Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിഐപികൾക്കു സുരക്ഷ ഒരുക്കുമ്പോൾ ലക്ഷ്യം മാറിപ്പോകുന്നു: സുരക്ഷാ ചുമതലകളിൽ നിന്നും എൻഎസ്ജി കമാൻഡോകളെ പിൻവലിക്കുന്നു; പുതിയ തീരുമാനവുമായി കേന്ദ്ര സർക്കാർ

വിഐപികൾക്കു സുരക്ഷ ഒരുക്കുമ്പോൾ ലക്ഷ്യം മാറിപ്പോകുന്നു: സുരക്ഷാ ചുമതലകളിൽ നിന്നും എൻഎസ്ജി കമാൻഡോകളെ പിൻവലിക്കുന്നു; പുതിയ തീരുമാനവുമായി കേന്ദ്ര സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

വിഐപികളുടെ സുരക്ഷാ ചുമതലകളിൽനിന്ന് എൻഎസ്ജി കമാൻഡോകളെ പൂർണമായി പിൻവലിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഭീകരവിരുദ്ധ സേനയാണു നാഷനൽ സെക്യൂരിറ്റി ഗാർഡ് (എൻസ്ജി). വ്യക്തികളുടെ സുരക്ഷാ ചുമതല മാറുമ്പോൾ 1989 ൽ സേന രൂപീകരിക്കുമ്പോഴുള്ള ലക്ഷ്യമായ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാകും. നിരന്തരമായ ഭീകരാക്രമണങ്ങളും ഭീകര സംഘടനയിൽ നിന്നുള്ള ഭീഷണികളും കണക്കിലെടുത്താണ് കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം.

നെഹ്‌റു - ഗാന്ധി കുടുംബത്തിന് 28 വർഷം നീണ്ട എസ്‌പിജി സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് ഈ മേഖലയിൽനിന്ന് എൻഎസ്ജിയെ മുഴുവനായി മാറ്റാൻ കേന്ദ്രം നീക്കം തുടങ്ങിയതെന്നും റിപ്പോർട്ട് ചെയ്യുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി രാജ്യത്തെ വിവിഐപി, വിഐപികൾക്കു കാവലൊരുക്കുന്നതിൽ എൻഎസ്ജി കമാൻഡോകളും ഉണ്ടായിരുന്നു. അതിസുരക്ഷ വേണ്ടിയിരുന്ന 'ഇസെഡ് പ്ലസ്' കാറ്റഗറിയിലുള്ള 13 വ്യക്തികൾക്കാണു നിലവിൽ രണ്ടു ഡസൻ കമാൻഡോകൾ വീതം സുരക്ഷ ഒരുക്കിയിരുന്നത്. കേന്ദ്ര തീരുമാനത്തിനു പിന്നാലെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവരുടെ സുരക്ഷ എൻഎസ്ജിയിൽനിന്നു പാരാമിലിറ്ററി സേന ഏറ്റെടുക്കും.

മുൻ മുഖ്യമന്ത്രിമാരായ മായാവതി, മുലായം സിങ് യാദവ്, ചന്ദ്രബാബു നായിഡു, പ്രകാശ് സിങ് ബാദൽ, ഫറൂഖ് അബ്ദുല്ല, അസം മുഖ്യമന്ത്രി സർബാനന്ദ സോനാവാൾ, ബിജെപി നേതാവ് എൽ.കെ.അഡ്വാനി തുടങ്ങിയവരാണ് എൻഎസ്ജി സുരക്ഷയുള്ള മറ്റുള്ളവർ. ഭീകരതയും തട്ടിക്കൊണ്ടു പോകലും നേരിടുകയും തടയാനാവശ്യമായ മുൻകരുതലുകൾ എടുക്കുകയുമാണ് എൻഎസ്ജിയുടെ രൂപീകരണ ലക്ഷ്യം. അതിലേക്കു മാത്രമായി വിദഗ്ധ സേനയുടെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിഐപികൾക്കു സുരക്ഷ ഒരുക്കുമ്പോൾ ലക്ഷ്യം മാറിപ്പോകുന്നു എന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്.

വ്യക്തികളുടെ സുരക്ഷാചുമതല ഒഴിവാകുമ്പോൾ 450 ഓളം കമാൻഡോകളെയാണു ഭീകരവിരുദ്ധ നടപടികൾക്കു വിനിയോഗിക്കാൻ കിട്ടുകയെന്നാണു സൂചന. വിഐപി സുരക്ഷ പാരാമിലിറ്ററി വിഭാഗങ്ങളായ സിആർപിഎഫ്, സിഐഎസ്എഫ് എന്നിവർക്കാകും. നിലവിൽ 130 ഓളം പേർക്ക് ഇവർ സുരക്ഷ ഒരുക്കുന്നുണ്ട്. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീർശെൽവത്തിനും ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിനും ഏർപ്പെടുത്തിയ വിഐപി സുരക്ഷ കേന്ദ്ര സർക്കാർ പിൻവലിച്ചിരുന്നു. പനീർശെൽവത്തിന് വൈ പ്ലസ് സുരക്ഷയും സ്റ്റാലിന് ഇസഡ് പ്ലസ് സുരക്ഷയുമാണ് കേന്ദ്ര സർക്കാർ ഇതുവരെ നൽകിയിരുന്നത്.

രണ്ടു പേർക്കും സുരക്ഷാ ഭീഷണികൾ ഇല്ലെന്ന സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ കേന്ദ്രം അംഗീകരിച്ചിരുന്നു. ഇതേ തുടർന്നാണ് സർക്കാർ ഇരുവരേയും സുരക്ഷ പട്ടികയിൽ നിന്ന് നീക്കം ചെയ്തത്. നേരത്തെ, സിആർപിഎഫ് കമാൻഡോകളുടെ സുരക്ഷയാണ് കേന്ദ്ര സർക്കാർ ഇരു നേതാക്കൾക്കും ഏർപ്പെടുത്തിയത്. സംസ്ഥാന പൊലീസ് സുരക്ഷ ചുമതല ഏറ്റെടുക്കുന്നതോടെ കേന്ദ്രം ഏർപ്പെടുത്തിയ സുരക്ഷ ഔദ്യോഗികമായി നീക്കം ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP