Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിയമം വിവേചനപരവും ഭരണഘടനാവിരുദ്ധവും: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ: നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സൂട്ട് ഹർജി: പൗരത്വ ദേദഗതിക്കെതിരെ കോടതിയിൽ എത്തുന്ന ആദ്യ സംസ്ഥാനമായി കേരളം

നിയമം വിവേചനപരവും ഭരണഘടനാവിരുദ്ധവും: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ: നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സൂട്ട് ഹർജി: പൗരത്വ ദേദഗതിക്കെതിരെ കോടതിയിൽ എത്തുന്ന ആദ്യ സംസ്ഥാനമായി കേരളം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:  പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സൂട്ട് ഹർജി നൽകി. നിയമം വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് കേരളത്തിന്റെ ഹർജിയിൽ പറയുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സർക്കാർ കോടതിയിൽ സർക്കാർ പറഞ്ഞു. പൗരത്വ ദേദഗതിക്കെതിരെ കോടതിയിൽ എത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളമെന്നതും ശ്രദ്ധേയമാണ്.

ഭരണഘടനയുടെ 132-ാം അനുച്ഛേദ പ്രകാരമുള്ള സൂട്ട് ഹർജിയാണ് കേരളം സുപ്രീംകോടതിയിൽ നൽകിയിരിക്കുന്നത്. പിബി യോഗത്തിനായി കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ഡൽഹിയിൽ എത്തിയപ്പോൾ നിയമ വിദഗ്ധരുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ഇതിന് ശേഷമാണ് സൂട്ട് ഹർജി ഫയൽ ചെയ്യാൻ തീരുമാനിച്ചത്.

ജനുവരി 23ന് പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം സ്യൂട്ട് ഹർജി ഫയൽ ചെയ്തത്. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. സുപ്രീം കോടതിയിലെ സംസ്ഥാനത്തിന്റെ സ്റ്റാൻഡിങ് കൗൺസൽ ജി പ്രകാശ് മുഖേനെയാണ് ഹർജി നൽകിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീം കോടതി രജിസ്ട്രിയിൽ ഫയൽ ചെയ്തത്.

തുടർന്ന് അന്ന് വൈകിട്ടോടെ സാങ്കേതിക പിഴവുകൾ നീക്കി ഹർജിക്ക് നമ്പർ നൽകിയ കാര്യം സുപ്രീംകോടതി രജിസ്ട്രി സ്ഥിരീകരിച്ചു. വ്യക്തികൾ, സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവർ സമർപ്പിച്ച ഏതാണ്ട് 60 ഹർജികളാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിൽ ഫയൽ ചെയ്തിട്ടുള്ളത്. എന്നാൽ ആദ്യമായിട്ടാണ് നിയമത്തിനെതിരെ ഒരു സംസ്ഥാന സർക്കാർ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. അതിനിർണായകമായ രാഷ്ട്രീയ നീക്കമാണ് സംസ്ഥാന സർക്കാർ ഇതോടെ നടത്തിയിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവും സഭയിൽ ആദ്യ പ്രമേയം പാസാക്കുന്ന സംസ്ഥാനവുമാണ് കേരളം. നിയമത്തിനെതിരെ കൊണ്ടുവന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷം അനുകൂലിച്ചിരു്ന്നു. എന്നാൽ, ബിജെപി എംഎൽഎ മാത്രമാണ് പ്രമേയത്തെ പ്രതികൂലിച്ച് എത്തിയിരുന്നുള്ളു. കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടിരുന്നു. പൗരത്വ ഭേദഗതി മത വിവേചനത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു. രാജ്യമെങ്ങും ആശങ്കയാണ്. പ്രവാസികൾക്കിടയിലും ആശങ്ക ശക്തമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധങ്ങൾ തുടരവെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സർവകക്ഷി യോഗം ചേർന്നിരുന്നു. പൗരത്വ ഭേദഗതി നിയമം ജനങ്ങൾക്കിടയിൽ കടുത്ത ആശങ്ക സൃഷ്ടിച്ച പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മത -സാമൂഹ്യ സംഘടനാ നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു.

പൗരത്വ നിയത്തിനെതിരെ സാധ്യമായ നടപടികൾ ചെയ്യണമെന്നാവശ്യപ്പെട്ട്‌ 11 ബിജെപി ഇതര മുഖ്യമന്ത്രിമാർക്കായിരുന്നു കേരള മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. പൗരത്വ ഭേദഗതി നിയമം സമൂഹത്തിലെ വലിയ വിഭാഗം ജനങ്ങൾക്കിടയിൽ ആശങ്ക ഉളവാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നീക്കം അന്ന് നടത്തിയത്.

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവർക്കായിരുന്നു കേരളം കത്തയച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP