Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഹോളി ഫെയ്ത്ത് എച്ച്2ഒയ്ക്ക് 1.05 ഏക്കറും ആൽഫ സെറീനും 1.5 ഏക്കറും ജെയിൻ കോറൽ കോവിന് 1.30 ഏക്കറും ഗോൾഡൻ കായലോരത്തിന് 40 സെന്റും: ഭൂമി വാങ്ങി ഫ്‌ളാറ്റ് പണിതു വിൽക്കുമ്പോൾ ആ ഭൂമിയിൽ ആനുപാതികമായ പങ്ക് ഫ്‌ളാറ്റ് വാങ്ങുന്നവർക്കു അവകാശപ്പെട്ടതാണെന്ന് ചട്ടം; നഷ്ടപരിഹാരം കൊടുക്കുന്നതിനാൽ ഭൂമിയിൽ അവകാശം ഫ്‌ളാറ്റ് നിർമ്മാതാക്കൾക്കെന്നും വാദം; കണ്ടൽ കാടിന് സർക്കാരിനും അവകാശം ഉന്നയിക്കാം; മരടിൽ ഫ്‌ളാറ്റ് പൊളിച്ചെങ്കിലും നിയമ പോരാട്ടം പുതിയ വഴിക്ക്

ഹോളി ഫെയ്ത്ത് എച്ച്2ഒയ്ക്ക് 1.05 ഏക്കറും ആൽഫ സെറീനും 1.5 ഏക്കറും ജെയിൻ കോറൽ കോവിന് 1.30 ഏക്കറും ഗോൾഡൻ കായലോരത്തിന് 40 സെന്റും: ഭൂമി വാങ്ങി ഫ്‌ളാറ്റ് പണിതു വിൽക്കുമ്പോൾ ആ ഭൂമിയിൽ ആനുപാതികമായ പങ്ക് ഫ്‌ളാറ്റ് വാങ്ങുന്നവർക്കു അവകാശപ്പെട്ടതാണെന്ന് ചട്ടം; നഷ്ടപരിഹാരം കൊടുക്കുന്നതിനാൽ ഭൂമിയിൽ അവകാശം ഫ്‌ളാറ്റ് നിർമ്മാതാക്കൾക്കെന്നും വാദം; കണ്ടൽ കാടിന് സർക്കാരിനും അവകാശം ഉന്നയിക്കാം; മരടിൽ ഫ്‌ളാറ്റ് പൊളിച്ചെങ്കിലും നിയമ പോരാട്ടം പുതിയ വഴിക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരടിലെ ഫ്‌ളാറ്റുകൾ തകർന്നു. ഇനി ഭൂമിയുടെ അവകാശം ആർക്ക്? ഭൂമി വാങ്ങി ഫ്‌ളാറ്റ് പണിതു വിൽക്കുമ്പോൾ ആ ഭൂമിയിൽ ആനുപാതികമായ പങ്ക് ഫ്‌ളാറ്റ് വാങ്ങുന്നവർക്കു അവകാശപ്പെട്ടതാണ്. സാധാരണ വിഭജിക്കാത്തതും ഒരിക്കലും കൈവരാത്തതുമാണ് ഈ ഭൂമി. എന്നാൽ അസാധാരണ സാഹചര്യത്തിൽ ഫ്‌ളാറ്റുകൾ നിലംപൊത്തി ഭൂമി മാത്രം ബാക്കിയാവുന്നതോടെ അതിന്റെ ഉടമസ്ഥാവകാശ പ്രശ്‌നവും ചർച്ചയാകും. ഇവിടെ പൊളിച്ച ഫ്‌ളാറ്റിലെ അപ്പാർട്‌മെന്റ് ഉടമകൾക്കു നഷ്ടപരിഹാരം നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ ഭൂമിയിൽ അവർക്ക് ഇനി അവകാശമുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. ഹോളി ഫെയ്ത്ത് എച്ച്2ഒയ്ക്ക് 1.05 ഏക്കറും ആൽഫ സെറീനും 1.5 ഏക്കറും ജെയിൻ കോറൽ കോവിന് 1.30 ഏക്കറും ഗോൾഡൻ കായലോരത്തിന് 40 സെന്റുമാണുള്ളത്.

നഷ്ടപരിഹാരവും പൊളിക്കൽ ചെലവുമുൾപ്പെടെ ബിൽഡർമാരിൽ നിന്ന് ഈടാക്കണമെന്നാണു കോടതി ഉത്തരവ്. അതുകൊണ്ട് തന്നെ നഷ്ടപരിഹാരം കൊടുത്തു കഴിഞ്ഞാൽ ഈ സ്ഥലം വീണ്ടും ഫ്‌ളാറ്റ് നിർമ്മാതാക്കൾക്ക് കിട്ടുമെന്ന വാദവും സജീവമാണ്. ഇതെല്ലാം വലിയ നിയമ പോരാട്ടങ്ങളിലേക്ക് കാര്യങ്ങളെത്തിക്കും. നഷ്ട പരിഹാരം നൽകുന്നത് കെട്ടിടത്തിനു മാത്രമാണെന്നും ഭുമിയിലുള്ള ഫ്‌ളാറ്റ് ഉടമകളുടെ അവകാശം തുടരുമെന്നും വിലയിരുത്തൽ സജീവമാണ്. ഹോളിഫെയ്ത്ത് എച്ച്2ഒ ഫ്‌ളാറ്റ് ഉടമകൾ സൊസൈറ്റി രൂപീകരിച്ചു കഴിഞ്ഞു. മാലിന്യങ്ങൾ നീക്കം ചെയ്ത് ഭൂമി എത്രയും വേഗം തങ്ങൾക്കു കൈമാറണമെന്നാണ് അവരുടെ ആവശ്യം. ഇത് സുപ്രീംകോടതിയിൽ അവർ ഉന്നയിക്കും. ഹർജി കോടതിയിൽ നൽകുകയും ചെയ്തു.

സ്വകാര്യ ഉടമകൾക്കു തീരദേശ പരിപാലന നിയമം അനുസരിച്ചേ ഇനി ഇവിടെ നിർമ്മാണ പ്രവർത്തനം നടത്താനാകൂ. കഴിഞ്ഞ വർഷം ഇറങ്ങിയ ഉത്തരവനുസരിച്ച് സിആർഇസഡ്2 മേഖലയിലാണു മരട് പ്രദേശം. ഇതനുസരിച്ച് ഫ്‌ളാറ്റുകൾ പൊളിച്ച ഭൂമിയോടു ചേർന്ന് അംഗീകൃത നമ്പറുള്ള കെട്ടിടമോ റോഡോ ഉണ്ടെങ്കിൽ ആ പരിധിക്കു പുറകിലേക്കു മാറി ഈ ഭൂമിയിലും നിർമ്മാണം അനുവദനീയമാണ്. 2019ലെ തീരദേശ പരിപാലന നിയമ വിജ്ഞാപനം ഇറങ്ങിയെങ്കിലും ഇതനുസരിച്ചുള്ള രൂപരേഖ കൂടി ആയെങ്കിലേ നിലവിൽ വരൂ. അതനുസരിച്ചാണെങ്കിൽ മരടിനെ ദ്വീപായിട്ടാണു പരിഗണിച്ചിരിക്കുന്നത്. ഇത്തരം പ്രദേശങ്ങളിൽ തീരത്തു നിന്ന് 20 മീറ്റർ മാറി നിർമ്മാണ പ്രവർത്തനം നടത്താനാവും.

എന്നാൽ ചെന്നൈ ഐഐടി കഴിഞ്ഞ സെപ്റ്റംബറിൽ നൽകിയ പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടിലെ ശുപാർശ ഫ്‌ളാറ്റ് പൊളിക്കുന്ന ഭൂമിയിൽ കണ്ടൽ പാർക്കുകൾ സ്ഥാപിക്കണമെന്നാണ്. മരടിലെ 1.72 ചതുരശ്ര കി.മി തീരദേശ പരിധിയിൽ 2014 വരെ 0.92 ചതുരശ്ര കി.മി കണ്ടലുകൾ ഉണ്ടായിരുന്നത് ഇപ്പോൾ 0.01 ചതുരശ്ര കി.മി ആയി ചുരുങ്ങിയെന്നാണു കണ്ടെത്തൽ. ഇതുമൂലം പ്രതിവർഷം 28.5 ടൺ കാർബൺ ഡൈ ഓക്‌സൈഡ് വാതകം അധികമായി പുറന്തള്ളപ്പെടുന്നെന്ന് ഐഐടി പഠന റിപ്പോർട്ടിൽ പറയുന്നുവെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കണ്ടൽ പാർക്ക് സ്ഥാപിക്കണമെങ്കിൽ സർക്കാരോ നഗരസഭയോ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നു ചുരുക്കം. ഇതിന് ഉടമകൾക്ക് ഭൂമി വില നൽകേണ്ടി വരും.

പൊളിച്ച ഫ്‌ളാറ്റുകളുടെ കെട്ടിടാവശിഷ്ടങ്ങൾ തിങ്കളാഴ്ച മുതൽ നീക്കിത്തുടങ്ങുമെന്ന് എഡിഫെസ് പാർട്ണർ ഉൽകർഷ് മേത്ത അറിയിച്ചു. ഇനിയെന്ത് എന്നതിൽ വ്യക്തമായ പ്ലാൻ ഉണ്ടെന്ന് അധികൃതർ ആവർത്തിക്കുമ്പോഴും ജനം ആശങ്കയിലാണ്. കാറ്റിന്റെ ഗതിയനുസരിച്ച് പൊടി പടരുമെന്നതിനാൽ വരുംദിവസങ്ങളിൽ രൂക്ഷമായ ആരോഗ്യ-പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാകും. കമ്പിയും അവശിഷ്ടങ്ങളും രണ്ടായി തിരിച്ച്, ഇതിനുശേഷമുള്ള കോൺക്രീറ്റ് മാലിന്യം നീക്കുന്നത് പ്രോംപ്റ്റ് എന്റർപ്രൈസസാണ്. തിങ്കളാഴ്ചതന്നെ ഇതാരംഭിക്കും. 10 എൻജിനിയർമാരും 40 ജീവനക്കാരും ഉണ്ടാവും. കോൺക്രീറ്റിൽനിന്ന് ഇരുമ്പ് വേർതിരിക്കലാണ് ആദ്യഘട്ടം. ഇതിനൊപ്പം അവശിഷ്ടങ്ങളും പ്രോംപ്റ്റിന്റെ ജീവനക്കാർ നീക്കും. ഒരു സൈറ്റിൽ അഞ്ചുലോറികൾ വീതം അനുവദിച്ചിട്ടുണ്ട്. അവശിഷ്ടം നീക്കാനുള്ള റബിൾ മാസ്റ്റർ 20-നകം എത്തും.

പൊളിച്ച ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങൾ നീക്കംചെയ്യാൻ അനുവദിച്ച സമയം 70 ദിവസംമാത്രമാണ്. 45 ദിവസംകൊണ്ട് നീക്കാനാകുമെന്ന് ഉൽക്കർഷ് മേത്ത പറഞ്ഞു. ആദ്യദിനം പൊളിച്ച ഹോളിഫെയ്ത്തിന്റെയും അൽഫാ സെറിന്റെയും അവശിഷ്ടങ്ങൾ 42,850 ടണ്ണാണുള്ളത്. ഞായറാഴ്ച പൊളിച്ച രണ്ട് ഫ്‌ളാറ്റുകളിൽനിന്ന് 33,500 ടൺ അവശിഷ്ടവും. ജെയിൻ കോറൽകോവിൽ 26,400 ടണ്ണും ഗോൾഡൻ കായലോരത്തിൽ 7100 ടണ്ണുമാണ് അവശിഷ്ടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP