Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുതിയ മെത്രാൻ കൈ വിട്ടതോടെ ചീട്ടുകീറിയ ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് ആഘാതമായി ജോയിസ് ജോർജിന്റെ ദയനീയ തോൽവി; ഇനി ജോയിസിന് സീറ്റ് നൽകില്ലെന്ന് സിപിഎം സൂചിപ്പിച്ചതോടെ കസ്തൂരി രംഗന്റെ പേരിൽ ഇടതിനെ പിന്തുണയ്ക്കാൻ ഒരു സംഘം വൈദികർ ഉണ്ടാക്കിയ സെറ്റ് അപ്പ് പൊളിഞ്ഞു; ശിൽപിയായ ഫാ കൊച്ചു പുരയ്ക്കലിനെ ഇറ്റലിക്ക് അയച്ചതോടെ രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സമിതി; ഇടുക്കിയിൽ കോൺഗ്രസ് സർവ്വാധിപത്യത്തിന് തിരിച്ചടിയേൽപ്പിച്ച സഭാ രാഷ്ട്രീയത്തിന് അന്ത്യ ചുംബനം  

പുതിയ മെത്രാൻ കൈ വിട്ടതോടെ ചീട്ടുകീറിയ ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് ആഘാതമായി ജോയിസ് ജോർജിന്റെ ദയനീയ തോൽവി; ഇനി ജോയിസിന് സീറ്റ് നൽകില്ലെന്ന് സിപിഎം സൂചിപ്പിച്ചതോടെ കസ്തൂരി രംഗന്റെ പേരിൽ ഇടതിനെ പിന്തുണയ്ക്കാൻ ഒരു സംഘം വൈദികർ ഉണ്ടാക്കിയ സെറ്റ് അപ്പ് പൊളിഞ്ഞു; ശിൽപിയായ ഫാ കൊച്ചു പുരയ്ക്കലിനെ ഇറ്റലിക്ക് അയച്ചതോടെ രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സമിതി; ഇടുക്കിയിൽ കോൺഗ്രസ് സർവ്വാധിപത്യത്തിന് തിരിച്ചടിയേൽപ്പിച്ച സഭാ രാഷ്ട്രീയത്തിന് അന്ത്യ ചുംബനം   

മറുനാടൻ മലയാളി ബ്യൂറോ

കട്ടപ്പന: ഇടുക്കിയെ ഇടതിനോട് അടുപ്പിക്കുകയായിരുന്നു ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ലക്ഷ്യം. കസ്തൂരി രംഗനും ഗാഡ്ഗിലും കേരളം ചർച്ചയാക്കിയപ്പോൾ അതിന്റെ നേട്ടമുണ്ടാക്കാൻ എത്തിയതായിരുന്നു ഈ സംഘടന. ഇടുക്കി രൂപതയുടെ ആദ്യ ബിഷപ്പായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ 75 വയസ് പൂർത്തിയായതോടുകൂടിയാണ് പദവിയിൽ നിന്നും വിരമിച്ചിരുന്നു. പകരമായി മാർ ജോൺ നെല്ലിക്കുന്നേൽ ബിഷപ്പായി. ഇതോടെ ക്രൈസ്തവ സഭയ്ക്കും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രാഷ്ട്രീയത്തിൽ താൽപ്പര്യമില്ലാതെയായി. ഇതോടെയാണ് ഹൈറേഞ്ച് സംരക്ഷണ സമിതി നിർണ്ണായക തീരുമാനം എടുക്കുന്നത്. പാർലമെന്റ് അംഗത്തെയും പിന്നീട് ഇരുപതോളം ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളെയും വിജയിപ്പിച്ച ഹൈറേഞ്ച് സംരക്ഷണ സമിതി തിരഞ്ഞെടുപ്പ് രാഷ്ട്രീയം വിടാൻ തീരുമാനിച്ചതിന് പിന്നിൽ സഭയുടെ ഇടപെലുമുണ്ട്.

കേരളാ കോൺഗ്രസ് രാഷ്ട്രീയവും കോൺഗ്രസുമായിരുന്നു ഇടുക്കിയെ എക്കാലത്തും നിയന്ത്രിച്ചത്. ഇത് പൊളിക്കൻ ഇടതുപക്ഷം ഉപയോഗിച്ച തന്ത്രപരമായ ആയുധമായിരുന്നു ഹൈറേഞ്ച് സംരക്ഷണ സമിതി. കസ്തൂരി രംഗൻ റിപ്പോർട്ടിന് പിന്നിൽ യുപിഎ സർക്കാരാണെന്ന് വരുത്തി കോൺഗ്രസിനെ മലയിറക്കാനുള്ള നീക്കമായിരുന്നു ഈ സംഘടനയുടെ രൂപീകരണത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ജോയിസ് ഇതിന്റെ അമരത്ത് എത്തി. ഏവരേയും ഞെട്ടിച്ച് 2014ൽ ഇടുക്കിയിൽ നിന്ന് ലോക്‌സഭാ അംഗവുമായി. ഇടതു പക്ഷ പിന്തുണയിൽ ജോയിസ് ജയിച്ചതോടെ ഹൈറേഞ്ച് സമിതി പ്രതാപം കാട്ടി. എന്നാൽ കഴിഞ്ഞ തവണ ജോയിസ് തോറ്റു. ഇനി ജോയിസിന് സീറ്റില്ലെന്ന് സിപിഎം നിലപാട് എടുക്കുകയും ചെയ്തു. ഇതിനൊപ്പമാണ് കത്തോലിക്കാ സഭയുടെ മനം മാറ്റം. ഇതോടെ ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് രാഷ്ട്രീയം വിടേണ്ടിയു വന്നു.

സമിതി ജനറൽ കൺവീനർ ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കലും മുൻ എംപി ജോയ്സ് ജോർജും പങ്കെടുത്ത യോഗത്തിലാണു നിർണായക തീരുമാനം. തിരഞ്ഞെടുപ്പിൽ നിന്നു വിട്ടു നിന്നുകൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു മുൻപിൽ സമ്മർദ ശക്തിയായി പ്രവർത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തു വന്നിരിക്കെയാണ് തീരുമാനമെന്നതും ശ്രദ്ധേയമാണ്. അതിനിടെ ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കലിനെ ഉപരിപഠനത്തിനായി ഇറ്റലിക്ക് അയയ്ക്കാൻ സഭ തീരുമാനിച്ചതാണ് ഇതിന് കാരണം.

ഹൈറേഞ്ച് സംരക്ഷണ സമിതിയോടുള്ള താൽപ്പര്യ കുറവാണ് ഇതിന് കാരണം. ഇറ്റലിയിൽ പോകുന്നതിന് മുന്നോടിയായി ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ ആലുവയിലെ സെമിനാരിയിൽ ഭാഷാ പഠനത്തിലാണ്. ഇറ്റലിക്കു പോവുകയാണെങ്കിലും സമിതിയുടെ ചുമതലയിൽ നിന്ന് അദ്ദേഹം ഒഴിവാകുന്നില്ല. സമിതി രക്ഷാധികാരി ആർ. മണിക്കുട്ടന് താൽക്കാലിക ചുമതല നൽകാനാണ് തീരുമാനം. പതിയെ സമിതിയുടെ പ്രവർത്തനത്തെ കത്തോലിക്കാ സഭ തന്നെ മരവിപ്പിക്കുമെന്നും സൂചനയുണ്ട്.

6 വർഷത്തോളമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സമിതി സജീവമായിരുന്നു. ഇടതുപക്ഷ പിന്തുണയോടെ ജോയ്സ് ജോർജിനെ പാർലമെന്റിലേക്ക് അയച്ചതോടെയാണ് സമിതി രാഷ്ട്രീയ രംഗത്ത് സജീവമായത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സമിതി പിന്തുണയുള്ള സ്ഥാനാർത്ഥിയായി ജോയ്സ് ജോർജിനെ എൽഡിഎഫ് മത്സരിപ്പിച്ചെങ്കിലും പരാജയം ഏറ്റുവാങ്ങി. ഇത് ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് വലിയ തിരിച്ചടിയാവുകയും ചെയ്തു. സമിതി നിർണായക ശക്തിയായതോടെ മറ്റു പാർട്ടികൾ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നാണ് സമിതി ജനറൽ ബോഡിയോഗത്തിന്റെ വിലയിരുത്തൽ. സമിതി രക്ഷാധികാരികളായ സി.കെ.മോഹനൻ, കെ.കെ.ദേവസ്യ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഫലത്തിൽ കോൺഗ്രസിന് തന്നെയാകും ഈ തീരുമാനം ഗുണ ചെയ്യുക. ഇടുക്കി രൂപതയുടെ പുതിയ മെത്രാനായി മാർ ജോൺ നെല്ലിക്കുന്നേൽ നിയമിതനായതോടെയാണ് ഹൈറേഞ്ച് സമിതിയുടെ രാഷ്ട്രീയക്കളിക്ക് കടിഞ്ഞാണ് വീണത്.

പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും കേരളത്തിൽ രണ്ടാം തവണയും പ്രളയമുണ്ടായത് കാലാവസ്ഥ വ്യതിയാനം മൂലമാണെന്നും ഹൈറേഞ്ച് സംരക്ഷണസമിതി നിലപാട് എടുത്തിരുന്നു. പശ്ചിമഘട്ടത്തിലെ മനുഷ്യ ഇടപെടലും സർക്കാരിന്റെ അനാസ്ഥയുമാണ് പ്രളയത്തിന്റെ കാരണമെന്നായിരുന്നു ഗാഡ്ഗിൽ കമ്മിറ്റിയുടെ റിപ്പോർട്ട്. എന്നാൽ ഇത് മാധവ് ഗാഡ്ഗിലിന്റെ ഇടുക്കിക്കാരോടുള്ള പകപോക്കലാണെന്നാണ് സമിതിയുടെ ആരോപണം. മാധവ് ഗാഡ്ഗിലിനെതിരെ 2013ൽ എടുത്ത നിലപാടിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. വിദേശ രാജ്യങ്ങളായ ഓസ്‌ട്രേലിയയിലും ബ്രസീലിലും പ്രളയമുണ്ടായത് പശ്ചിമഘട്ടം നിമിത്തമാണോ എന്നും സമിതി ചോദിക്കുന്നു. പശ്ചിമഘട്ടത്തിൽ മനുഷ്യ ഇടപെടലല്ല ആഗോളതാപനമാണ് കാരണം. ഇതേ കാരണത്താലാണ് ഓസ്‌ട്രേലിയയിലും ബ്രസീലിലും പ്രളയമുണ്ടായതെന്ന് പോലും അവർ പറഞ്ഞിരുന്നു.

കേരളത്തിൽ തുടർച്ചയായ രണ്ടാം വർഷവും, പ്രളയ ദുരന്തമുണ്ടായ സാഹചര്യത്തിൽ ഗാഡ്ഗിൽ സമിതി റിപ്പോർട്ടിന് അനുകൂലമായി നടപടികൾ എടുക്കാത്തതിനെതിരെ മാധവ് ഗാഡ്ഗിലും രംഗത്തെത്തിയിരുന്നു. എന്നാൽ കേരളത്തിലെ പ്രളയത്തിന് കാരണം മനുഷ്യ ഇടപെടൽ നിമിത്തം പശ്ചിമഘട്ടത്തിലുണ്ടാകുന്ന മാറ്റങ്ങളല്ലെന്ന് ആവർത്തിക്കുകയാണ് ഹൈറേഞ്ച് സംരക്ഷണ സമിതി. പശ്ചിമഘട്ട സംരക്ഷണത്തിന്, കൃത്യമായ പഠനങ്ങളില്ലാതെ തയ്യാറാക്കിയ ഗാഡ്ഗിൽ ഒഴിവാക്കി പകരം കർഷകരെ ഉൾപ്പെടുത്തിയുള്ള പുതിയ പഠന റിപ്പോർട്ട് വേണമെന്ന നിലപാടിലാണ് ഹൈറേഞ്ച് സംരക്ഷണ സമിതി.

തൽകാലം ഇത്തരം കർഷക അനുകൂല വാദങ്ങളുമായി സമിതി മുമ്പോട്ട് പോകും. കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ രംഗത്ത് വന്ന് കഴിഞ്ഞ തവണ ഇടുക്കിയിലെ രാഷ്ട്രീയ ചിത്രം മാറ്റിവരച്ച സംഘടനയാണ് ഹൈറേഞ്ച് സംരക്ഷണ സമിതി. പട്ടയവിതരണം ഉൾപ്പടെ ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാത്തതും കാർഷിക പ്രശ്നങ്ങളും ചർച്ചയാക്കി മുമ്പോട്ട് പോയി. ഈ ചർച്ചകളുടെ ഗുണഭോക്താവ് സിപിഎമ്മായിരുന്നു. ഹൈറേഞ്ച് സംരക്ഷണ സമിതി നിയമോപദേശകനായിരുന്നു ജോയിസ് ജോർജ്.

ഇടുക്കി ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ 12 വർഷം മുമ്പ് ആരംഭിച്ച സമര സംഘടനയാണ് ഹൈറേഞ്ച് സംരക്ഷണസമിതി. ജില്ലയിലെ കൈവശഭൂമിക്ക് നാല് ഏക്കർ വരെ ഉപാധികളില്ലാത്ത പട്ടയം നൽകുന്ന പ്രധാന ആവശ്യം ഉയർത്തിയാണ് സമിതി രംഗത്ത് വന്നത്. പശ്ചിമഘട്ടമാകെ അതീവ പരിസ്ഥിതി മേഖല ആക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വന്ന ഗാഡ്ഗിൽ റിപ്പോർട്ടിലെ വിശദാംശങ്ങൾ പൊതുസമൂഹത്തിൽ ചർച്ചയാക്കി പ്രതിരോധം തീർത്തതും , കേന്ദ്രസർക്കാരിനെ കൊണ്ട് അത് വേണ്ടെന്ന് തീരുമാനം എടുപ്പിച്ചതും സമിതിയുടെ ശക്തമായ നിലപാടു കൊണ്ടാണ്. സമിതി ആരംഭിച്ച കാലംമുതൽ നിയമ ഉപദേഷ്ടാവായും നയ രൂപീകരണത്തിൽ സുപ്രധാന പങ്കുവഹിച്ചും നേതൃത്വം നൽകിയിരുന്ന ആളാണ് അഡ്വക്കേറ്റ് ജോയിസ് ജോർജ്.

ജോയിസ് ജോർജ് എംപിയായതോടെയാണ് സമിതിയുടെ രാഷ്ട്രീയം മറനീക്കി വന്നത്. കോൺഗ്രസ് സർവ്വാധിപത്യത്തിൽ കണ്ണുവച്ച ഇടത് അജണ്ടയായി ഇത് തിരിച്ചറിയപ്പെട്ടു. ഇടുക്കി ബിഷപ്പ് മാറിയതോടെ കത്തോലിക്കാ സഭയും ഇതിൽ നിന്ന് പതിയെ അകന്നു. ഇത് തന്നെയാണ് സമിതിയുടെ രാഷ്ട്രീയ പിന്മാറ്റത്തിന് പിന്നിലെ യാഥാർത്ഥ കാരണവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP