Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

60 കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹവും മറ്റ് രേഖകളും കടത്തിയത് സുഭാഷ് വാസുവിന്റെ നേതൃത്വത്തിൽ? ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന സംഘം കടത്തിയത് നിർണായക തെളിവുകൾ; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും രേഖകൾ ലഭ്യമാക്കണമെന്നും പരാതി നൽകിയത് പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും; എസ്എൻഡിപി യൂണിയൻ അഡ്‌മിനിസ്‌ട്രേറ്റർ സിനിൽ മുണ്ടപ്പള്ളിയുടെ നീക്കം 16ന് സെൻകുമാറിനൊപ്പം സുഭാഷ് വാസു വാർത്താസമ്മേളനം നടത്താനിരിക്കെ

60 കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹവും മറ്റ് രേഖകളും കടത്തിയത് സുഭാഷ് വാസുവിന്റെ നേതൃത്വത്തിൽ? ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന സംഘം കടത്തിയത് നിർണായക തെളിവുകൾ; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും രേഖകൾ ലഭ്യമാക്കണമെന്നും പരാതി നൽകിയത് പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും; എസ്എൻഡിപി യൂണിയൻ അഡ്‌മിനിസ്‌ട്രേറ്റർ സിനിൽ മുണ്ടപ്പള്ളിയുടെ നീക്കം 16ന് സെൻകുമാറിനൊപ്പം സുഭാഷ് വാസു വാർത്താസമ്മേളനം നടത്താനിരിക്കെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മാവേലിക്കര എസ്എൻഡിപി യൂണിയൻ പ്രസിഡന്റായിരുന്ന സുഭാഷ് വാസുവിനെതിരെ പുതിയ പരാതി. യൂണിയൻ ഓഫിസിൽ സൂക്ഷിച്ചിരുന്ന പഞ്ചലോഹ വിഗ്രഹം ഉൾപ്പെടെയുള്ളവ കാണാതായതിന് പിന്നിൽ സുഭാഷ് വാസു ഉൾപ്പെടെയുള്ളവർക്ക് പങ്കുണ്ടെന്നാണ് ആരോപണം. മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്കു യൂണിയൻ അഡ്‌മിനിസ്‌ട്രേറ്റർ സിനിൽ മുണ്ടപ്പള്ളിയാണു പരാതി നൽകിയത്. അതേ സമയം ഈ മാസം 16ന് മുൻ ഡി.ജി.പി സെൻകുമാറിനൊപ്പം തിരുവനന്തപുരത്ത് നടത്തുന്ന വാർത്ത സമ്മേളനത്തിൽ വെള്ളാപ്പള്ളി കുടുംബത്തിനെതിരെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനുള്ള നീക്കത്തിലാണ് സുഭാഷ് വാസു.

മാവേലിക്കര യൂണിയൻ ഓഫിസിൽ ഗുരുദേവ ചിത്രത്തോടൊപ്പം നെയ്വിളക്ക് തെളിച്ചു പ്രാർത്ഥിച്ചുപോരുന്ന സ്വർണം പൂശിയ രണ്ട് അടി പൊക്കവും 60 കിലോഗ്രാം തൂക്കവുമുള്ള പഞ്ചലോഹ വിഗ്രഹം, യോഗങ്ങൾക്ക് ഉപയോഗിച്ചിരുന്ന മൈക്ക് സെറ്റ്, മൈക്രോഫിനാൻസിന്റെ സംഘം വായ്പാ തിരിച്ചടവ് പാസ്ബുക്ക്, മാസ തിരിച്ചടവ് സ്റ്റേറ്റ്‌മെന്റ് രസീതുകൾ, യൂണിയൻ മൈക്രോ പാസ് ബുക്ക് എന്നിവയും നഷ്ടമായെന്നു പരാതിയിൽ പറയുന്നു.

യൂണിയൻ പ്രസിഡന്റായിരുന്ന സുഭാഷ് വാസു, സെക്രട്ടറി ബി.സുരേഷ് ബാബു, ഓഫിസ് സ്റ്റാഫ് മധു എം.പെരിങ്ങറ എന്നിവർ ചേർന്ന് ഇവ ഓഫിസിൽ നിന്നു കടത്തിയെന്നാണ് ആരോപണം. മൈക്രോ സ്വയംസഹായ സംഘങ്ങളിൽ വെട്ടിപ്പു നടത്തിയ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ഇവർ അന്വേഷണത്തിൽ ഹാജരാക്കേണ്ട തെളിവുകളാണ് ഓഫിസിൽ നിന്നു കടത്തിയതെന്നും ഈ രേഖകളും വിഗ്രഹവും ഉൾപ്പെടെ കവർച്ച ചെയ്തപ്രതികളെ അറസ്റ്റ് ചെയ്ത് ഇവ യൂണിയനു തിരികെ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നിലപാടെടുത്തതോടെയാണ് സുഭാഷ് വാസുവിന് കണ്ടകശനി ആരംഭിച്ചത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയായിരുന്നു ആദ്യ നീക്കങ്ങളെങ്കിൽ പിന്നീട് പോര് വെള്ളാപ്പള്ളി കുടുംബത്തിനു നേർക്കാക്കി. ഇതോടെ ബി.ഡി.ജെ.എസിലും സുഭാഷ് വാസുവിനെതിരെ പടയൊരുക്കം ആരംഭിച്ചു. അതിനിടെ വെള്ളാപ്പള്ളിക്കും കുടുംബത്തിനും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് വാസു പരസ്യമായി ഉയർത്തിയത്. കേരളത്തിലെ ഈഴവ സമുദായത്തിന്റെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി നടേശന്റെ കുടുംബമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ തുറന്നടിച്ചിരുന്നു.

തുഷാർ എൻഡിഎയുമായി ചേർന്നുനിൽക്കുന്നത് ഈഴവ സമുദായത്തെ സേവിക്കാനല്ല, മറിച്ച് എസ്എൻഡിപി പ്രസ്ഥാനത്തിൽനിന്നും സമ്പാദിച്ചുകൂട്ടിയ ആസ്തി നഷ്ടപ്പെടുമോയെന്ന ഭയം കൊണ്ടാണ്. തിരഞ്ഞെടുപ്പു സമയത്ത് തുഷാർ സമർപ്പിച്ച നാമനിർദ്ദേശ പത്രികയിലുള്ളത് 1.80 കോടി രൂപയുടെ ആസ്തിയാണ്. തുഷാറിന് ഇപ്പോൾ 500 കോടിയുടെ ആസ്തിയുണ്ടെന്നും വാസു പറഞ്ഞു.

തുഷാർ വെള്ളാപ്പള്ളിയും കുടുംബവും എൻഡിഎയെ വഞ്ചിച്ചു. വെള്ളാപ്പള്ളി നടേശൻ സിപിഎമ്മുമായി ഒത്തുകളിച്ചു. ഇരുവർക്കും സിപിഎമ്മുമായി സാമ്പത്തികവും അല്ലാതെയുമുള്ള കൂട്ടുകെട്ടുണ്ട്. അരൂർ, ആലപ്പുഴ, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ വെള്ളാപ്പള്ളി സിപിഎമ്മിന് വോട്ട് മറിച്ചു എന്നും വാസു ആരോപിച്ചിരുന്നു. 2002 നുശേഷം വെള്ളാപ്പള്ളി നടേശൻ 1000 കോടിയുടെ അധിക സ്വത്ത് സമ്പാദിച്ചു. കേരളത്തിലുണ്ടായ പല കൊലപാതകങ്ങളിലും വെള്ളാപ്പള്ളിയുടെ കരമുണ്ട്. കൊലക്കേസിലുള്ള വെള്ളാപ്പള്ളി കുടുംബത്തിന്റെ പങ്ക് വെളിപ്പെടുത്തും. വെള്ളാപ്പള്ളി കുടുംബത്തിന് പുറത്തിറങ്ങാൻ കഴിയാതാക്കുന്ന തെളിവുകൾ എന്റെ കൈവശമുണ്ടെന്നും വാസു പറഞ്ഞിരുന്നു.

ഇതോടെയാണ് വാസുവിനെ സംഘടനയിൽ നിന്ന് തന്നെ പുറത്താക്കാനുള്ള നീക്കം പാർട്ടിയിൽ സജീവമായത്. നിലവിൽ ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ് സുഭാഷ് വാസു. ഈ മാസം 15ന് തുഷാർ വെള്ളാപ്പള്ളിയുടെ അധ്യക്ഷതയിൽ ആലപ്പുഴയിൽ ചേരുന്ന ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിൽ വാസുവിനെ പുറത്താക്കുന്ന കാര്യം ചർച്ച ചെയ്യും. കേന്ദ്ര സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ അമിത് ഷാക്ക് കത്ത് നൽകും. മൈക്രോ ഫിനാൻസ് തട്ടിപ്പിലടക്കം വാസുവിനോട് പാർട്ടി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും കൂടി കിട്ടിയില്ലെങ്കിൽ 20ന് ചേരുന്ന സംസ്ഥാന കൗൺസിൽ സുഭാഷ് വാസുവിനെ പുറത്താക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി അറിയിച്ചു.

തന്റേതടക്കം വ്യാജ ഒപ്പുകളിട്ടാണ് സുഭാഷ് വാസു കായംകുളം കട്ടച്ചിറ കോളേജിന് വായ്പയെടുത്തതെന്ന് തുഷാർ വെള്ളാപ്പള്ളി ഇന്ന് പറഞ്ഞിരുന്നു. കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ ആസ്ഥാനമന്ദിരത്തിലെ പ്രാർത്ഥനാഹാൾ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഒമ്പതാളുടെ പേരിലെടുത്ത വായ്പ തിരിച്ചടക്കാത്തതിന് കോളേജ് ജപ്തിചെയ്യുന്നതിന് നോട്ടീസ് ലഭിച്ചു.

24 കോടി രൂപയ്ക്കാണ് ബാങ്ക് നടപടി. ഒമ്പതുമാസം മുമ്പ് ബാങ്ക് അറ്റാച്ച്‌മെന്റ് നടപടി സ്വീകരിച്ചു. താൽപ്പര്യമില്ലെന്ന് പറഞ്ഞിട്ടും 25 ലക്ഷം രൂപയുടെ ഓഹരി എടുപ്പിച്ച് ചെയർമാനാക്കി. നിയമാവലി പരിശോധിച്ചപ്പോൾ ചെയർമാന് യാതൊരു അധികാരവും ഇല്ലെന്ന് മനസിലായി. തിരുവിതാംകൂർ ദേവസ്വം ബോർഡിലേത് ഉൾപ്പെടെ സംഘടനയ്ക്ക് ലഭിച്ച സ്ഥാനം സുഭാഷ് സ്വന്തമാക്കിയെന്നും പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവുംവലിയ ചതിയാണിതെന്നും തുഷാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP