Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാതാപിതാക്കൾ നഷ്ടപ്പെട്ടവർ നൂറു പേർ... അപകടങ്ങളും അസുഖങ്ങളും മൂലം വലയുന്ന മാതാപിതാക്കളുള്ളവർ 30... സ്വന്തമായി ഒരു കിടപ്പാടം പോലും ഇല്ലാത്തവർ 50 പേർ; കുടുംബം രക്ഷിക്കാൻ നഴ്സിങ് പഠിക്കാൻ ഇറങ്ങി പുറപ്പെട്ടു പെട്ടു പോയ 200 പേരെ സഹായിക്കാൻ രംഗത്തിറങ്ങിയ മറുനാടൻ കുടുംബം പെട്ടു പോയത് ഇങ്ങനെ; അൽപ്പം എങ്കിലും കരുണ ബാക്കിയുള്ളവർ ദയവായി എന്തെങ്കിലും ചെയ്യൂ

മാതാപിതാക്കൾ നഷ്ടപ്പെട്ടവർ നൂറു പേർ... അപകടങ്ങളും അസുഖങ്ങളും മൂലം വലയുന്ന മാതാപിതാക്കളുള്ളവർ 30... സ്വന്തമായി ഒരു കിടപ്പാടം പോലും ഇല്ലാത്തവർ 50 പേർ; കുടുംബം രക്ഷിക്കാൻ നഴ്സിങ് പഠിക്കാൻ ഇറങ്ങി പുറപ്പെട്ടു പെട്ടു പോയ 200 പേരെ സഹായിക്കാൻ രംഗത്തിറങ്ങിയ മറുനാടൻ കുടുംബം പെട്ടു പോയത് ഇങ്ങനെ; അൽപ്പം എങ്കിലും കരുണ ബാക്കിയുള്ളവർ ദയവായി എന്തെങ്കിലും ചെയ്യൂ

മറുനാടൻ ഡെസ്‌ക്‌

നൂറോളം കുട്ടികൾക്ക് അച്ഛനോ അമ്മയോ ഇല്ല. അവരിൽ ചിലർക്ക് രണ്ടു പേരെയും നഷ്ടമായിരിക്കുന്നു. മുപ്പതിൽ അധികം കുട്ടികളുടെ മാതാപിതാക്കളിൽ ഒരാൾ എങ്കിലും രോഗക്കിടക്കയിലാണ്. സ്വന്തമായി ഒരു വീട് വെറും സ്വപ്നമായി കൊണ്ടു നടക്കുന്നത് അനേകം പേർ. ഇതു മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ പാവങ്ങളെ സഹായിക്കാൻ ഒരു ദൗത്യം ഏറ്റെടുത്തപ്പോൾ കണ്ടെത്തിയ യാഥാർത്ഥ്യങ്ങളാണ്.

നഴ്സിങ് പഠിക്കാൻ ഇറങ്ങി പുറപ്പെട്ടു സാമ്പത്തിക പ്രതിസന്ധിയിലായ കുറേ കുട്ടികളെ സഹായിക്കുക എന്ന വലിയ ദൗത്യമായിരുന്നു ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഏറ്റെടുത്തത്. അതിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ നടത്തിയ സ്‌കൈ ഡൈവിങ്ങിൽ പങ്കെടുത്തത് 36 മലയാളികളാണ്. അവർ സംയുക്തമായി ശേഖരിച്ചത് 44,442.95 പൗണ്ട്. സ്‌കൈ ഡൈവിങ് ചെലവുകൾ കുറച്ചു ബാക്കിയായ 36,016.45 പൗണ്ട് പൗണ്ട് കൊടുക്കാൻ അർഹരായവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയപ്പോഴാണ് യഥാർത്ഥ പ്രശ്നം ആരംഭിച്ചത്.

ഏതാണ്ട് 2000 അപേക്ഷകളായിരുന്നു ലഭിച്ചത്. ഇതു ആഴ്ചകളോളം നടത്തിയ പരിശോധനയിൽ സോർട്ട് ചെയ്തപ്പോൾ കുറഞ്ഞത് 1000 പേർക്കെങ്കിലും അടിയന്തിര സഹായം വേണമെന്ന അവസ്ഥയായി. പക്ഷെ അതിനു പണം തികയില്ല. 200 പേരായി അതു നിജപ്പെടുത്തി. ആ 200 പേർക്കും 20, 000 രൂപ പോലും നൽകാൻ ആവാത്ത അവസ്ഥയാണിപ്പോൾ ഉള്ളത്. അർഹതപ്പെട്ടവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ ഞങ്ങൾക്ക് മറുനാടൻ വായനക്കാരോട് ചോദിക്കാനുള്ളത് നിങ്ങളുടെ സഹായം കൂടിയാണ്.

ഈ പാവപ്പെട്ട കുട്ടികളെ സഹായിക്കാൻ മറുനാടൻ വായനക്കാർക്ക് മറുനാടന്റെ കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ആവാസ് എന്ന ചാരിറ്റി സംഘടനയിലൂടെ ശ്രമിക്കാം. ആവാസിന്റെ അക്കൗണ്ടിലേക്ക് വരുന്ന മുഴുവൻ പണവും ഈ സ്‌കോളർഷിപ്പിന്റെ ഭാഗമാകും. പണം തരുന്നവരുടെ മുഴുവൻ പേരു വിവരങ്ങളും ഞങ്ങൾ പ്രസിദ്ധീകരിക്കുന്നതിനാൽ പണത്തിന്റെ സുതാര്യതയെ സംശയിക്കേണ്ടതില്ല. ഈ കുട്ടികളുടെ അവസ്ഥ ദയനീയമെന്നതിനാൽ നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യാൻ മറക്കരുത്.

ഒരു കൂട്ടമാളുകൾ ആകാശത്തു നിന്നും എടുത്തു ചാടിയപ്പോൾ ലഭിച്ചത് 44,442.95 പൗണ്ട്
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 2019 ഒക്ടോബർ മാസത്തിൽ ബ്രിട്ടനിലെ സോൾസ്ബറിയിലും കേംബ്രിഡ്ജിലുമായി നടന്ന ആകാശച്ചാട്ടത്തിൽ പങ്കെടുക്കാൻ എത്തിയത് 36 പേരായിരുന്നു. എന്നാൽ, കാലാവസ്ഥാ വ്യതിയാനം മൂലം 31 പേർക്കു മാത്രമേ ആകാശച്ചാട്ടം പൂർത്തിയാക്കാൻ സാധിച്ചുള്ളൂ. അഞ്ച് ഘട്ടങ്ങളിലായാണ് 31 പേർ ആകാശച്ചാട്ടം പൂർത്തിയാക്കിയത്. കേംബ്രിഡ്ജിലെ നോർത്ത് ലണ്ടൻ സ്‌കൈഡൈവിങ് ഏജൻസി, സോൾസ്ബറിയിലെ ആർമി പാരച്യൂട്ട് അസോസിയേഷൻ സ്‌കോട്ട്ലന്റിലെ പാരഗൺ സ്‌കൈഡൈവിങ് ഏജൻസി തുടങ്ങിയ സ്ഥലങ്ങളിലാണ് അഞ്ചു ഘട്ടങ്ങൾ നടന്നത്.

ഇനി സ്‌കൈ ഡൈവിങ് നടത്താൻ ബാക്കിയുള്ള ഷാജൻ സ്‌കറിയ, ജോസ് സി, ആൽബിൻ സ്റ്റീഫൻ, ജോബിൻ മാത്യു, ജീൻ മേക്കര എന്നീ അഞ്ചുപേർ വരുന്ന സമ്മറിലായിരിക്കും ആകാശച്ചാട്ടം നടത്തുക. ഒരിക്കൽ പോലും കാണുകയോ അറിയുകയോ ചെയ്തിട്ടില്ലാത്ത പാവപ്പെട്ട നഴ്‌സിങ് വിദ്യാർത്ഥികൾക്കു വേണ്ടി 36 പേരും വിർജിൻ മണി അക്കൗണ്ട് വഴി ഫണ്ട് ശേഖരണം ആരംഭിച്ചിരുന്നു. അങ്ങനെ ശേഖരിച്ച തുകയാണ് 44,442.95 പൗണ്ട്. ഇതിൽ നിന്നും സ്വിൻഡൻ ആൻഡ് വിൽഷെയർ ചിൽഡ്രൻസ് ഡഫ് സൊസൈറ്റി എന്ന പ്രാദേശിക ചാരിറ്റിക്ക് 500 പൗണ്ട് ഈ ഫണ്ടിൽ നിന്നും സംഭാവന നൽകിയിരുന്നു. ബാക്കി സ്‌കൈ ഡൈവിങ് ഏജൻസിക്കു നൽകേണ്ട ഫീസും കഴിച്ച് ബാക്കിയുള്ള തുകയായ 36,016.45 പൗണ്ടാണ് 200 കുട്ടികൾക്കായി നൽകാനുള്ളത്.

ഈ തുക തുല്യമായി വീതിക്കുമ്പോൾ ഒരാൾ 18000 രൂപയോളം മാത്രമെ ലഭിക്കുകയുള്ളൂ. കൃത്യമായി ഫീസു പോലും അടയ്ക്കാൻ സാധിക്കാത്ത ഈ വിദ്യാർത്ഥികൾക്ക് 18000 രൂപ കിട്ടിയിട്ട് എന്തു ചെയ്യാൻ സാധിക്കും എന്ന ചോദ്യമാണ് ഞങ്ങൾക്കു മുന്നിലുള്ളത്. ഈ കുട്ടികളുടെ സാമ്പത്തിക പ്രതിസന്ധിക്ക് ചെറിയ ആശ്വാസമെങ്കിലും നൽകുവാൻ 20,000 രൂപയെങ്കിലും വേണം എന്ന സാഹചര്യത്തിലാണ് മറുനാടൻ വായനക്കാരുടെ കരുണ തേടുന്നത്.

200 അപേക്ഷകളിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട 100 കുട്ടികളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ പിതാവിനെ നഷ്ടപ്പെട്ടവർ 90 ഉം മാതാവിനെ നഷ്ടപ്പെട്ടവർ എട്ടും പിതാവും മാതാവുമില്ലാത്തവർ രണ്ടു പേരുമാണ്. പിതാവ് ഉപേക്ഷിച്ചവരായി അഞ്ചുകുട്ടികളുമുണ്ട്. വിവാഹ ബന്ധം വേർപെടുത്തിയ മാതാപിതാക്കൾ ഉള്ളവർ നാലു പേരാണ്. ഇവരിൽ എല്ലാവരും ഇപ്പോൾ കഴിയുന്നത് മാതാവിന്റെ സംരക്ഷണയിലുമാണ്.

കൂടാതെ, അപകടവും സ്ട്രോക്ക് പോലെയുള്ള അസുഖങ്ങൾ വന്ന് തളർന്നു കിടപ്പിലായവർ, ഭിന്നശേഷിയുള്ളവർ, അംഗവൈകല്യങ്ങൾ സംഭവിച്ചവർ, മാനസിക രോഗങ്ങളും കിഡ്നി, ഹൃദ്രോഗം, ക്യാൻസർ പോലുള്ള തുടങ്ങിയ മാരകരോഗങ്ങൾ ബാധിച്ചവർ, ബധിരർ, മൂകർ, അന്ധർ തുടങ്ങിയവ മാതാപിതാക്കളുള്ള തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകർ 30 പേരാണ്. സ്വന്തമായി സ്ഥലമോ വീടോ, ഇത് രണ്ടുമോ ഇല്ലാത്തവർ 50 പേരും ലോൺ എടുത്ത തുക തിരിച്ചടയ്ക്കാൻ സാധിക്കാത്തതിനാൽ ബാങ്ക് ജപ്തിയും കിടപ്പാടത്തിന് റവന്യൂ റിക്കവറി നടപടികളും നേരിടുന്നവർ അഞ്ചു പേരുമുണ്ട്. സ്‌കൈഡൈവേഴ്സ്, ഈ അപ്പീലിലേയ്ക്ക് സംഭാവന നൽകിയവർ, വായനക്കാർ, ട്രസ്റ്റി/അഡ്വ കമ്മിറ്റി അംഗങ്ങൾ, സ്പോൺസേഴ്സ് തുടങ്ങിയവർ നിർദ്ദേശിച്ച നിർധനരായവർ എന്നിവരെ കൂടി ചേർത്താണ് 200 പേരെ തെരഞ്ഞെടുത്തിരിക്കുന്നത്.

മറുനാടൻ വായനക്കാർക്ക് ആവാസിലൂടെ സഹായിക്കാം
തീർത്തും നിർദ്ധനരായ 200 നഴ്‌സിങ് വിദ്യാർത്ഥികളെ സഹായിക്കാൻ താൽപര്യമുള്ളവർക്ക് മറുനാടന്റെ മുൻകൈയിൽ പൊതു പ്രവർത്തകരെ ഉൾപ്പെടുത്തി ആരംഭിച്ച ആവാസ് എന്ന ചാരിറ്റി സംഘടന വഴി പണം നൽകാം. നിങ്ങളുടെ സഹായം എത്ര ചെറുതായാലും വലുതായാലും പ്രശ്‌നമല്ല. ലഭിക്കുന്ന പണത്തിന്റെ കൃത്യമായ കണക്ക് മറുനാടനിൽ വാർത്ത സഹിതം പ്രസിദ്ധീകരിക്കുന്നതും ആയിരിക്കും. ഓരോ ദിവസവും എത്ര കാശ് കിട്ടി എന്ന് വ്യക്തമാക്കിക്കൊണ്ട് ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ സഹിതമാണ് വാർത്ത പ്രസിദ്ധീകരിക്കുക.

പൂർണമായും സുതാര്യമായി തന്നെ മുഴുവൻ സാമ്പത്തിക ഇടപാടുകളും വായനക്കാരെ അറിയിച്ചായിരിക്കും ഞങ്ങൾ ഫണ്ട് ശേഖരിക്കുന്നത്. ഈ അപ്പീൽ ക്ലോസ് ചെയ്താൽ ഉടൻ അക്കൗണ്ട് ഓഡിറ്റ് ചെയ്ത് വിവരം പ്രസിദ്ധീകരിക്കുന്നതാണ്. മറുനാടൻ മലയാളിയുടെ മുൻകൈയിൽ ആരംഭിച്ച സ്വതന്ത്രമായ ചാരിറ്റി സംഘടനയാണ് ആവാസ്. അർഹതപ്പെട്ടവർക്ക് വിദഗ്ധമായ ചികിത്സ, നിയമസഹായം എന്നിവയും പൊതു താൽപ്പര്യ ഹർജികളും സാമൂഹ്യമാറ്റത്തിനുള്ള ഇടപെടലും നടത്തുന്ന ചാരിറ്റി സംഘടനയാണിത്.

ചെയർമാനായി ഷാജൻ സ്‌കറിയ, സെക്രട്ടറിയായി ജെയിംസ് വടക്കൻ, വൈസ് ചെയർമാനായി ആന്റണി കുന്നത്ത്, ട്രഷററായി ഡോ മുഹമ്മദ് ഇഫ്തിക്കർ, ജോയിന്റ് സെക്രട്ടറിയായി എബി ഇമ്മാനുവേൽ പി എന്നിവരും പ്രവർത്തിക്കുന്നു. അഡ്വ. ജെ സന്ധ്യ, ഷാജഹാൻ എസ് എന്നിവർ ഗവേർണിങ് കൗൺസിൽ മെമ്പർമാരായും മറ്റു ഡയറക്ടർ ബോർഡ് അംഗങ്ങളായി അഡ്വ.ബിനോയ് ജോസ്, അഡ്വ. ജിജി എസ്, വത്സൻ സി, റോയി ജോസഫ്, ബിജു തോമസ്, രാമഹരി, മിനി മോഹൻ എന്നിവരും പ്രവർത്തിക്കുന്നു.

ആവാസ് അക്കൗണ്ടിന്റെ വിവരങ്ങൾ ചുവടെ
Account Name: AWAS
A/c No: 13740100078902
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD
Branch: THIRUVANANTHAPURAM-PATTOM

തെരഞ്ഞെടുക്കപ്പെട്ട 200 പേരുടെ ലിസ്റ്റ് ചുവടെ:

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP