കൂടുതലുള്ള ലക്ഷ്വറി എ.സി. ബസുകൾക്ക് സംസ്ഥാനസർക്കാരിന്റെ അനുമതിയില്ലാതെ റൂട്ട് ബസായി ഓടാനാകും.

കെ.എസ്.ആർ.ടി.സി.ക്കു മാത്രമായി ഓടാൻ അനുവദിച്ച ദേശസാത്കൃത സ്‌കീമിനും പുതിയ നീക്കം ഭീഷണിയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള കെ.എസ്.ആർ.ടി.സി.യുടെ ദിവസ വരുമാനത്തിന്റെ സിംഹഭാഗവും നൽകുന്നത് 1200 ദീർഘദൂര ബസുകളാണ്. ഇവയുടെ വരുമാനം കുറഞ്ഞാൽ കെ എസ് ആർ ടി സി പൂട്ടലിന്റെ വക്കിലെത്തും. അന്തസ്സംസ്ഥാന പാതകളിൽ ഓടുന്ന സ്വകാര്യബസുകൾക്കെല്ലാം സംസ്ഥാനത്തിനുള്ളിലും ഓടാനാകും. എ.സി. ബസുകൾ എന്ന നിബന്ധനയുള്ളതിനാൽ സംസ്ഥാനത്തെ സ്വകാര്യ സ്റ്റേജ് ക്യാരേജുകൾക്ക് പ്രയോജനപ്പെടില്ല. ബസ്‌ബോഡി കോഡിലെ മാനദണ്ഡം നിർബന്ധമാക്കിയിരിക്കുന്നതിനാൽ മിനി ബസുകൾക്കും ട്രാവലറുകൾക്കും ഈ ആനുകൂല്യം ലഭിക്കില്ല.

കെ.എസ്.ആർ.ടി.സി. ഉൾപ്പെടെയുള്ള പൊതുമേഖലാ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾക്ക് ഭീഷണിയാകുന്ന നീക്കത്തെ സംസ്ഥാനസർക്കാർ എതിർക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. 15-നു ചേരുന്ന മന്ത്രിസഭായോഗത്തിനുശേഷം ഇക്കാര്യം ചർച്ചചെയ്യാനായി പ്രത്യേകയോഗം ചേരും. നിയമസെക്രട്ടറി, ട്രാൻസ്‌പോർട്ട് സെക്രട്ടറി, ട്രാൻസ്‌പോർട്ട് കമ്മിഷണർ എന്നിവരുമായി കൂടിയാലോചിച്ച് ഭേദഗതിക്കെതിരേ ആക്ഷേപം നൽകുമെന്നും മന്ത്രി പറഞ്ഞു. ബസ് മേഖല കുത്തകകൾക്കു കൈമാറാനുള്ള നീക്കം കേന്ദ്ര മോട്ടോർവാഹന നിയമഭേദഗതിയിൽ ഉണ്ടായിരുന്നു. ഇതേക്കുറിച്ച് സംസ്ഥാനം പലതവണ ആശങ്കയറിയിച്ചതാണ്. കെ.എസ്.ആർ.ടി.സി.ക്കു മാത്രമല്ല രാജ്യത്തെ എല്ലാ പൊതുമേഖലാ റോഡ് ട്രാൻസ്‌പോർട്ടിങ് കോർപ്പറേഷനുകൾക്കും ഈ ഭേദഗതി ഭീഷണിയാണ്. ഇത് കേന്ദ്രത്തെ അറിയിക്കുമെന്നും മന്ത്രി വിശദീകരിച്ചു.

സംസ്ഥാനസർക്കാരിന്റെ സ്റ്റേജ് കാര്യേജ് പെർമിറ്റ് വേണമെന്ന നിബന്ധനയാണ് സ്വകാര്യ ലക്ഷ്വറി ബസുകൾക്ക് നിലവിലെ തടസ്സം. കരാറടിസ്ഥാനത്തിൽ ഒരു സ്ഥലത്തുനിന്നു യാത്രക്കാരെ കൂട്ടത്തോടെ മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകാനുള്ള കോൺട്രാക്ട് കാര്യേജ് പെർമിറ്റാണ് ഇവർക്കു നൽകുക. റൂട്ട് നിശ്ചയിച്ച് നിരക്ക് പ്രഖ്യാപിച്ച് ഓരോ പോയന്റിൽനിന്നും യാത്രക്കാരെ കയറ്റിക്കൊണ്ടു പോകാനുള്ളതാണ് സ്റ്റേജ് കാര്യേജ് പെർമിറ്റ്. ഇതിൽ റൂട്ട്, സമയം, പെർമിറ്റ്, ടിക്കറ്റ് നിരക്ക് എന്നിവയെല്ലാം സംസ്ഥാനസർക്കാർ നിശ്ചയിക്കും. എന്നാൽ, പുതിയ ഭേദഗതി വന്നാൽ കോൺട്രാക്റ്റ് ക്യാരേജ് ബസുകൾക്ക് അവർ നിശ്ചയിക്കുന്ന സമയത്തും പാതകളിലും ഓടാനാകും.

അന്തസ്സംസ്ഥാന പാതകളിലെ സ്വകാര്യ ആഡംബര ബസുകൾക്ക് അംഗീകൃതടിക്കറ്റ് നിരക്കില്ല. തിരക്കിനനുസരിച്ച് കൂട്ടിയും കുറച്ചുമാണ് അവർ ടിക്കറ്റ് തുക വാങ്ങുന്നത്. പെർമിറ്റില്ലാതെ ഓടുന്നതിന്റെ പേരിൽ കേസെടുത്താണ് ഇവയെ നിലവിൽ സർക്കാർ നിയന്ത്രിക്കുന്നത്. പെർമിറ്റ് ആവശ്യമില്ലെന്നുവന്നാൽ ഇവയുടെമേൽ സർക്കാരിനുള്ള നിയന്ത്രണം നഷ്ടമാകും. കെ.എസ്.ആർ.ടി.സി.യെ സംരക്ഷിക്കാൻ സംസ്ഥാനസർക്കാർ നടപ്പാക്കിയ ഫ്‌ളീറ്റ് ഓണർ നിയമത്തെയും പുതിയ ഭേദഗതിയിലൂടെ സ്വകാര്യബസുകാർക്ക് മറിടക്കാം. സംസ്ഥാനത്തിനുള്ളിൽ ദീർഘദൂര ബസുകൾ ഓടിക്കണമെങ്കിൽ നിശ്ചിത കിലോമീറ്ററുകൾക്കുള്ളിൽ ബസ് സ്റ്റാൻഡും യാത്രക്കാർക്ക് വിശ്രമസൗകര്യവും വേണം. ഇതിന് കെ.എസ്.ആർ.ടി.സി.ക്കു മാത്രമാണു കഴിയുക.

ലക്ഷ്വറി ബസുകൾക്ക് നികുതിനിരക്ക് കൂടുതലാണ്. അതിനാൽ സംസ്ഥാനസർക്കാരിന് നികുതിയിനത്തിൽ നേട്ടമുണ്ടാകും. മെച്ചപ്പെട്ട യാത്രാസൗകര്യം ലഭിക്കുമെന്നതാണ് യാത്രക്കാർക്കുള്ള നേട്ടം. എന്നാൽ, ദീർഘദൂര റൂട്ടുകൾ പൂർണമായും സ്വകാര്യമേഖലയ്ക്കു കുത്തയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP