Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മതവിശ്വാസത്തിലും ആചാരങ്ങളിലും കോടതികൾക്ക് എത്രത്തോളം ഇടപെടാം? മതപുരോഹിതരാണോ അതു തീരുമാനിക്കുന്നത്? പ്രത്യേക വിശ്വാസങ്ങൾ പിന്തുടർന്നുപോരുന്ന പ്രത്യേക മതവിഭാഗങ്ങൾ ആരൊക്കെ? ശബരിമല ഹർജികളിൽ സുപ്രീംകോടതിയിൽ തിങ്കളാഴ്ച നിർണായക വാദം തുടങ്ങുമ്പോൾ പരിഗണിക്കുന്നത് ഇവയടക്കം ഏഴുചോദ്യങ്ങൾ; വിഷയം കേൾക്കുന്നത് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയുടെ അദ്ധ്യക്ഷതയിലുള്ള ഒമ്പതംഗ ബഞ്ച്

മതവിശ്വാസത്തിലും ആചാരങ്ങളിലും കോടതികൾക്ക് എത്രത്തോളം ഇടപെടാം? മതപുരോഹിതരാണോ അതു തീരുമാനിക്കുന്നത്? പ്രത്യേക വിശ്വാസങ്ങൾ പിന്തുടർന്നുപോരുന്ന പ്രത്യേക മതവിഭാഗങ്ങൾ ആരൊക്കെ? ശബരിമല ഹർജികളിൽ സുപ്രീംകോടതിയിൽ തിങ്കളാഴ്ച നിർണായക വാദം തുടങ്ങുമ്പോൾ പരിഗണിക്കുന്നത് ഇവയടക്കം ഏഴുചോദ്യങ്ങൾ; വിഷയം കേൾക്കുന്നത് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയുടെ അദ്ധ്യക്ഷതയിലുള്ള ഒമ്പതംഗ ബഞ്ച്

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: മകരവിളക്ക് തീർത്ഥാടന കാലത്ത് തന്നെ ശബരിമല യുവതീപ്രവേശന വിഷയം സുപ്രീം കോടതിയിൽ മറ്റൊരു നിയമയുദ്ധത്തിന് കളമൊരുക്കിയിരിക്കുകയാണ്. ഇടവേളയ്ക്ക് ശേഷം ശബരിമല യുവതീപ്രവേശന കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും. യുവതികൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുനപ്പരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്നത് വിശാലമായി ഭരണഘടനാ ബെഞ്ചായിരിക്കും. തിങ്കളാഴ്‌ച്ച മുതൽ സുപ്രീംകോടതി വാദം കേൾക്കും. ഇതോടെ ശബരിമല തീർത്ഥാടന കാലത്ത് എല്ലാ കണ്ണുകളും വീണ്ടും ശബരിമലയിലേക്ക് നീളുകയാണ്.

യുവതീ പ്രവേശനം അനുവദിച്ച് വിധി പുറപ്പെടുവിച്ച ആരും വിശാല ബെഞ്ചിലില്ല

മുമ്പ് കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, റോഹിങ്ടൻ നരിമാൻ, ഇന്ദു മൽഹോത്ര എന്നിവർ പുതിയ ബെഞ്ചിലില്ല. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിൽ ഉള്ള 9 അംഗ ബെഞ്ചിൽ ജസ്റ്റിസുമാരായ ആർ ഭാനുമതി, അബ്ദുൽ നസീർ, അശോക് ഭൂഷൺ, സൂര്യകാന്ത്, നാഗേശ്വര റാവു, ജസ്റ്റിസ് മോഹൻ എം, ശന്തന ഗൗഡർ, ബി ആർ ഗവായ് എന്നിവരാണ് അംഗങ്ങൾ.

2018 ലെ യുവതീപ്രവേശനം സംബന്ധിച്ച വിധി പുറത്തു വന്നപ്പോൾ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടക്കം ബെഞ്ചിലുണ്ടായിരുന്ന അഞ്ചിൽ നാല് പേരും അനുകൂലവിധിയാണ് എഴുതിയത്. അന്ന് വിയോജിച്ച് വിധി എഴുതിയ ഒരേ ഒരാൾ ജസ്റ്റിസ് ഇന്ദു മൽഹോത്രയാണ്. ഇതേ കേസ് വീണ്ടും കോടതിയുടെ മുന്നിലെത്തിയപ്പോൾ മതകാര്യങ്ങളിൽ കോടതി ഇടപെടുന്നതിലെ തന്റെ വിയോജിപ്പ് ഇന്ദു മൽഹോത്ര ആവർത്തിച്ചു. ദീപക് മിശ്രക്ക് പകരമായി ബെഞ്ചിലെത്തി ആദ്യമായി കേസ് കേട്ട ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി മതകാര്യങ്ങളിലും ആചാരങ്ങളിലും എത്രത്തോളം കോടതിക്ക് ഇടപെടാമെന്ന സംശയമാണ് ഉന്നയിച്ചത്.

കഴിഞ്ഞ വർഷം യുവതീപ്രവേശനത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച ജസ്റ്റിസ് എഎൻ ഖൻവിൽക്കർ പക്ഷേ ഇക്കുറി നിലപാട് മാറ്റി. മതങ്ങളുടെ സവിശേഷമായ ആചാരങ്ങളിൽ കോടതി എത്രത്തോളം ഇടപെടണം എന്ന കാര്യത്തിൽ വ്യക്തത വേണമെന്നും ഇക്കാര്യം വിശദമായി പരിശോധിക്കണമെന്നുമുള്ള ചീഫ് ജസ്റ്റിസിന്റെ നിലപാടിനൊപ്പമാണ് ഖൻവിൽക്കർ ഇപ്രാവശ്യം നിന്നത്. ഇതോടെയൊണ് കേസ് വിശാലബെഞ്ചിലേക്ക് പോകുന്ന അവസ്ഥയുണ്ടായത്. യുവതീപ്രവേശനത്തിന് അനുകൂലമായി 2018-ൽ വിധിയെഴുത്തിയ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢും, ജസ്റ്റിസ് റോഹിങ്ടൺ നരിമാനും അതേ നിലപാടിൽ ശക്തമായി ഉറച്ചു നിന്നെങ്കിലും ജസ്റ്റിസ് ഖൻവിൽക്കറുടെ നിലപാട് മാറ്റമാണ് കേസ് വിശാലബെഞ്ചിന് വിടുന്നതിൽ നിർണായകമായത്. ഖൻവിൽക്കർ മുൻനിലപാടിൽ നിന്നിരുന്നുവെങ്കിൽ ഹർജികൾ തള്ളുകയും യുവതീപ്രവേശനം നിലനിൽക്കുകയും ചെയ്യുമായിരുന്നു.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ചുള്ള അപേക്ഷ പരിഗണിക്കുന്നതിനിടെ അഞ്ചംഗ ബെഞ്ച് കഴിഞ്ഞ നവംബറിൽ ഉന്നയിച്ച ചോദ്യങ്ങളാണ് ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പരിശോധിക്കുന്നത്. മതപരമായ ആചാരങ്ങളുടെ അനിവാര്യത, ഭരണഘടനാ ധാർമ്മികത തുടങ്ങിയ വിശാലമായ വിഷയങ്ങൾ വിശാല ബെഞ്ച് പരിശോധിക്കുന്നത് വരെ 2018 ലെ ശബരിമല വിധി പരിശോധിക്കാനുള്ള തീരുമാനം കോടതി മാറ്റിവച്ചിരുന്നു. ഇതിന് തുടർച്ചയായാണ് ഒമ്പതംഗ ബെഞ്ചിലേക്ക് കേസ് എത്തുന്നത്.

നേരത്തെ ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച വിധിക്ക് സ്റ്റേ ഇല്ലെങ്കിലും ദർശനത്തിന് യുവതികൾക്ക് പൊലീസ് സംരക്ഷണം നൽകാൻ ഇപ്പോൾ ഉത്തരവിടുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതാണ് ഭക്തർക്ക് പ്രതീക്ഷ നൽകുന്ന വിധി. അതേസമയം പ്രശ്നം അങ്ങേയറ്റം വൈകാരികമാണെന്നും വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നിരീക്ഷിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിടാൻ വിസമ്മതിക്കുകയായിരുന്നു. ശബരിമല വിധിയിലെ നിയമപരമായ വിഷയങ്ങളിൽ വിശാലബെഞ്ചിന്റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കാൻ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. ഇതോടെയാണ് ഒമ്പതംഗ വിശാല ബെഞ്ച് രൂപീകരിച്ചത്.

ശബരിമലയിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷ നൽകാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും നൽകിയ ഹർജികളിലാണ് ജഡ്ജിമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരുമടങ്ങിയ ബെഞ്ച് ഉത്തരവിടാൻ വിസമ്മതിച്ചത്. ശബരിമലയിലേത് ആയിരക്കണക്കിന് വർഷങ്ങളായി തുടരുന്ന ആചാരമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. നിലവിൽ ഹർജിക്കാർക്ക് അനുകൂലമായി ഉത്തരവിടാനാകില്ല. വിശാലബെഞ്ചിന്റെ തീരുമാനം അനുകൂലമായാൽ യുവതികൾക്ക് ശബരിമല ദർശനത്തിന് സംരക്ഷണം നൽകാൻ ഉത്തരവിടാമെന്നും ബെഞ്ച് അന്ന് വ്യക്തമാക്കിയിരുന്നു.

അതേസമയം കോടതി വിധി എന്തുതന്നെ ആയാലും അത് അനുസരിക്കുമെന്നും നടപ്പിലാക്കുമെന്നുമുള്ള നിലപാടാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നത്. യുവതീപ്രവേശം അനുവദിച്ച് 2018 സെപ്റ്റംബർ 28ന് ഭരണഘടനാ ബെഞ്ച് നൽകിയ വിധി സ്റ്റേ ചെയ്തിട്ടില്ല. എന്നാൽ, മതപരമായ വിഷയങ്ങൾക്ക് ഭാവിയിൽ രൂപീകരിച്ചേക്കാവുന്ന ഏഴംഗ ബെഞ്ച് പരിഗണിക്കാവുന്നതായി ശബരിമല സംബന്ധിച്ചതുൾപ്പെടെ 8 കാര്യങ്ങൾ ഭൂരിപക്ഷ വിധിയിൽ കോടതി മുന്നോട്ടുവെച്ചിരുന്നു.

ശബരിമല വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികളും മറ്റും അനിശ്ചിതകാലത്തേക്കു മാറ്റിവയ്ക്കുന്നതിനെ ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, ഡി. വൈ. ചന്ദ്രചൂഡ് എന്നിവർ എതിർക്കുകയുണ്ടായി. യുവതീപ്രവേശ വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും നിലനിൽക്കില്ലെന്നും ന്യൂനപക്ഷ വിധിയിൽ ഇവർ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒമ്പതംഗ ബെഞ്ച് കൂടുതൽ വിശാലമായ കാര്യങ്ങളാകും പരിഗണിക്കുക.

നിലപാട് മയപ്പെടുത്തി സർക്കാരും ദേവസ്വം ബോർഡും

ശബരിമല യുവതീപ്രവേശ കേസിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് നിലപാട് മാറ്റിയിരുന്നു. ക്ഷേത്രത്തിലെ ആചാരങ്ങളും പ്രായോഗിക പ്രശ്‌നങ്ങളും ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും പരിഗണിച്ചേ സുപ്രീംകോടതിയിൽ നിലപാടെടുക്കൂവെന്ന് ബോർഡ് പ്രസിഡന്റ് എൻ. വാസു പറഞ്ഞിരുന്നു. ശബരിമലയിൽ പ്രയഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്നായിരുന്നു കഴിഞ്ഞ ഫെബ്രുവരിയിൽ സുപ്രീംകോടതി പുനഃപരിശോധനാ ഹർജി പരിഗണിച്ചപ്പോൾ മുതൽ ദേവസ്വംബോർഡ് എടുത്ത നിലപാട്. ഇതിൽനിന്ന് മലക്കംമറിയുന്നതാണ് പുതിയ നിലപാട്.യുവതീപ്രവേശനമാകാമെന്ന മുൻനിലപാട് സർക്കാരും മയപ്പെടുത്തിയിട്ടുണ്ട്.

ജൂലൈ 19 ന് മുമ്പ് കേസിൽ വിധി ഉണ്ടായേക്കും.

ശബരിമല യുവതീപ്രവേശന ഉത്തരവിന് എതിരായ 61 പുനഃപരിശോധനാ ഹർജികളാണ് നിലവിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ബെഞ്ച് തീർപ്പ് കൽപ്പിക്കുന്ന വിഷയങ്ങൾ രാജ്യത്തെ എല്ലാ മതവിഭാഗങ്ങളെയും ബാധിക്കുന്ന വിഷയമാണ്. അതിനാൽ കൂടുതൽ പേരെ ബെഞ്ച് കേട്ടേക്കും. കേന്ദ്ര സർക്കാരിന് പുറമെ സംസ്ഥാന സർക്കാരുകളെ കേൾക്കണമോ എന്ന കാര്യത്തിലും കോടതിക്ക് തീരുമാനിക്കേണ്ടി വരും. തുടർച്ചയായി വാദം കേൾക്കുമോ അതോ മറ്റുള്ളവർക്ക് നോട്ടീസ് അയച്ച ശേഷം പിന്നീട് കേൾക്കാനായി മാറ്റിവയ്ക്കുമോ എന്ന കാര്യം വ്യക്തമല്ല.

സുപ്രീം കോടതി ഇന്നലെ പുറത്തിറക്കിയ കേസ് ലിസ്റ്റ് പ്രകാരം ചൊവ്വാഴ്ചയും ഭരണഘടനാ ബെഞ്ച് ഇരിക്കും. ഒൻപതംഗ ബെഞ്ചിലെ ജസ്റ്റിസ് ആർ ഭാനുമതി ജൂലൈ 19 ന് വിരമിക്കും. ജൂലൈ 19 ന് മുമ്പ് കേസിൽ വിധി ഉണ്ടായേക്കും.

ശബരിമലയിൽ സ്ത്രീപ്രവേശം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞ പ്രധാന കാരണങ്ങൾ ഇവയാണ്.

1 അയ്യപ്പഭക്തർ പ്രത്യേക മതവിഭാഗമല്ല. അവർക്കു പ്രത്യേക മതസംഹിതയില്ല.

2 വ്യക്തികളുടെ മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ വകുപ്പിലെ (251) 'എല്ലാ വ്യക്തികളും' എന്ന പ്രയോഗത്തിൽ സ്ത്രീകളും ഉൾപ്പെടുന്നു. ഈ വകുപ്പനുസരിച്ച് അവകാശത്തിനു ലിംഗഭേദമില്ല; ജീവശാസ്ത്രപരമായ കാരണങ്ങളാലുള്ള വേർതിരിവുമില്ല.

3 ഹിന്ദു സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതാണു കേരള ഹിന്ദു ആരാധനാ സ്ഥല നിയമത്തിലെ 3(ബി) വകുപ്പുപ്രകാരം ശബരിമലയിലെ രീതി.

4 3 (ബി) വകുപ്പ് ഹിന്ദു സ്ത്രീകളുടെ വിശ്വാസ ആചരണ അവകാശം നിഷേധിക്കുന്നതിനാൽ ഭരണഘടനയുടെ 25(1) വകുപ്പുപ്രകാരമുള്ള മൗലികാവകാശത്തെ നിഷ്ഫലമാക്കുന്നു.

5 25ാം വകുപ്പിൽ പറയുന്ന പൊതുസദാചാരം ഭരണഘടനാപരമായ സദാചാരത്തിന്റെ പര്യായമാണ്. അതിനെ വ്യക്തികളോ മതവിഭാഗങ്ങളോ കൽപിക്കുന്ന ഇടുങ്ങിയ അർഥത്തിലല്ല കാണേണ്ടത്.

6 ഭരണഘടനാ വകുപ്പിൽ പറയുന്ന പൊതുക്രമം, സദാചാരം, ആരോഗ്യം എന്നീ നിയന്ത്രണ കാരണങ്ങൾ, സ്ത്രീകളുടെ മതസ്വാതന്ത്ര്യം നിഷേധിക്കുന്നതിനും വേർതിരിവു കാട്ടാനും നിയമപരമായ അവകാശം നിഷേധിക്കാനുമുള്ളതല്ല.

7 വിലക്ക് മതത്തിന്റെ അനുപേക്ഷണീയ ഘടകമല്ല.വിലക്കു മാറ്റുന്നതു ഹിന്ദുമതത്തിന്റെ സ്വഭാവത്തിനു മാറ്റം വരുത്തുന്നില്ല.

8 വിലക്കിനു ചട്ടത്തിലൂടെ പിൻബലം നൽകിയിരുന്നെങ്കിലും അതു മതത്തിന്റെ അനുപേക്ഷണീയമോ അവിഭാജ്യമോ ആയ സംഗതിയല്ല.

9 1965 ലെ കേരള ഹിന്ദു പൊതു ആരാധനാ സ്ഥല നിയമത്തിലെ 3ാം വകുപ്പ് എല്ലാ പൊതു ആരാധനാ സ്ഥലങ്ങളിലും എല്ലാ ഹിന്ദുക്കൾക്കും പ്രവേശനാനുമതി നൽകുന്നു. ഇതിനു വിരുദ്ധമാണു ചട്ടത്തിലെ 3(ബി) വകുപ്പ്.

10 വർഗ, വിഭാഗ വ്യത്യാസങ്ങൾ പാടില്ലെന്നാണു നിയമത്തിലെ 4(1) വകുപ്പ്. അതിനും വിരുദ്ധമാണു 3(ബി) വകുപ്പ്.

11 ആചാരങ്ങളും പ്രയോഗ രീതികളും ഹിന്ദുക്കളിലെ എല്ലാ വിഭാഗങ്ങൾക്കും പൊതു ആരാധനാ സ്ഥലങ്ങളിൽ പ്രാർത്ഥിക്കാനുള്ള അവകാശത്തിനു വഴിമാറണമെന്നാണു നിയമത്തിലെ 3, 4(1) വകുപ്പുകൾ വ്യക്തമാക്കുന്നത്.

മതം പ്രബലം; കോടതിക്ക് എത്രത്തോളം ഇടപെടാമെന്ന് രഞ്ജൻ ഗൊഗോയി

എന്നാൽ രഞ്ജൻ ഗൊഗേയ് കേസിലെ മെറിറ്റിലേക്ക് കടക്കുന്നില്ല. മതകാര്യങ്ങളിൽ കോടതിക്ക് എത്രത്തോളം ഇടപെടാം എന്നതിൽ അവ്യക്തത നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞത്. മതവിശ്വാസത്തിൽ കോടതികൾക്ക് എത്രത്തോളം ഇടപെടാം എന്നതിൽ ഒരു ജുഡീഷ്യൽ പോളിസിയുടെ ആവശ്യത്തിലേക്കാണ് ഇത്തരം സാഹചര്യങ്ങൾ എത്തിക്കുന്നതെന്ന് അദ്ദേഹം വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. ഇത് ഒരു രാഷ്ട്രീയ തന്ത്രമാണെന്നും ഫലത്തിൽ എക സിവിൽ കോഡ് അടക്കമുള്ള ആശയങ്ങളിലേക്കാണ് കൊണ്ടുപോകുന്നതുമെന്നുമാണ് വിമർശനം.

മതവിശ്വാസത്തിന്റെ അവിഭാജ്യ ഘടകങ്ങൾ എന്ത് എന്നതു സംബന്ധിച്ചും കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് രഞ്ജൻ ഗൊഗോയി പറയുന്നു. ഇന്ത്യ പോലെ വൈവിധ്യപൂർണമായ ഒരു നാട്ടിൽ മതവിശ്വാസങ്ങളിലും ആ വൈവിധ്യമുണ്ട്. ഒരു മതത്തിന്റെ അവിഭാജ്യ ഘടകമായ വിശ്വാസങ്ങൾ എന്ന് ഒരു വിഭാഗം കരുതുന്ന കാര്യം അതേ മതത്തിന്റെ തന്നെ മറ്റു വിഭാഗത്തിന് അവിഭാജ്യ ഘടകം ആവണമെന്നില്ല. ഇരു വിഭാഗങ്ങൾക്കും സ്വന്തം വിശ്വാസം പുലർത്താനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുമുണ്ട്. മതവിശ്വാസത്തിൽ കോടതികൾക്ക് എത്രത്തോളം ഇടപെടാം എന്നതിൽ ഒരു ജുഡീഷ്യൽ പോളിസിയുടെ ആവശ്യത്തിലേക്കാണ് ഇത്തരം സാഹചര്യങ്ങൾ എത്തിക്കുന്നതെന്ന് കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

ആരാധനാ സ്ഥലങ്ങളിൽ സ്ത്രീകൾക്കു പ്രവേശനം നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നം ശബരിമലയിൽ മാത്രമല്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മുസ്ലിം സ്ത്രീകൾക്ക് പള്ളികളിലും ദർഗകളിലും പ്രവേശിക്കുന്നതിലും സമുദായം മാറി വിവാഹം കഴിച്ച പാഴ്സി സ്ത്രീകൾക്ക് അഗ്യാരിയിൽ പ്രവേശിക്കുന്നതിലും ഇതേ വിഷയമുണ്ട്. ദാവൂദി ബോറ സമുദായത്തിലെ സ്ത്രീ ചേലാ കർമത്തിൽ കോടതിക്ക് ഇടപെടാമോ എന്ന കാര്യം സുപ്രീം കോടതിയുടെ തന്നെ പരിഗണയിലുണ്ട്.

മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എല്ലാവർക്കും നീതി ഉറപ്പുവരുത്തുന്നതിന് വിശാല ബെഞ്ചിന്റെ തീർപ്പ് ആവശ്യമുണ്ട്. വിശ്വാസവും മൗലിക അവകാശവുമായി പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്ന വിഷയങ്ങൾക്കു പരിഹാരം കാണാൻ ഇതിലൂടെ കഴിയും. ഭരണഘടനാ വിഷയങ്ങളിൽ അഞ്ച് അംഗങ്ങളിൽ കുറയാത്ത ബെഞ്ച് തീർപ്പു കൽപ്പിക്കണമെന്നത്, സുപ്രീം കോടതിയിൽ ഏഴ് ജഡ്ജിമാർ മാത്രമുണ്ടായിരുന്ന കാലത്തെ ചട്ടമാണ്. ഇപ്പോഴത്തെ ജഡ്ജിമാരുടെ എണ്ണം പരിഗണിച്ച് കൂടുതൽ അംഗങ്ങൾ ഉൾപ്പെട്ട ഭരണഘടനാ ബെഞ്ച് ഇക്കാര്യങ്ങളിൽ തീർപ്പു കൽപ്പിക്കുന്നത് നീതി ഉറപ്പാക്കാനും വിധിന്യായത്തിന്റെ ആധികാരികത ഉറപ്പിക്കാനും സാഹചര്യമൊരുക്കും.

ശബരിമല കേസിലെ പുനപ്പരിശോധനാ ഹർജികളിലെ വിധി മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശന കേസുമായും പാഴ്സി സ്ത്രീകളുടെ അഗ്യാരി പ്രവേശന കേസുമായും ദാവൂദി ബോറ ചേലാ കർമ കേസുമായും പരസ്പരം ബന്ധപ്പെടാവുന്നതും അവയെ ബാധിക്കാവുന്നതുമാണ്. ഒരു മതത്തിന്റെ വിശ്വാസങ്ങളിൽ അവിഭാജ്യ ഘടകം എന്ത്, ആരാണ് അതു തീരുമാനിക്കേണ്ടത്, കോടതികൾക്ക് അതിൽ ഇടപെടാമോ അതോ മതപുരോഹിതരാണോ അതു തീരുമാനിക്കുന്നത് തുടങ്ങിയ പ്രശ്നങ്ങൾ ഈ കേസുകളും ഉയർത്തുന്നുണ്ട്. പ്രത്യേക വിശ്വാസങ്ങൾ പിന്തുടർന്നുപോരുന്ന പ്രത്യേക മതവിഭാഗങ്ങൾ ആരൊക്കെ എന്നതു സംബന്ധിച്ചും പരിശോധന നടത്തേണ്ടതുണ്ട്.

ഒരു വിഭാഗത്തിൽ പെടാത്ത ആൾക്ക് ആ വിഭാഗത്തിന്റെ വിഷയം ഉന്നയിച്ച് പൊതുതാത്പര്യ ഹർജി നൽകാനാവുമോയെന്നതും പരിശോധിക്കേണ്ട കാര്യമാണ്. ഒരു പ്രത്യേക മതവിഭാഗത്തിന്റെ (ഡിനോമിനേഷൻ) അവിഭാജ്യ ഘടകങ്ങൾ എന്തൊക്കെയെന്ന് അതതു വിഭാഗങ്ങൾ തന്നെയാണ് തീരുമാനിക്കേണ്ടത് എന്ന ശിരൂർ മഠം കേസിലെയും വിശ്വാസ കാര്യങ്ങളിൽനിന്ന് കോടതികൾ മാറിനിൽക്കണമന്ന അജ്മീർ ദർഗ കേസിലെയും വിധികളെ വിശാല ബെഞ്ച് പരിശോധിക്കണമമെന്ന് വിധിന്യായത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP