Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന്റെ വധശിക്ഷ ലാഹോർ ഹൈക്കോടതി റദ്ദാക്കി; മുഷറഫിനെ ശിക്ഷിച്ച പ്രത്യേക കോടതി ഭരണഘടനാ വിരുദ്ധമെന്നും ഹൈക്കോടതി

പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന്റെ വധശിക്ഷ ലാഹോർ ഹൈക്കോടതി റദ്ദാക്കി; മുഷറഫിനെ ശിക്ഷിച്ച പ്രത്യേക കോടതി ഭരണഘടനാ വിരുദ്ധമെന്നും ഹൈക്കോടതി

സ്വന്തം ലേഖകൻ

ലാഹോർ: രാജ്യദ്രോഹക്കുറ്റം ചുമത്തി പ്രത്യേക കോടതി വധശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാൻ മുൻ പ്രസിഡന്റും മുൻ പട്ടാള മേധാവിയുമായ പർവേസ് മുഷറഫിനെ (76) ലാഹോർ ഹൈക്കോടതി വെറുതെ വിട്ടു. വധശിക്ഷ റദ്ദാക്കികൊണ്ടാണ് ഹൈക്കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്. ആറു മാസം നീണ്ട വിചാരണയ്ക്ക് ഒടുവിൽ ഡിസംബർ 17-നാണ് ഇസ്ലാമാബാദിലെ പ്രത്യേക കോടതി മുഷറഫിനെ വധശിക്ഷയ്ക്ക് വിധിച്ചത്. എന്നാൽ പ്രത്യേക കോടതിയുടെ രൂപീകരണം തന്നെ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ച മൂന്നംഗ ബെഞ്ച് ഭരണഘടന അട്ടിമറിച്ചെന്ന് ആരോപിച്ചുള്ള രാജ്യദ്രോഹക്കേസിന്റെ നടപടികൾക്കെതിരെയും രൂക്ഷവിമർശനം ഉന്നയിച്ചു.

2007 നവംബർ മൂന്നിന് ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് 2014 മാർച്ച് 31നാണ് പർവേസ് മുഷറഫിനെതിരെ കേസെടുത്തത്. മുഷറഫ് കുറ്റക്കാരനാണെന്ന് 2014-ൽ വിധി വന്നിരുന്നു. പ്രത്യേക കോടതിയുടെ മൂന്നംഗ ബെഞ്ചാണു ശിക്ഷ വിധിച്ചത്. അറസ്റ്റ് ഭയന്ന് പാക്കിസ്ഥാൻ വിട്ട മുഷറഫ് 2016 മുതൽ ദുബായിലാണ് കഴിയുന്നത്. മുഷറഫ് വിധിയെ സ്വാഗതം ചെയ്തു.

മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് വീണ്ടും അധികാരത്തിൽ എത്തിയതോടെയാണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.ഏത് സമയവും പാക്കിസ്ഥാനിൽ താൻ തിരിച്ചെത്തുമെന്നും ഭരണം പിടിക്കുമെന്നും മുഷറഫ് പലപ്പോഴും ആവർത്തിച്ചുകൊണ്ടിരുന്നു. ഓൾ പാക്കിസ്ഥാൻ മുസ്ലിം ലീഗ് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചുവെങ്കിലും ജനപിന്തുണ നേടാനായില്ല. പ്രസിഡന്റ് പദവി രാജിവച്ച് ദുബായിലെത്തിയശേഷം 2013ലാണ് പാക്കിസ്ഥാനിലേക്കു മടങ്ങിയെത്തിയത്.

2016 മുതൽ ദുബൈ.ിൽ കഴിയുന്ന അദ്ദേഹത്തിനു ഫലത്തിൽ പാക്കിസ്ഥാനിൽ നിയമക്കുരുക്കുകളൊന്നും ബാക്കിയില്ല. മുഷറഫിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2001 ൽ പാക്കിസ്ഥാൻ പ്രസിഡന്റായ മുഷറഫ് 2008 ലാണ് സ്ഥാനം ഒഴിയുന്നത്. ഇംപീച്ച്‌മെന്റ് നടപടികൾ ഒഴിവാക്കാനായിട്ടായിരുന്നു അധികാരം ഉപേക്ഷിച്ചത്. ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസിലും മുൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോ വധിക്കപ്പെട്ട കേസിലും വിചാരണ നേരിടുന്നതിനിടെ, 2016 മാർച്ചിൽ ചികിത്സയ്ക്കായി ദുബായിൽ തിരിച്ചെത്തിയ അദ്ദേഹം പിന്നീട് മടങ്ങിയിട്ടില്ല.

2017ൽ ബേനസീർ ഭൂട്ടോ വധക്കേസിൽ മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പാക്ക് ഭീകരവിരുദ്ധ കോടതി പ്രഖ്യാപിച്ചു. 2018ൽ അദ്ദേഹത്തിന്റെ ദേശീയ തിരിച്ചറിയൽ കാർഡും പാസ്‌പോർട്ടും പാക്കിസ്ഥാൻ സർക്കാർ സസ്‌പെൻഡ് ചെയ്തു. പാക്ക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ചുവെങ്കിലും ദുബായിൽ ഉന്നത ബന്ധങ്ങളുള്ള മുഷറഫിനെ നാട്ടിലെത്തിച്ച് വധശിക്ഷ നടപ്പിലാക്കുക എന്നത് എളുപ്പമാകില്ലെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു.

തൂക്കിക്കൊല്ലും മുൻപു മുഷറഫ് മരിച്ചാൽ മൃതദേഹം ഇസ്ലാമാബാദിലെ സെൻട്രൽ സ്‌ക്വയറിലെത്തിച്ച് 3 ദിവസം കെട്ടിത്തൂക്കണമെന്നും പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു. വിധി പാക്ക് സൈന്യവും ജുഡീഷ്യറിയും തമ്മിലുള്ള ഏറ്റുമുട്ടലിനും വഴിയൊരുക്കിയിരുന്നു. പാക്കിസ്ഥാനിൽ രാജ്യദ്രോഹക്കുറ്റം നേരിട്ട ആദ്യ മേധാവിയായിരുന്നു മുഷറഫ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP