Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോങ് ഓഫിന് മുകളിലൂടെ ആദ്യ പന്തിൽ പായിച്ചത് അവസ്മരണീയ സ്‌കിസർ; കോലി പോലും ഷോട്ടിലെ പ്രതിഭ കണ്ട് കോരിത്തരിച്ചു; അടുത്ത പന്തിൽ മിസ് ജഡ്ജ്‌മെന്റ്; എൽബിയിൽ കുടുങ്ങി സഞ്ജു പവലിയനിലേക്ക് മടങ്ങുമ്പോഴും സന്തോഷിച്ചതും ടീം മാനേജ്‌മെന്റ്! ക്യാച്ച് വിട്ടും സ്റ്റംമ്പിങ് തുലച്ചും ടീമിനെ തോൽപ്പിച്ചിട്ടും ഋഷഭ് പന്തിന് അവസരങ്ങൾ വാരിക്കോരി കൊടുത്തവർ സഞ്ജുവിന് നൽകിയത് പ്രതിഭ തെളിയിക്കാൻ ഏക അവസരം; മലയാളി താരത്തോട് ഇന്ത്യൻ ക്രിക്കറ്റ് നീതികേട് തുടരുമ്പോൾ

ലോങ് ഓഫിന് മുകളിലൂടെ ആദ്യ പന്തിൽ പായിച്ചത് അവസ്മരണീയ സ്‌കിസർ; കോലി പോലും ഷോട്ടിലെ പ്രതിഭ കണ്ട് കോരിത്തരിച്ചു; അടുത്ത പന്തിൽ മിസ് ജഡ്ജ്‌മെന്റ്; എൽബിയിൽ കുടുങ്ങി സഞ്ജു പവലിയനിലേക്ക് മടങ്ങുമ്പോഴും സന്തോഷിച്ചതും ടീം മാനേജ്‌മെന്റ്! ക്യാച്ച് വിട്ടും സ്റ്റംമ്പിങ് തുലച്ചും ടീമിനെ തോൽപ്പിച്ചിട്ടും ഋഷഭ് പന്തിന് അവസരങ്ങൾ വാരിക്കോരി കൊടുത്തവർ സഞ്ജുവിന് നൽകിയത് പ്രതിഭ തെളിയിക്കാൻ ഏക അവസരം; മലയാളി താരത്തോട് ഇന്ത്യൻ ക്രിക്കറ്റ് നീതികേട് തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ന്യൂസീലൻഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ ട്വന്റി20 ടീമിൽനിന്ന് മലയാളി താരം സഞ്ജു സാംസണിനെ പുറത്താക്കുന്നത് മതിയായ അവസരങ്ങൾ നൽകാതെ. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി ട്വന്റിയുടെ അവസാന മത്സരത്തിൽ സഞ്ജുവിനെ കളിപ്പിച്ചിരുന്നു. ആദ്യ പന്തിൽ സിക്‌സറടിച്ച സഞ്ജു... തൊട്ടടുത്ത് വിക്കറ്റിന് മുമ്പിൽ കീഴടങ്ങി. പന്ത് ജഡ്ജ് ചെയ്തതിലെ പിഴവ്. ആദ്യ പന്തിലെ സിക്‌സിൽ തന്റെ പ്രതിഭയെന്തെന്ന് സഞ്ജു വിളിച്ചു പറഞ്ഞു. അതുകൊണ്ട് തന്നെ പുറത്താകൽ താരത്തിനും മലയാളിക്കും നിരാശയുണ്ടാക്കി. പക്ഷേ ഈ പുറത്താകലിൽ സന്തോഷിച്ചത് ബിസിസിഐയും ടീം മാനേജ്‌മെന്റുമാണ്. ടീമിലുണ്ടായിട്ടും സ്വന്തം നാടായ തിരുവനന്തപുരത്തെ ട്വന്റി ട്വന്റിയിൽ പോലും കളിക്കാൻ മാനേജ്‌മെന്റ് സഞ്ജുവിന് അവസരം നൽകിയില്ല. ഇതോടെ തന്നെ താരത്തോടുള്ള മാനേജ്‌മെന്റിന്റെ മനസ്സും വ്യക്തമായിരുന്നു.

ലങ്കയ്‌ക്കെതിരായ മത്സരത്തിൽ ആദ്യ പന്ത് തന്നെ സ്പിന്നർ സൻകടനെ സിക്സറിന് പറത്തി സഞ്ജു ക്യാപ്റ്റൻ കോലിയെ പോലും ആവേശം കൊള്ളിച്ചു. ലോങ് ഓഫിന് മുകളിലൂടെ ശ്രീലങ്കൻ ഫീൽഡറുടെ പരിധിക്ക് പുറത്തുകൂടെയായിരുന്നു സഞ്ജുവിന്റെ സിക്സർ. പന്ത്രണ്ടാം ഓവറിലെ മൂന്നാം പന്താണ് പിന്നീട് സഞ്ജു ഫേസ്ചെയ്തത്. ലെഗ് സ്പിന്നർ വാനിഡു ഹസരംഗ ഡിസിൽവയുടെ ഗൂഗ്ലി മനസിലാക്കാൻ സഞ്ജുവിനായില്ല. ഓഫ് സൈഡിൽ കുത്തിയ പന്ത് നേരെ ഉള്ളിലേക്ക് തിരിയുകയായിരുന്നു. ഡി സിൽവയുടെ അപ്പീൽ കാത്തു നിൽക്കാതെ അമ്പയർ അനുവദിച്ചു. കാത്തുകാത്തിരുന്നു കിട്ടിയ അവസരം കളഞ്ഞു കുളിച്ചെങ്കിലും ആവേശം കാണിച്ച് അപ്പീൽ നൽകാൻ സഞ്ജു സാംസൺ തയ്യാറായില്ലെന്നത് ശ്രദ്ധേയമായി. സഹതാരം കെ.എൽ രാഹുലിനോട് സംസാരിച്ച ശേഷം നിരാശ മറച്ചുവെക്കാതെ പവലിയനിലേക്ക്. ഇതോടെ ഈ മാസം 24ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയ്ക്കുള്ള ടീമിൽനിന്നാണ് സഞ്ജു പുറത്തായത്.

കഴിഞ്ഞ മൂന്ന് ട്വന്റി20 പരമ്പരകളിലും ഇന്ത്യൻ ടീമിൽ അംഗമായിരുന്ന സഞ്ജുവിന് ഓപ്പണർ രോഹിത് ശർമയുടെ മടങ്ങിവരവോടെയാണ് ടീമിലെ സ്ഥാനം നഷ്ടമായത്. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽനിന്ന് രോഹിത്തിന് വിശ്രമം അനുവദിച്ചിരുന്നു. സഞ്ജുവിനെ മാറ്റി രോഹിത്തിനെ കൊണ്ടു വരാൻ പറയുന്ന ന്യായം ആറു റൺസിനുള്ള പുറത്താകലും. തുടർച്ചയായ മത്സങ്ങൾ പരാജയപ്പെട്ടിട്ടും ഋഷഭ് പന്തിനെ പോലുള്ള താരങ്ങൾക്ക് പത്തും പതിനഞ്ചും അവസരങ്ങൾ നൽകുന്ന രീതിയാണ് ഇന്ത്യൻ ടീം മാനേജ്‌മെന്റിനുള്ളത്. എന്നാൽ സഞ്ജുവിന് മാത്രം നൽകുന്നത് ഒറ്റ അവസരം. ഇന്ത്യൻ എ ടീമിൽ ഉൾപ്പെടുത്തിയതു കൊണ്ടാണ് സഞ്ജുവിനെ ഒഴിവാക്കിയതെന്ന തൊടു ന്യായം പറയാൻ ബിസിസിഐയ്ക്ക് ഇപ്പോഴും കഴിയും. എന്നാൽ വിക്കറ്റ് കീപ്പിങിലും മറ്റും സ്ഥിര പരാജയമായ ഋഷഭിനെ ഇന്ത്യൻ എ ടീമിനൊപ്പം വിട്ട് കൂടുതൽ മത്സര പരിചയം നൽകേണ്ടതാണെന്ന വാദവും ഉയരുന്നുണ്ട്.

2015ൽ ട്വന്റി ട്വന്റിയിൽ അരങ്ങേറ്റം കുറിച്ച സഞ്ജുവിന് ഇതുരെ രണ്ട് മത്സരങ്ങളിൽ മാത്രമാണ് അവസരം കിട്ടിയിട്ടുള്ളത്. ഇതിൽ നിന്ന് തന്നെ താരത്തോടെ കാട്ടുന്ന അവഗണന വ്യക്തമാണ്. 2017ൽ ആദ്യ ട്വന്റി ട്വന്റി കളിച്ച ഋഷഭ് ഇതിനോടകം 28 മത്സരങ്ങൾ കളിച്ചു. ഇതിൽ രണ്ട് അർദ്ധ സെഞ്ച്വറി മാത്രമാണുള്ളത്. ഇന്ത്യയുടെ കഴിഞ്ഞ മൂന്നു പരമ്പരകളിലും ടീമിലുണ്ടായിരുന്ന സഞ്ജു സാംസണ് ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിൽ മാത്രമാണ് കളത്തിലിറങ്ങാൻ അവസരം കിട്ടിയത്. നേരിട്ട ആദ്യ പന്തിൽ സിക്‌സടിച്ചു തുടങ്ങിയെങ്കിലും തൊട്ടടുത്ത പന്തിൽ പുറത്തായി. വിക്കറ്റ് കീപ്പറെന്ന നിലയിലും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയതെങ്കിലും സഞ്ജുവിന് ടീമിൽ സ്ഥാനം നിലനിർത്താനായില്ല. 2015ൽ ഇന്ത്യൻ ജഴ്‌സിയിൽ അരങ്ങേറിയ സഞ്ജുവിന് പിന്നീട് 73 മത്സരങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷമാണ് വീണ്ടും ഇന്ത്യൻ ജഴ്‌സിയണിയാൻ കഴിഞ്ഞ ദിവസം പുണെയിൽ അവസരം ലഭിച്ചത്.

രണ്ടു മത്സരങ്ങൾക്കിടയിലെ ഇടവേളയുടെ കാര്യത്തിൽ ഇത് ഇന്ത്യൻ റെക്കോർഡാണ്. 65 മത്സരങ്ങൾ കാത്തിരുന്ന ഉമേഷ് യാദവാണ് സഞ്ജുവിനു പിന്നിലായത്. ലോക ക്രിക്കറ്റിൽത്തന്നെ ഇതിൽക്കൂടുതൽ മത്സരങ്ങൾ കാത്തിരുന്നത് ഇംഗ്ലണ്ട് താരങ്ങളായ ജോ ഡെൻലി (79), ലിയാം പ്ലങ്കറ്റ് (74) എന്നിവർ മാത്രം. ന്യൂസീലൻഡിൽ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിൽ സഞ്ജു അംഗമാണ്. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കു തൊട്ടുപിന്നാലെ സഞ്ജു ന്യൂസീലൻഡിലേക്കു പോയി. സഞ്ജുവിനു പുറമെ മലയാളി താരം സന്ദീപ് വാരിയരും ടീമിലുണ്ട്.

വിൻഡീസിന് എതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി താരം സഞ്ജു സാംസണ് റിസർവ് ബെഞ്ചിൽ തന്നെ ഇരിക്കേണ്ടി വന്നത് മലയാളി ആരാധകരെ തെല്ലൊന്നുമല്ല കോപാകുലരാക്കിയത്. വിരാട് കോലിയോടും ഋഷഭ് പന്തിനോടും വരെ ഈക്കാര്യത്തിൽ മലയാളികൾ കലിപ്പു തീർത്തു. എന്നിട്ടും വിൻഡീസിസ് എതിരായ ഏകദിന പരമ്പരയിലും സഞ്ജുവിന് ഇടം കിട്ടിയില്ല. ഇക്കാര്യത്തിൽ സെലക്ട്രർ തഴഞ്ഞെങ്കിലും ഇക്കൂട്ടർക്ക് ബാറ്റുകൊണ്ട് മറുപടി നൽകിയിരിക്കയാണ് മലയാളി താരം. ഇതോടെ വീണ്ടും ചർച്ചകളായി. അങ്ങനെയാണ് ശിഖർ ധവാന് പരിക്കേറ്റപ്പോൾ സഞ്ജുവിനെ തിരിച്ചെടുത്തത്. അപ്പോഴും വിൻഡീസിനെതിരെ കളിപ്പിച്ചില്ല. ശ്രീലങ്കയ്‌ക്കെതിരെ അവസാന മത്സരത്തിൽ കളിപ്പിച്ച് പുറത്താക്കുകയും ചെയ്തു. ആദ്യ മത്സരങ്ങളിൽ കളിപ്പിച്ചിരുന്നുവെങ്കിൽ വീണ്ടും അവസരം നൽകേണ്ടി വരുമായിരുന്നു. അതുകൊണ്ടാണ് അവസാന കളിയിൽ അവസരം കിട്ടിയത്.

ഇത് ഇന്ത്യൻ ക്രിക്കറ്റിലെ സ്ഥിരം തന്ത്രമാണ്. ടീമിൽ നിന്ന് ആരെയെങ്കിലും പുറത്താക്കണമെങ്കിൽ സമ്മർദ്ദം നിറഞ്ഞ പരമ്പരയിലെ അവസാന മത്സരത്തിൽ കളിക്കുക. അധിക സമ്മർദ്ദത്തിന്റെ പരിമുറുക്കുവമായി ഇറങ്ങുന്ന താരങ്ങൾക്ക് കഴിവ് പുറത്താക്കാൻ പറ്റാത്ത സാഹചര്യം വരും. ഇത് പ്രകടനത്തേയും ബാധിക്കും. അങ്ങനെ വന്നാൽ അവരെ ടീമിൽ നിന്ന് പുറത്താക്കുക എളുപ്പവുമാകും. ടെസ്റ്റ് ക്രിക്കറ്റിൽ കിട്ടിയ അവസരത്തിൽ മികവ് കാട്ടിയ കരുൺ നായരെ പോലുള്ള പ്രതിഭകളെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കിയതും ഇത്തരം കുതന്ത്രങ്ങളിലൂടെയാണ്. സഞ്ജുവിനേയും അങ്ങനെ പുറത്താക്കുകയാണ് ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ ലക്ഷ്യമെന്ന വിലയിരുത്തലിൽ എത്തുകയാണ് മലയാളികൾ.

ഇന്ത്യൻ ട്വന്റി20 ടീം: വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), ലോകേഷ് രാഹുൽ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ശിവം ദുബെ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചെഹൽ, വാഷിങ്ടൻ സുന്ദർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP