Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എഎസ്‌ഐ വിൽസൺ കൊലപാതകത്തിൽ മറനീക്കുന്നത് ദക്ഷിണേന്ത്യയിലെ ഐഎസ് സ്ലീപ്പിങ് സെല്ലുകളുടെ ബന്ധം; അബ്ദുൾ ഷമീം ദക്ഷിണേന്ത്യയിൽ സ്‌ഫോടനത്തിനായി ഐഎസ് ചുമതലപ്പെടുത്തിയ വ്യക്തി; കൊലയാളികൾ തീവ്രമായി ഭീകരവാദത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട അപകടകാരികൾ; അൽ-ഉമ്മയിൽ നിന്ന് രൂപം കൊണ്ട പുതിയ സംഘടന പൊട്ടിത്തെറിച്ചു തുടങ്ങിയത് തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ അന്വേഷണം തങ്ങളിലേക്ക് നീങ്ങിയതോടെ; കേരളാ - തമിഴ്‌നാട് പൊലീസിന്റെ സംയുക്തനീക്കം സ്ലീപ്പിങ് സെല്ലുകളുടെ അടിവേര് തോണ്ടാൻ

എഎസ്‌ഐ വിൽസൺ കൊലപാതകത്തിൽ മറനീക്കുന്നത് ദക്ഷിണേന്ത്യയിലെ ഐഎസ് സ്ലീപ്പിങ് സെല്ലുകളുടെ ബന്ധം; അബ്ദുൾ ഷമീം ദക്ഷിണേന്ത്യയിൽ സ്‌ഫോടനത്തിനായി ഐഎസ് ചുമതലപ്പെടുത്തിയ വ്യക്തി; കൊലയാളികൾ തീവ്രമായി ഭീകരവാദത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട അപകടകാരികൾ; അൽ-ഉമ്മയിൽ നിന്ന് രൂപം കൊണ്ട പുതിയ സംഘടന പൊട്ടിത്തെറിച്ചു തുടങ്ങിയത് തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ അന്വേഷണം തങ്ങളിലേക്ക് നീങ്ങിയതോടെ; കേരളാ - തമിഴ്‌നാട് പൊലീസിന്റെ സംയുക്തനീക്കം സ്ലീപ്പിങ് സെല്ലുകളുടെ അടിവേര് തോണ്ടാൻ

എം മനോജ് കുമാർ

തിരുവനന്തപുരം: ദക്ഷിണേന്ത്യയിൽ ഇസ്ലാമിക സ്റ്റേറ്റിന്റെ സ്ലീപ്പിങ് സെല്ലുകൾ വീണ്ടും സജീവമായതായി ഇന്റലിജൻസ് വൃത്തങ്ങളുടെ വിലയിരുത്തൽ. കളിയിക്കാവിളയിലെ തമിഴ്‌നാട് എഎസ്‌ഐ വിൽസണിന്റെ കൊലപാതകം ഇതിനുള്ള ഒന്നാംതരം തെളിവാണെന്നാണ് മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥർ വിരൽ ചൂണ്ടുന്നു. കന്യാകുമാരിയിൽ നിന്ന് വന്ന് കളിയിക്കാവിളയിലെ ഒരു എസ്‌ഐയെ വധിക്കേണ്ട ആവശ്യം തീവ്രവാദികൾക്കില്ല. അപ്പോൾ വിൽസൺ ടാർജറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. എങ്ങിനെ, എന്തിന്റെ പേരിലാണ് വിൽസൺ ടാർജറ്റ് ചെയ്യപ്പെട്ടത് എന്നാണ് കേരള-തമിഴ്‌നാട് പൊലീസുകൾ സംയുക്തമായി അന്വേഷിക്കുന്നത്.

കുറ്റവാളികൾ ആരെന്നു ഇപ്പോൾ വ്യക്തമായിട്ടുണ്ട്. അബ്ദുൾ ഷമീം, തൗഫീഖ് ഇവരെ പിടികൂടുക. ഒപ്പം എങ്ങിനെ എന്തുകൊണ്ട് വിൽസണെ ഇവർ ടാർജറ്റ് ചെയ്തു എന്ന് കണ്ടെത്തുക. ഇതാണ് ഈ കൊലപാതകത്തിൽ ചുരുൾ അഴിക്കാനുള്ള പ്രധാന കാര്യമായി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിലുള്ളത്. രാജ്യത്ത് സ്‌ഫോടനത്തിനു പദ്ധതിയിട്ട തീവ്രവാദ സംഘത്തെ ബംഗളൂരുവിൽ അറസ്റ്റ് ചെയ്തതിന് പ്രതികാരമാണോ വിൽസൺ വധമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിൽ സ്‌ഫോടനം നടത്താൻ ഐഎസ് ചുമതലപ്പെടുത്തിയവരിൽ പ്രധാനിയാണ് വിൽസൻ വധക്കേസിൽ പൊലീസ് തിരയുന്ന അബ്ദുൾ ഷമീം. ഇതിന്നിടയിൽ തന്നെയാണ് വിൽസൺ  വധത്തിലും ഷമീം ഏർപ്പെട്ടത് എന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കരുതുന്നത്.

വധം നടന്ന കളിയിക്കാവിളയിൽ നിന്നും വെറും ഇരുപതടി കടന്നാൽ കേരള അതിർത്തിയാണ്. അതുകൊണ്ട് തന്നെ തമിഴ്‌നാട് എസ്‌ഐയെ കൊലപ്പെടുത്തി എന്ന് കരുതേണ്ടതില്ല, കേരള എസ്‌ഐ തന്നെ കൊലചെയ്യപ്പെട്ടു എന്ന പ്രതീതിയിൽ അതിനു അനുസൃതമായ സഹായമാണ് കേരളാ പൊലീസ് തമിഴ്‌നാട് പൊലീസിനു നൽകുന്നത്. തമിഴ്‌നാട് ഡിജിപി ജെ.കെ.ത്രിപാഡിയും കേരളാ പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയും ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടർന്ന് എല്ലാ പൊലീസ് മേധാവികൾക്കും ഇത് സംബന്ധിച്ച അറിയിപ്പ് ഡിജിപി കൈമാറിയിട്ടുണ്ട്. തമിഴ് നാട് പൊലീസിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ജയന്ത് മുരളിയും കേരളത്തിലെ ക്രമസമാധാന ചുമതലയുള്ള ഷെയ്ക്ക് ദർവേഷ് സാഹിബും യോജിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. കൊലപാതകികൾ ആയ ഷമീം, തൗഫീഖ് എന്നിവർ കേരളത്തിൽ നിന്നാണ് തമിഴ്‌നാട്ടിൽ എത്തിയതെന്നും കൃത്യത്തിനു ശേഷം കേരളത്തിലേക്കാണ് രക്ഷപ്പെട്ടതും എന്ന കാര്യവും തമിഴ്‌നാട് കേരളത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രകാരമാണ് കൊലപാതകികളെ സംബന്ധിച്ച് വിവരം നൽകുന്നവർക്ക് കേരളം പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തത്.

ഐഎസിന്റെ സ്ലീപ്പിങ് സെല്ലുകൾ സജീവമായതായി വിലയിരുത്തൽ

വിൽസണിന്റെ കൊലപാതകം ഐഎസിന്റെ സ്ലീപ്പിങ് സെല്ലുകൾ സജീവമാകുന്നതിന്റെ ലക്ഷണമായി കരുതുന്നതിനാൽ ഇത്തരം സെല്ലുകളുടെ വ്യാപനത്തെക്കുറിച്ചും ഇതിന്റെ പിന്നിൽ ആരൊക്കെയുണ്ട് എന്നതിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. എന്തെങ്കിലും ഒരു പ്രശ്‌നം വരൂമ്പോൾ വൈകാരികമായി അക്രമം നടത്തുക എന്നതിനപ്പുറം മറ്റൊരു തലം ഈ കൊലപാതകത്തിനു പിന്നിലുണ്ട് എന്നാണ് ഇന്റലിജൻസ് ഏജൻസികളുടെ നിഗമനം. അതുകൊണ്ട് തന്നെയാണ് സ്ലീപ്പിങ് സെല്ലുകളിൽ സംഭവിക്കുന്ന മാറ്റത്തെ നിരീക്ഷണ വിധേയമാക്കാനും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താനും ഇന്റലിജൻസ് ഏജൻസികൾ ശ്രമം നടത്തുന്നത്.

വിൽസൺ വധത്തിനു പിന്നിൽ പ്രവർത്തിച്ചവർ തീവ്രമായി ഭീകരവാദത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട് കഴിഞ്ഞിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനം. ഡെഡ് ലിയായ അപകടകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കേപ്പബിലിറ്റിയുള്ള ഒരു വിഭാഗം ദക്ഷിണേന്ത്യയിൽ തന്നെ തീവ്രവാദികൾക്കിടയിൽ വളർന്നു വന്നിട്ടുണ്ട്. ഇത് ഏറ്റവും അപകടകരമായ പ്രവണതയായി കണക്കാക്കുന്നു. എസ്‌ഐയെ വധിച്ച കേസിലെ രണ്ടു പ്രതികളിൽ ഒരാളായ അബ്ദുൾ ഷമീം തമിഴ്‌നാട്ടിലെ ഹിന്ദു മുന്നണി നേതാവ് സുരേഷ് കുമാറിനെ വധിച്ചതിൽ മുഖ്യപ്രതിയെന്നു പൊലീസ് സംശയിക്കുന്നയാളാണ്. ആറു വർഷം മുൻപാണ് സുരേഷ്‌കുമാർ ചെന്നൈ അമ്പത്തൂരിൽ വെച്ച് സുരേഷ്‌കുമാർ വധിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇവരെ എത്രയും പെട്ടെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം.

കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിൽ പിടിയിലായ ഭീകർർക്ക് വിൽസൺ വധക്കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നു പൊലീസ് സംശയിക്കുന്നുണ്ട്. തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്ത ബംഗളൂര്വിൽ നിന്നും അറസ്റ്റ് ചെയ്തവർക്ക് സുരേഷ്‌കുമാർ വധവുമായി ബന്ധമുണ്ടെന്നു പൊലീസ് കണ്ടത്തിയിട്ടുണ്ട്. ഇവർ ചോദ്യം ചെയ്താൽ വിൽസൺ വധക്കെസിലെ ആസൂത്രണം തെളിയുമെന്ന് പൊലീസ് കണക്കുകൂട്ടുന്നുണ്ട്. ഡൽഹിയിൽ നിന്നും അറസ്റ്റിലായ ഖാജാ മൊയ്തീൻ തമിഴ്‌നാട് ഐസ് വിഭാഗം മേധാവിയാണ്. ഖാജാ മൊയ്തീനെ ചോദ്യം ചെയ്താൽ വിൽസൺ വധത്തിലെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയും പൊലീസിനുണ്ട്. അൽ-ഉമ്മയിൽ നിന്ന് വിഘടിച്ച് മാറിയവർ തുടക്കമിട്ട തീവ്രവാദ സംഘടനകളുമായാണ് വിൽസൺ വധക്കെസിലെ പ്രതികൾക്ക് ബന്ധമെന്നു കേരള-തമിഴ്‌നാട് പൊലീസ് സംഘങ്ങൾ കരുതുന്നു.

അൽ ഉമയുടെ പ്രവർത്തനം വർഷങ്ങൾക്ക് മുൻപാണ്. വിൽസൻ വധെക്കെസിലെ പ്രതികൾക്ക് മുപ്പതിൽ താഴെ മാത്രമേ പ്രായം കണക്കാക്കപ്പെടുന്നുള്ളൂ. അതിനാൽ ഐഎസ്‌പോലുള്ള ഭീകര സംഘടനയിലെ അംഗങ്ങൾ എന്ന നിലയ്ക്കാണ് പൊലീസ് ഇവരെ കാണുന്നത്. മുസ്ലിം സമൂഹത്തിൽ വന്ന റാഡിക്കലൈസേഷനും നിലവിലെ തീവ്രവാദവും തമ്മിൽ ബന്ധമുണ്ട് എന്ന കണക്കുകൂട്ടലും അന്വേഷണ ഏജൻസികൾക്കുണ്ട്. നിലവിൽ ഇസ്ലാമിക തീവ്രവാദം ഇന്ത്യയിൽ ശക്തിപ്പെട്ടിട്ടുമുണ്ട്. സോഷ്യൽ മീഡിയയിലും ഓൺലൈൻ മീഡിയയിലും അന്തർദേശീയ തലത്തിലും ഭീകരവാദം പ്രോത്സാഹിപ്പിക്കാൻ ചില ഛിദ്രശക്തികൾ ശ്രമിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട വാർത്തകൾക്ക് പ്രോത്സാഹനം നൽകുന്നതും ഇവരിൽപ്പെട്ടവരാണ്. കേരളത്തിൽ ദക്ഷിണേന്ത്യയിൽ പൊതുവേ ഭീകരവാദത്തിനു അനുകൂലമായ ഒരു അന്തരീക്ഷം നിലനിൽക്കുന്നുണ്ട്. ഈ അന്തരീക്ഷത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടുകൊണ്ടാണ് വിൽസൻ വധക്കേസ് പ്രതികൾ അടക്കമുള്ള ഭീകരവാദികളുടെ പ്രവർത്തനം എന്നാണ് ഇന്റലിജൻസ് ഏജൻസികൾ അനുമാനിക്കുന്നത്.

ദക്ഷിണേന്ത്യൻ തീവ്രവാദത്തിനു ആഴത്തിൽ വേരുകൾ

ഭീകരവാദം ശൂന്യതയിൽ നിന്നും ഉണ്ടാകുന്നതല്ല. ശക്തമായ, ആഴത്തിലൂന്നിയ വേരുകൾക്കിടയിലാണ് ഇവരുടെ പ്രവർത്തനം. തമിഴ്‌നാടിലും കേരളത്തിലും തെക്കൻ ജില്ലകളിൽ ഒക്കതന്നെ തീവ്രവാദത്തിന്റെ കണ്ണികൾ സ്ലീപ്പർ സെല്ലുകളായി പ്രവർത്തിക്കുന്നുണ്ട്. ഇതെല്ലാം ഇങ്ങിനെ തന്നെ നിലനിൽക്കുന്നുണ്ട്. എന്തെങ്കിലും ഒരു പ്രശ്‌നം വരൂമ്പോൾ വൈകാരികമായി അക്രമം നടത്തുക ഒക്കെ ചെയ്യുക, അതിനപ്പുറം കുറെക്കൂടി തീവ്രമായി ഇവർ പരിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഡെഡ് ലിയായ, അപകടകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കേപ്പബിലിറ്റിയുള്ള ഒരു വിഭാഗം വളർന്നിട്ടുണ്ട്. അത് നിലനിൽക്കുന്നുണ്ട്. കളിയിക്കാവിളയിലെ എസ്‌ഐ വധം ഇതിലേക്ക് തന്നെയുള്ള വിരൽചൂണ്ടലാണ്. അതിനെതിരെയുള്ള ജാഗ്രതയാണ് വേണ്ടത്.

കേരളത്തിലാണെങ്കിൽ എസ്ഡിപിഐ, എൻഡിഎഫ് തുടങ്ങിയ സംഘടനകളുടെ നിരന്തരമായ പ്രവർത്തനങ്ങളുണ്ട്. അജണ്ട നിലനിർത്തി പ്രവർത്തിക്കുകയാണ് ഇവർ ചെയ്യുന്നത്. ഭീകരവാദികൾക്ക് നെറ്റ്‌വർക്ക് ഉണ്ട്. ഇത്തരം ഒരു നെറ്റ്‌വർക്ക് ആണ് വിൽസൺ എന്ന എസ്‌ഐ ടാർജറ്റ് ചെയ്യപ്പെടാൻ കാരണം. മാവോയിസ്റ്റുകളും ഇസ്ലാമിക തീവ്രവാദികളും കൈകോർക്കുന്ന അന്തരീക്ഷവും നിലവിലുണ്ട്. മാവോയിസ്റ്റുകളുടെ നെറ്റ് വർക്ക് ഇസ്ലാമിക തീവ്രവാദികൾ ഉപയോഗിച്ചു തുടങ്ങിയോ എന്ന സംശയവും ഉന്നത പൊലീസ് വൃത്തങ്ങൾക്കുണ്ട്. ഒരു കേസിൽ, അറസ്റ്റിൽ, വെടിവെയ്‌പ്പിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ വർഷങ്ങൾ കഴിഞ്ഞും പിന്തുടർന്ന് വധിക്കുക മാവോയിസ്റ്റ് രീതിയാണ്. മാവോയിസ്റ്റുകൾക്ക് ഈ രീതിയിൽ ഒരു പ്രതികാര സ്വഭാവമുണ്ട്. ഇവർക്ക് ഇതിനുള്ള സംവിധാനവുമുണ്ട്. സർവീസിൽ ഇരിക്കുന്ന കാലം മാത്രമേ ഒരു പൊലീസ് ഓഫീസർക്ക് സംരക്ഷണമുള്ളു. വിരമിച്ച് കഴിഞ്ഞാൽ ഈ സംരക്ഷണം അവസാനിക്കും. ഇത് മാവോയിസ്റ്റുകൾ അവസരമാക്കാറുണ്ട്. ഭയത്തിന്റെ ഭീകരതയുടെ അന്തരീക്ഷം നിലനിർത്താനാണ് ഇത് ചെയ്യുന്നത്. ഇതും വിൽസൺ വധത്തിൽ കേരള-പൊലീസ് സംഘങ്ങൾ കണക്കുകൂട്ടുന്നുണ്ട്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തീവ്രവാദികളുടെ പറുദീസ

കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പൊതുവേ തീവ്രവാദികളുടെ പറുദീസ എന്നാണു അറിയപ്പെടുന്നത്. ദക്ഷിണേന്ത്യ തീവ്രവാദികൾക്ക് ഫലഭൂയിഷ്ഠമായ മണ്ണാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ വിലയിരുത്തുന്നത്. വർഗീയ സ്വഭാവമുള്ള തീവ്രവാദ സംഘടനകൾ പിടിമുറുക്കിയത് മൂലം ദക്ഷിണേന്ത്യയിൽ സ്ഫോടനാത്മകമായ സാഹചര്യമാണ് നിലവിലുള്ളതെന്നു റിപ്പോർട്ടാണ് കേന്ദ്രത്തിലുള്ളത്. ഈ റിപ്പോർട്ട് ശരിവയ്ക്കുകയാണ് വിൽസൺ വധം. കേരളത്തിലെ പ്രത്യേക സാഹചര്യങ്ങളും രാഷ്ട്രീയ സംരക്ഷണവും തീവ്രവാദികളെ നേരിടുന്നതിന് വിഘാതമാണ് എന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ വിരൽ ചൂണ്ടുന്നത്. കേരളത്തെക്കുറിച്ച് 'ഗുരുതരം ' എന്ന വാക്കാണ് തീവ്രവാദ റിപ്പോർട്ടുകളിൽ ഉപയോഗിക്കുന്നത്. യുവാക്കളെ തീവ്രവാദസംഘടനകളിലേക്ക് ആശയപരമായി സ്വാധീനിക്കാൻ കഴിയുന്ന സാഹചര്യമാണ് കേരളത്തിൽ നിലവിലുള്ളത്. ഗൾഫ് മേഖലയുമായി കേരളത്തിനുള്ള അടുത്ത ബന്ധം മറയാക്കിയാണ് പാക് ചാരസംഘടനയായ ഐഎസ്ഐ രഹസ്യ സെല്ലുകൾ ഇവിടെ രൂപവത്കരിച്ചിട്ടുണ്ട്.

ജമ്മു കശ്മീർ കഴിഞ്ഞാൽ ഭീകര പ്രസ്ഥാനങ്ങളിലേക്ക് യുവാക്കൾ ഏറ്റവും ആകർഷിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ ഐഎസിലേക്ക് റിക്രൂട്ട്മെന്റ് ചെയ്യപ്പെട്ട സംസ്ഥാനം.കൊളംബോയിലെ പള്ളിയിൽ ചാവേർ ആക്രമണം നടത്തിയ സംഘടനയുമായുള്ള കേരള ബന്ധം പുറത്ത് വന്നിരുന്നു. കൊളംബൊ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച സംഘടനയുടെ തമിഴ്‌നാട് ഘടകവുമായി ബന്ധമുള്ള മലയാളി പിടിയിലായിരുന്നു. കേരളത്തിലും ഇയാൾ ചാവേർ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നുവെന്നാണ് എൻഐഎയ്ക്ക് ലഭിച്ച മൊഴി. ഇരുപതിലധികം പേർ കേരളത്തിൽ നിന്ന് ഐഎസിലേക്ക് റിക്രൂട്ട്ചെയ്യപ്പെട്ടതായി വ്യക്തമായിരുന്നു. ഐഎസ് പല വിദേശരാജ്യങ്ങളിലും നാശത്തിന്റെ വക്കിലെത്തിയതോടെ പലരും കേരളത്തിലേക്ക് തിരിച്ചുവരാനുള്ള നീക്കം തുടങ്ങിയെന്ന റിപ്പോർട്ടുകളും പുറത്ത് വന്നു. കേരളത്തിലെ പല തീവ്രവാദ ഗ്രൂപ്പുകളും ഒളിഞ്ഞും, തെളിഞ്ഞും ഭീകരസംഘടനകളെ സഹായിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ ദേശീയ അന്വേഷണ ഏജൻസികൾ നൽകുന്ന മുന്നറിയിപ്പുകൾ സംസ്ഥാന സർക്കാർ അവഗണിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്. കശ്മീർ, ബംഗാൾ, തമിഴ്‌നാട്, കർണാടക, കേരളം എന്നി സംസ്ഥാനങ്ങളിലെ ഭീകരസംഘടനാ സാന്നിധ്യം രാജ്യത്തിന് തന്നെ ഭീഷണിയാണ് എന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ.

കൊല്ലം-മലപ്പുറം കോടതി വളപ്പിലെ സ്ഫോടനങ്ങൾക്ക് പിന്നിൽ തീവ്രവാദബന്ധം

മുൻപ് കൊല്ലത്ത് കളക്റ്റ്രേറ്റിലും മലപ്പുറത്ത് കോടതി വളപ്പിലുമുണ്ടായ സ്ഫോടനങ്ങൾക്ക് പിന്നിൽ തീവ്രവാദബന്ധമായിരുന്നു. കോഴിക്കോട് ബസ് സ്റ്റാൻഡിലെ പൈപ്പ് ബോംബ് സ്‌ഫോടനത്തിനു പിന്നിലും തീവ്രവാദ ബന്ധം തെളിയിക്കപ്പെട്ടതാണ്. മലപ്പുറം ജില്ലകളിൽ സിനിമാ തിയേറ്ററുകൾ പലതും അഗ്‌നിക്കിരയായത് അന്വേഷിച്ചപ്പോൾ വെളിയിൽ വന്നത് തീവ്രവാദ ബന്ധം തന്നേയായിരുന്നു. പല ആർഎസ്എസ് നേതാക്കളുടെ വധത്തിനു പിന്നിലും ഇസ്ലാമിക തീവ്രവാദികൾ ആയിരുന്നു എന്നാണ് പിന്നീട് കണ്ടെത്തപ്പെട്ടത്. ആർഎസ്എസ്-സിപിഎം സംഘർഷം നിലനിൽക്കുമ്പോൾ അതിന്നിടയിൽ കയറി ആർഎസ്എസ് നേതാക്കളിൽ പലരെയും വധിച്ചത് ഇസ്ലാമിക തീവ്രവാദികൾ ആയിരുന്നു. വർഷങ്ങൾ കഴിഞ്ഞാണ് ക്രൈംബ്രാഞ്ച് സംഘത്തിനു ഇതേക്കുറിച്ച് ബോധ്യമായത്. തൃശൂർ തൊഴിയൂരിലെ ആർഎസ്എസ് പ്രവർത്തകൻ സുനിൽവധക്കേസിലെ യഥാർത്ഥ പ്രതികളിലൊരാളായ തീവ്രവാദ സംഘടന ജംഇയ്യത്തുൽ ഇഹ്‌സാനിയയുടെ മൊയ്‌നുദ്ദിൻ പിടിയിലായപ്പോൾ മറ നീക്കിയത് കേരളത്തിലെ അരുംകൊലകളുടെ അറിയപ്പെടാത്ത കഥകളായിരുന്നു.

ബിജെപി-സിപിഎം സംഘർഷം മുതലെടുത്ത് ജംഇയ്യത്തുൽ ഇഹ്‌സാനിയ നടത്തിയ കൂടുതൽ കൊലകളുടെ ചരിത്രമാണ് കഴിഞ്ഞ മാസങ്ങളിൽ വെളിയിൽ വരുന്നത്. ഇരുപത്തിനാല് വർഷം മുൻപ് നടന്ന മലപ്പുറം മോഹനചന്ദ്രൻ കൊലപാതകവും തങ്ങൾ തന്നെ നടത്തിയതാണ് എന്നാണ് മൊയിനുദ്ദീൻ ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയത്. . മലപ്പുറം പെരിന്തൽമണ്ണയിലെ ആർഎസ്എസ് നേതാവും സജീവ പ്രവർത്തകനുമായിരുന്നു പാലൂർ മോഹന ചന്ദ്രൻ. 1995 ഓഗസ്റ്റ് 19നാണ് മോഹനചന്ദ്രൻ വധിക്കപ്പെട്ടത്. അഷ്ടമിരോഹിണിക്ക് തലേ ദിവസമാണ് കൊലപാതകം നടക്കുന്നത്. പെരിന്തൽമണ്ണ പുലാമന്തോളിൽ നടത്തിയിരുന്ന പച്ചക്കറി കട അടച്ച ശേഷം വീട്ടിലേക്ക് നടന്നു വരുന്ന വഴിയിലാണ് മോഹനചന്ദ്രൻ വധിക്കപ്പെട്ടത്. രാത്രി പന്ത്രണ്ടു മണിയോടെയാണ് കൊലപാതകം നടക്കുന്നത്. പിറ്റേന്ന് ശ്രീകൃഷ്ണ ജയന്തിയായതിനാൽ അടുത്തുള്ള ആഘോഷ പരിപാടിയുടെ ഒരുക്കങ്ങൾ കണ്ട ശേഷം വീട്ടിലേക്ക് സൈക്കിളിൽ മടങ്ങുമ്പോഴാണ് മോഹനചന്ദ്രൻ ആക്രമിക്കപ്പെടുകയും മരണപ്പെടുകയും ചെയ്തത്. രാവിലെയാണ് വീടിനടുത്ത് പാലൂരിൽ റോഡരികിൽ മോഹനചന്ദ്രൻ വീണു കിടക്കുന്നത് ആളുകൾ കണ്ടത്. ആശുപത്രിയിൽ എത്തിച്ചശേഷം രാവിലെ പത്തോടെയാണ് മോഹനചന്ദ്രൻ മരിച്ചത്.

തൊഴിയൂർ സുനിൽ വധം തീവ്രവാദ കൊലപാതകങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നു

തൊഴിയൂർ സുനിൽ വധക്കേസിലെ യഥാർത്ഥ പ്രതികളിലൊരാൾ പിടികൂടപ്പെട്ടതോടെ ഇസ്ലാമിക തീവ്രവാദ ബന്ധങ്ങൾ വെളിയിൽ വന്നത്. ചേകന്നൂർ മൗലവി വധകേസിലും പിന്നിൽ പ്രവർത്തിച്ചത് ജംഇയ്യത്തുൽ ഇഹ്സാനിയയായിരുന്നു. ഈ തീവ്രവാദ ഗ്രൂപ്പിന്റെ സജീവ പ്രവർത്തകനാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായ ചാവക്കാട്ടെ മൊയ്തു എന്ന മൊയ്‌നുദ്ദിൻ. ചേകന്നൂർ മൗലവി കേസിലെ പ്രധാന പ്രതിയെന്നു കരുതപ്പെടുന്ന സെയ്തലവി അൻവരിയാണ് തൊഴിയൂർ സുനിൽ വധക്കേസിലെ മുഖ്യപ്രതിയെന്ന വിവരവും ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടുമുണ്ട്. 1996-97 കാലഘട്ടത്തിലാണ് കേരളത്തിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കേരളത്തിലെ തീവ്രവാദ പ്രവർത്തനങ്ങൾ അന്വേഷിക്കുന്നത്. ഈ അന്വേഷണത്തിലാണ് തൊഴിയൂർ സുനിൽ വധത്തിലെ കൊലയാളികൾ ജംഇയ്യത്തുൽ ഇഹ്സാനിയയുടെ പ്രവർത്തകർ ആണെന്ന് സ്‌ക്വാഡ് മനസിലാക്കുന്നത്. ഇഹ്സാനിയ എന്ന തീവ്രവാദ ഗ്രൂപ്പിന് ബന്ധമുണ്ടായിരുന്നത് സുന്നി ടൈഗർ ഫോഴ്സ്മായിട്ടായിരുന്നു. പ്രമുഖ സുന്നി ഗ്രൂപ്പുകളിലോന്നു മറുവിഭാഗത്തിന്റെ പള്ളികൾ കൈവശപ്പെടുത്താൻ വേണ്ടി രൂപം നൽകിയ ഗ്രൂപ്പ് ആയിരുന്നു സുന്നി ടൈഗർ ഫോഴ്സ്. ഈ തീവ്രവാദ ഗ്രൂപ്പാണ് ജംഇയ്യത്തുൽ ഇഹ്സാനിയയായി മാറിയത്. എൻഡിഎഫിന്റെ ആവിർഭാവം വന്നത് ജംഇയ്യത്തുൽ ഇഹ്സാനിയവഴിയാണ്. ഇവർ പിന്നീട് പല മുസ്ലിം തീവ്രവാദ സംഘടനകളിലും അംഗമായി. ഇവരിൽ പലരും വിദേശത്തേക്ക് പോവുകയും പ്രവർത്തന മേഖല ഗൾഫ് നാടുകളിൽ വിപുലമാക്കുകയും ചെയ്തു.

പ്രമുഖ മുസ്ലിം മതപണ്ഡിതന്മാർക്ക് വരെ ഈ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടായിരുന്നു. ഇതേ ഗ്രൂപ്പ് തന്നെയാണ് ചേകന്നൂർ മൗലവി വധത്തിനു പിന്നിലും പ്രവർത്തിച്ചത്. സുന്നി ടൈഗർ ഫോഴ്സിന് അതിന്നിടയിൽ രൂപഭേദം വന്നിരുന്നു. ഇവർ പല ഗ്രൂപ്പുകളായി മാറി. ഇതിലൊരു ഗ്രൂപ്പ് ആണ് ജംഇയ്യത്തുൽ ഇഹ്സാനിയയായി മാറിയത്. തീരദേശ മേഖലയിലെ തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു അന്വേഷണം ഊർജ്ജിതമാക്കുന്നതിന്നിടയിലാണ് ജംഇയ്യത്തുൽ ഇഹ്സാനിയയുടെ പങ്ക് അന്വേഷിക്കാൻ അന്ന് തീരദേശ തീവ്രവാദ വിരുദ്ധസ്‌ക്വാഡ് തീരുമാനിക്കുന്നത്. ചിലർ അന്ന് സ്‌ക്വാഡിന്റെ പിടിയിൽ അമരുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്യുന്നതിന്നിടയിലാണ് തീരദേശമേഖലകളിൽ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ജംഇയ്യത്തുൽ ഇഹ്സാനിയുടെ രീതികളെക്കുറിച്ച് തീവ്രവാദ വിരുദ്ധസ്‌ക്വാഡിനു വിവരങ്ങൾ ലഭിക്കുന്നത്. അവർ നൽകിയ ഞെട്ടിക്കുന്ന വിവരങ്ങൾക്കിടയിലാണ് തൊഴിയൂർ സുനിൽ വധം തങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന വിവരവും സ്‌ക്വാഡിനു നൽകുന്നത്.

കേരളത്തിൽ ആഴത്തിൽ വേരൂന്നി ജംഇയ്യത്തുൽ ഇഹ്സാനിയ

സുന്നി ടൈഗർ ഫോഴ്സിന് രൂപഭാവം സംഭവിച്ച തീവ്രവാദ സംഘടനയാണ് ജംഇയ്യത്തുൽ ഇഹ്സാനിയ. തെളിവില്ലാതെ കൊലപാതകം നടത്താൻ പ്രത്യേക പരിശീലനം ലഭിച്ച സംഘം എന്നാണ് ഇവരെ കുറിച്ച് പൊലീസ് നൽകിയ പ്രത്യേക റിപ്പോർട്ടിൽ പറയുന്നത്. കുന്നംകുളത്തിനടുത്തെ തൊഴിയൂർ സുനിൽ വധത്തിലെ യഥാർഥ പ്രതികൾ 25 വർഷത്തിനുശേഷം പിടിയിലാവുമ്പോഴാണ് കേരളത്തിൽ സജീവമല്ലാത്ത ജംഇയ്യത്തുൽ ഹിസാനിയ എന്ന തീവ്രാദ സംഘടനയുടെ തനി നിറം പുറത്തുവരുന്നത്. സുന്നി ടൈഗർ ഫോഴ്സ് എന്ന സംഘടനക്ക് സമാനമായി ചില പ്രത്യേക ഗ്രൂപ്പുകൾ രൂപം കൊടുത്തതാണ് ഈ സംഘടന. തങ്ങൾക്ക് താൽപ്പര്യമില്ലാത്തവരെ കൃത്യമായ ആസൂത്രണത്തോടെ കൊന്നൊടുക്കുക എന്നതാണ് ഈ സംഘടനയുടെ രീതി. എന്നിട്ട് അത് എതിരാളികളുടെ മേൽ ചാർത്തും.

ആർഎസ്എസ് പ്രവർത്തകനെ കൊന്നത് സിപിഎം ആണെന്നും സിപിഎം പ്രവർത്തകനെ കൊന്നത് ആർഎസ്എസ് ആണെന്നും പ്രചരിപ്പിച്ച് സമർഥമായാണ് കൊലപാതകങ്ങൾ നടത്തുക. തൊഴിയൂരിൽ ആർഎസ്എസ് പ്രവർത്തകൻ സുനിലിന്റെ കൊലപാതകത്തിലെ യഥാർത്ഥ പ്രതി 25 വർഷത്തിന് ശേഷം പിടിയിലായപ്പോഴാണ് ജംഇയ്യത്തുൽ ഹിസാനിയയുടെ പങ്ക് ക്രൈംബ്രാഞ്ച് കണ്ടെത്തുന്നത്. ചാവക്കാട് തിരുവത്ര സ്വദേശി മൊയ്‌നുദ്ദിനാണ് പിടിയിലായത്. ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പൊലീസ് ഏഴ് സിപിഎം പ്രവർത്തകരെ പ്രതിയാക്കിയിരുന്നു. ഇവരിൽ നാലുപേരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഈ ശിക്ഷ റദ്ദാക്കി പുനരന്വേഷണത്തിന് ഉത്തരവിട്ടത് ഹൈക്കോടതിയാണ്. വിൽസൺ വധത്തോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പിടിമുറുക്കിയ തീവ്രവാദത്തിന്റെ മറ്റൊരു ഭീകരമുഖം കൂടി വെളിയിൽ വരുകയാണ്. ഇപ്പോൾ വിവിധ ഏജൻസികളുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തോടെ തീവ്രവാദവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ മറനീക്കിയേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP