Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിജിലൻസ് അന്വേഷണ ആവശ്യത്തിൽ ഡെപ്യൂട്ടി ഡയറക്ടറുടെ മുകളിലേക്ക് ഫയൽ വിടാതെ ചെറിയ ക്വറികളിട്ട് ഫയലുകൾ പലതവണ സെക്ഷൻ ഓഫിസർക്കു തിരിച്ചയച്ചത് ഇൻസ്‌പെക്ഷൻ കമ്മിറ്റിയിലെത്തിയാൽ നടപടിക്രമങ്ങൾ അക്കൗണ്ടന്റ് ജനറലിനെ അറിയിക്കേണ്ടി വരുമെന്നതിനാൽ; കള്ളക്കളി തിരിച്ചറിഞ്ഞ് രാജ്ഭവന്റെ അതിവേഗ ഇടപെടൽ; പ്രസ് ക്ലബ്ബുകളിലെ ഫണ്ട് തട്ടിപ്പിൽ ജ്യുഡീഷ്യൽ അന്വേഷണം വരുമോ? ഇനി നിർണ്ണായകം ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്

വിജിലൻസ് അന്വേഷണ ആവശ്യത്തിൽ ഡെപ്യൂട്ടി ഡയറക്ടറുടെ മുകളിലേക്ക് ഫയൽ വിടാതെ ചെറിയ ക്വറികളിട്ട് ഫയലുകൾ പലതവണ സെക്ഷൻ ഓഫിസർക്കു തിരിച്ചയച്ചത് ഇൻസ്‌പെക്ഷൻ കമ്മിറ്റിയിലെത്തിയാൽ നടപടിക്രമങ്ങൾ അക്കൗണ്ടന്റ് ജനറലിനെ അറിയിക്കേണ്ടി വരുമെന്നതിനാൽ; കള്ളക്കളി തിരിച്ചറിഞ്ഞ് രാജ്ഭവന്റെ അതിവേഗ ഇടപെടൽ; പ്രസ് ക്ലബ്ബുകളിലെ ഫണ്ട് തട്ടിപ്പിൽ ജ്യുഡീഷ്യൽ അന്വേഷണം വരുമോ? ഇനി നിർണ്ണായകം ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ ഭേദഗതിയിൽ സർക്കാരിനെ വെട്ടിലാക്കാൻ മറ്റൊരു ഇടപെടലുമായി ഗവർണ്ണർ. സർക്കാർ ഫണ്ടു പുട്ടടിക്കുന്ന പ്രസ് ക്ലബുകൾക്കെതിരെ വിജിലൻസ് കേസെടുക്കാത്തതിനു കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിനോടു വിശദീകരണം തേടി.

പ്രസ് ക്ലബ് ഭാരവാഹികൾക്കെതിരെ പൊതു പണം ദുരുപയോഗിച്ചതിനു വിജിലൻസ് കേസെടുക്കാതെ വിജിലൻസ് വകുപ്പിൽ അന്വേഷണം ഒതുക്കി നിർത്തുന്ന സാഹചര്യത്തിലാണ് ജുഡീഷ്യൽ അന്വേഷണത്തിനുള്ള സാധ്യത പരിശോധിക്കാൻ ഗവർണർ സംസ്ഥാന സർക്കാരിനോടു നിർദ്ദേശിച്ചത്. കേരളത്തിലെ പ്രസ് ക്ലബുകൾ നടത്തിയ മൂന്നു കോടി രൂപയിലേറെ രൂപയുടെ സർക്കാർ ഫണ്ട് ദുരുപയോഗത്തിന്റെ രേഖകൾ സഹിതമുള്ള പരാതി പരിശോധിച്ച ശേഷമാണ് ഗവർണറുടെ നിർദ്ദേശം.

മുഖ്യമന്ത്രിക്കു കീഴിലുള്ള ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സർക്കാർ ഫണ്ടു വെട്ടിപ്പു സംബന്ധിച്ച പരാതികൾ സംബന്ധിച്ച ഫയലുകൾ മന്ദഗതിയിൽ അങ്ങോട്ടുമിങ്ങോട്ടും അയച്ച് കേസെടുക്കാനുള്ള നടപടികൾ നീട്ടിക്കൊണ്ടു പോകുകയായിരുന്നു. ഐആൻഡ് പിആർഡി അഡീഷനൽ ഡയറക്ടറുടെ നേതൃത്വത്തിൽ പ്രസ് ക്ലബ് ഫണ്ട് വിനിയോഗം പരിശോധിക്കാൻ അഞ്ചംഗ ഇൻസസ്‌പെഷൻ സമിതി രൂപീകരിച്ചിരുന്നെങ്കിലും ഫയൽ ഈ സമിതിയുടെ മുന്നിലെത്താത്ത തരത്തിലായിരുന്നു പിആർഡി ഉദ്യോഗസ്ഥരുടെ കളി.

ഡെപ്യൂട്ടി ഡയറക്ടറുടെ മുകളിലേക്ക് ഫയൽ വിടാതെ ചെറിയ ക്വറികളിട്ട് ഫയലുകൾ പലതവണ സെക്ഷൻ ഓഫിസർക്കു തിരിച്ചയച്ചിരുന്നു. ഇൻസ്‌പെക്ഷൻ കമ്മിറ്റിയിലെത്തിയാൽ നടപടിക്രമങ്ങൾ അക്കൗണ്ടന്റ് ജനറൽ (കേരള)യെ അറിയിക്കേണ്ടി വരുമെന്നതിനാലാണ് സമിതിയിലെത്തുന്നത് ഒഴിവാക്കിയിരുന്നത്. ബജറ്റിൽ പ്രഖ്യാപിച്ച് അനുവദിച്ച തുകയുടെ വിനിയോഗ സർട്ടിഫിക്കറ്റ് എജി (കേരള)യ്ക്കു ഓഡിറ്റിങിനു സമർപ്പിക്കേണ്ട ഉത്തരവാദിത്തത്തിൽ പിആർഡി ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ ഗുരുതരമായ വീഴ്ചയ്ക്കും ഉത്തരം പറയേണ്ടി വരുമെന്നതിനാലാണ് ഉദ്യോഗസ്ഥർ പ്രസ് ക്ലബ് ഭാരവാഹികളെ സംരക്ഷിക്കുന്ന സമീപനം സ്വീകരിച്ചിട്ടുള്ളത്.

ഡൽഹിയിലെ കെയുഡബ്ല്യൂജെ ഘടകത്തിനു അനുവദിച്ച 25 ലക്ഷം രൂപ ദുർവിനിയോഗം ചെയ്ത കേസ് ഹൈക്കോടതിയിൽ പരിഗണനയിലെത്തിതിനെ തുടർന്നാണ് സർക്കാർ ഇൻസ്‌പെക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ നിർബന്ധിതമായത്. കേസിൽ ഐആൻഡ് പിആർഡി സെക്രട്ടറിക്കും ഡയറക്ടർക്കും കോടതി നോട്ടീസ് അയച്ചിരുന്നു. ഇതേ തുടർന്ന് ഡൽഹിയിലെ ഡെപ്യൂട്ടി ഡയറക്ടറോട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഡയറക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.

കേരളത്തിലെ പ്രസ് ക്ലബുകളുടെ സർക്കാർ ഫണ്ട് വെട്ടിപ്പു സംബന്ധിച്ച് വിജിലൻസ് ഡയറക്ടർക്കു ലഭിച്ച പരാതിയിൽ വിജിലൻസ് വകുപ്പ് ഉദ്യോഗസ്ഥ തലത്തിൽ അന്വേഷണം തുടരുകയാണ്. കെയുഡബ്ല്യൂജെ സമ്മർദ്ദമുണ്ടെങ്കിലും വിജിലൻസിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്. വിവിധ ജില്ലകളിൽ നിന്നു വിശദമായ വിവരങ്ങൾ വിജിലൻസ് വിഭാഗം ശേഖരിച്ചു കഴിഞ്ഞു. പക്ഷേ സർക്കാർ പണ ദുരുപയോഗമെന്ന ഗുരുതരമായ കേസ് ചുമത്തി പ്രസ് ക്ലബ് ഭാരവാഹികളെ അറസ്റ്റു ചെയ്യേണ്ടി വരുമെന്നതിനാൽ അന്തിമ നടപടികളിലേക്കു കടക്കാൻ വൈകുന്നു.

ഈ സാഹചര്യത്തിലാണ് കേരള ഗവർണറുടെ ശക്തമായ ഇടപെടലുണ്ടായത്. ഗവർണറുടെ നിർദ്ദേശാനുസരണം ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി പ്രസ് ക്ലബ് ഫണ്ടു തട്ടിപ്പു വിഷയം വിശദമായി പരിശോധിച്ച ശേഷം തുടർ നടപടികൾക്കായി ഐആൻഡ് പിആർഡി സെക്രട്ടറിക്കു കൈമാറി. ജൂഡീഷ്യൽ അന്വേഷണം വേണമോയെന്ന ഫയലിൽ പിആർഡിയുടെ നിലപാട് അറിയിക്കാൻ ഇൻസ്‌പെക്ഷൻ കമ്മിറ്റി അധ്യക്ഷനായ അഡീഷനൽ ഡയറക്ടർ കെ.സന്തോഷ് കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ അഭിപ്രായത്തിനനുസരിച്ചാകും വിജിലൻസ് കേസാണോ ജുഡീഷ്യൽ അന്വേഷണമാണോ വേണ്ടതെന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ കേരള ഗവർണറെ നിലപാട് അറിയിക്കുക. എത്രയും വേഗം തീരുമാനം അറിയിക്കാനാണ് രാജ്ഭവനിൽ നിന്നു സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP