Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൺപതിന്റെ നിറവിൽ ഇന്ത്യയുടെ സംഗീത സൗകുമാര്യം; ഗാനഗന്ധർവ്വൻ യേശുദാസ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ജന്മദിന ആഘോഷത്തിൽ; ദേവിയെ ദർശിച്ച ശേഷം പ്രത്യേക സംഗീത സദസും; കൊല്ലൂർ മൂകാംബിക ക്ഷേത്രം നൽകുന്ന സൗപർണികാമൃത പുരസ്‌കാരവും ഗാനഗന്ധർവ്വന് സമ്മാനിക്കും; സംഗീത കുടുംബത്തിൽ ജനനം; ഗാനഭൂഷണത്തോടെ ബിരുദം; ഏഴ് ദേശീയ അവാർഡുകളും 13 സംസ്ഥാന അവാർഡുകളും; മലയാളികളുടെ ദാസേട്ടന് പിറന്നാൾ ആശംസനേർന്ന് ആരാധകർ!

മറുനാടൻ മലയാളി ബ്യൂറോ

ൺപതിന്റെ നിറവിൽ  ഇന്ത്യയുടെ സംഗീത സൗകുമാര്യം. 80-ാം ജന്മദിനത്തിന്റെ നിറവിലെത്തിയ ഗാനഗന്ധർവ്വന് ആശംസനേർന്നാണ് ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾ രംഗത്തെത്തിയിരിക്കുന്നത്. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ദാസേട്ടൻ കൊല്ലൂർ മൂകാംബിക ദേവീക്ഷേത്രത്തിൽ ദർശനം നടത്തി. രാവിലെയോടെയാണ് കുടുംബത്തോടൊപ്പം അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്. 

പിറന്നാൾ ദിനത്തിൽ, കുടുംബ സമേതം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലാണ് യേശുദാസ് ചിലവഴിക്കുന്നത്. പ്രത്യേക സംഗീത സദസും ജന്മദിന ആഘോഷത്തിന്റെ ഭാഗമായി യേശുദാസ് സംഘടിപ്പിച്ചിട്ടുണ്ട്.

ചെന്നൈയിൽനിന്ന് കുടുംബസമേതം മംഗളൂരു വിമാനത്താവളം വഴിയാണ് യേശുദാസ് ഇന്നലെ രാത്രി ഒൻപതുമണിയോടെ കൊല്ലൂരിലെത്തിയത്. ഭാര്യ പ്രഭാ യേശുദാസ്, മക്കളായ വിനോദ്, വിജയ്, വിശാൽ എന്നിവരും കുടുംബസമേതം ഒപ്പമുണ്ട്. കൊല്ലൂരിലെ മഹാലക്ഷ്മി റസിഡൻസിയിലാണ് താമസമൊരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെ ദേവിയെ ദർശിച്ചശേഷം ചണ്ഡികാഹോമം നടത്തും. തുടർന്ന് ദേവീസന്നിധിയിലോ സരസ്വതിമണ്ഡപത്തിലോ കീർത്തനമാലപിക്കും. ഉച്ചയോടെ കാഞ്ഞങ്ങാട് രാമചന്ദ്രനും സംഘവും ഒരുക്കുന്ന സംഗീതസദസ്സിലും യേശുദാസ് സംബന്ധിക്കും.

മൂകാംബികാ സംഗീതാരാധനാസമിതി നൽകുന്ന സൗപർണികാമൃത പുരസ്‌കാരവും സമ്മാനിക്കും. ഒരുനേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ....എന്നു തുടങ്ങി 250-ലേറെ ഭക്തിഗാനങ്ങൾക്ക് സംഗീതം നൽകിയ സംഗീത സംവിധായകൻ ടി.എസ്.രാധാകൃഷ്ണജിയാണ് ഇത്തവണത്തെ അവാർഡ് ജേതാവ്. പിറന്നാളാഘോഷത്തിന്റെ ഭാഗമായി യേശുദാസും കുടുംബാംഗങ്ങളും ചേർന്ന് വ്യാഴാഴ്ച രാത്രിവൈകി കൊല്ലൂരിൽ കേക്ക് മുറിച്ചിരിന്നു. 17 നു കൊച്ചിയിൽ തിരിച്ചെത്തും. ജന്മനാട്ടിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.ഫോർട്ടുകൊച്ചിയിലെ തോപ്പുംപടിയിൽ 1940 ജനുവരി 10ന് ജനനം. സംഗീതജ്ഞനും നടനുമായ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും പുത്രൻ.

ചെറുപ്പത്തിൽത്തന്നെ സംഗീതത്തോടുള്ള മകന്റെ കമ്പം കണ്ടെത്തിയ പിതാവ് അഗസ്റ്റിയൻ ജോസഫായിരുന്നു ആദ്യ ഗുരു. കർണാടക സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ 5-ാം വയസ്സിൽ തന്നെ ഗുരു കുഞ്ഞൻവേലു ആശാനിൽ നിന്നും ഹൃദ്യസ്ഥമാക്കി. കുത്തിയതോട് ശിവരാമൻ നായർ, പള്ളുരുത്തി രാമൻ ഭാഗവതർ, ജോസഫ് തുടങ്ങിയവും ആദ്യകാല ഗുരുക്കന്മാരാണ്.

പള്ളുരുത്തി സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിൽ നിന്ന് എസ്.എസ്.എൽസി പാസായ ശേഷം തൃപ്പൂണിത്തറ രാധാ- ലക്ഷ്മി വിലാസം സംഗീത കോളേജിൽ ചേർന്നു. 1960 ൽ ഒന്നാം റാങ്കോടെ ഗാനഭൂഷണം കോഴ്സ് പാസ്സായി. തുടർന്ന് തിരുവനന്തപുരം സ്വാതിതിരുന്നാൾ സംഗീതകോളേജിലും പഠിച്ചു. പിന്നീട് വിഖ്യാത സംഗീതജ്ഞനായ ചെമ്പൈ വൈദ്യനാഥഭാഗവതരുടെ കീഴിൽ പ്രത്യേക സംഗീത പഠനം.

ഏഴു ദേശീയ അവാർഡുകൾ, 23 സംസ്ഥാന അവാർഡുകൾ. 1973ൽ പത്മശ്രീയും 2002ൽ പത്മഭൂഷനും നൽകി രാഷ്ട്രം ആദരിച്ചു. സർവ്വകലാശാലകൾ ഡോക്ടറേറ്റും സംസ്ഥാന സർക്കാർ ആസ്ഥാന ഗായക പട്ടവും നൽകി. ഏഴു തവണ ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചു. ഏറ്റവും കൂടുതൽ പ്രാവശ്യം ഇന്ത്യൻ എയർലൈൻസിന്റെ വിമാനത്തിൽ യാത്രചെയ്തതിനുള്ള പ്രത്യേക സമ്മാനവും യേശുദാസിന് ലഭിച്ചു. എണ്ണിയാൽ തീരാത്ത ബഹുമതികൾ വേറെയും.

ഹർഷബാഷ്പം, കതിർമണ്ഡപം, അച്ചാണി, അനാർക്കലി, കായംകുളംകൊച്ചുണ്ണി, ബോയ്ഫ്രണ്ട് എന്നീ ചിത്രങ്ങളിൽ അദ്ദേഹം പാടി അഭിനയിച്ചു. അഴകുള്ള സെലീന, പൂച്ചസന്യാസി, താറാവ്, തീക്കനൽ, സഞ്ചാരി തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് ഈണം പകർന്നു.
തിരുവനന്തപുരത്ത് ഇടപ്പഴഞ്ഞിയിൽ യേശുദാസ് സ്ഥാപിച്ച തരംഗനിസരി മ്യൂസിക് സ്‌കൂളിൽ സംഗീതാഭിരുചിയുള്ള സാധു കുട്ടികളെ സൗജന്യമായി സംഗീതം പഠിപ്പിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP