Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുണ്ടും കുഴി മിന്നലും ഉണ്ടാക്കുന്നത് വിദഗ്ധ പാരമ്പര്യ തൊഴിലാളികളെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്തിയ തൃശൂരുകാരുടെ മിന്നും താരം; പൂരത്തെ താങ്ങി നിർത്തിയ തന്ത്രങ്ങൾക്ക് പിന്നിലെ ചാലക ശക്തി; മരടിൽ സുരക്ഷ ഒരുക്കിയതും സ്ഫോടനം നിയന്ത്രിച്ചതും ഡോ ആർ വേണുഗോപാൽ; കോൺക്രീറ്റ് മാലിന്യം ഇനി എം സാൻഡുമാകും; മരടിൽ എല്ലാം ക്ലീനാകുമ്പോൾ

ഗുണ്ടും കുഴി മിന്നലും ഉണ്ടാക്കുന്നത് വിദഗ്ധ പാരമ്പര്യ തൊഴിലാളികളെന്ന് കേന്ദ്രത്തെ ബോധ്യപ്പെടുത്തിയ തൃശൂരുകാരുടെ മിന്നും താരം; പൂരത്തെ താങ്ങി നിർത്തിയ തന്ത്രങ്ങൾക്ക് പിന്നിലെ ചാലക ശക്തി; മരടിൽ സുരക്ഷ ഒരുക്കിയതും സ്ഫോടനം നിയന്ത്രിച്ചതും ഡോ ആർ വേണുഗോപാൽ; കോൺക്രീറ്റ് മാലിന്യം ഇനി എം സാൻഡുമാകും; മരടിൽ എല്ലാം ക്ലീനാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മരടിൽ സുരക്ഷ ഉറപ്പാക്കിയത് തൃശൂർ പൂരം വെടിക്കെട്ടിലെ നായകൻ. ഫ്ലാറ്റുകളിലെ സ്ഫോടനം നിയന്ത്രിച്ചതും സുരക്ഷ ഒരുക്കിയതും പെട്രോളിയം ആൻഡ് എക്സ്പ്ലോസിവ്സ് സേഫ്റ്റി ഓർഗനൈസേഷനാണ്. അതിനു നേതൃത്വം നൽകുന്ന ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസിവ്സ് ഡോ.ആർ.വേണുഗോപാലും. 16 വർഷമായി പൂരം വെടിക്കെട്ടിനു അന്തിമാനുമതി നൽകുന്നത് വേണുഗോപാലാണ്.

തൃശൂർ പൂരത്തിൽ കോടതികളിൽ തുടർച്ചയായി കേസ് വരികയും അപകടങ്ങൾ ചൂണ്ടിക്കാട്ടി വെടിക്കെട്ടു റദ്ദാക്കണമെന്നു പലരും വാദിക്കുകയും ചെയ്തപ്പോൾ രക്ഷകനായി എത്തിയതു വേണുഗോപാലാണ്. പൂരം വെടിക്കെട്ടിന്റെ ശക്തി കുറയ്ക്കുകയും എല്ലാം സുരക്ഷാ മേഖലയിലേക്ക് എത്തിക്കുകയും ചെയത്ത് വേണുഗോപാലാണ്. ഒരു ഘട്ടത്തിൽ വെടിക്കെട്ടു നിരോധനത്തിന്റെ പേരിൽ പൂരം ചടങ്ങായി മാത്രം നടത്താൻ തീരുമാനിക്കുക പോലും ചെയ്തു. ഇതെല്ലാം മറികടന്ന് പൂരത്തിന് പെരുമ നിലനിർത്തിയത് വേണുഗോപാലാണ്.

നാടൻ വെടിക്കെട്ടുപകരണങ്ങൾ ഉപയോഗിക്കുന്നതിന് എതിരെയും ശക്തമായ നീക്കം നടന്നു. ഗുണ്ട്, കുഴിമിന്നൽ പോലുള്ള നാടൻ വെടിക്കോപ്പുകൾ ഉണ്ടാക്കുന്നതു വിദഗ്ധ പാരമ്പര്യ തൊഴിലാളികളാണെന്നും ഇവരെ സംരക്ഷിക്കേണ്ടത് ആവശ്യമാണെന്നും കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തിയതും ഈ ഉദ്യോഗസ്ഥനാണ്. അങ്ങനെ പരമ്പരാഗത വെടിക്കെട്ടു വസ്തുക്കളും വെടിക്കെട്ടിന്റെ അംഗീകൃത വസ്തുക്കളായി. പുറ്റിങ്ങൽ വെടിക്കെട്ടിനെക്കുറിച്ചു നടത്തിയ പഠനവും ശ്രദ്ധേയമായി

ജനങ്ങളെ വിഷമിപ്പിക്കാതെ ഫ്ലാറ്റ് പൊട്ടിച്ചു നീക്കുകയെന്ന ലക്ഷ്യമാണ് കൈവരിച്ചത്. സുരക്ഷയ്ക്ക് ഉയർന്ന പരിഗണന നൽകാൻ എല്ലാ മുൻകരുതലും എടുത്തു. ഇതുമൂലമുണ്ടാകുന്ന ഏതു പ്രശ്നവും നേരിടാനുള്ള ഒരുക്കവും ചെയ്തു. അങ്ങനെ എല്ലാ കരുതലുമെടുത്ത് ഫ്ളാറ്റിനെ പൊളിച്ചിട്ടു. ജനങ്ങളുടെ സുരക്ഷയ്ക്കു തന്നെയാണു പ്രാധാന്യമെന്നു വേണുഗോപാൽ നേരത്തെ പറഞ്ഞിരുന്നു. അത് യാഥാർത്ഥ്യമാവുകയും ചെയ്തു.

മരടിലെ ഫ്ലാറ്റുകൾ തകർക്കുമ്പോൾ ഉണ്ടാകുന്നത് 76,350 ടൺ കോൺക്രീറ്റ് അവശിഷ്ടമാണ്. ആലുവ കേന്ദ്രമായ പ്രോംപ്റ്റ് എന്റർപ്രൈസസാണു 35.16 ലക്ഷം രൂപയ്ക്കു അവശിഷ്ടങ്ങൾ വാങ്ങിയത്. ഫ്ലാറ്റുകളിൽ തകർന്നു വീഴുന്ന സ്ഥലത്തു വച്ചു തന്നെ അവശിഷ്ടങ്ങളിലെ കോൺക്രീറ്റും ഇരുമ്പു കമ്പികളും വേർപ്പെടുത്തും. പൊളിക്കുന്ന കമ്പനിക്കുള്ളതാണ് ഇരുമ്പു കമ്പികൾ. കോൺക്രീറ്റ് മാലിന്യം യാഡുകളിലേക്കു മാറ്റും. അവിടെ വച്ചു റബിൾ മാസ്റ്റർ മൊബൈൽ ക്രഷർ ഉപയോഗിച്ചു കോൺക്രീറ്റ് എം സാൻഡാക്കി മാറ്റും.

നഷ്ടപരിഹാരം നൽകിയത് 58.11 കോടി

ഫ്ലാറ്റ് ഉടമകൾക്ക് ഇടക്കാല നഷ്ടപരിഹാരമായി സംസ്ഥാന സർക്കാർ ഇതുവരെ നൽകിയത് 58.11 കോടി രൂപ. അർഹരായ 248 ഫ്ലാറ്റ് ഉടമകൾക്കു നഷ്ടപരിഹാരം നൽകാൻ ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. ഇതിൽ 3.88 കോടി രൂപ മാത്രമാണ് ഇനി അനുവദിക്കാനുള്ളത്. സുപ്രീം കോടതി നിർദ്ദേശ പ്രകാരം ഫ്ലാറ്റ് ഉടമകൾക്ക് 25 ലക്ഷം രൂപ വീതമാണു നൽകുക.

ബിൽഡർമാരും അവരുടെ ബന്ധുക്കളുമായ 6 പേരും നഷ്ടപരിഹാരത്തിന് അപേക്ഷ നൽകിയിരുന്നു. ഇവർക്കു നഷ്ടപരിഹാരം അനുവദിച്ചിട്ടില്ല. ഫ്ലാറ്റ് ഉടമകളിൽ നിന്നു വാങ്ങിയ മുഴുവൻ പണവും കെട്ടിവയ്ക്കാൻ ബിൽഡർമാരോടു സമിതി നിർദ്ദേശിച്ചിരുന്നു. ചില ബിൽഡർമാർ പണം കെട്ടിവച്ചിട്ടില്ല. അതേസമയം, സുപ്രീം കോടതി നിർദ്ദേശിച്ച നഷ്ടപരിഹാരം മുഴുവൻ പേർക്കും ലഭിച്ചിട്ടില്ലെന്നു മരടിലെ ഫ്ലാറ്റ് ഉടമകൾ പറയുന്നു. പ്രാഥമിക നഷ്ടപരിഹാരമായി 25 ലക്ഷം രൂപ വീതം നൽകാനായിരുന്നു കോടതി നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP