Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുൽത്താൻ ഖാബൂസിന്റെ മരണത്തിൽ ഇന്ത്യയിൽ നാളെ ദുഃഖാചരണം; ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടും; ഔദ്യോഗിക വിനോദ പരിപാടികൾ മാറ്റിവെച്ചു; വിശിഷ്ട വ്യക്തിയോടുള്ള ആദര സൂചകമായെന്ന് ആഭ്യന്തര മന്ത്രാലയം

സുൽത്താൻ ഖാബൂസിന്റെ മരണത്തിൽ ഇന്ത്യയിൽ നാളെ ദുഃഖാചരണം; ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടും; ഔദ്യോഗിക വിനോദ പരിപാടികൾ മാറ്റിവെച്ചു; വിശിഷ്ട വ്യക്തിയോടുള്ള ആദര സൂചകമായെന്ന് ആഭ്യന്തര മന്ത്രാലയം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ അൽ സഈദിന്റെ വിയോഗത്തിൽ അനുശോചിച്ച് ഇന്ത്യയിൽ നാളെ ദുഃഖാചരണം. 'വിശിഷ്ട വ്യക്തി' യോടുള്ള ആദരസൂചകമായി രാജ്യത്താകമാനം ഒരു ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ദുഃഖാചരത്തിന്റെ ഭാഗമായി ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടും. തിങ്കളാഴ്ചത്തെ ഔദ്യോഗിക വിനോദ പരിപാടികൾ മാറ്റിവെച്ചതായും സർക്കാർ അറിയിച്ചു.

വെള്ളിയാഴ്ച വൈകീട്ടാണ് ഒമാൻ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസ് അൽ സഈദ് (79) അന്തരിച്ചത്. സുൽത്താൻ ഖാബൂസിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അനുശോചനം രേഖപ്പെടുത്തിയിരുന്നു. മേഖലയിൽ സമാധാനത്തിന്റെ സന്ദേശവാഹകനെന്നായിരുന്നു പ്രധാനമന്ത്രി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ ആത്മാർഥ സുഹൃത്തിനെ നഷ്ടമായെന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ നിര്യാണത്തിൽ അനുശോചിച്ചത്. ഖാബൂസിന്റെ പ്രാഥമിക വിദ്യാഭ്യാസം ഇന്ത്യയിലായിരുന്നു.

ഇന്ത്യയും ഒമാനുമായുള്ള നയതന്ത്ര ബന്ധം ഔദ്യോഗികമായി തുടക്കം കുറിക്കുന്നത് 1955ലാണ്. ഈ വർഷം ഫെബ്രുവരിയിൽ മസ്‌കറ്റിൽ ഇന്ത്യൻ കോൺസുലേറ്റ് ആരംഭിച്ചു. 1960ൽ കോൺസുലേറ്റ് ജനറലായും പിന്നീട് 1971ൽ എംബസിയായും ഉയർത്തി. എന്നാൽ, ആദ്യ ഇന്ത്യൻ അംബാസഡർ 1973ലാണ് ചുമതലയേൽക്കുന്നത്. ഇതിനിടെ 1972ൽ ഒമാൻ ഡൽഹിയിൽ എംബസി പ്രവർത്തനം ആരംഭിച്ചു. 1976ൽ മുംബൈയിൽ ഒരു കോൺസുലേറ്റ് ജനറലും സ്ഥാപിച്ചു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രമാണ് ഒമാൻ.

തന്റെ ആദ്യ വിദേശ വിദ്യാഭ്യാസ കേന്ദ്രമായ പൂണെ എന്ന നഗരവും ഇന്ത്യാ രാജ്യവും അവിടുത്തെ ജനങ്ങളും എല്ലാം സുൽത്താന് എന്നും പ്രിയപ്പെട്ടതായിരുന്നു. സുൽത്താന്റെ പിതാവ് സുൽത്താൻ സഈദ് ബിൻ തൈമൂർ അജ്മറിലെ മയോ കോളജിലെ പൂർവ വിദ്യാർത്ഥിയായിരുന്നു. പിന്നീട് മകനെയും അദ്ദേഹം പൂണെയിൽ അയച്ച് പഠിപ്പിച്ചു. അവിടെ ഇന്ത്യയുടെ മുൻ രാഷ്ട്രപതി ശങ്കർ ദയാൽ ശർമയുടെ വിദ്യാർത്ഥിയായിരുന്നു സുൽത്താൻ ഖാബൂസ്.

620,650 ഇന്ത്യൻ പ്രവാസികളാണ് നിലവിൽ ഒമാനിൽ കഴിയുന്നത്. ഇന്ത്യയിൽ നിന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഒമാനിലേക്ക് കുടിയറിപ്പാർത്ത ഒരു സമൂഹവും ഇവിടെയുണ്ട്. രാജ്യത്തെ പൗരന്മാരാണ് ഇവർ. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ച് ഒമാന്റെ മക്കളായി വളരാൻ അവർക്ക് സുൽത്താൻ ആശീർവാദം നൽകി. രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സമൂഹമായും ഇവർ വളർന്നു. ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ വലിയ ആവാസ കേന്ദ്രമാണ് ഒമാൻ.ആറ് ലക്ഷത്തിൽ പരം ഇന്ത്യക്കാർ രാജ്യത്ത് കഴിയുമ്പോൾ വ്യവസായ, വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ വലിയ സാന്നിധ്യമായി ഇന്ത്യക്കാർ മാറിക്കഴിഞ്ഞു.

ഒമാനി വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യയെയാണ് വലിയ തോതിൽ ആശ്രയിക്കുന്നത്. ചികിത്സ ഉൾപ്പടെ വിവിധ ആവശ്യങ്ങൾക്ക് ഒമാനിൽ വിമാനം കയറുന്നത് ഇന്ത്യയിലേക്കാണ്. ലക്ഷത്തോളം ഒമാനികളാണ് ഇന്ത്യയിൽ ഓരോ വർഷവും സന്ദർശിക്കുന്നത്. ഒമാനിലെ ഏറ്റവും വലിയ സ്‌കൂൾ വിദ്യാഭ്യാസ മേഖലയും ഇന്ത്യൻ സമൂഹത്തിന്റേതാണ്. യൂണിവേഴ്സിറ്റികൾ ഉൾപ്പടെ മലയാളികളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒമാനിൽ നടന്നുവരുന്നു.

ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധത്തിന് നിരവധി സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ട്. ഇരു രാഷ്ട്രങ്ങളിലെയും പ്രദേശങ്ങൾക്കിടയിൽ നൂറ്റാണ്ടുകളായി വ്യാപാരം തുടരുന്നു. ഒമാനിലെ പുരാവസ്തു ഖനനത്തിൽ മൂന്നാം നൂറ്റാണ്ടിലെ ക്ലാസിക്കൽ യുഗത്തിൽ ഇന്തോ-ഒമാൻ വ്യാപാരം നടന്നിരുന്നതായി ചരിത്ര തെളിവുകൾ കണ്ടെത്തിയിരുന്നു. മലബാറിലും പിന്നീട് ഗുജറാത്ത് തീരത്തും ഒമാൻ സംഘത്തിന്റെ വ്യപാര സന്ദർശനങ്ങൾ നടന്നു. ദക്ഷിണേന്ത്യയിലെ രാജാവായിരുന്ന ടിപ്പു സുൽത്താൻ തന്റെ ഭരണകാലത്ത് ഒമാനിലേക്ക് ഒരു നയതന്ത്ര പ്രതിനിധിയെ അയച്ചതായും ചില രേഖകൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP