Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വേമ്പനാട് കായലിലൂടെ ഹൈ ടെൻഷൻ കേബിൾ കടത്തി വൈദ്യുതി എടുത്തതിന് മാത്രം ചെലവ് രണ്ട് കോടി; രണ്ട് സ്വമ്മിങ് പൂളുകൾ ഉൾപ്പെടെ 54 ആഡംബര വില്ലകൾ തീർക്കാൻ ചെലവാക്കിയത് 350 കോടി; അവസാന ശ്രമവും പാഴായപ്പോൾ പൊളിച്ച് നീക്കേണ്ടി വന്നത് സിംഗപൂരിലെ ബന്യൻട്രീയേയും കുവൈറ്റിലെ കാപ്പിക്കോയുമായി ചേർന്ന് മുത്തൂറ്റൂകാർ ഉണ്ടാക്കിയ ശതകോടികളുടെ സെവൻ സ്റ്റാർ ആഡംബര റിസോർട്ട് സമുച്ഛയം; നിയമ ലംഘനങ്ങൾക്ക് മുമ്പിൽ സുപ്രീംകോടതി നടുവ് നിവർക്കുമ്പോൾ കേരളം ശരിയായി വരുന്ന കഥ

വേമ്പനാട് കായലിലൂടെ ഹൈ ടെൻഷൻ കേബിൾ കടത്തി വൈദ്യുതി എടുത്തതിന് മാത്രം ചെലവ് രണ്ട് കോടി; രണ്ട് സ്വമ്മിങ് പൂളുകൾ ഉൾപ്പെടെ 54 ആഡംബര വില്ലകൾ തീർക്കാൻ ചെലവാക്കിയത് 350 കോടി; അവസാന ശ്രമവും പാഴായപ്പോൾ പൊളിച്ച് നീക്കേണ്ടി വന്നത് സിംഗപൂരിലെ ബന്യൻട്രീയേയും കുവൈറ്റിലെ കാപ്പിക്കോയുമായി ചേർന്ന് മുത്തൂറ്റൂകാർ ഉണ്ടാക്കിയ ശതകോടികളുടെ സെവൻ സ്റ്റാർ ആഡംബര റിസോർട്ട് സമുച്ഛയം; നിയമ ലംഘനങ്ങൾക്ക് മുമ്പിൽ സുപ്രീംകോടതി നടുവ് നിവർക്കുമ്പോൾ കേരളം ശരിയായി വരുന്ന കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരട് ഫ്‌ളാറ്റ് പൊളിക്കുന്നതിനുള്ള സുപ്രീംകോടതി വിധിയും നടപടിയും പുതിയ പ്രതീക്ഷയാണ്. നാല് ഫ്‌ളാറ്റുകൾ പൊളിഞ്ഞു വീഴുമ്പോൽ നിയമലംഘനത്തിന്റെ കാപികോ റിസോർട്ടും പ്രതിസന്ധിയിൽ. മുത്തൂറ്റിന്റെ ഈ റിസോർട്ടും പൊളിക്കാൻ സുപ്രീംകോടതി ഉത്തവിട്ടിരിക്കുന്നു. പണത്തിന്റെ കരുത്തിലെ നിയമ ലംഘനങ്ങൾക്ക് ഇതും പുതിയ പാഠം. കായൽ-തണ്ണീർത്തണ കൈയേറ്റങ്ങൾക്ക് ഇനി ഇറങ്ങുന്നവർ രണ്ടു വട്ടം ചിന്തിക്കും. കൈയിലെ കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങാൻ മലയാളികൾ ഇനി ഇറങ്ങുമോ എന്ന ചോദ്യവും പ്രസക്തമാണ്. ഏതായാലും നിയമ ലംഘനങ്ങളിലൂടെ കെട്ടി ഉയർത്തിയ ഫ്‌ളാറ്റുകൾക്കെതിരെ പരാതി ഉയർന്നാൽ അത് മറിഞ്ഞ് വീഴുമെന്ന് വ്യക്തമാക്കുന്നതാണ് മരടിലെ ഇടപെടൽ. ഇതിനിടെ കാപ്പികോയിൽ നിയമലംഘകർക്ക് ഇരുട്ടടിയും കിട്ടി.

ഡീലക്‌സ് ഉൾപ്പടെ 54 വില്ലകളാണ് കാപ്പികോയിൽ ഒരുക്കിയിരുന്നത്. ഡീലക്‌സ് വില്ലകളിൽ രണ്ട് നീന്തൽക്കുളങ്ങൾ വീതമാണ് ഒരുക്കിയിരുന്നത്. മിനി മുത്തൂറ്റ് ഗ്രൂപ്പിൽനിന്നാണ് കാപികോ ഗ്രൂപ്പായി വികസിക്കുന്നത്. 1996-ൽ തന്നെ മിനി മുത്തൂറ്റ് ഗ്രൂപ്പ് ഇവിടെ ഹോട്ടലിനായി പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. 2007-ലാണ് മിനി മുത്തൂറ്റ് ഗ്രൂപ്പ് സിങ്കപ്പൂരിലെ അന്താരാഷ്ട്ര ഹോട്ടൽ വ്യവസായ സംരംഭകരായ ബന്യൻട്രീ, കുവൈത്തിലെ കാപികോ എന്നിവരുമായി കൈകോർത്ത് കാപികോ കേരള റിസോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചത്. 2007 ജൂലായിൽ പുതിയ സംരംഭത്തിന് അനുമതിതേടി. ഗ്രൂപ്പ് ആദ്യം ലക്ഷ്യമിട്ടത് 150 കോടിയുടെ പദ്ധതിയാണെങ്കിലും പൂർത്തിയായപ്പോൾ 350 കോടി കടന്നതായാണ് കണക്കുകൾ. ഇതിനെതിരെയുള്ള നിയമ പോരാട്ടം ആദ്യം മാധ്യമങ്ങൾ വാർത്തയാക്കിയില്ല. ഒന്നും പുറം ലോകത്തുമെത്തിയില്ല. എന്നാൽ സുപ്രീംകോടതി വിധിയോടെ കാപ്പികോയും ശ്രദ്ധാകേന്ദ്രമാവുകയാണ്.

പരിസ്ഥിതി തകർക്കുന്ന ഒരു നിർമ്മാണവും അനുവദിക്കില്ലെന്നും പ്രകൃതിദത്ത സ്രോതസ്സുകൾ ഇല്ലാതാക്കുന്ന നടപടികളെ ഒരുകാരണവശാലും അംഗീകരിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കുകയാണ് കാപ്പിക്കോ ഉത്തരവിലൂടെ. മരട് ഫ്‌ളാറ്റ് പൊളിക്കുന്നത് പാഠമാകണം. ഇതിനുവേണ്ടിയുള്ള നടപടികളെല്ലാം സ്വാഗതം ചെയ്യുന്നു. കാപികോ റിസോട്ട് പൊളിക്കാനുള്ള വിധി സന്തോഷം നൽകുന്നതായും മേധാ പട്കർ വിശദീകരിച്ചത് ഈ സാഹചര്യത്തിലാണ്. തീരദേശ പരിപാലന നിയമം ലംഘിച്ചു നിർമ്മിച്ചെന്നു കണ്ടെത്തിയതിനാൽ റിസോർട്ട് പൊളിക്കണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. റിസോർട്ട് ഉടമകൾ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളുകയാണ് ചെയ്തത്. റിസോർട്ട് പൈലിങ് നടത്തി നിർമ്മിച്ചതാണെന്നും ഇതു പൊളിച്ചുമാറ്റുന്നതു സമീപത്തെ ആയിരക്കണക്കിനു കുടുംബങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയാകുമെന്നുമായിരുന്നു ഉടമകളുടെ വാദം. എന്നാൽ, വിദഗ്ധ സമിതി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണു ഹൈക്കോടതി വിധിയെന്നു കോടതി നിരീക്ഷിച്ചു.

കാപികോ റിസോർട്ടിൽ കായൽ കടന്ന് വൈദ്യുതി എത്തിക്കാൻ കേബിൾ ഇട്ടതിന് മാത്രം ഒന്നരക്കോടി രൂപയാണ് ചെലവഴിച്ചത്. വൈദ്യുതി എത്തിച്ചതിനുള്ള ആകെ ചെലവ് രണ്ടുകോടി രൂപയോളം വരും. വേമ്പനാട്ട് കായലിലെ നെടിയതുരുത്തിലേക്ക് കൊല്ലൻകൂമ്പ് ഭാഗത്തുനിന്ന് വൈദ്യുതി എത്തിക്കാൻ ഹൈടെൻഷൻ കേബിളുകളാണ് ഉപയോഗിച്ചിരിക്കുന്നത്.1007 മീറ്റർ കായലിലും 165 മീറ്റർ കരയിലുമായാണ് കേബിൾ ഇട്ടിരിക്കുന്നത്. മാക്കേകവലയിലെ സബ്‌സ്റ്റേഷനിൽ നിന്നും റോഡരികിലൂടെ ഇട്ടിരിക്കുന്ന കേബിൾ വേറെയും. വൈദ്യുതി കണക്ഷൻ ഫീസായി 13 ലക്ഷം രൂപ കെ.എസ്.ഇ.ബി.യിൽ അടച്ചു. വൈദ്യുതി മുടങ്ങാതിരിക്കാൻ 1000 കെ.വി., 250 കെ.വി. തുടങ്ങിയ ജനറേറ്ററുകളും സജ്ജമാക്കിയിരുന്നു.

അതീവ പരിസ്ഥിതി ലോല പ്രദേശം, യുനസ്‌കോയുടെ റാംസർ കൺവൻഷൻ പ്രകാരമുള്ള അന്താരാഷ്ട്ര പ്രാധാന്യമുള്ള ചതുപ്പ് നിലംഈ വിശേഷണങ്ങളുള്ള ചേർത്തല നെടിയ തുരുത്തിലാണ് മുത്തൂറ്റ് കാപ്പികോ റിസോർട്ട് കെട്ടിപ്പൊക്കിയത്. 150 കോടി ചെലവിൽ സെവൻ സ്റ്റാർ റിസോർട്ട് പണിതുയർത്താൻ തീരദേശ പരിപാലന നിയമം, മാത്രമല്ല, 1957ലെ ഭൂസംരക്ഷണ നിയമവുംലംഘിച്ച് ഹെക്ടറുകണക്കിന് സർക്കാർ ഭൂമിയും കൈയേറിയെന്നും ആരോപണമുണ്ടായി. മരടിലെ ഫ്‌ളാറ്റുകളുടെ അതേ വിധി ഏറ്റുവാങ്ങുകയാണ് കേരളത്തിലെ മുത്തൂറ്റ്, കുവൈത്തിലെ കാപ്പികോ ഗ്രൂപ്പുകളുടെ ഈ സംയുക്ത സംരംഭത്തെ തേടിയെത്തി.. ചേർത്തലയ്ക്കടുത്ത പാണാവള്ളിയിൽ വേമ്പനാട്ടു കായലിലെ ആൾവാസം കുറഞ്ഞ നെടിയതുരുത്ത് ദ്വീപിനെ കാപ്പിക്കോ കണ്ണു വെക്കുന്നത് തൊണ്ണൂറുകളിലാണ്. വൈദ്യുതിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത ശരിക്കും ഒറ്റപ്പെട്ട തുരുത്ത്. ഇവിടേക്ക് എത്തിപ്പെടുക അത്ര എളുപ്പവുമല്ല. വൈദ്യുതിയില്ലാത്ത തുരുത്തിൽ കുടിവെള്ളവും പ്രശ്‌നമായിരുന്നു. അതിനാൽ സ്ഥലം വാങ്ങാൻ റിസോർട്ട് സംഘം എത്തിയപ്പോൾ അവിടെയുള്ള ഏതാനും താമസക്കാർ രണ്ടാമതൊന്ന് ആലോചിച്ചില്ല.

കിട്ടാവുന്നതെല്ലാം വാങ്ങിക്കൂട്ടി. പോരാത്തത് കൈയേറി, കായൽ കരയാക്കി. അത്യാധുനിക സൗകര്യങ്ങളോടെ 50 റിസോർട് ഇവിടെ പണിതുയർത്തി. കാപ്പികോ ഭൂമി കൈയേറിയെന്ന് റവന്യൂ വകുപ്പ് കണ്ടെത്തുന്നത് 2012ലാണ്. 2.0939 ഹെക്ടർ സർക്കാർ ഭൂമി റിസോർട്ട് കൈയേറിയെന്ന് സർവേ ഡെപ്യുട്ടി ഡയറക്ടർ റിപ്പോർട്ട് നൽകി. തുടർന്ന് ചേർത്തല ഡെപ്യൂട്ടി തഹസിൽദാർ കൈയേറ്റം സംബന്ധിച്ച് നോട്ടീസ് നൽകി. ഇതിനെതിരെ കാപ്പികോ ഹൈക്കോടതിയിൽനിന്ന് അപ്പീൽ നൽകാൻ ഉത്തരവ് നേടി. കൈയേറ്റം നടന്നതായാണ് ആർഡിഒ റിപ്പോർട്ട്. 7.0212 ഹെക്ടർ ഭൂമിയുള്ളതിൽ 2.0397 ഹെക്ടർ സർക്കാർ ഭൂമിയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൈയേറ്റം ഒഴിപ്പിക്കാൻ നിർദ്ദേശിച്ചെങ്കിലും നടപടിയുണ്ടായില്ല. പിന്നാലെ റിസോർട്ട് പൊളിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെ സുപ്രീം കോടതിയിൽനിന്ന് സ്റ്റേ വാങ്ങി. ഒടുവിൽ സുപ്രീം കോടതിതന്നെ പൊളിക്കാനും അനുമതി നൽകി. കെട്ടിപ്പൊക്കിയ നക്ഷത്ര സൗധങ്ങൾ ഒന്നുപോലും തുറക്കാതെ, ഒരു അതിഥിയെപോലും താമസിപ്പിക്കാതെയാണ് മുത്തൂറ്റ് കാപ്പികോ തകർന്ന് വീഴാൻ പോകുന്നത്.

ഹൈക്കോടതി വിധിക്കെതിരെ കാപ്പിക്കോ മാനേജ്മെന്റ് നൽകിയ അപ്പീൽ ജസ്റ്റിസ് ആർ എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്. ആലപ്പുഴ പാണാവള്ളി പഞ്ചായത്തിലെ നെടിയതുരുത്ത് ദ്വീപിലാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. വേമ്പനാട് കായലും വെറ്റിലത്തുരുത്ത്, നെടിയതുരുത്ത് ദ്വീപുകളും പാരിസ്ഥിതികമായി അതീവ ദുർബലമേഖലയാണെന്ന് സുപ്രീംകോടതി വാമികാദ്വീപ് കേസിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണെന്ന് മൂന്നംഗബെഞ്ചിൽ അംഗമായ ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ വിധിന്യായത്തിൽ ചൂണ്ടിക്കാണിച്ചു. 2011, 2019 വർഷങ്ങളിലെ കോസ്റ്റൽ റെഗുലേഷൻ സോൺ (സിആർസെഡ്) വിജ്ഞാപനങ്ങളിലും ഇവയെ അതീവ ദുർബല പാരിസ്ഥികമേഖലയായാണ് കണക്കാക്കിയത്.

വാമികാദ്വീപ് കേസിൽ സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങൾ വെറ്റിലത്തുരുത്ത് ദ്വീപിനെമാത്രം ബാധിക്കുന്നതാണെന്നും നെടിയതുരുത്ത് ദ്വീപിനെ അത് ബാധിക്കുന്നില്ലെന്നുമുള്ള റിസോർട്ട് മാനേജ്‌മെന്റിന്റെ വാദം കോടതി തള്ളി. രണ്ട് ദ്വീപുകളുടെയും ഭൂമിശാസ്ത്രവും പ്രത്യേകതകളും വിശദമായി പഠിച്ചാണ് ഹൈക്കോടതി ഈ വിഷയത്തിൽ വിധി പുറപ്പെടുവിച്ചിട്ടുള്ളതെന്നും പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്നും ജസ്റ്റിസ് അനിരുദ്ധാബോസുകൂടി അംഗമായ ബെഞ്ച് നിരീക്ഷിച്ചു. തീരദേശനിയമങ്ങൾ കാറ്റിൽപ്പറത്തി നിർമ്മിച്ച റിസോർട്ടുകൾ പൊളിച്ചുനീക്കണമെന്ന് സംസ്ഥാനസർക്കാരും ആവശ്യപ്പെട്ടിരുന്നു.

കാപ്പിക്കോ റിസോർട്ട് തീരദേശപരിപാലനനിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പൊളിച്ചുനീക്കാൻ 2013 ജൂലൈയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഹൈക്കോടതി വിധിക്കെതിരെ മാനേജ്മെന്റ് സുപ്രീംകോടതിയെ സമീപിച്ചു. 2014ൽ ഹൈക്കോടതി വിധി സുപ്രീംകോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. എന്നാൽ, ഹൈക്കോടതി വിധി സുപ്രീംകോടതിയും ശരിവച്ചതോടെ പൊളിക്കലിനുള്ള സ്റ്റേയും ഇല്ലാതായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP