Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാവിലെ ഒമ്പതിന് 200 മീറ്റർ ചുറ്റളവിലുള്ള സകലരേയും ഒഴിപ്പിച്ചു; രണ്ടായിരത്തോളം പേരെ പരിസരത്ത് നിന്നും മാറ്റി നിർത്തും; ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പ്രത്യേക സംവിധാനം; ഗതാഗതം നിയന്ത്രിക്കാൻ മാത്രം 300 പൊലീസുകാർ; ഇന്ന് രാവിലെ 11ന് ഒരു മിനിറ്റ് പോലും നീളാത്ത സമയത്തിനുള്ളിൽ മരടിലെ രണ്ട് കൂറ്റൻ ഫ്ളാറ്റുകൾ നിലംപതിക്കുന്നത് കാണാൻ ഒരുങ്ങി കേരളം

രാവിലെ ഒമ്പതിന് 200 മീറ്റർ ചുറ്റളവിലുള്ള സകലരേയും ഒഴിപ്പിച്ചു; രണ്ടായിരത്തോളം പേരെ പരിസരത്ത് നിന്നും മാറ്റി നിർത്തും; ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പ്രത്യേക സംവിധാനം; ഗതാഗതം നിയന്ത്രിക്കാൻ മാത്രം 300 പൊലീസുകാർ; ഇന്ന് രാവിലെ 11ന് ഒരു മിനിറ്റ് പോലും നീളാത്ത സമയത്തിനുള്ളിൽ മരടിലെ രണ്ട് കൂറ്റൻ ഫ്ളാറ്റുകൾ നിലംപതിക്കുന്നത് കാണാൻ ഒരുങ്ങി കേരളം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിൽ ആദ്യമായി സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് ഫ്‌ളാറ്റ് തകർക്കുന്നതിന് ഇനി മണിക്കൂറുകൾ മാത്രം. മരടിൽ അനധികൃതമായി കെട്ടിപ്പൊക്കിയ നാല് ഫ്‌ളാറ്റുകളിൽ രണ്ടെണ്ണം ഇന്ന് മണ്ണിനടിയിലാകും. കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്ത്, ആൽഫ സെറീൻ എന്നീ ഫ്‌ളാറ്റുകൾ രാവിലെ പതിനൊന്ന് മണിക്കാണ് തകർക്കാൻ തുടങ്ങുക. പതിനൊന്ന് മണിക്ക് വെടിമരുന്നിലേക്ക് തീപടർത്താൻ ബ്ലാസ്റ്റർ വിരലമർത്തുന്നതോടെ ഒരു ജലപാതംപോലെ ഹോളിഫെയ്ത്ത് മണ്ണിലേക്ക് കൂപ്പുകുത്തും. മില്ലിസെക്കൻഡുകളുടെ വ്യത്യാസത്തിലാവും വിവിധ സ്‌ഫോടനങ്ങൾ. അഞ്ചുമിനിറ്റിനുശേഷമാണ് കായലിന്റെ എതിർവശത്തുള്ള ആൽഫ സെറീനെ തകർക്കുക. സിനിമകളിൽ മാത്രം കണ്ടു പരിചയമുള്ള ബിൽഡിങ് ഡീമോളിഷൻ കാണാൻ കേരളം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അതിലേറെ ആശങ്കയും ജനങ്ങൾ പങ്കുവെക്കുന്നുണ്ട്.

എന്നാൽ, ആശങ്കകൾക്ക് സ്ഥാനമില്ല എന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കുന്നു. കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് കെട്ടിടങ്ങൾ തകർക്കുക. ഫ്‌ളാറ്റുകളിലെ അവസാന വട്ട സുരക്ഷാപരിശോധനകൾ പൂർത്തിയാക്കി മോക്ക് ഡ്രില്ലും നടത്തിയ ശേഷമാണ് ഇന്ന് കെട്ടിടങ്ങൾ തകർക്കുന്നത്. രാവിലെ 9നുള്ളിൽ ഫ്‌ളാറ്റ് സമുച്ചയത്തിന് 200 മീറ്റർ ചുറ്റളവിലുള്ള മുഴുവൻ ആളുകളെയും ഒഴിപ്പിക്കും. രാവിലെ എട്ട് മണിയോടെ പരിസരവാസികളെ ഒഴിപ്പിക്കുന്നത് ആരംഭിക്കും. തേവര എസ്.എച്ച്.കോളേജ്, പനങ്ങാട് ഫിഷറീസ് കോളേജ് എന്നിവിടങ്ങളാണ് താത്കാലിക അഭയകേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്.

മുന്നൊരുക്കങ്ങൾ പഴുതുകളടച്ച്

ഇന്ന് എട്ട് മണിമുതൽ പ്രദേശത്ത് നിരോധനാജ്ഞ പ്രാബല്യത്തിൽ വരും. രാവിലെ ഒമ്പത് മണിക്ക് മുമ്പ് തന്നെ കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്ത് ഫ്‌ളാറ്റിനും നെട്ടൂർ ആൽഫ സെറീൻ ഫ്‌ളാറ്റിനും 200 മീറ്റർ ചുറ്റളവിലുള്ളവരെ ഒഴിപ്പിക്കും. രാവിലെ 10.30 ഒരു മിനിറ്റ് നീളമുള്ള ആദ്യ സൈറൻ മുഴങ്ങും. ഇതോടെ സ്‌ഫോടന പ്രക്രിയയുടെ തുടക്കമാകും. സമീപവാസികൾ മുഴുവൻ ഒഴിഞ്ഞുവെന്ന് ഉറപ്പു വരുത്തുന്നു. 10.55 രണ്ടാം സൈറൻ മുഴങ്ങുന്നതോടെ 200 മീറ്റർ ചുറ്റളവിലെ പ്രധാന റോഡുകളിലെ ട്രാഫിക് നിർത്തും.

10.59 മൂന്നാം സൈറൻ. സ്‌ഫോടനം നടത്താനുള്ള അറിയിപ്പാണിത്. ഫ്‌ളാറ്റിൽ നിന്നു 100 മീറ്റർ മാറി കുണ്ടന്നൂർ തേവര പാലത്തിന് അടിയിലായി സ്ഥാപിക്കുന്ന ബ്ലാസ്റ്റ് ഷെഡിലുള്ള ബ്ലാസ്റ്റർ/ ഷോട്ട് ഫയറർ എക്‌സ്‌പ്ലോഡർ പ്രവർത്തിപ്പിക്കും. അഞ്ചംഗ സംഘമാണ് ഇവിടെയുണ്ടായിരിക്കുക. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സ്ഥാപിച്ച ഡിലെ ഇലക്ട്രിക് ഡിറ്റനേറ്ററുകളിലേക്കു വൈദ്യുതി പ്രവഹിക്കും. ഈ ഡിലെ ഡിറ്റനേറ്ററുകളാണ് ഓരോ നിലകളിലെയും സ്‌ഫോടന സമയം ക്രമീകരിക്കുന്നത്.

പൊട്ടിത്തെറി

ഡിറ്റനേറ്ററുകളിൽ നിന്നു ജ്വലനം നോൺ ഇലക്ട്രിക് ഷോക്ക് ട്യൂബുകൾ (നോണൽ) വഴി സ്‌ഫോടകവസ്തുക്കളിലേക്കു പ്രവഹിക്കും. അകം പൊള്ളയായ പ്ലാസ്റ്റിക് ട്യൂബുകളാണു നോണൽ. ഇതിന്റെ ഉൾവശത്തു സ്‌ഫോടക വസ്തു തേച്ചു പിടിപ്പിച്ചിരിക്കും. സെക്കൻഡിൽ 2000 മീ വേഗത്തിൽ ജ്വലനം ഈ ട്യൂബിലൂടെ കടന്നു പോകും. ഫ്‌ളാറ്റിലെ തൂണിലെ ദ്വാരങ്ങളിൽ അമോണിയം നൈട്രേറ്റ് മുഖ്യ ഘടകമായ എമൽഷൻ സ്‌ഫോടക വസ്തുക്കൾ ഡിറ്റനേറ്റിങ് ഫ്യൂസിൽ (ഡിറ്റനേറ്റിങ് വയറുകൾ) പൊതിഞ്ഞാണു വച്ചിരിക്കുന്നത്. ഈ ഡിറ്റനേറ്റിങ് ഫ്യൂസ് സെക്കൻഡിൽ 6400 മീറ്റർ വേഗത്തിൽ പൊട്ടിത്തെറിക്കും. സ്‌ഫോടക വസ്തുക്കൾ സെക്കൻഡിൽ 3.5 കിമീ വേഗത്തിലും പൊട്ടിത്തെറിക്കും.

നിർണായകമായ ഒമ്പത് സെക്കന്റുകൾ

ഇംഗ്ലിഷ് അക്ഷരമാലയിലെ 'വി' എന്ന അക്ഷരത്തിന്റെ മാതൃകയിലാണ് എച്ച്2ഒ ഹോളിഫെയ്ത് കെട്ടിടം. കെട്ടിടത്തിന്റെ പടിഞ്ഞാറു ഭാഗത്തു നിന്ന് (കുണ്ടന്നൂർ തേവര പാലവും കായലും ചേരുന്ന സ്ഥലത്തു നിന്ന്) കിഴക്കു ഭാഗത്തേക്കു പുരോഗമിക്കുന്ന രീതിയിലാണു സ്‌ഫോടനം രൂപകൽപന ചെയ്തിട്ടുള്ളത്. താഴത്തെ നിലയിൽ പടിഞ്ഞാറു ഭാഗത്തുള്ള തൂണുകളിലാണ് ആദ്യം സ്‌ഫോടനം തുടങ്ങുക. ഇതോടെ, ഈ ഭാഗം ചെരിയും. തുടർന്ന് സ്‌ഫോടനങ്ങൾ കിഴക്കു ഭാഗത്തേക്കു പുരോഗമിക്കും. ഈ സ്‌ഫോടനം മൂലമുണ്ടാകുന്ന അവശിഷ്ടങ്ങൾ പടിഞ്ഞാറു ഭാഗത്തേക്കു 46 ഡിഗ്രി ചെരിഞ്ഞു വന്നു വീഴും.

കിഴക്കു ഭാഗമെത്തുമ്പോഴേക്കും സ്‌ഫോടന സമയ ക്രമീകരണത്തിലൂടെ ഈ ചെരിവ് റോഡിന്റെ ഭാഗത്തേക്കു 37 ഡിഗ്രിയാക്കി മാറ്റും. ഈ ഭാഗത്തെ അവശിഷ്ടങ്ങൾ അങ്ങനെയാണു വീഴുക. കെട്ടിടം പൂർണമായി നിലം പൊത്താൻ 5.6 സെക്കൻഡ് മുതൽ 9 സെക്കൻഡ് വരെ സമയമെടുക്കും. വെള്ളച്ചാട്ടം താഴേക്കു വരുന്നതു പോലെയാണു ഈ കെട്ടിടം താഴേക്കു പതിക്കുക. കെട്ടിടത്തിന്റെ ചുറ്റളവിൽ നിന്നു പരമാവധി 10 മീറ്റർ ദൂരത്തേക്കു മാത്രമേ അവശിഷ്ടങ്ങൾ വീഴുകയുള്ളൂ.

ജനങ്ങൾക്ക് പ്രവേശനം എല്ലാം നിയന്ത്രണ വിധേയം എന്ന് ഉറപ്പാക്കിയ ശേഷം
ആദ്യസ്ഫോടനം നടക്കുമ്പോഴുണ്ടാകുന്ന പൊടി ശമിപ്പിക്കാൻ അഗ്‌നിശമനസേന വെള്ളം തളിക്കും. തുടർന്ന് എൻജിനിയർമാരും സ്ഫോടനവിദഗ്ധരും സ്ഥലംസന്ദർശിച്ച് എല്ലാം സുരക്ഷിതമെന്ന് ഉറപ്പാക്കും. തുടർന്നാണ് അടുത്തസ്ഫോടനത്തിന് അനുമതി നൽകുക. രണ്ടിടത്തും സ്‌ഫോടനം പൂർത്തിയായശേഷം എല്ലാം സുരക്ഷിതമെന്ന് ഉറപ്പാക്കിയിട്ടാവും ജനങ്ങളെ അങ്ങോട്ടേക്ക് പ്രവേശിപ്പിക്കുക. സ്‌ഫോടനത്തിനു ശേഷം പരിസരം പൂർണ സുരക്ഷിതമെന്ന് ഉറപ്പു വരുത്തിയാൽ മാത്രമേ മാറ്റിപ്പാർപ്പിച്ച പ്രദേശവാസികളെ വീടുകളിലേക്കു മടക്കി അയയ്ക്കൂ. പരിസരത്തെ ഏതെങ്കിലും വീടുകളിൽ ആളുകൾ ഉണ്ടോയെന്നറിയാൻ പൊലീസ് സംഘം സൂക്ഷ്മമായ തിരച്ചിൽ നടത്തും.

പ്രതീക്ഷിക്കുന്നത് വൻ ജനക്കൂട്ടത്തെ

കേട്ടുകേൾവി മാത്രമുള്ള ബിൽഡിങ് ഡീമോളിഷൻ നേരിട്ട് കാണാൻ നിരവധിയാളുകൾ എത്തും എന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. ഇതിനായി വിപുലമായ മുന്നൊരുക്കങ്ങൾ പൊലീസ് സ്വീകരിച്ച് കഴിഞ്ഞു. സ്‌ഫോടനം കാണാൻ വൻ ജനക്കൂട്ടം പരിസര പ്രദേശങ്ങളിൽ തടിച്ചു കൂടുമെന്നാണു പ്രതീക്ഷിക്കുന്നത്. നിർദിഷ്ട മേഖലയ്ക്കു പുറത്തു സുരക്ഷിതമായ സ്ഥലങ്ങളിൽ നിന്നു മാത്രമേ ജനങ്ങൾ സ്‌ഫോടനം കാണാവൂവെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

ഓരോ ഫ്‌ളാറ്റ് പരിസരത്തും സുരക്ഷയ്ക്കായി 500 പൊലീസുകാരെയാണു വിന്യസിക്കുന്നത്. ഫ്‌ളാറ്റുകളിൽ നിന്ന് 200 മീറ്റർ പരിധിക്കു പുറത്തുള്ള വലിയ കെട്ടിടങ്ങളിലെല്ലാം സ്‌ഫോടനം കാണാനായി ആളുകൾ കയാറാനുള്ള സാധ്യതയുണ്ട്. ഗതാഗത നിയന്ത്രണത്തിനു മാത്രം 300 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.200 മീറ്റർ ചുറ്റളവിലുള്ള സ്ഥലത്തിന് പുറത്തുനിന്ന് സ്ഫോടനം കാണാൻ കഴിയും. ഡ്രോണുകൾ പറത്തിയാൽ വെടിവെച്ചിടും. ഈസമയത്ത് കായലിലും സഞ്ചാരംതടയും.

ആശങ്കയായി ആൽഫ

ആളുകൾക്ക് ആശങ്കയുണ്ടാക്കുന്നതും ആൽഫയുടെ വീഴ്ചയാണ്. സമീപത്ത് കൂടുതൽ വീടുകളുള്ളത് ഇവിടെയാണ്. ഫ്‌ളാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ സ്ഫോടനദിവസങ്ങളിൽ രാവിലെ എട്ടുമുതൽ അഞ്ചുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സാഹചര്യമനുസരിച്ച് സമയം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യും. ആൽഫയിലെ സ്ഫോടകവസ്തു നിറയ്ക്കൽ പൂർത്തിയായത് വെള്ളിയാഴ്ചയാണ്.

ആദ്യസ്ഫോടനത്തിലെ പൊടിശല്യംമൂലം നിശ്ചയിച്ച സമയത്ത് നടക്കാനിടയില്ലെങ്കിലും 10-15 മിനിറ്റിൽക്കൂടുതൽ വൈകില്ലെന്ന് ഫോർട്ടുകൊച്ചി സബ്കളക്ടർ സ്‌നേഹിൽകുമാർ സിങ് പറഞ്ഞു. ഞായറാഴ്ച രാവിലെ 11-ന് ജെയിൻ കോറൽകോവും രണ്ടുമണിക്ക് ഗോൾഡൻ കായലോരവും തകർക്കും. നിയന്ത്രിതസ്‌ഫോടനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP