Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരട് പൊളികൊണ്ടുണ്ടായത് നൂറു ഗാഡ്ഗിൽ റിപ്പോർട്ടുകൾ കൊണ്ട് കഴിയാത്ത പരിസ്ഥിതി സംരക്ഷണം; ഇനി കെട്ടിടങ്ങൾ പരിസ്ഥിതി സൗഹാർദ്ദമാക്കാൻ ബിൽഡേഴ്സ് നൂറു ശതമാനവും ശ്രമിക്കും; എന്തും അഴിമതിയിലൂടെയും തരികിടയിലൂടെയും നേടാമെന്ന സമ്പന്നരുടെ ധാർഷ്ട്യത്തിനും തിരിച്ചടി; അരുൺ മിശ്ര ചരിത്രത്തിൽ അറിയപ്പെടുക നിയമം എന്നത് അനുസരിക്കാനുള്ളതാണ് എന്ന് മലയാളികളെ പഠിപ്പിച്ച വ്യക്തി എന്നനിലയിൽ; ഇത് കേരളം ഒരു വെള്ളരിക്കാപ്പട്ടണമല്ലെന്ന് തെളിയിക്കാനുള്ള സോഷ്യോ-കൾച്ചറൽ ഷോക്ക്

മരട് പൊളികൊണ്ടുണ്ടായത് നൂറു ഗാഡ്ഗിൽ റിപ്പോർട്ടുകൾ കൊണ്ട് കഴിയാത്ത പരിസ്ഥിതി സംരക്ഷണം; ഇനി കെട്ടിടങ്ങൾ പരിസ്ഥിതി സൗഹാർദ്ദമാക്കാൻ ബിൽഡേഴ്സ് നൂറു ശതമാനവും ശ്രമിക്കും; എന്തും അഴിമതിയിലൂടെയും തരികിടയിലൂടെയും നേടാമെന്ന സമ്പന്നരുടെ ധാർഷ്ട്യത്തിനും തിരിച്ചടി; അരുൺ മിശ്ര ചരിത്രത്തിൽ അറിയപ്പെടുക നിയമം എന്നത് അനുസരിക്കാനുള്ളതാണ് എന്ന് മലയാളികളെ പഠിപ്പിച്ച വ്യക്തി എന്നനിലയിൽ; ഇത് കേരളം ഒരു വെള്ളരിക്കാപ്പട്ടണമല്ലെന്ന് തെളിയിക്കാനുള്ള സോഷ്യോ-കൾച്ചറൽ ഷോക്ക്

എഡിറ്റോറിയൽ

'നിയമം എന്നത് അനുസരിക്കാനുള്ളതാണെന്ന് ഇന്ത്യാക്കാരെ, പ്രത്യേകിച്ച് ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും പഠിപ്പിച്ച മനുഷ്യൻ'- മൂൻ ഇലക്ഷൻ കമ്മീഷർ ടി എൻ ശേഷൻ അന്തരിച്ചപ്പോൾ രാമചന്ദ്രഗുഹ എഴുതിയ വാചകമാണ്, മരടിലെ അംബരചുംബികളായ ഫ്ളാറ്റുകൾ ഒന്നൊന്നായി പൊളിഞ്ഞ് വീഴുമ്പോൾ അതിനുകാരണക്കാരനായ അരുൺമിശ്രയെന്ന ജഡ്ജിയെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽവരുന്നത്. നോക്കുക, ആർപ്പുവിളികളും കൈയടികളുമായി ജനം ഈ വീഴ്ച ആഘോഷിക്കയാണ്. കേരളം ഒരു വെള്ളരിക്കാപ്പട്ടണമല്ല എന്ന് തെളിയിക്കുന്ന നടപടിയാണിത്.

ആർക്കും എന്തും ഇവിടെ കൈയേറാം, ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും ദമ്പടി നൽകി കാര്യം സാധിക്കാം, ചട്ടങ്ങും കീഴ്‌വഴക്കങ്ങളുമൊക്കെ ഉന്നതരെ കാണുമ്പോൾ മുട്ടുമുടക്കും, തുടങ്ങിയ പൊതുബോധമാണ് ഇവിടെ എട്ടുനിലയിലല്ല പത്തൊമ്പത് നിലയിൽ തകരുന്നത്. ഓർക്കുക, നിസ്സാരക്കാർ ആയിരുന്നില്ല ഈ ഫ്ളാറ്റ് നിർമ്മാതാക്കൾ. ഫ്ളാറ്റിലെ താമസക്കാരും അങ്ങനെതന്നെ. സാധാരണഗതിയിൽ ഇവരെയൊന്നും ആരും തൊടില്ല. ഒടുവിൽ ആർക്കും രക്ഷിക്കാൻ കഴിയാതെ ഈ അംബരചുംബികൾ പൊളിഞ്ഞ് വീഴുകയാണ്. ഇത് സത്യത്തിൽ നിയമവാഴ്ചയുടെ വിജയം തന്നെയാണ്. ഈ നാട്ടിൽ കൃത്യമായ നിയമങ്ങൾ ഉണ്ടെന്നും അത് ലംഘിച്ചാൽ ഏത് ഉന്നതനും പൂട്ട് വീഴുമെന്നുമെന്നുള്ളതിനുള്ള തെളിവ്. നിയമം പുസ്തത്തിൽ എഴുതിവെക്കാൻ മാത്രം ഉള്ളതല്ല എന്നതിന്റെ വർക്കിങ്ങ് മോഡൽ. നമ്മുടെ രാഷ്ട്രീയക്കാരെയടക്കം നിയമം അനുസരിക്കാനുള്ളതാണെന്ന് പഠിപ്പിച്ച ടി എൻ ശേഷന് തുല്യനാണ് സത്യത്തിൽ ഈ വിധി പുറപ്പെടുവിപ്പിച്ച സുപ്രീംകോടതി ജഡ്ജ് അരുൺ മിശ്രയും. ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ അപൂർവങ്ങളിൽ അപൂർവമായ സംഭവം പരിസ്ഥിതി സംരക്ഷണം അഴിമതി നിരോധനം തുടങ്ങിയ വിവിധ വശങ്ങളിലേക്ക് കൂടി വ്യാപിക്കുന്നതാണ്.

ഭൂമിയുടെ ഊഹക്കച്ചവടവും ഫളാറ്റ് ബിസിനസും കേരളത്തിന്റെ ശാപമായി വളരുന്ന കാലമാണിത്. തണ്ണീർത്തട നികത്തൽ നിയമവും, തീരദേശ പരിപാലനനിയമവും തൊട്ട് നിയമങ്ങളുടെ കൂമ്പാരമാണ് ഇവിടെയുള്ളത്. നിയമങ്ങൾ ഇല്ലാത്തതല്ല അത് അനുസരിക്കാനുള്ള മടിയും, അഴിമതിയിലൂടെ ഇളവുകൾ സ്വന്തമാക്കാനും, വളച്ചൊടിക്കാനും ക്രമവത്ക്കരിക്കാനും ഉള്ള ത്വരയുമാണ്, നമ്മുടെ നാട്ടിൽ പൊതുവെ കണ്ടുവരുന്നത്. ഒരു സാധാരണ നഗരസഭയിലോ കോർപ്പറേഷൻ ഓഫീസിലോ ഒന്ന് പോയിനോക്കു. മൂന്നുസെന്റിൽ കൂരകെട്ടിയവന്റെ വയലേഷൻ കണ്ടുപിടിക്കാനേ അവർക്ക് താൽപ്പര്യമുള്ളൂ.

പണവും സ്വാധീനവും ഉള്ളവന്റെ മുന്നിൽ വളഞ്ഞ് നിൽക്കുന്നതാണ് നമ്മുടെ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ചരിത്രം. നോക്കുക, ഈ ഫ്ളാറ്റുകളുടെയൊക്കെ നിയമലംഘനം എവിടെനിന്ന് തുടങ്ങി. നഗരസഭ തൊട്ട് സംസ്ഥാന നിയമസഭവരെ. വാർഡ് കൗൺസിലർ തൊട്ട് മന്ത്രിവരെ. എക്സിക്യൂട്ടീവ് എൻജിയീയർ തൊട്ട് ചീഫ് സെക്രട്ടറി വരെ. പണത്തിനുമുന്നിൽ പരുന്തും പറക്കില്ല എന്ന അനൗദ്യോഗിക നിയമം അനുസരിച്ച് ഇവരൊക്കെ കാലാകാലങ്ങളിൽ അനധികൃത നിർമ്മാണങ്ങൾ കണ്ണടക്കുകയോ, അത് ക്രമവത്ക്കരിച്ച് കൊടുക്കയോ ആണ് ചെയ്തത്. 'അങ്ങ് കെട്ടിക്കോ ബാക്കി പിന്നീട് നമ്മൾക്ക് ശരിയാക്കാം' എന്ന ഇത്തരക്കാരുടെ ഉറപ്പിലാണ്, അനധികൃത കെട്ടിടങ്ങൾ ഈ കൊച്ചുകേരളത്തിന് താങ്ങാനാവാത്ത വിധം നിറയുന്നത്. ഇങ്ങനെ മറിയുന്ന പണമാണ് പാർട്ടികോൺഗ്രസായും, കേരളയാത്രകളായും, രാഷ്ട്രീയമഹാമഹങ്ങളായും രൂപാന്തരപ്പെടുന്നതെന്ന് ആർക്കാണ് അറിയാത്തത്്. ഈ കൂട്ടുകെട്ടിനൊക്കെ മുഖമടച്ചുള്ള അടിയാണ് മരടിൽ, കൂപ്പുകുത്തുന്ന അംബര ചുംബികൾ. കോടതി എന്നു പറയുന്ന ഒരു സാധനം ഈ രാജ്യത്ത് ഉണ്ടെന്ന് പണത്തിന്റെ ദുരയിൽ ഓർക്കാതെപോയവക്കുള്ള താക്കീതുമാണ് ഈ നിലംപൊത്തലുകൾ.

രേഖകൾ കൃത്യമായി പരിശോധിക്കാതെ എന്തും വാങ്ങിക്കൂട്ടുന്ന ശരാശരി മലയാളിക്കും വ്യക്തമായ താക്കീതാണ്. ഇനി ഫ്ളാറ്റുവാങ്ങുന്നതിന് മുമ്പ് അവർ രണ്ടുവട്ടമല്ല പത്തുവട്ടങ്കെിലും രേഖകൾ പരിശോധിക്കം. കൈയേറ്റമാണെന്ന് ചെറിയൊരു സൂചന കിട്ടിയാൽപ്പോലും ആ സമുച്ചയങ്ങൾ വാങ്ങാൻ ആളുണ്ടാവില്ല. ഏത് ഉന്നതന്റെ ഉറപ്പും ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അവർ അംഗീകരിക്കുകയുമില്ല. അതുകൊണ്ട് രണ്ടു ഗുണങ്ങളാണ് കേരളീയ പൊതുസമൂഹത്തിന് കിട്ടുന്നത്. ഒന്ന് പരിസ്ഥിതി നശീകരണം പരമാവധി കുറയും. കായലും തീരവും പുഴയും മലയുമൊക്കെ അൽപ്പം കൈയേറി എന്ന സൂചനയുണ്ടായാൽ പോലും സാധനം വിറ്റുപോവില്ല. അതുകൊണ്ടുതന്നെ അനധികൃതം എന്ന പേരുദോഷം ഒഴിവാക്കാൻ ആയിരിക്കും ഇനി ബിൽഡേഴ്സിന്റെയും ശ്രമം. അതായത് എല്ലാവരും പരിസ്ഥിതി സൗഹാർദവാദികളായി മാറുന്ന കാലം. നൂറു ഗാഡ്ഗിൽ റിപ്പോർട്ടുകൾ കൊണ്ട് കഴിയാത്ത പരിസ്ഥിതി സംരക്ഷണം ഒറ്റ പൊളികൊണ്ട് ഉണ്ടായി! മലയാളിയുടെ മനസാക്ഷി ഉണർത്താനായി കോടതി നടത്തിയ സർജിക്കൽ സ്ട്രൈക്ക് എന്നു പറയാം.

മറ്റൊരു ഗുണം ഇത് അഴിമതിക്കെതിരായ ഒരു കാമ്പയിൻ കൂടിയാണെന്നതാണ്. എത്രകാശുകൊടുത്ത് എങ്ങനെയെല്ലാം വെളുപ്പിച്ചെടുത്താലും, ലക്ഷങ്ങൾ വിലയുള്ള അഭിഭാഷകനെ ഇറക്കിയാലും കോടതിയിൽ ഇവയെല്ലാം പൊളിയുമെന്നത്, നല്ല സൂചനതന്നെയാണ് നൽകുന്നത്. നഗരസഭയിലും സർക്കാറിനും കാശിറക്കി എല്ലാം ക്രമവത്ക്കരിച്ചാലും രക്ഷയില്ല എന്നുവന്നാൽ ജനം കുറുക്കുവഴികൾ സ്വീകരിക്കില്ല. ഉദ്യോഗസ്ഥർക്കും കാണും ചങ്കിടിപ്പ്. എന്ത് ഉഡായിപ്പ് ചെയതാരും ഊരിപ്പോരാൻ കഴിയില്ല എന്ന് വ്യക്്തം. ആ അർഥത്തിൽ നോക്കുമ്പോൾ കേരളത്തിന്റെ അഴിമതി നിരോധന പരിശ്രമങ്ങളിലും ചരിത്രപ്രധാനമാണ് ഈ പൊളിക്കൽ. നുൂറു വിജലൻസ് ടീമിന്റെ പണി ഒറ്റയടിക്ക് ഈ പൊളി എടുത്തു കഴിഞ്ഞു.

മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതിന് ഇടയാക്കിയ ഹരജി നൽകിയ എ വി ആന്റണി പറയുന്നത് നോക്കുക. 'നിയമങ്ങൾ അറിയുമായിരുന്നിട്ടും കൈക്കൂലിയിലൂടെ പൊക്കിക്കെട്ടിയതാണ് ഇതെല്ലാം. എല്ലാ നിയമവിരുദ്ധ നിർമ്മാണങ്ങൾക്കും പിന്നിലുള്ളത് ഈ അവിശുദ്ധ കൂട്ടുകെട്ടാണ്. എന്റെ വീടിനു പിന്നിൽ ഒരു ഫളാറ്റ് നിർമ്മാതാവ് സ്ഥലം വാങ്ങി നിർമ്മാണം ആരംഭിച്ചു. പാവപ്പെട്ട പരിസരവാസികളെ ഒരു തരത്തിലും പരിഗണിക്കാതെയായിരുന്നു പണികൾ. ചെമ്മീൻ കെട്ടായിരുന്ന പ്രദേശം മണ്ണിട്ട് നികത്തുന്നതു മുതലുള്ള ജോലി നടക്കുമ്പോൾ വീട്ടിൽ താമസിക്കാൻ വയ്യാതെയായി.

സഹികെട്ടാണ് നഗരസഭയിലും വില്ലേജിലും പഞ്ചായത്തിലും താലൂക്ക് ഓഫിസിലുമെല്ലാം പരാതിപ്പെടാൻ ചെല്ലുന്നത്.പരാതി നൽകിയാൽ അത് എന്താണെന്ന് അന്വേഷിക്കാൻ ഉദ്യോഗസ്ഥർ വിളിപ്പിക്കും. അവിടെ ചെല്ലുമ്പോൾ ചോദിക്കും എന്താണു പ്രശ്നമെന്ന്. പിന്നെ ചെല്ലുമ്പോൾ അവഗണിക്കും. എന്താണു കാര്യമെന്നു പോലും ചോദിക്കില്ല. അപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. പരാതി വഴി ഈ ഉദ്യോഗസ്ഥർക്ക് ഇരകളെ കൊടുക്കുകയാണ്. പരാതിപ്പെടുമ്പോൾ നിയമവിരുദ്ധ നിർമ്മാണം നടത്തുന്നവർ ഓഫിസിലെത്തി പണം നൽകും. ഉദ്യോഗസ്ഥർ കണ്ണടയ്ക്കും. പരാതി അവിടെ കിടക്കും. വീണ്ടും പുതിയ പരാതി ചെല്ലുമ്പോൾ ഉദ്യോഗസ്ഥർക്ക് കിട്ടുന്നത് പുതിയ ഇര.

പന്നീട് കെട്ടിട നിർമ്മാണച്ചട്ടങ്ങളെക്കുറിച്ചുള്ള പുസ്തകം വാങ്ങി പഠിച്ചപ്പോഴാണഎ ഈ ഒരു ഫ്ലാറ്റിന് മാത്രം 37 നിയമലംഘനങ്ങൾ കണ്ടെത്തി. കായൽ തീരത്ത് കെട്ടിടം പണിയുന്നതിന് കെസിഇസഡ്എംഎയുടെ അനുമതി വേണം എന്ന്. ഇതു കണ്ടതോടെ ഇതിനെക്കുറിച്ച് വിവരാവകാശം തേടി. ഇത്തരത്തിൽ ഒരു ചട്ടമുണ്ടെന്നു പോലും ഉദ്യോഗസ്ഥർക്ക് അറിയില്ല. ചട്ടലംഘനം നടത്തിയത് വ്യക്തമാക്കുന്ന വിവരാവകാശ അറിയിപ്പ് ലഭിച്ചതോടെ വീണ്ടും എല്ലായിടത്തും പരാതി നൽകി. തുടർന്നാണ് കേസ് കോടതിയിലേക്ക് നീങ്ങിയത്'- എ വി ആന്റണി വ്യക്തമാക്കി. - നോക്കുക, 37 തരംനിയമ ലംഘനം നടന്നിട്ടും ഒരു നടപടിയും ഇല്ല. കോടതി സ്റ്റോപ്പ് മെമോ കൊടുത്തിട്ടും നിർബാധം നിർമ്മാണം തുടർന്നു. നിയമവ്യവസ്ഥയെ നോക്കുകുത്തിയാക്കുന്ന ഇവർ ഇത്തരം ഷോക്ക് ട്രീറ്റ്മെന്റ്കൊണ്ടേ പഠിക്കൂ.

പ്രശ്്നങ്ങൾ ഇങ്ങനെ ആയിരിക്കേ, നമ്മുടെ നാട്ടിലെ രാഷ്ട്രീയ-ഭരണ നേതൃത്വങ്ങൾ ഒരു ഘട്ടത്തിൽ എന്താണ് ചെയ്തതെന്ന് ഓർക്കുക. ഫ്ളാറ്റിലെ താമസക്കാരെ മുൻനിർത്തി ഇരവാദം ഉയർത്തി കോടതി വിധി അട്ടിമറിക്കാനും അനന്തമായി നീട്ടിക്കൊണ്ടുപോകാനുമാണ് ഇടത്- വലത്- ബിജെപി ഭേദമില്ലാതെ പാർട്ടികൾ ശ്രമിച്ചത്. പക്ഷേ കോടതി നടപടികൾ ശക്തമാക്കിയയോടെയും അന്ത്യശാസനം നൽകിയതോടെയും പണി പാളി. മാത്രമല്ല, താമസക്കാർക്ക് അർഹമായ നഷ്ടപരിഹാരം നൽകാനും കോടതി തയ്യാറായി. ഇവ പൊളിച്ചുകളാൻ പാടുണ്ടോ അത് സർക്കാറിന്റെ എന്തെങ്കിലും സ്ഥാപനങ്ങളാക്കി മാറ്റാൻ പാടില്ലേ തുടങ്ങിയ ചർച്ചകൾ ചിലർ ഉയർത്തിയിരുന്നു. വിദേശരാജ്യങ്ങളിലൊക്കെ അങ്ങനെയാണ്.

സ്വാന്തനപരിചരണ വിഭാഗമാക്കിയും, വയോജന താമസകേന്ദ്രമാക്കിയും, വീടില്ലാത്തവരെ പുനരധിവസിപ്പിക്കാനുമൊക്കെയാണ് അവിടെ ഇങ്ങനെ അനധികൃതമെന്ന് കണ്ടെത്തുന്ന കെട്ടിടങ്ങളെ ചെയ്യാറ്. പൊളിക്കുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ കൂടി കണക്കിലെടുത്ത്, ഇങ്ങനെ ചെയ്യുന്നതാണ് നല്ലതെന്ന് എഴുതിയ വിദഗധരും നിരവധിയാണ്. പക്ഷേ ഇപ്പോൾ തോനുന്നു പൊളിക്കൽ തന്നെയാണ് വേണ്ടിയിരുന്നത്. ഇത്തരം ഒരു സോഷ്യോ-കൾച്ചറൽ ഷോക്ക് മലയാളി ആഗ്രഹിച്ചിരുന്നു. അവനെ നിയമവാഴ്ചയിൽ വിശ്വസിപ്പിക്കുന്നവനാക്കാനുള്ള കോടതിയുടെ വൈദ്യുതാഘാത ചികിൽസയാണ് ഇതെന്ന് നമുക്ക് ആശ്വസിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP