Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിൽസൺ നോട്ടപ്പുള്ളിയായത് തിരുചന്തൂരിലെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിൽ എത്തിയതു മുതൽ; തിരുവനന്തപുരത്തെ ചികിൽസയ്ക്കിടെ ആശുപത്രയിൽ വച്ചും കൊല്ലാൻ ശ്രമിച്ചു; വിൽസൺ കൊലക്കേസിൽ തമിഴ്‌നാട് പൊലീസിന് തലവേദനയായി മാറുന്നത് തീവ്രവാദികൾക്ക് കേരളത്തിലുള്ള ആഴമേറിയ ബന്ധങ്ങൾ; അൽ ഉമ്മയ്ക്കുള്ള മലയാളി വേരുകൾ വ്യക്തമാക്കി ക്യൂ ബ്രാഞ്ച് അന്വേഷണം; എളമക്കരയിലെ ആർഎസ്എസ് കാര്യാലയവും ടാർഗറ്റ് ലിസ്റ്റിൽ

വിൽസൺ നോട്ടപ്പുള്ളിയായത് തിരുചന്തൂരിലെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിൽ എത്തിയതു മുതൽ; തിരുവനന്തപുരത്തെ ചികിൽസയ്ക്കിടെ ആശുപത്രയിൽ വച്ചും കൊല്ലാൻ ശ്രമിച്ചു; വിൽസൺ കൊലക്കേസിൽ തമിഴ്‌നാട് പൊലീസിന് തലവേദനയായി മാറുന്നത് തീവ്രവാദികൾക്ക് കേരളത്തിലുള്ള ആഴമേറിയ ബന്ധങ്ങൾ; അൽ ഉമ്മയ്ക്കുള്ള മലയാളി വേരുകൾ വ്യക്തമാക്കി ക്യൂ ബ്രാഞ്ച് അന്വേഷണം; എളമക്കരയിലെ ആർഎസ്എസ് കാര്യാലയവും ടാർഗറ്റ് ലിസ്റ്റിൽ

എം മനോജ് കുമാർ

തിരുവനന്തപുരം: തമിഴ്‌നാട് എസ് ഐ വിൽസൺ വധം അന്വേഷിക്കുന്ന തമിഴ്‌നാട് പൊലീസ് സംഘത്തിനു തലവേദനയായി മാറുന്നത് കേരളത്തിലെ ശക്തമായ തീവ്രവാദ ബന്ധങ്ങൾ. വിത്സൺ വധവും ഇസ്ലാമിക തീവ്രവാദികളുമായി ബന്ധപ്പെട്ട അന്വേഷണവും മുറുകുമ്പോൾ വ്യക്തമാകുന്നത് പല ഭീകരരുടെയും ഒളിത്താവളങ്ങൾ കേരളമാണെന്ന വസ്തുതയാണ്. തമിഴ്‌നാട് പൊലീസും കേന്ദ്ര ഏജൻസികളും തിരയുന്ന പല ഭീകരവാദികളുടെയും ഒളിത്താവളങ്ങൾ കേരളമായിരുന്നു. തീവ്രവാദ സംഘടനയായ അൽ ഉമ്മയുടെ ആളുകൾക്ക് എന്നും കേരളം സുരക്ഷിത താവളമാണ്. തിരുവനന്തപുരം, പൂന്തുറ, ഭീമാപള്ളി എന്നിവിടങ്ങളിൽ ഇവർ തങ്ങിയതായി മുൻപ് തന്നെ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് കവചമായി രാഷ്ട്രീയ ബന്ധങ്ങൾ നിലനിൽക്കുന്നതിനാൽ അന്വേഷണം പലപ്പോഴും ദുഷ്‌ക്കരമായി മാറുകയും ചെയ്യുന്നു. ഇതാണ് ഭീകരവാദികളുടെ പറുദീസയായ സംസ്ഥാനം എന്ന് കേരളം വിശേഷിപ്പിക്കപ്പെടുന്നതിനു പിന്നിൽ.

വിൽസണെ വധിക്കാൻ ഗൂഢാലോചന നടന്നത് തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് എന്ന വിവരമാണ് ഇപ്പോൾ അന്വേഷണ ഏജൻസികൾ പങ്കു വയ്ക്കുന്നത്. വിൽസൺ വധം നടത്തിയ അബ്ദുൾ ഷമീം, തൗഫീഖ് എന്നവർക്ക് പിന്നിലാര്? ഇവർക്ക് എവിടെനിന്ന് ആയുധങ്ങൾ കിട്ടി എന്നതും ഇപ്പോൾ അന്വേഷിക്കുന്നുണ്ട്. എസ്‌ഐയെ വധിച്ച ശേഷം കൊലപാതകികൾ രക്ഷപ്പെട്ടതും കേരളത്തിലേക്കാണ്. പ്രതികൾക്ക് സഹായം നൽകിയ വിതുരയിലെ സെയ്തലവിയെ തമിഴ്‌നാട് പൊലീസ് തിരയുകയാണ്. ഇയാളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. എസ്‌ഐയെ വെടിവെച്ച് കൊന്നതിൽ തമിഴ്‌നാട് പൊലീസ് അന്വേഷിക്കുന്ന അബ്ദുൾ ഷമീമിനെ കരമന പൊലീസ് അറസ്റ്റ് ചെയ്തതാണ്. നായ്ക്കളെ വെട്ടിപരുക്കേൽപ്പിച്ച് ആയുധ പരിശീലനം നടത്തിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2018-ൽ വന്ന കേസ് ആണിത്. കേസുമായി ബന്ധപ്പെട്ടു പൊലീസ് തിരയുന്നവർക്ക് പലർക്കും ഉള്ളത് തിരുവനന്തപുരം ബന്ധങ്ങളുമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

കേരളത്തിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ഓപ്പറേഷനുകളിലെ യഥാർത്ഥ പ്രതികൾ പിടികൂടപ്പെട്ടിട്ടില്ല. ഇസ്ലാമിക തീവ്രവാദികൾ തൊണ്ണൂറുകൾ മുതൽ നടത്തിയ ആക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും ഒരു തുമ്പുമില്ല. കൊലപാതകങ്ങളിലെ പ്രതികൾ ആര്? എവിടെ പോയി എന്ന കാര്യത്തിൽ പൊലീസിന് ഒരു പിടിയുമില്ല. ഇവർ ഒളിവിൽ ഇരുന്നു ഓപ്പറേഷനുകൾ നടപ്പിലാക്കുകയും സുരക്ഷിതരായി നിൽക്കുകയും ചെയ്യുന്നു. പലപ്പോഴും രാഷ്ട്രീയ സമ്മർദ്ദം മുറുകുന്നതിനാൽ പൊലീസിന് അന്വേഷണം മുന്നോട്ടു പോകാൻ പ്രയാസങ്ങളുമുണ്ടാകാറുണ്ട്. ഇത് അന്വേഷണത്തെ തളർത്തുകയും പ്രതികൾ രക്ഷപ്പെടാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. തമിഴ്‌നാട് എസ്‌ഐയെ ഇസ്ലാമിക തീവ്രവാദികൾ വകവരുത്തിയ സാഹചര്യത്തിൽ കേരളത്തിലും ഇത്തരമൊരു ആക്രമണത്തിനുള്ള സാധ്യത നിലനിൽക്കുന്നതായി തന്നെയാണ് ഉന്നത പൊലീസ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ .

കേരളത്തിൽ ആക്രമണം നടത്തില്ല എന്ന നിഗമനത്തിൽ ഒരിക്കലും എത്താൻ കഴിയില്ല എന്നാണ് വിലയിരുത്തൽ. ആർഎസ്എസിന്റെ കൊച്ചി എളമക്കരയിലെ ആസ്ഥാനം ആക്രമിക്കാൻ ഇവർ മുൻപ് ലക്ഷ്യം വെച്ചിരുന്നു. പാളിപ്പോയ ആക്രമണ പദ്ധതിയായാണ് ഈ നീക്കം വിലയിരുത്തപ്പെട്ടത്. കേരളത്തിൽ ഇവർക്ക് ഇപ്പോഴും ആക്രമണ ലക്ഷ്യങ്ങൾ ഉണ്ട് എന്നതിലേക്ക് തന്നെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിരൽ ചൂണ്ടുന്നത്. തീവ്രവാദ കേസുമായി ബന്ധപ്പെട്ടു മുൻപ് മലപ്പുറത്ത് അന്വേഷണം നടത്തിയപ്പോൾ പല കൊല്ലന്മാരും കള്ളത്തോക്കുകൾ നിർമ്മിച്ച് നൽകിയതായി വിവരം കിട്ടിയിരുന്നു. പക്ഷെ ഈ തോക്കുകൾ എങ്ങോട്ട് പോയി എന്ന കാര്യത്തിൽ അന്വേഷണം മുന്നോട്ടു നീങ്ങിയില്ല. ഇസ്ലാമിക തീവ്രവാദികൾക്കാണ് ഈ തോക്കുകൾ കൈമറിഞ്ഞത് എന്നാണ് അന്ന് പൊലീസ് നിഗമനത്തിലെത്തിയത്. തമിഴ്‌നാട് പൊലീസ് വെടിവെച്ചു കൊന്ന ഇമാമും കേരളത്തിൽ വന്നു താമസിച്ചിരുന്നു. ഒരു ക്രൈം നടന്നാൽ അത് ആര് കൊന്നു, എന്തിനു കൊന്നു എന്ന നിഗമനത്തിൽ എത്തുന്നതിൽ കേരളാ പൊലീസിന് പലപ്പോഴും പിഴവുകൾ വന്നിട്ടുണ്ട്. ഇതിൽ പല ബുദ്ധിമുട്ടുകളും തടസ്സങ്ങളും വന്നിരുന്നു.

കേരളത്തെ ഭീകരവാദത്തിന്റെ പ്രധാന കേന്ദ്രമാക്കുന്നതിന് പിന്നിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനമായിരുന്നു. തൊണ്ണൂറുകളിലാണ് പോപ്പുലർ ഫ്രണ്ടിന്റെ ജനനം. സീക്രട്ട് ഓർഗനൈസേഷൻ എന്ന രീതിയിലാണ് ഇവരുടെ വളർച്ച വന്നത്. എൻഡിഎഫ് നടത്തിയ കൊലപാതകങ്ങളിൽ പലതും തെളിഞ്ഞില്ല. ഇതിൽ പ്രധാനപ്പെട്ടതായിരുന്നു കൈവെട്ടു കേസ്. യഥാർത്ഥ കൊലപാതകികളെ ഇവർ രഹസ്യമായി ഒളിപ്പിക്കും. അവർ ഒരിക്കലും വെളിയിൽ വരാറില്ല. കൊലപാതകികളെ സംരക്ഷിച്ച് നിർത്താനുള്ള സംഘടനാ പാടവം എൻഡിഎഫിനുണ്ട്. മെഷീനറി ഉണ്ട്. ഇതൊക്കെതന്നെയാണ് ഇസ്ലാമിക തീവ്രവാദികൾ ഉൾപ്പെടുന്ന കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് തലവേദനയാകുന്നത്.

ഇസ്ലാമിക തീവ്രവാദികൾ പൊലീസ് സംവിധാനത്തെ ഒന്നുകിൽ സ്വാധീനിക്കും അല്ലെങ്കിൽ ഭീഷണിപ്പെടുത്തി വരുതിക്ക് നിർത്തും. ഈ തന്ത്രത്തിൽ പല ഭീകരരും രക്ഷപ്പെട്ടു പോയിട്ടുണ്ട്. തമിഴ്‌നാട് പൊലീസ് എസ്‌ഐയായ വിൽസൺ തിരുച്ചെന്തൂരിൽ ജോലി ചെയ്തപ്പോൾ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിൽ അംഗമായിരുന്നു. ഇപ്പോൾ സർവീസ് കാലാവധി കഴിയാനിക്കെയാണ് തീവ്രവാദികൾ പിന്തുടർന്ന് വന്നു വിത്സനെ വധിച്ചത്. തമിഴ്‌നാട് എസ്‌ഐ വധിച്ചതോടെ പോപ്പുലർ ഫ്രണ്ട് വീണ്ടും കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലായിട്ടുണ്ട്. വൻ തോതിൽ ഇവർക്ക് വിദേശഫണ്ട് വന്നതും ദുബായിൽ ഓഫീസ് തുറന്നതും കേന്ദ്രീകരിച്ച് ഇപ്പോൾ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ടിന് കേരളത്തിൽ അനവധി കൊലപാതകങ്ങളിലും കലാപങ്ങളിലും അക്രമങ്ങളിലും പങ്കുണ്ടെന്നാണ് കേന്ദ്ര ഏജൻസികളുടെ റിപ്പോർട്ടിൽ പറയുന്നത്. 27 വർഗീയ കൊലപാതകങ്ങളും 85 കൊലപാതക ശ്രമങ്ങളും ഇവർ നടത്തിയിട്ടുണ്ടെന്നും 106 വർഗീയ കേസുകളിൽ ഇവർ പ്രതികളാണെന്നും കേരള പൊലീസ് നൽകിയ റിപ്പോർട്ട് ആണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കയ്യിലുള്ളത്. കണ്ണൂർ നാറാത്തെ ക്യാമ്പിൽ നിന്ന് വൻതോതിൽ ആയുധങ്ങളും വാളുകളും ബോംബുകളും സ്ഫോടകവസ്തുക്കളും കള്ളനോട്ടും പിടിച്ചെടുത്തതും ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടുന്നുണ്ട്.

തീവ്രവാദവുമായി ബന്ധപ്പെട്ടു കേരളത്തിൽ വിവാദമായത് മെയിൽ ചോർത്തിയ കേസായിരുന്നു. സംശയിക്കത്തക്ക ചില ഇ-മെയിലുകൾ ഇന്റലിജൻസിന് ലഭിച്ചു. ഇതാരാണ് ഓപ്പറെറ്റ് ചെയ്യുന്നത് എന്നറിയാൻ ഹൈടെക് സെൽ വഴി പൊലീസ് അന്വേഷണം തുടങ്ങി. ഹൈടെക് സെല്ലിലെ ഒരു എസ്‌ഐ ഇത് മാധ്യമങ്ങൾക്ക് ചോർത്തി നൽകി. ഇത് വിവാദമായി. ഇന്റലിജൻസ് നീക്കം പാളി. ഇതിൽ കേസ് വന്നിരുന്നു. പക്ഷെ കേസ് പിന്നീട് സർക്കാർ പിൻവലിച്ചു. സസ്‌പെൻഷനിലായ എസ്‌ഐ പിന്നീട് തിരിച്ചു കയറുകയും ചെയ്തു. തീവ്രവാദ ബന്ധമുള്ള പല കേസുകളിലും അന്വേഷണം വഴി തെറ്റിയാണ് നീങ്ങിയത്. തൃശൂർ-പാലക്കാട്-മലപ്പുറം ജില്ലകളിലാണ് ഇസ്ലാമിക തീവ്രവാദികൾ പല ഓപ്പറെഷനുകളും മുൻപ് നടത്തിയത്. തൊണ്ണൂറുകളുടെ മധ്യത്തോടെ പല കേസുകളും ഉണ്ടായിട്ടുണ്ട്. തൊഴിയൂർ സുനിൽ. പാലൂർ മോഹനചന്ദ്രൻ വധങ്ങളിൽ ഈ കാര്യം വ്യക്തമാകുന്നുണ്ട്.

സിസ്റ്റമാറ്റിക് ആയാണ് തീവ്രവാദ സംഘങ്ങൾ ഓപ്പറേഷനുകൾ നടത്തുന്നത്. കേസ് അന്വേഷിക്കുന്ന പൊലീസ് ഓഫീസർമാരെ ഇവർ ടാർജറ്റ് ചെയ്യാറുമുണ്ട്. ഈ രീതിയിലുള്ള ആക്രമണം തന്നെയാണ് തമിഴ്‌നാട് എസ്‌ഐ വിൽസണ് നേർക്കും വന്നത്. 98-ൽ കണ്ണൂർ പഴയന്നൂരിൽ ഒരു മുസ്ലിം സിദ്ധനെ തന്നെ ഇവർ കൊലപ്പെടുത്തിയിട്ടുണ്ട്. എൻഡിഎഫുകാരാണ് ഈ കൊലയ്ക്ക് പിന്നിൽ എന്നാണ് പിന്നീട് വ്യക്തമായത്. വെള്ളം ജപിച്ചു കൊടുക്കുന്നത് ഇസ്ലാമിക വിരുദ്ധമാണ്. അതിൽ ഏർപ്പെട്ടതിനെ തുടർന്നാണ് ഇവർ സിദ്ധനെ വകവരുത്തിയത്. രാഷ്ട്രീയ ശത്രുക്കളെ വകവരുത്താൻ ഒരുങ്ങുമ്പോഴും സ്വന്തം മതത്തിലെ പരിഷ്‌ക്കരണവാദികളെയും മതം തെറ്റി നടക്കുന്നു എന്ന് തോന്നുന്നവരെയും ഇവർ വകവരുത്തിയിരുന്നു. മുസ്ലിം സിദ്ധന്റെ വധവും ചേകന്നൂർ മൗലവി വധവും ഇത്തരം കൊലപാതകങ്ങളിൽപ്പെട്ടതായിരുന്നു. മത നിന്ദ ആരോപിച്ച് പ്രൊഫസറെ കൈവെട്ടിയ കേസും ഇതിൽ പ്രധാനമായി നിലനിൽക്കുന്നു.

കേരളത്തിൽ തീവ്രവാദവുമായി ബന്ധപ്പെട്ട സ്ലീപ്പർ സെല്ലുകളുണ്ട്. പിടികിട്ടാത്ത പല ഭീകരരും കേരളത്തിൽ ഒളിത്താവളങ്ങളിൽ സുരക്ഷിതരായി തങ്ങുന്നുണ്ട്. മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട ബഷീർ കേരളം ഒളിത്താവളമാക്കിയിരുന്നു. ഒളിവിലിരുന്നു തന്നെ ഇസ്ലാമിക തീവ്രവാദികൾ പല ഓപ്പറേഷനുകളും ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു എന്ന് തന്നെയാണ് ഇപ്പോഴും വ്യക്തമാകുന്നത്. കളിയിക്കാവിളയിൽ തമിഴ്‌നാട് ചെക്ക്പോസ്റ്റിലെ എസ്ഐ വിൽസനെ വധിക്കാൻ ഇസ്ലാമിക ഭീകരർ ഗൂഢാലോചന നടത്തിയത് തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച്. തമിഴ്‌നാട്ടിൽ പൊലീസ് പരിശോധന ശക്തമാക്കിയതോടെ ഭീകരർ കേരളത്തിൽ, പ്രത്യേകിച്ച് തലസ്ഥാനത്ത്, കേന്ദ്രീകരിക്കുകയായിരുന്നു. ഭീകരാക്രമണം നടന്ന ഉടൻ സംഘം കേരളത്തിലേക്ക് രക്ഷപ്പെടാനാണ് ശ്രമിച്ചതും. പിന്നാലെ എത്തിയ തമിഴ്‌നാട് പൊലീസ് സംഘം ആദ്യം എത്തിയത് തിരുവനന്തപുരത്തെ മലയോര മേഖലയായ വിതുരയിൽ. ഇവർക്ക് സഹായം ഒരുക്കിയ സെയ്തലി ഒരു വർഷത്തോളമായി വിതുരയിലുണ്ട്. ഇയാളുടെ ഭാര്യാവീട്ടിലും ഇയാളുടെ സ്ഥാപനത്തിലും സംഘം പരിശോധന നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല.

ഭീകരർക്ക് സഹായം ചെയ്ത കുലശേഖരത്ത് വാടകയ്ക്ക് താമസിക്കുന്ന തിരുവിതാംകോട് സ്വദേശി മുഹമ്മദ് റാഫിയെയും തമിഴ്‌നാട് ക്യുബ്രാഞ്ച് പിടികൂടി. ചെന്നൈയിൽ ഹിന്ദുമുന്നണി പ്രവർത്തകൻ തിരുവള്ളുവർ സുരേഷ് കുമാറിനെ കൊലപ്പെടുത്തിയത് ഉൾപ്പെടെയുള്ള നിരവധി കൊലക്കേസുകളിൽ പ്രതിയാണ് മുഹമ്മദ് റാഫി. വിൽസൺ തിരുച്ചന്തൂരിൽ ജോലി ചെയ്തിരുന്നപ്പോൾ ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട കേസന്വേഷിക്കുന്ന സ്‌ക്വാഡിലെ അംഗമായിരുന്നു. അന്നുമുതൽ ഇവരുടെ നോട്ടപ്പുള്ളിയാണ് വിൽസൺ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ അവിടെ വച്ച് കൊലപ്പെടുത്താനും ശ്രമം നടന്നിരുന്നുവെന്ന് തമിഴ്‌നാട് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് താവളം ഒരുക്കിയത് സെയ്തലിയും മുഹമ്മദ് റാഫിയും ചേർന്നാണെന്നും തമിഴ്‌നാട് ക്യുബ്രാഞ്ച് സ്ഥിരീകരിച്ചു. പ്രതികളും അവരുടെ തലസ്ഥാനത്തെ സുഹൃത്തുക്കളും ഇവരുടെ സംഘാംഗങ്ങളുമായ നിരവധി പേർ തലസ്ഥാനത്തുണ്ടെന്നാണ് തമിഴ്‌നാട് പൊലീസ് നൽകുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP