Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺഗ്രസിന് ഇപ്പോൾ വേണ്ടത് ഐശ്വര്യമുള്ളൊരു മുസ്ലിം മുഖം; നറുക്ക് വീഴുന്നത് ഷാഫി പറമ്പലിന്; യൂത്ത് കോൺഗ്രസ് പ്രസിഡന്റായി പാലക്കാട് എംഎൽഎയെ നിയമിക്കാൻ ഗ്രൂപ്പുകൾ മറന്ന് തീരുമാനം; തെരഞ്ഞെടുപ്പ് നടത്താതെയുള്ള പരിപാടി അനുവദിക്കില്ലെന്ന് ദേശീയ നേതൃത്വവും; ഒറ്റയാളെ ഉള്ളൂവെങ്കിൽ വൈസ് പ്രസിഡന്റാവാൻ ശബരിനാഥ് എംഎൽഎയും

കോൺഗ്രസിന് ഇപ്പോൾ വേണ്ടത് ഐശ്വര്യമുള്ളൊരു മുസ്ലിം മുഖം; നറുക്ക് വീഴുന്നത് ഷാഫി പറമ്പലിന്; യൂത്ത് കോൺഗ്രസ് പ്രസിഡന്റായി പാലക്കാട് എംഎൽഎയെ നിയമിക്കാൻ ഗ്രൂപ്പുകൾ മറന്ന് തീരുമാനം; തെരഞ്ഞെടുപ്പ് നടത്താതെയുള്ള പരിപാടി അനുവദിക്കില്ലെന്ന് ദേശീയ നേതൃത്വവും; ഒറ്റയാളെ ഉള്ളൂവെങ്കിൽ വൈസ് പ്രസിഡന്റാവാൻ ശബരിനാഥ് എംഎൽഎയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: യൂത്ത് കോൺഗ്രസ് സംസ്ഥാനപ്രസിഡന്റായി എ ഗ്രൂപ്പിലെ ഷാഫി പറമ്പിൽ എംഎ‍ൽഎ.യെ നിയമിക്കാൻ കെപിസിസി. നേതൃത്വം ഏകകണ്ഠമായി നിർദ്ദേശിക്കുമ്പോഴും മുഖംതിരിച്ച് ദേശീയ നേതൃത്വം. എ-ഐ ഗ്രൂപ്പുകൾ സംയുക്തമായാണ് തീരുമാനം. പൗരത്വ ഭേദഗതി നിയമത്തിൽ ചർച്ചകൾ നടക്കുമ്പോൾ ഷാഫി പറമ്പിലാണ് നല്ലതെന്ന തിരിച്ചറിവിലാണ് കേരളത്തിലെ ഗ്രൂപ്പ് മാനേജർമാർ. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ നടപടിക്രമങ്ങൾ പാലിച്ചേ മുന്നോട്ടുപോകൂ എന്നാണ് കേന്ദ്രത്തിന്റെ വാദം. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കു യോഗ്യതയുള്ളതായി യൂത്ത് കോൺഗ്രസ് കേന്ദ്രസമിതി പുറത്തുവിട്ട പത്തുപേരുടെ പട്ടികയിലുണ്ടെങ്കിലും ഷാഫിയെ ഒറ്റയടിക്ക് പ്രസിഡന്റായി പ്രഖ്യാപിക്കാൻ കഴിയില്ലെന്നാണ് ദേശീയ നേതൃത്വം പറയുന്നത്.

സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഐ ഗ്രൂപ്പിലെ കെ.എസ്. ശബരിനാഥൻ എംഎ‍ൽഎ.യെയാണ് സംസ്ഥാന നേതൃത്വം പരിഗണിച്ചിരിക്കുന്നത്. വൈസ് പ്രസിഡന്റാവാൻ ഒരാൾമാത്രമുണ്ടെങ്കിലേ താൻ പദവി സ്വീകരിക്കൂവെന്ന് ശബരിനാഥനും പറഞ്ഞിട്ടുണ്ട്. ഒന്നിൽ അധികം പേരുണ്ടെങ്കിൽ സ്ഥാനം വേണ്ടെന്നാണ് ശബരിനാഥിന്റെ തീരുമാനം. നേരത്തെ ശബരീനാഥിനെ യുത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ ഐ ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഷാഫിയുടെ പേര് എ ഗ്രൂപ്പ് ഉയർത്തിയത്. ഒരാൾക്ക ഒരു പദവിയെന്ന ആവശ്യം ചിലർ ചർച്ചയാക്കി. ഷാഫിയേയും ശബരീനാഥിനേയും വെട്ടനായിരുന്നു ഇത്. എന്നാൽ മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷനായതോടെ ഗ്രൂപ്പുകൾക്ക് പ്രാധാന്യം നഷ്ടമായെന്ന എ-ഐ ഗ്രൂ്പ്പുകാരുടെ ഭയം സമവായമെത്തിച്ചു. അപ്പോൾ ദേശീയ നേതൃത്വത്തിന്റം കടുംപിടിത്തം ഷാഫിക്ക് വിനയാണ്.

കേരളത്തിൽനിന്ന് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം തിരഞ്ഞെടുപ്പ് നടത്താനെന്ന പേരിൽ അംഗത്വവിതരണം നടത്തി കോടികൾ പിരിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് നടത്താൻ ഒരു സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തുകയും ചെയ്തു. അവരുടെ നടപടിക്രമങ്ങൾ പാലിച്ചേ പുതിയ പ്രസിഡന്റിനെയും ഭാരവാഹികളെയും പ്രഖ്യാപിക്കാൻ സാധിക്കൂവെന്നാണ് ദേശീയ നേതൃത്വത്തിന്റെ കടുംപിടിത്തം. ഇല്ലെങ്കിൽ അത് പുലിവാലായി മാറും. തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ ആരെങ്കിലും നിയമനടപടികളുമായി മുന്നോട്ടുപോയാൽ അത് ദേശീയനേതൃത്വത്തിന് ബാധ്യതയാവും. പിരിവ് നടത്തിയതിന് സമാധാനം പറയേണ്ടതായും വരും. തെരഞ്ഞെടുപ്പിന് മുമ്പ് പോലും കേരളത്തിൽ അനുകൂല വിധിക്കായി കോടതിയിൽ പോയവർ പോലമുണ്ട്. അതിനാലാണ് തിരഞ്ഞെടുപ്പിന് കേന്ദ്ര നേതൃത്വം നിർബന്ധം കാട്ടുന്നത്.

എന്നാൽ, സംസ്ഥാനത്തേക്ക് പതിനാറ്ുപേരടങ്ങുന്ന ഭാരവാഹികളെയാണ് ദേശീയനേതൃത്വം നിഷ്‌കർഷിച്ചിട്ടുള്ളത്. ആളെ കണ്ടെത്തിക്കഴിഞ്ഞാൽ അവരുടെ ഓൺലൈൻ നാമനിർദ്ദേശം സ്വീകരിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും നാമനിർദ്ദേശംചെയ്ത് പ്രഖ്യാപിക്കുന്നതിനെ ദേശീയനേതൃത്വം അംഗീകരിക്കുന്നില്ല. കേരളത്തിൽ ഇത് അനുവദിച്ചാൽ അംഗത്വവിതരണം പൂർത്തിയാക്കിയ മറ്റ് അഞ്ച് സംസ്ഥാനങ്ങളിൽനിന്ന് ഇതേ ആവശ്യം വന്നേക്കും. ഇതോടെ തിരഞ്ഞെടുപ്പ് പ്രക്രിയതന്നെ അട്ടിമറിക്കപ്പെട്ടേക്കുമെന്നാണ് ആശങ്ക. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെ പ്രഖ്യാപിക്കുന്ന സാഹചര്യം ഉണ്ടാവുമെന്നാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. ദേശീയ നേതൃത്വം കടുംപിടിത്തം തുടർന്നാൽ ഫാഫി പറമ്പിലിനെ തിരഞ്ഞെടുപ്പിലൂടെ തന്നെ അധ്യക്ഷനാക്കാനാണ് എ-ഐ ഗ്രൂപ്പുകളുടെ തീരുമാനം.

ഷാഫി പറമ്പിൽ എംഎൽഎയെ സംസ്ഥാന പ്രസിഡന്റായും കെഎസ് ശബരീനാഥൻ എംഎൽഎ അടക്കം 4 പേരെ വൈസ് പ്രസിഡന്റായും നിർദ്ദേശിച്ചുള്ള ഫോർമുലയായിരുന്നു കേന്ദ്രത്തിന് നൽകിയത്. ഇതിനെ ശബരീനാഥും അംഗീകരിക്കുന്നില്ല. ഒന്നിലേറെ പേരുമായി വൈസ് പ്രസിഡന്റ് പദവി പങ്കിടാൻ അനുവദിക്കില്ലെന്നാണ് നിലപാട്. ഗ്രൂപ്പുകൾ മുന്നോട്ടുവെച്ച പട്ടിക കേന്ദ്രനേതൃത്വം തള്ളിയോടെയാണ് പുനഃസംഘടന പ്രതിസന്ധിയിലായത്. സംസ്ഥാന ഘടകം സമർപ്പിച്ച പട്ടിക അംഗീകരിക്കാനാവില്ലെന്ന് ഡൽഹിയിൽ നടന്ന ചർച്ചയിൽ അഖിലേന്ത്യാ നേതൃത്വം തീർത്തു പറഞ്ഞു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് എംപി, ഹൈബി ഈഡൻ എംപി, ഷാഫി പറമ്പിൽ എംഎൽഎ, സിആർ മഹേഷ് എന്നിവരാണ് ഡൽഹിയിൽ സംസ്ഥാന ഘടകത്തെ പ്രതിനിധീകരിച്ച് അഖിലേന്ത്യാ നേതൃത്വവുമായി ചർച്ച നടത്തിയത്.

ശബരീനാഥിന് പുറമെ, എൻഎസ് നുസൂർ, വിദ്യാ ബാലകൃഷ്ണൻ, പ്രേംരാജ് എന്നിവരെയാണ് വൈസ് പ്രസിഡന്റുമാരായി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ തന്നെ നടപടികൾ പൂർത്തിയാക്കണമെന്ന കർശന നിലപാടിലാണ് അഖിലേന്ത്യാ നേതാക്കൾ. യൂതത് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്ത സാഹചര്യത്തിൽ ഹൈക്കമാൻഡ് ഇടപെട്ട് തീർപ്പാക്കണമെന്ന നിലപാടാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്. എന്നാൽ സോണിയയും പ്രശ്‌നത്തിൽ അനുകൂല നിലപാട് എടുത്തിട്ടില്ല. ദേശീയ നേതൃത്വം ടാലന്റ് ഹണ്ടിലൂടെയാണ് സംസ്ഥാന ഭാരവാഹികളെയും ജില്ലാ ഭാരവാഹികളെയും തീരുമാനിച്ച് പട്ടിക തയാറാക്കിയത്. ഈ പട്ടികയിൽനിന്ന് പുതിയ ഭാരവാഹികളെ തീരുമാനിക്കാനുള്ള ചർച്ച പുരോഗമിക്കുന്നതിനിടെയാണ് സാമുദായിക നേതാക്കളുടെ പിന്തുണയിൽ ചിലർ നേതൃസ്ഥാനത്തെത്താൻ ശ്രമിക്കുന്നത് എന്നാണ് ആരോപണം. പട്ടികയ്ക്കു പുറത്തുള്ള ചിലരെ ജില്ലാ പ്രസിഡന്റുമാരായി നിയമിക്കണമെന്നാണ് ആവശ്യം. ഇതോടെ കടുത്ത സമ്മർദത്തിലായിരിക്കുകയാണ് സംസ്ഥാന നേതൃത്വം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ എന്നിവരെ ഈ ആവശ്യം ഉന്നയിച്ച് ഏതാനും സമുദായ നേതാക്കൾ സമീപിച്ചുവെന്നാണ് വിവരം. ജില്ലാ പ്രസിഡന്റുമാരുടെ നിയമനമാണ് പാർട്ടിക്കു പ്രധാന വെല്ലുവിളിയായിരിക്കുന്നത്. ഒരേ ജില്ലയ്ക്കു വേണ്ടി ഒന്നിലേറെ സമുദായങ്ങൾ ആവശ്യമുന്നയിച്ചത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, കോഴിക്കോട് തുടങ്ങിയ ജില്ലകളുടെ കാര്യത്തിലാണ് തർക്കം തുടരുന്നത്. സമുദായ സംഘടനകളുടെ ഇടപെടൽ ശക്തമായതോടെ, അർഹരായ പലരും തഴയപ്പെടുന്നെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഈ കാര്യം ഉന്നയിച്ച് ഒട്ടേറെ പരാതികൾ ഇതിനകം എഐസിസിക്കു ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

പുനഃസംഘടനക്കാര്യത്തിൽ 'ഒരാൾക്ക് ഒരു പദവി' തത്വം പാലിക്കേണ്ടെന്നു തീരുമാനിച്ചതോടെയാണ് എംഎൽഎമാരായ ഷാഫി പറമ്പിലും ശബരിനാഥനും മുഖ്യസ്ഥാനങ്ങളിലേക്കു പരിഗണിക്കപ്പെട്ടത്. വോട്ടിങ് വേണമെന്ന് കേന്ദ്ര നേതൃത്വം നിർബന്ധം പിടിക്കുന്നതിനാൽ പേരിനു വോട്ടെടുപ്പു നടത്താനാണ് എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP