Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പറന്നുയർന്ന ഉക്രൈൻ വിമാനം കണ്ട് ഇറാൻ സേന കരുതിയത് അമേരിക്കൻ ബോംബർ ആക്രമിക്കാൻ എത്തുന്നുവെന്ന്; ടോർ-എം 1 മിസൈലുകൾ ഉപയോഗിച്ചു വിമാനം തകർത്തു; സാറ്റലൈറ്റ് ദൃശ്യങ്ങളും വിരൽ ചൂണ്ടുന്നത് ഇറാൻ സൈന്യത്തിന്റെ 'വലിയ അബദ്ധ'ത്തിലേക്ക്; വിമാനം തകർത്തത് ഇറാൻ മിസൈലാണെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും; വീഡിയോ പുറത്തുവിട്ടു അമേരിക്കൻ മാധ്യമങ്ങൾ; കുറ്റപ്പെടുത്തലുമായി ബ്രിട്ടീഷ് പ്രധാനമന്ത്രിയും; 176 പേരുടെ ജീവനെടുത്ത വിമാന ദുരന്തത്തിൽ സമ്മർദ്ദത്തിന് നടുവിൽ ഇറാൻ

പറന്നുയർന്ന ഉക്രൈൻ വിമാനം കണ്ട് ഇറാൻ സേന കരുതിയത് അമേരിക്കൻ ബോംബർ ആക്രമിക്കാൻ എത്തുന്നുവെന്ന്; ടോർ-എം 1 മിസൈലുകൾ ഉപയോഗിച്ചു വിമാനം തകർത്തു; സാറ്റലൈറ്റ് ദൃശ്യങ്ങളും വിരൽ ചൂണ്ടുന്നത് ഇറാൻ സൈന്യത്തിന്റെ 'വലിയ അബദ്ധ'ത്തിലേക്ക്; വിമാനം തകർത്തത് ഇറാൻ മിസൈലാണെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും;  വീഡിയോ പുറത്തുവിട്ടു അമേരിക്കൻ മാധ്യമങ്ങൾ; കുറ്റപ്പെടുത്തലുമായി ബ്രിട്ടീഷ് പ്രധാനമന്ത്രിയും; 176 പേരുടെ ജീവനെടുത്ത വിമാന ദുരന്തത്തിൽ സമ്മർദ്ദത്തിന് നടുവിൽ ഇറാൻ

മറുനാടൻ ഡെസ്‌ക്‌

ടെഹ്‌റാൻ: ടെഹ്‌റാനിൽ ഉക്രൈൻ വിമാനം തകർന്നതിന് കാരണം ഇറാൻ മിസൈലുകൾ ആണെന്ന അമേരിക്കൻ നിഗമനത്തിന് കൂടുതൽ ശക്തിപകരുന്ന തെളിവുകൾ പുറത്തുനരുന്നു. അമേരിക്കൻ വ്യോമതാവളം ആക്രമിച്ചതിന്റെ പ്രതികാരം തീർക്കാൻ യുഎസ് ബോംബർ വിമാനങ്ങൾ എത്തുന്നു എന്നു കരുതി ഇറാൻ സേന യാത്രാവിമാനം മിസൈൽ ഉപയോഗിച്ചു വീഴ്‌ത്തുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഇത് വ്യക്തമാക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങളും അമേരിക്ക പുറത്തുവിട്ടു. ഇറാൻ സേനയ്ക്ക് പറ്റിയ 'വലിയ അബദ്ധമാണ്' ഇതെന്നാണ് അമേരിക്കൻ മാധ്യമങ്ങളും ബ്രിട്ടീഷ് മാധ്യമങ്ങളും റിപ്പോർട്ടു ചെയ്യുന്നത്.

ഡെയ്‌ലി മെയിൽ മിസൈൽ ഉക്രൈൻ വിമാനത്തിൽ ഇടിക്കുന്നതെന്ന് വ്യക്തമാക്കി കൊണ്ടുള്ള വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. അമേരിക്കൻ വാദങ്ങളെ സാധൂകരിക്കും വിധമാണ് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ. നേരത്തെ പുറത്തുവന്ന ചിത്രങ്ങളിൽ മിസൈലിന്റെ അവശിഷ്ടങ്ങളും പുറത്തുവന്നിരുന്നു. അതേസമയം ഇറാന്റെ മിസൈൽ ആക്രമണത്തിലാണ് ഉക്രൈൻ വിമാനം തകർന്നതെന്ന വാർത്തകൾ പുറത്തുവന്നതോടെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ഇറാനെ കുറ്റപ്പെടുത്തിക്കൊണ്ട് രംഗത്തുവന്നു.

ഇന്റലിജൻസ് നൽകുന്ന വിവരങ്ങളനുസരിച്ച് യുക്രൈൻ വിമാനം ഇറാൻ ഭൂതല വ്യോമമിസൈൽ തകർക്കുകയായിരുന്നുവെന്ന് ട്രൂഡോ പറഞ്ഞു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ബോധപൂർവമാണെന്ന് പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ അദ്ദേഹം തയാറായില്ല. ഇറാൻ മിസൈലാണ് യുക്രൈൻ വിമാനം തകർത്തതെന്നാണ് ബ്രിട്ടീഷ് ഇന്റലിജൻസ് ഏജൻസികളുടേയും നിഗമനമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ഇക്കാര്യത്തിൽ കാനഡയുമായി ചേർന്ന് സുതാര്യമായ അന്വേഷണം നടത്തുമെന്നും ജോൺസൺ കൂട്ടിച്ചേർത്തു. ഇറാൻ മിസൈൽ അവിചാരിതമായി വിമാനത്തിൽ പതിക്കുകയായിരുന്നെന്ന് അമേരിക്കയും ആരോപിച്ചിട്ടുണ്ട്.

ജോർദ്ദാൻ വാർത്താ ഏജൻസിയായ അൽഹാദത്ത് ആയിരുന്നു ഇറാൻ ആക്രമണമാണ് വിമാനപകടത്തിന് ഇടയാക്കിയതെന്ന വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ അമേരിക്കൻ മാധ്യമങ്ങളും ഈ വാദം മുന്നോട്ട് വെക്കുന്നു. ഒപ്പം വിമാനം തകർന്നു വീഴുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. വിശദാംശങ്ങൾ ഇങ്ങനെ. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചുകൊണ്ടാണ് അമേരിക്കൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇറാൻ രണ്ട് റഷ്യൻ നിർമ്മിത മിസൈലുകൾ തൊടുക്കുന്നതിന്റെ ശബ്ദവും വെളിച്ചവും ലഭിച്ചുവെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാഖിലെ അമേരിക്കൻ സേനാ താവളങ്ങൾ ഇറാൻ ആക്രമിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഉക്രൈൻ വിമാനം തകർന്നു വീണത്.

ഇറാനിയൻ മിസൈൽ പതിച്ചാണ് വിമാനം തകർന്നതെന്ന് വ്യക്തമാവുന്നു ഉപഗ്രഹദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റഷ്യൻ നിർമ്മിത ടോർ-എം 1 മിസൈൽ പതിച്ചാണ് വിമാനം തകർന്നതെന്ന് പെന്റഗണും യുഎസ് അധികൃതരും ആരോപിച്ചു. ടെഹ്‌റാൻ വിമാനത്താവളത്തിന് സമീപം ഇറാൻ വിക്ഷേപിച്ച മിസൈൽ ഒരു വസ്തുവിനെ ആകാശത്ത് വെച്ച് തകർക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ടിട്ടുണ്ട്. ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നില്ലെന്ന് ന്യൂയോർക്ക് ടൈംസ് പറയുമ്പോഴും ദൃശ്യത്തിലെ സമയവും വിമാനം തകർന്ന് വീണ സമയവും ഏകദേശം ഒന്നാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ബുധനാഴ്ച നടന്ന യുക്രൈൻ വിമാന അപകടത്തിൽ കാനഡയുടെ 63 പൗരന്മാരാണ് കൊല്ലപ്പെട്ടത്. അതേസമയം, വിമാനത്തിന്റെ ബ്ലാക്‌ബോക്‌സ് പരിശോധിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ഇറാൻ അറിയിച്ചു. നാളെ ഇതുമായി ബന്ധപ്പെട്ട വിദഗ്ദ്ധർ എത്തുമെന്നും ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ വിദേശരാജ്യങ്ങളുടെ സഹായം തേടുമെന്നും ഇറാൻ വ്യക്തമാക്കിയുണ്ട്. അതേസമയം ആരോപണം നിഷേധിക്കുകയാണ് ഇറാൻ ചെയ്തത്. മനപ്പൂർവ്വം അല്ലെങ്കിലും മിസൈൽ ആക്രമണത്തിലാണ് വിമാനം തകർന്നത് എന്നുവന്നാൽ ഇറാനെ സംബന്ധിച്ചിടത്തോളം അത് കനത്ത തരിച്ചടി നൽകുന്ന കാര്യമാകും.

ഇറാനിൽ തകർന്നു വീണ യുക്രൈൻ വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് പരിശോധിക്കാൻ ചിലപ്പോൾ വിദേശസഹായം വേണ്ടി വരുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. വ്യോമയാന മന്ത്രാലയം തലവൻ അലി അബദ്‌സെദാഹാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ രാജ്യങ്ങളേയും പോലെ ബ്ലാക്ക്‌ബോക്‌സിലെ വിവരങ്ങൾ ഡികോഡ് ചെയ്ത് പരിശോധിക്കാൻ ഇറാനും ശേഷിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുക്രൈൻ വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. നാളെ ഇതുമായി ബന്ധപ്പെട്ട വിദഗ്ദ്ധർ ഇറാനിലെത്തും. അതിന് ശേഷമാവും ഡികോഡ് ചെയ്ത് ബ്ലാക്‌ബോക്‌സിലെ വിവരങ്ങൾ പരിശോധിക്കുകയെന്നും ഇറാൻ അധികൃതർ അറിയിച്ചു. ആവശ്യമെങ്കിൽ ഫ്രാൻസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരേയും ബ്ലാക്‌ബോക്‌സ് പരിശോധിക്കുന്നതിനായി നിയോഗിക്കും. ബ്ലാക്‌ബോക്‌സിലെ വിവരങ്ങൾ ഡികോഡ് ചെയ്തതിന് ശേഷം ലോകത്തിന് മുമ്പാകെ അത് വെളിപ്പെടുത്തുമെന്നും ഇറാൻ വ്യക്തമാക്കി.

ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലായിരുന്നു ഉക്രൈൻ വിമാനം ടെഹ്‌റാൻ വിമാനത്താവളത്തിന് സമീപം തകർന്നു വീണത്. ടെഹാറാനിലെ ഇമാം ഖമേനേയി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രാദേശിക സമയം രാവിലെ 6.10 നാണ് ഉക്രൈൻ ഇന്റന്റർ നാഷണൽ എയർലൈൻസിന്റെ ബോയിങ് 737-800 വിമാനം 180 യാത്രക്കാരുമായി പറന്നുയർന്നത്. പുറപ്പെട്ട് രണ്ട് മിനിറ്റിനുള്ളിൽ വിമാനം തകർന്നു വീഴുകയായിരുന്നു. വിമാനത്താവളത്തിൽ നിന്ന് 45 കിലോമീറ്റർ ദൂരെ ഷഹരിയാർ കൗണ്ടിയിലെ ഖലജ് അബാദിൽ പാടത്താണ് വിമാനം തകർന്നു വീണത്. തകർന്നു വീണ വിമാനത്തിന് തീപിടിച്ചതായിട്ടാണ് ഇറാൻ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ വിമാനം തകർന്നു വീഴുമ്പോൾ തന്നെ തീപിടിച്ചിരുന്നതായി ഇറാന്റെ ഇസ്‌ന വാർത്താ ഏജൻസി പുറത്തു വിട്ട വീഡിയോയിൽ വ്യക്തമായിരുന്നു.

അപകടത്തിൽ വിമാനത്തിലെ 180 യാത്രക്കാരും മരിച്ചെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം തകർന്ന് വീണതെന്നായിരുന്നു വിമാന കമ്പനിയുടെ പ്രാഥമിക നിഗമനം. എന്നാൽ വിമാന അപകടത്തിന് ഇടയാക്കിയത് ഇറാന്റെ ഭാഗത്ത് നിന്നുണ്ടായ മിസൈൽ ആക്രമണമാണ് എന്നതിലേക്കാണ് ഇപ്പോൾ സംശയങ്ങൾ നീളുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP